General (Page 1,292)

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടെ വീണ്ടും അധികാര ധൂർത്തുമായി സർക്കാർ. മുഖ്യമന്ത്രിയ്ക്ക് ഉൾപ്പടെ ഉപയോഗിക്കുന്നതിനായി വീണ്ടും കേരളം ഹെലികോപ്ടർ വാടകയ്ക്കെടുത്തു. കേരള പൊലീസുമായാണ് കരാർ. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ചിപ്‌സൺ ഏവിയേഷനുമായാണ്. കേരളാ പോലീസ് കരാറിൽ ഏർപ്പെട്ടിരിക്കുന്നത്. മാസം എൺപത് ലക്ഷം രൂപയാണ് ഹെലികോപ്ടറിന് വാടകയായി നൽകേണ്ടത്. ഈ തുകയിൽ ഇരുപത് മണിക്കൂറാണ് സഞ്ചരിക്കാനാവുക, അധികമായി വരുന്ന ഓരോ മണിക്കൂറിനും 90,000 രൂപ വീതം നൽകണം. ആറ് സീറ്റുള്ള ഹെലികോപ്ടർ മൂന്ന് വർഷത്തേയ്ക്കാണ് വാടകക്കെടുക്കുന്നത്.

ചിപ്‌സൺ ഏവിയേഷനാണ് ഏറ്റവും കുറഞ്ഞ തുകയുടെ ക്വട്ടേഷൻ നൽകിയത്. അടുത്ത വർഷം മുഖ്യമന്ത്രിക്കായി ഇരട്ട എഞ്ചിനുള്ള പുതിയ ഹെലികോപ്ടറെത്തുമെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു. 15 വർഷത്തിലേറെ പഴക്കമില്ലാത്ത ഹെലികോപ്ടറാണ് വി.ഐ.പി യാത്രയ്ക്കായി തിരഞ്ഞെടുക്കുന്നത്. തെരഞ്ഞെടുക്കുമ്പോൾ സുരക്ഷയ്ക്കാണ് ഏറ്റവും അധികം പ്രാധാന്യം നൽകുക.

തമിഴ്‌നാട്, ഒഡീഷ, മഹാരാഷ്ട്ര മുഖ്യമന്ത്രിമാർക്കായി ഹെലികോപ്ടർ സർവീസ് നടത്തുന്നത് ചിപ്‌സൺ ഏവിയേഷനാണ്. വ്യോമ നിരീക്ഷണം, മാവോയിസ്റ്റുകൾക്കായി വനമേഖലയിൽ നിരീക്ഷണം, രക്ഷാപ്രവർത്തനം, അതിർത്തി പ്രദേശങ്ങളിലും തീരദേശത്തും വിനോദ സഞ്ചാരതീർത്ഥാടന മേഖലകളിലും നിരീക്ഷണം, അടിയന്തര ഘട്ടങ്ങളിലെ പൊലീസിന്റെയും വിശിഷ്ട വ്യക്തികളുടെയും യാത്ര തുടങ്ങിയ ആവശ്യങ്ങൾക്കായാണ് പോലീസ് ഹെലികോപ്ടർ വാടകയ്ക്ക് എടുക്കുന്നത്. ഹെലികോപ്ടറിനുള്ള ചെലവ് പൊലീസ് നവീകരണത്തിനുള്ള കേന്ദ്ര ഫണ്ടിൽ നിന്നാണ് ചെലവാക്കുന്നത്.

തിരുവനന്തപുരം: കെ റെയിൽ പദ്ധതിക്കെതിരെ യു ഡി എഫ് എം പിമാർ കേന്ദ്രത്തിന് സമർപ്പിച്ച നിവേദനത്തിൽ ഒപ്പിടാതെ ശശി തരൂർ എംപി മാറി നിന്നത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് പല ഊഹാപോഹങ്ങളും പ്രചരിക്കുന്ന സാഹചര്യത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ശശി തരൂർ എംപി. നിവേദനത്തിൽ ഒപ്പ് വെച്ചില്ല എന്നത് കൊണ്ട് കെ റെയിൽ പദ്ധതിക്ക് താൻ നിലവിൽ അനുകൂലമാണ് എന്നതല്ല അർത്ഥമെന്നും മറിച്ച് ഈ പദ്ധതിയെക്കുറിച്ച് കൃത്യമായി പഠിക്കാൻ സമയം വേണമെന്നാണെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഈ പദ്ധതി സംബന്ധിച്ച് കൃത്യമായി പഠിക്കേണ്ടതുണ്ടെന്നും പ്രത്യേകിച്ചും അതിന്റെ സങ്കീർണമായ വിവിധ വശങ്ങൾ മൂലം സംസ്ഥാനത്തിനും ജനങ്ങൾക്കും എന്ത് നേട്ടം എന്ത് നഷ്ടം എന്നതിനെക്കുറിച്ചു പഠിക്കാൻ സമയം വേണമെന്നുമുള്ള അഭിപ്രായം താൻ നേരത്തെ പറഞ്ഞിരുന്നു.

