General (Page 1,289)

തിരുവനന്തപുരം: കായിക താരങ്ങൾക്ക് നിയമനം നൽകുമെന്ന് ഉറപ്പു നൽകി മന്ത്രി വി.അബ്ദു റഹിമാൻ. കായികതാരങ്ങളുടെ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. അതേസമയം സെക്രട്ടേറിയറ്റിന് മുമ്പിലെ സമരം അവസാനിപ്പിച്ചതായി കായിക താരങ്ങൾ അറിയിച്ചു. കായിക മന്ത്രിയുമായി നടത്തിയ ചർച്ച വിജയകരമാണെന്നും കായിക താരങ്ങൾ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

കായിക താരങ്ങളുടെ പരാതികൾ പരിശോധിക്കാൻ സ്‌പോർട്‌സ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള വിദഗ്ധ സമിതിയെ ഏർപ്പെടുത്തുകയും ചെയ്തു. 24 കായികതാരങ്ങൾക്ക് ഉടൻ ജോലി നൽകാനാണ് സർക്കാരിന്റെ തീരുമാനം. എട്ടംഗ സമിതി രൂപീകരിച്ച ശേഷം മറ്റുള്ളവരുടെ നിയമനത്തിൽ തീരുമാനമുണ്ടാക്കുമെന്ന് മന്ത്രി പറഞ്ഞു.

കായിക താരങ്ങളോട് സർക്കാരിന് പിടിവാശിയില്ല. ജോലി നൽകുമെന്നാണ് എന്നും സർക്കാരിന്റെ നിലപാടെന്നും കായികതാരങ്ങളുടെ എല്ലാകാര്യങ്ങളും സർക്കാർ പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തൃശൂർ: കൂനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ മരിച്ച മലയാളി സൈനികൻ എ. പ്രദീപിന്റെ ഭാര്യയ്ക്ക് സർക്കാർ ജോലിക്കായുള്ള നിയമന ഉത്തരവ് കൈമാറി. റവന്യൂ മന്ത്രി കെ.രാജനാണ് ഉത്തരവ് കൈമാറിയത്. വ്യോമസേന ജൂനിയർ വാറന്റ് ഓഫിസറായിരുന്നു പ്രദീപ്. പുത്തൂരിലുള്ള അദ്ദേഹത്തിന്റെ വസതിയിലെത്തിയാണ് മന്ത്രി കെ രാജൻ നിയമന ഉത്തരവ് നേരിട്ട് കൈമാറിയത്. റവന്യൂ വകുപ്പിലാണ് പ്രദീപിന്റെ ഭാര്യയക്ക് നിയമനം നൽകിയിരിക്കുന്നത്.

എം.കോം ബിരുദധാരിയാണ് പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മി. പ്രദീപിന്റെ ഭാര്യയ്ക്ക് വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ചുള്ള ജോലി നൽകുമെന്ന് നേരത്തെ സർക്കാർ അറിയിച്ചിരുന്നു. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. പ്രദീപിന്റെ കുടുംബത്തിന് ധനസഹായം നൽകാനും സർക്കാർ തീരുമാനിച്ചിരുന്നു.

എട്ടു ലക്ഷം രൂപയുടെ സാമ്പത്തികസഹായം നൽകാനാണ് തീരുമാനം. ധനസഹായം നൽകുന്നതിന്റെയും സർക്കാർ ഉത്തരവ് റവന്യു മന്ത്രി കൈമാറിയിട്ടുണ്ട്. സൈനികക്ഷേമ നിധിയിൽ നിന്ന് അഞ്ച് ലക്ഷം രൂപയും വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുന്ന പ്രദീപിന്റെ പിതാവിന്റെ ചികിത്സയ്ക്കു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നു മൂന്നു ലക്ഷം രൂപയുമാണ് നൽകുന്നത്.

തിരുവനന്തപുരം: യൂട്യൂബറെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടി ഭാഗ്യലക്ഷ്മി ഉൾപ്പെടെ മൂന്നുപേർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് പോലീസ്. തിരുവനന്തപുരം അഡീഷണൽ ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ തമ്പാനൂർ പോ ലീസാണ് കുറ്റപത്രം സമർപ്പിച്ചത്. ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ തുടങ്ങിയവരാണ് കേസിലെ മറ്റ് പ്രതികൾ.

യൂട്യൂബ് ചാനലിലെ വീഡിയോകളിലൂടെ വിജയ് പി നായർ സ്ത്രീകളെ അധിക്ഷേപിക്കുന്നു എന്നാരോപിച്ചാണ് ഭാഗ്യലക്ഷ്മിയും സംഘവും ആക്രമണം നടത്തിയത്. വിജയ് പി നായർ താമസിച്ചിരുന്ന ലോഡ്ജിൽ അതിക്രമിച്ച് കയറുകയും അദ്ദേഹത്തെ മർദ്ദിക്കുകയും ദേഹത്ത് മഷിയൊഴിക്കുകയും ചെയ്തുവെന്നുമാണ് കുറ്റപത്രത്തിൽ പറയുന്നത്.

