കൊച്ചി: നിർബന്ധിത ലിംഗമാറ്റത്തിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി. ട്രാൻസ്ജെൻഡർമാരെ ഡോക്ടർമാർ ലിംഗമാറ്റത്തിന് നിർബന്ധിക്കുന്നുവെന്നാരോപിച്ചുള്ള ഹർജി പരിഗണിക്കവെയാണ് കോടതി ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. മലയാളി ട്രാൻസ്‌ജെൻഡേഴ്‌സിനെ പ്രതിനിധീകരിക്കുന്ന ക്വീറല എന്ന സംഘടനയും തൃശൂർ സ്വദേശിയായ ഒരു ട്രാൻസ്‌ജെൻഡറുമാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. സംസ്ഥാനത്ത് ലിംഗമാറ്റത്തിന് സമഗ്ര മാർഗനിർദ്ദേശമുണ്ടാക്കാൻ കോടതി സർക്കാരിന് നിർദ്ദേശം നൽകി.
മാർഗനിർദ്ദേശം തയ്യാറാക്കുമ്പോൾ ഹർജിക്കാരെയും മറ്റു ബന്ധപ്പെട്ടവരെയും കേൾക്കാനും നിർദ്ദേശമുണ്ട്. വിഷയം പഠിക്കാൻ വിദഗ്ധ സമിതി രൂപീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. റിപ്പോർട്ടിൽ അഞ്ചുമാസത്തിനകം നടപടി സ്വീകരിക്കാനും കോടതി ഉത്തരവിട്ടു.