തന്റെ സുഹൃത്തുക്കളായ എം പി മാർ ഒപ്പ് വെച്ച നിവേദനത്തിൽ നിന്ന് വ്യക്തമാകുന്നത് ഈ പദ്ധതിയെക്കുറിച്ചുള്ള വളരെ പ്രസക്തമായ ചില ചോദ്യങ്ങൾക്ക് മറുപടി ലഭിക്കേണ്ടതുണ്ട് എന്നതാണ്. പ്രത്യേകിച്ചും ഇതിന്റെ സാമൂഹ്യ പ്രശ്‌നങ്ങൾ (തദ്ദേശവാസികളെ ബാധിക്കുന്നവ), പരിസ്ഥിതി പ്രശ്‌നങ്ങൾ (പ്രത്യേകിച്ചും പരിസ്ഥിതി ലോലപ്രദേശങ്ങളിലെ ആഘാതം), അത് പോലെ തന്നെ ഈ പദ്ധതി വരുത്തി വെക്കുന്ന സാമ്പത്തിക ബാധ്യത (പ്രത്യേകിച്ചും ഈ പദ്ധതിയുടെ ഫണ്ടിങ്ങ്, ഈ പദ്ധതി അടിച്ചേൽപ്പിക്കുന്ന സാമ്പത്തിക ബാധ്യത, യാത്രയുടെ ചിലവ്), തുടങ്ങിയവ. ഇതെല്ലാം കൂടുതൽ പഠനവും, കൂടിയാലോചനയും വേണ്ട കാര്യമായ പ്രശ്‌നങ്ങളാണെന്ന് അദ്ദേഹം വിശദമാക്കി.

അത് കൊണ്ട് തന്നെ താൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുന്നത് ഈ വിഷയം കൃത്യമായും പഠിക്കാനും, ചർച്ച ചെയ്യാനും ഒരു ഫോറം രൂപീകരിക്കേണ്ടതുണ്ട് എന്നതാണ്. പ്രസ്തുത ഫോറത്തിൽ സർക്കാർ പ്രതിനിധികളോടൊപ്പം, സാങ്കേതികരംഗത്തും അതെ പോലെ അഡ്മിനിട്രേറ്റിവ് രംഗത്തുമുള്ള കെ റെയിൽ പദ്ധതിയുടെ വിദഗ്ധരും, ജനപ്രതിനിധികളും, പദ്ധതി ബാധിക്കുന്നവരുടെ പ്രതിനിധികളെയും ഉൾപ്പെടുത്തി ഓരോരുത്തരും ഉന്നയിക്കുന്ന പ്രശ്‌നങ്ങൾ ഒരു തുറന്ന പഠനത്തിനും കൂടിയാലോചനക്കും ചര്ച്ചക്കും വിധേയമാക്കിയ ശേഷം മാത്രമേ മുന്നോട്ട് പോകാൻ പാടുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.

അത്തരമൊരു പ്രക്രിയയിലൂടെ മാത്രമേ സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും താല്പര്യങ്ങൾ സംരക്ഷിക്കപ്പെടുകയുള്ളൂ. മാത്രവുമല്ല അതിലൂടെ നമുക്ക് ഈ സങ്കീർണ്ണവും, അതേ സമയം പ്രധാനപ്പെട്ടതുമായ വികസന പദ്ധതിയുടെ കാര്യത്തിൽ കൃത്യമായ ഒരു തീരുമാനത്തിലെത്താൻ കഴിയുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: ആമസോൺ ഇന്ത്യ ഉന്നതർക്ക് നോട്ടീസ് അയച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കിഷോർ ബിയാനിയുടെ ഫ്യൂച്വർ ഗ്രൂപ്പുമായി 2019 ൽ ഉണ്ടാക്കിയ ഡീലുമായി ബന്ധപ്പെട്ട കേസിലാണ് എൻഫോഴ്‌സ്‌മെന്റിന്റെ നടപടി. ഡിസംബർ 15 നും 17 നും ഹാജരാകണമെന്നാവശ്യപ്പെട്ടാണ് എൻഫോഴ്‌സ്‌മെന്റ് ആമസോൺ ഇന്ത്യയിലെ ഉന്നതർക്ക് നോട്ടീസ് അയച്ചത്.