അതിക്രമിച്ച് കയറൽ, മർദ്ദനം, വധഭീഷണി മുഴക്കൽ എന്നീ കുറ്റകൃത്യങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഡിസംബർ 22-ന് ഭാഗ്യലക്ഷ്മി അടക്കമുള്ള പ്രതികൾ നേരിട്ട് ഹാജരാകണമെന്നാണ് കോടതി നൽകിയിരിക്കുന്ന നിർദ്ദേശം. ആക്രമണം നടത്തിയ ശേഷം ഇവർ വിജയ് പി നായരെ കൊണ്ട് മാപ്പ് പറയിപ്പിക്കുകയും ചെയ്തിരുന്നു. വിജയ് പി നായർക്ക് നേരെ നടത്തിയ ആക്രമണത്തിന്റെ വീഡിയോ ഭാഗ്യലക്ഷ്മിയും സംഘവും ഫേസ്ബുക്ക് ലൈവിലൂടെ പങ്കുവെച്ചിരുന്നു.

തിരുവനന്തപുരം: ശശി തരൂരിനെതിരെ വിമർശനവുമായി മുൻ കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. വികസന കാര്യങ്ങളിലുള്ള മുഖ്യമന്ത്രിയുടെ നിലപാടിനെ കഴിഞ്ഞ ദിവസം അഭിനന്ദിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ശശിതരൂരിനെതിരെ മുല്ലപ്പള്ളി രംഗത്തെത്തിയത്. സിൽവർ ലൈൻ ജനോപകാര പ്രദമല്ലെന്ന് ഇവിടത്തെ കൊച്ചു കുഞ്ഞിന് പോലും അറിയാമെന്ന് അദ്ദേഹം പറഞ്ഞു. സർക്കാരിനെ സഹായിക്കാനുള്ള ഗൂഢതന്ത്രമാണിതെന്നും തരൂർ പാർട്ടിയെ പ്രതിക്കൂട്ടിലാക്കിയെന്നും അദ്ദേഹം വിമർശിച്ചു. വിഷയത്തിൽ എത്രയും വേഗം ഹൈക്കമാൻഡ് ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

കെ റെയിൽ പദ്ധതിക്കെതിരെ യു ഡി എഫ് എം പിമാർ കേന്ദ്രത്തിന് സമർപ്പിച്ച നിവേദനത്തിൽ ശശി തരൂർ ഒപ്പിട്ടിരുന്നില്ല. ഇതിനെതിരെയും മുല്ലപ്പള്ളി വിമർശിച്ചു. ഭൂരിപക്ഷം എംപിമാരും കെ റെയിലിന് എതിരായി നിലപാട് എടുക്കുമ്പോൾ ഞാനിത് പഠിക്കട്ടെ എന്ന് പറയുന്നത് സർക്കാരിനെ സഹായിക്കാൻ വേണ്ടി അദ്ദേഹം നടത്തുന്ന ഗൂഢമായ നീക്കങ്ങളാണ്. ഓരോരോ സന്ദർഭങ്ങളിലും പാർട്ടിയെ ഇതുപോലെ പ്രതിക്കൂട്ടിൽ നിർത്തുന്ന അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.

ശശി തരൂർ അന്താരാഷ്ട്ര പ്രശസ്തനായ രാജ്യതന്ത്രജ്ഞനോ എഴുത്തുകാരനോ മികച്ച പ്രാസംഗികനോ ആകാം. പക്ഷേ കോൺഗ്രസിന്റെ താത്വികമായ അച്ചടക്കവും മര്യാദകളും അദ്ദേഹം പഠിക്കേണ്ടതുണ്ട്. കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് വിജയിച്ച എംപി ആണെങ്കിൽ അടിസ്ഥാനപരമായി അദ്ദേഹമൊരു കോൺഗ്രസുകാരനാണെന്ന് മുല്ലപ്പള്ളി വ്യക്തമാക്കി.

ശശി തരൂർ എംപിയെ സ്വതന്ത്രനായി പോകാൻ അനുവദിക്കാമോയെന്നും മുല്ലപ്പള്ളി ചോദിക്കുന്നു. പാർട്ടി അച്ചടക്കം ഉയർത്തിപ്പിടിക്കാനുള്ള തത്വം അദ്ദേഹത്തിന് അറിയില്ലെങ്കിൽ തീർച്ചയായും പഠിപ്പിച്ചുകൊടുക്കാനുള്ള ഉത്തരവാദിത്തം പാർട്ടിക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: സംസ്ഥാനത്ത് ഹിന്ദു ഐക്യം വേണമെന്ന് നടൻ ദേവൻ. ശബരിമലയിലേക്ക് കരിമല വഴിയുള്ള കാനനപാതയിലൂടെ തീർത്ഥാടനം അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് വിവിധ ഹൈന്ദവ സംഘടനകളുടെ പ്രതിഷേധ പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഹിന്ദുയിസത്തെ തകർക്കാൻ വേണ്ടി ജവഹർലാൽ സർക്കാർ വിദ്യാഭ്യാസത്തിൽ നിന്നും ഹിന്ദുയിസത്തെ മാറ്റി. അതുപോലെ 70 വർഷമായി കേരളത്തിൽ ഹിന്ദുക്കൾ കരഞ്ഞു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാനത്ത് 2026 ൽ വിശ്വാസികൾ ഭരിക്കുന്ന സർക്കാർ അധികാരത്തിൽ വരണമെന്നും അദ്ദേഹം പറഞ്ഞു.

