കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമല്ലെന്ന് പറഞ്ഞാൽ അടുത്ത തലമുറയോട് ചെയ്യുന്ന ഏറ്റവും വലിയ തെറ്റാകും; എം.എ. യൂസഫലി

തിരുവനന്തപുരം: കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമല്ലെന്ന് പറഞ്ഞാൽ അടുത്ത തലമുറയോട് ചെയ്യുന്ന ഏറ്റവും വലിയ തെറ്റാകുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസഫലി. തിരുവനന്തപുരത്ത് ലുലു മാളിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമല്ലെന്ന് പറയാനാകില്ല. അങ്ങനെ പറഞ്ഞാൽ പഠിച്ചാലും ഇവിടെ ജോലിയില്ലെന്ന് അടുത്ത തലമുറ തെറ്റിദ്ധരിക്കും. കേരളത്തിൽ സംരംഭങ്ങൾ തുടങ്ങുന്നത് നഷ്ടത്തിലാകുമോയെന്ന് പലരും സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, ലാഭത്തിലായാലും നഷ്ടത്തിലായാലും ജനിച്ച നാട്ടിൽ സംരംഭങ്ങൾ തുടങ്ങുന്നത് മറ്റെവിടെ തുടങ്ങുന്നതിനേക്കാൾ സംതൃപ്തിയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

ജന്മനാട്ടിൽ സംരംഭങ്ങൾ തുടങ്ങുമ്പോൾ ആയിരക്കണക്കിന് യുവാക്കൾക്ക് ജോലി നൽകാൻ കഴിയും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹം പ്രശംസിച്ചു. നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ കയറിയ ശേഷം പ്രവാസികൾക്ക് ഇന്ത്യയിൽ സംരംഭങ്ങൾ തുടങ്ങുന്നതിന് നിയമത്തിൽ ഒരുപാട് ഇളവുകൾ നൽകിയിട്ടുണ്ട്. അതിനാലാണ് ഇത്തരത്തിലുള്ള സംരംഭങ്ങൾ തുടങ്ങാനായതെന്ന് അദ്ദേഹം അറിയിച്ചു.

വ്യാഴാഴ്ച്ചയാണ് തിരുവനന്തപുരത്ത് മാളിന്റെ ഉദ്ഘാടനം നടക്കുക. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവ്വഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അധ്യക്ഷനാകുന്ന ചടങ്ങിൽ കേന്ദ്രമന്ത്രി വി. മുരളീധരൻ, സംസ്ഥാന മന്ത്രിമാർ, ശശി തരൂർ എംപി, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖർ ഉൾപ്പെടെയുള്ള വിശിഷ്ടാതിഥികൾ ചടങ്ങിൽ പങ്കെടുക്കും.