അമിത് അഗർവാളാണ് ആമസോൺ ഇന്ത്യ കൺട്രി ഹെഡ്. നിലവിൽ അദ്ദേഹം അമേരിക്കയിലാണ്. അതുകൊണ്ട് മറ്റ് മുതിർന്ന ഉദ്യോഗസ്ഥരാകും അമിതിന് പകരം എൻഫോഴ്‌സ്‌മെന്റിന്മുന്നിൽ ഹാജരാകുന്നത്.

അതേസമയം അടുത്തയാഴ്ച്ച എൻഫോഴ്‌സ്‌മെന്റിന് മുന്നിൽ ഹാജരാകുമെന്ന് കിഷോർ ബിയാനി പറഞ്ഞു. ആമസോൺ വിദേശ നാണ്യ വിനിമയ ചട്ടം ലംഘിച്ചോയെന്നാണ് എൻഫോഴ്‌സ്‌മെന്റ് പ്രധാനമായും അന്വേഷിക്കുന്നത്. 2019 ൽ ഫ്യൂചർ ഗ്രൂപ്പിൽ ആമസോൺ വാങ്ങിയത് 1431 കോടി രൂപയ്ക്ക് 49 ശതമാനം ഓഹരികളാണ്. ഇരു കമ്പനികളോടും കരാറുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ ഇഡി ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ.

തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ കോൺഗ്രസ് നേതാക്കൾ നടത്തുന്ന സമരം ഉദ്ഘാടനം ചെയ്ത് പി.ജെ.ജോസഫ് എംഎൽഎ. ലോക്‌സഭയും രാജ്യസഭയും പാസാക്കിയ ഡാം സുരക്ഷാ നിയമം മുല്ലപ്പെരിയാറിന്റെ കാര്യത്തിൽ ബാധകമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മരം മുറി ഉത്തരവിനു പിന്നിൽ ഉന്നതരാണെന്നും ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ സസ്‌പെൻഷൻ ഉടൻ പിൻവലിച്ചത് അതുകൊണ്ടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയും വനം മന്ത്രിയും അറിയാതെ ഉത്തരവ് ഇറങ്ങില്ല. മരം മുറി വിഷയത്തിൽ മുഖ്യമന്ത്രി മൗനം തുടരുകയാണ്. മുല്ലപ്പെരിയാർ ഡാമിന്റെ ബലക്ഷയത്തെക്കുറിച്ച് ആദ്യം പറഞ്ഞത് കേന്ദ്ര ജല കമ്മീഷനാണ്. മുല്ലപ്പെരിയാർ ഡാമിനെ സംബന്ധിച്ച രണ്ടു പഠന റിപ്പോർട്ടുകൾ അണക്കെട്ടിന്റെ ബലക്ഷയം ചൂണ്ടിക്കാട്ടിയിട്ടുള്ളതാണെന്ന് അദ്ദേഹം വ്യക്തമാക്കി. രണ്ടു ദിവസം കൊണ്ട് മുല്ലപ്പെരിയാറിന്റെ വൃഷ്ടി പ്രദേശത്ത് 65 സെന്റിമീറ്റർ മഴയുണ്ടാകാൻ സാധ്യത നിലനിൽക്കുന്നതായും അങ്ങനെ സംഭവിച്ചാൽ അണക്കെട്ട് 136 അടി ജലനിരപ്പിൽ നിൽക്കുമ്പോൾ പോലും ജലനിരപ്പ് 160 അടിക്കു മുകളിൽ ഉയർന്ന് അണക്കെട്ടിനു മുകളിലൂടെ 11 മണിക്കൂറിൽ കൂടുതൽ ജലം ഒഴുകുമെന്നും അങ്ങനെ ഉണ്ടായാൽ അണക്കെട്ട് തകരുമെന്നും ഡോ. ഗോസൈന്റെ റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്നാടിനു കത്ത് എഴുതിയതു കൊണ്ടു മാത്രം കാര്യമില്ല. മുല്ലപ്പെരിയാർ വിഷയത്തിൽ സർക്കാർ ഉണർന്നു പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ന്യൂഡൽഹി: ഇന്ത്യയിൽ നിർമ്മിച്ച 5ജി സാങ്കേതികവിദ്യ ആഗോളതലത്തിൽ ഉൾക്കൊള്ളിക്കുന്നു. അന്താരാഷ്ട്ര സംഘടന 3 ജിപിപി ആണ് ഇക്കാര്യം അറിയിച്ചത്. ടെലികോം മേഖലയുടെ ആഗോള നിലവാരം നിർവചിക്കുന്ന ഒരു അന്താരാഷ്ട്ര സ്ഥാപനമാണ് 3 ജിപിപി. ടെലികോം സ്റ്റാൻഡേർഡ് ഡെവലപ്‌മെന്റ് സൊസൈറ്റി ഇന്ത്യയുടെയും ഡോട്ടിന്റെയും മേൽനോട്ടത്തിൽ എല്ലാ പ്രമുഖ ഐഐടികളുടെയും ഐഐഎസ്സിയുടെയും പ്രധാന സംഭാവനയോടെയാണ് മെയ്ഡ്-ഇൻ-ഇന്ത്യ പദ്ധതി പ്രകാരം നിർമ്മിച്ച 5 ജി സാങ്കേതിക വിദ്യ ആഗോള തലത്തിൽ ഉൾക്കൊള്ളിക്കുന്നത്.

ഇത് 5ജി സേവനങ്ങൾക്കായി നെറ്റ്‌വർക്ക് ഗിയർ വികസിപ്പിക്കുന്നതിന് ടെലികോം ഉപകരണ നിർമ്മാതാക്കളെ, പ്രത്യേകിച്ച് ആഭ്യന്തര സേവനദാതാക്കളെ വികസിക്കാൻ പ്രാപ്തമാക്കുന്നതാണ്. ഇതുസംബന്ധിച്ച ഔദ്യോഗിക കരാർ അടുത്ത ആഴ്ച്ച പ്രഖ്യാപിക്കുമെന്നാണ് വിവരം. മൊബൈൽ ഫോണുകൾക്ക് ഉയർന്ന പവർ പ്രവർത്തനക്ഷമമാക്കുമെന്നതാണ് പദ്ധതിയുടെ പ്രധാന സവിശേഷത.

ഗ്ലോബൽ സ്റ്റാൻഡേർഡുമായി 5ജിയുടെ സമന്വയത്തിന് കീഴിൽ ഹാൻഡ്‌സെറ്റ് പവർ ലെവലുകൾ ഇരട്ടിയാക്കുകയും ചെയ്തിട്ടുണ്ട്. സാങ്കേതികമായി pi/2 BPSK എന്ന് വിളിക്കപ്പെടുന്ന ഒരു മോഡുലേഷൻ സ്‌കീം, മുമ്പ് 3GPP സ്റ്റാൻഡേർഡിന് കീഴിൽ ഓപ്ഷണലായിരുന്നു, ഇപ്പോൾ അത് നിർബന്ധിതമായി. എങ്കിലും, 5ജിക്ക് കീഴിൽ വികസിപ്പിച്ച മറ്റ് ചില പ്രധാന സവിശേഷതകൾ 3GPP സംയോജിപ്പിച്ചിട്ടില്ലെന്ന് പറയുന്നു. TCS, Sankhya Labs, HFCL, Tajas Network തുടങ്ങിയ ഇന്ത്യൻ സാങ്കേതിക കമ്പനികളും ഇതിന് പിന്തുണ നൽകുന്നുണ്ട്.

ശ്രീനഗർ: ഭീകരതയ്‌ക്കെതിരെ വിട്ടുവീഴ്ച്ചകളില്ലാത്ത നടപടികളുമായി ഇന്ത്യൻ സൈന്യം. പാകിസ്താൻ കൊടും ഭീകരൻ അബു സറാറിനെ ഇന്ത്യൻ സൈന്യം വധിച്ചു. കശ്മീരിൽ നടന്ന ഏറ്റുമുട്ടലിലാണ് ഭീകരനെ ഇന്ത്യൻ സൈന്യം വധിച്ചത്. പൂഞ്ചിലെ സുരൻകോട്ട് മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. അബു സറാറിന്റെ സാന്നിദ്ധ്യം കശ്മീർ താഴ്‌വരയിലുണ്ടെന്ന് സൈന്യത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഓഗസ്റ്റ് മാസത്തിലാണ് സൈന്യത്തിന് ഈ വിവരം ലഭിച്ചത്. അന്നുമുതൽ അബു സറാറിനായുള്ള അന്വേഷണത്തിലായിരുന്നു ഇന്ത്യൻ സൈന്യം.

കശ്മീരിലെ വനപ്രദേശങ്ങളിൽ ഒളിവിലായിരുന്ന ഇയാളെ കണ്ടെത്താൻ സൈന്യത്തിന് കഴിഞ്ഞിരുന്നില്ല. പ്രദേശവാസികളിൽ നിന്നും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സൈന്യം നടത്തിയ ഓപ്പറേഷനിലാണ് ഇയാളെ വധിക്കാൻ കഴിഞ്ഞത്. എ കെ 47 തോക്കുകളും, ഗ്രനേഡുകളും, തിരകളും, ഉൾപ്പെടെയുള്ള ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും ഇന്ത്യൻ കറൻസിയും ഇയാളിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.

സൈനികർക്ക് നേരെ വെടിയുതിർത്ത് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഭീകരരുടെ നീക്കങ്ങളെല്ലാം സൈന്യം പൊളിച്ചടുക്കുകയായിരുന്നു.

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. സിൽവർ ലൈൻ പദ്ധതിയിൽ സർക്കാർ ജനങ്ങളെ കബളിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

സർക്കാർ ഏൽപ്പിച്ച ഏജൻസിയുടെ തലവൻ പുറത്തുവിട്ട വിവരങ്ങൾ ഞെട്ടിക്കുന്നതാണ്. പദ്ധതിയിൽ നിന്നും അടിയന്തരമായി സർക്കാർ പിന്മാറണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവെച്ചു. കെ- റെയിലിന്റെ സമഗ്ര പദ്ധതി രൂപരേഖ കെട്ടുകഥയാണെന്ന് കെ റെയിലിന്റെ പ്രാഥമിക സാധ്യതാപഠനം നടത്തിയ സംഘത്തലവൻ അലോക് വർമ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. ഈ വെളിപ്പെടുത്തലുകൾ പുറത്തുവന്നതിന് പിന്നാലെയാണ് വി ഡി സതീശന്റെ പ്രതികരണം.

വ്യക്തമായ ഒരു റിപ്പോർട്ട് പോലും ഇല്ലാതെയാണ് സർക്കാർ പദ്ധതിയുമായി മുന്നോട്ടുപോകുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പാരിസ്ഥികാഘാത പഠനം നടത്തിയിട്ടില്ല. സാമൂഹികാഘാത പഠനം നടത്തിയിട്ടില്ല. കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലെന്നും നേരായ രീതിയിൽ സർവെ നടത്തിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യൻ സിസ്ട്രയുടെ തലവൻ അലോക് വർമ വെളിപ്പെടുത്തിയിരിക്കുന്ന കാര്യങ്ങൾ പ്രതിപക്ഷം നിയമസഭയ്ക്ക് അകത്തും പുറത്തും ഉന്നയിച്ച എല്ലാ കാര്യങ്ങളും ശരിവെക്കുന്നതാണെന്നും അദ്ദേഹം അറിയിച്ചു. ഒരു ലക്ഷത്തിലധികം കോടി രൂപയാണ് പദ്ധതിയ്ക്ക് ചെലവാകുക എന്നാണ് സിസ്ട്രയുടെ തലവൻ വ്യക്തമാക്കുന്നത്. പദ്ധതിയ്ക്ക് 1.24 ലക്ഷം കോടി ചിലവ് വരുമെന്നാണ് നീതി ആയോഗ് പറയുന്നത്. എന്നാൽ ഇത് 2018ലെ കണക്കാണെന്നും പദ്ധതി യാഥാർത്ഥ്യമാകുമ്പോൾ രണ്ട് ലക്ഷം കോടി കടക്കുമെന്നും പ്രതിപക്, നേതാവ് അഭിപ്രായപ്പെട്ടു.

ലിഡാർ സർവെ ആധാരമാക്കി തയ്യാറാക്കിയിരിക്കുന്ന റിപ്പോർട്ട് അടിസ്ഥാനമില്ലാത്തതാണ്. ഏരിയൽ സർവെ നടത്തിയാൽ ഒരിക്കലും കൃത്യമായ വിവരങ്ങൾ ലഭിക്കില്ല. എത്ര വീടുകൾ പൊളിക്കേണ്ടി വരും? എത്ര പേരെ കുടിയൊഴിപ്പിക്കേണ്ടി വരും? എന്തെല്ലാം പ്രശ്‌നങ്ങൾ ഉണ്ടാകും തുടങ്ങിയ കാര്യങ്ങളൊക്കെ നേരിട്ട് നടത്തുന്ന സർവെയിലൂടെയാണ് വ്യക്തമാകുക. സർക്കാർ ഇതുവരെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ മുഴുവനും ജനങ്ങളേയും ഇരകളായി മാറുന്ന പാവങ്ങളേയും കബളിപ്പിക്കുന്നതിന് വേണ്ടിയിട്ടുള്ള പദ്ധതിയാണ്. അതിനാൽ സിൽവർലൈൻ പദ്ധതിയിൽ നിന്നും സർക്കാർ പിന്മാറണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: വിവാഹത്തിന് മുൻപുള്ള കൗൺസിലിങ് നിർബന്ധമാക്കുന്നതിന് വേണ്ടിയുള്ള നിയമം രൂപീകരിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പൊതുതാത്പര്യ ഹർജി. സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും ഇത് സംബന്ധിച്ച നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്‌മെന്റ് കൗൺസിലാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 21, 39 പരാമർശിച്ചു കൊണ്ട് വിവാഹത്തിന് മുൻപുള്ള കൗൺസിലിങ്ങിന്റെ പ്രസക്തിയെ കുറിച്ചാണ് ഹർജിയിൽ വ്യക്തമാക്കുന്നത്.

പങ്കാളികൾ തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്താനും വിവാഹത്തിന് യഥാർത്ഥ ലക്ഷ്യങ്ങൾ കൈവരിക്കാനും സംഘർഷങ്ങൾ പരിഹരിക്കാനുള്ള കഴിവുകൾ വികസിപ്പിക്കുന്നതിനും വിവാഹത്തിന് മുമ്പുള്ള കൗൺസിലിങ് സഹായിക്കുമെന്നും ഹർജിയിൽ പറയുന്നു. അതിനാൽ ഇതിനു വേണ്ടിയുള്ള കോഴ്‌സ് രൂപകൽപ്പന ചെയ്യാനാണ് ഹർജിയിൽ ഉന്നയിച്ചിരിക്കുന്ന ആവശ്യം.

നാഷണൽ ക്രൈം ബ്യൂറോ ഓഫ് റെക്കോർഡ്‌സിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് വിശദമായി പരിശോധിച്ച ശേഷമാണ് നാഷണൽ ചൈൽഡ് ഡെവലപ്‌മെന്റ് കൗൺസിൽ സുപ്രീം കോടതിയിൽ പൊതുതാത്പര്യ ഹർജി സമർപ്പിച്ചത്. വിവാഹമോചന വിഷയവുമായി ബന്ധപ്പെട്ട് ദിനംപ്രതി 20 പേരാണ് ആത്മഹത്യ ചെയ്യുന്നതെന്നാണ് നാഷണൽ ക്രൈം ബ്യൂറോ ഓഫ് റെക്കോർഡ്സിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നത്. ഉടൻ തന്നെ ഹർജി കോടതി പരിഗണിക്കുമെന്നാണ് റിപ്പോർട്ട്.

കൊച്ചി: സംസ്ഥാനത്ത് ഭീതിതമായ സാഹചര്യമാണെന്ന് ഹൈക്കോടതി. ആളുകളുടെ കാൽ വെട്ടിയെടുക്കുന്നു, അതു നടുറോഡിൽ എറിയുന്നു, എത്ര ഭീതിതമായ സാഹചര്യമാണിതെന്നും എവിടേക്കാണ് നമ്മുടെ പോക്കെന്നും ഹൈക്കോടതി ചോദിക്കുന്നു. കഴിഞ്ഞ ദിവസം പന്ത്രണ്ടു പേർ ചേർന്ന് ഒരാളെ വെട്ടിക്കൊന്ന് കാൽ വെട്ടി നടുറോഡിൽ എറിഞ്ഞതു പരാമർശിച്ചു കൊണ്ടായിരുന്നു കോടതിയുടെ പരാമർശം. പട്ടിക വിഭാഗക്കാർക്കു ഭൂമി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഒരു കൂട്ടം ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ ഭാഗത്ത് നിന്നും നിർണായക പരാമർശം ഉണ്ടായത്.

ഭീതിപ്പെടുത്തുന്ന സാഹചര്യമാണ് സംസ്ഥാനത്തെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചൂണ്ടിക്കാട്ടി. അവർ മയക്കുമരുന്നിന് അടിമകളായിരിക്കാം. എവിടേക്കാണ് നമ്മുടെ പോക്കെന്ന് ചിന്തിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. എല്ലാവർക്കും വീടു നൽകുമെന്ന് സർക്കാർ പറയുന്നുണ്ട്. എന്നാൽ അവരുടെ ഉപജീവനം സർക്കാർ എങ്ങനെ ഉറപ്പാക്കുമെന്ന ചോദ്യവും കോടതി ഉന്നയിച്ചു. കേരളത്തിൽ മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ള അൻപതു ലക്ഷത്തിലേറെ പേർ ജോലി ചെയ്യുന്നുണ്ട്. എന്നാൽ ഇവിടത്തുകാർക്കു ജോലിയില്ലാത്ത സ്ഥിതിയുണ്ടെന്നും ഇതാണ് യുവാക്കളെ മയക്കുമരുന്നിലും കുറ്റകൃത്യത്തിലും എത്തിക്കുന്നതെന്നും കോടതി അഭിപ്രായപ്പെട്ടു.

കൊച്ചി: ആലുവ സി ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് സമരം ചെയ്ത കോൺഗ്രസുകാർക്കെതിരെ തീവ്രവാദ ബന്ധം ചുമത്തി കേസെടുത്ത പോലീസ് നടപടിയിൽ വിശദീകരണം തേടി മുഖ്യമന്ത്രി പിണറായി വിജയൻ. റൂറൽ എസ് പി കാർത്തിക്കിനെ വിളിച്ചുവരുത്തിയാണ് സംഭവത്തിൽ മുഖ്യമന്ത്രി വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവത്തിന്റെ കേസ് ഫയലുകൾ അദ്ദേഹം വിശദമായി പരിശോധിക്കുകയും ചെയ്തു. തുടർന്ന് മുഖ്യമന്ത്രി കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരായ സ്‌പെഷ്യൽ ബ്രാഞ്ച് എസ് പി, ഡി വൈ എസ് പി എന്നിവരെ വിളിച്ചു വരുത്തുകയും വിശദീകരണം ചോദിക്കുകയുമായിരുന്നു.

മോഫിയ പർവീൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ സംഭവത്തിൽ ആലുവ സി ഐക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് കോൺഗ്രസ് പ്രവർത്തകർ സമരം ചെയ്തത്. സമരം ചെയ്ത കോൺഗ്രസ് പ്രവർത്തകരുടെ കസ്റ്റഡി റിപ്പോർട്ടിലാണ് പൊലീസ് തീവ്രവാദ ബന്ധം ആരോപിച്ചത്. സമരത്തിന് നേതൃത്വം നൽകിയ ആലുവ എം എൽ എ അൻവർ സാദത്ത് ഉൾപ്പെടെയുള്ളവർ സംഭവത്തിൽ ഇടപ്പെട്ടിരുന്നു. പിന്നീട് രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ. ആലുവ ഗസ്റ്റ് ഹൗസിലേക്ക് മുഖ്യമന്ത്രി ഉദ്യോഗസ്തരെ നേരിട്ട് വിളിച്ചു വരുത്തുകയായിരുന്നു.

അതേസമയം മുഖ്യമന്ത്രിയും ഉദ്യോഗസ്ഥരും തമ്മിലുള്ള കൂടിക്കാഴ്ചക്കു പിന്നാലെ ആലുവ സി ഐ ബൈജു പോൾ അവധിയിൽ പ്രവേശിച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് സി ഐ അവധിയിൽ പ്രവേശിച്ചതെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന വിശദീകരണം.