വിശ്വാസികൾ ഭരിക്കുന്ന ഒരു നാടായിരിക്കണം കേരളം. അവിശ്വാസികൾ തോൽക്കണം. കാനനപാത തുറന്നുകിട്ടിയതുകൊണ്ട് മാത്രം അത് സഫലീകരിക്കുന്നില്ലെന്നും വലിയൊരു യാത്രയുടെ തുടക്കമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വളരെ ന്യൂനപക്ഷമായ അവിശ്വാസികൾ ഭരിക്കുന്ന ഭൂരിപക്ഷം വിശ്വാസികൾ ഉള്ള ഇടമാണിത്. 2026 ൽ വിശ്വാസികൾ ഭരിക്കുന്ന ഒരു ഭരണകൂടം കേരളത്തിൽ അധികാരത്തിൽ വരുമെന്ന വിശ്വാസത്തോടുകൂടി എല്ലാവരും പ്രവർത്തിക്കണം. ഇവിടുത്തെ പ്രശ്‌നം വിശ്വാസിയും അവിശ്വാസിയും തമ്മിലുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഹിന്ദു ഐക്യം വേണമെന്നതാണ് ഇവിടുത്തെ ആവശ്യം. ഒരുപാട് സംഘടനകൾ ഉണ്ട്. അതുപോരെന്നും ആവശ്യം ഭരണമാറ്റമാണെന്നും അതിലൂടെ മാത്രമേ ഒരു പരിഹാരം ഉണ്ടാക്കാൻ സാധിക്കുകയുള്ളുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ന്യൂഡൽഹി: ഇന്ത്യയുടെ സംയുക്ത സൈനിക മേധാവിയായി കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവാനെയെ നിയമിച്ചു. ബിപിൻ റാവത്തിന്റെ വിയോഗത്തെ തുടർന്നാണ് നിയമനം. നിലവിലെ സേന മേധാവികളിൽ ഏറ്റവും സീനിയർ ജനറൽ മനോജ് മുകുന്ദ് നരവാനെയാണ്. 1960 ൽ മഹാരാഷ്ട്രയിലാണ് നരവാനെയുടെ ജനനം.

ഭാവിയിൽ മൂന്ന് സേനാ വിഭാഗങ്ങളേയും ഒരുമിച്ച് സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് സംയുക്ത സൈനിക മേധാവി എന്ന പദവി കേന്ദ്ര സർക്കാർ സൃഷ്ടിച്ചത്. ബിപിൻ റാവത്താണ് സംയുക്ത സൈനിക മേധാവി സ്ഥാനത്തേക്ക് ആദ്യമായി നിയമിതനായത്. നിയമം അനുസരിച്ച് ഏതൊരു കമാൻഡിങ് ഓഫീസർക്കും സംയുക്ത സൈനിക മേധാവിയാകാനുള്ള യോഗ്യതയുണ്ട്. നാല് സ്റ്റാറുകളുള്ള ജനറൽ പദവിയിലോ സമാന റാങ്കിലുള്ള എയർ ചീഫ് മാർഷൽ (വ്യോമസേന), അഡ്മിറൽ (നാവികസേന) എന്നിവർക്കും സി.ഡി.എസ് പദവിയിൽ എത്താം.

2019 ഡിസംബർ 31 നാണ് നരവാനെ കരസേനാ മേധാവിയായി ചുമതലയേറ്റത്. ബിപിൻ റാവത്തിന്റെ പിൻഗാമിയായിട്ടായിരുന്നു അദ്ദേഹത്തിന്റെ നിയമനം. കരസേനയുടെ 40-ാം ഉപമേധാവിയായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പുനെ നാഷണൽ ഡിഫൻസ് അക്കാദമിയിൽ നിന്നാണ് അദ്ദേഹം സൈനിക വിദ്യാഭ്യാസം പൂർത്തിയാക്കുന്നത്. ഭീകരപ്രവർത്തനങ്ങൾക്കെതിരെ വിട്ടുവീഴ്ച്ചയില്ലാത്ത സമീപനമാണ് അദ്ദേഹം സ്വീകരിക്കുന്നത്.

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ രാത്രി ഡ്യൂട്ടിക്കിടെ വനിതാ ഹൗസ് സർജനെ കൈയേറ്റം ചെയ്ത സംഭവത്തിൽ നടപടി സ്വീകരിച്ച് അധികൃതർ. സംഭവവുമായി ബന്ധപ്പെട്ട് മന്ത്രിയുടെ ഗൺമാനെ സസ്പെന്റ് ചെയ്തു. മന്ത്രി സജി ചെറിയാന്റെ ഗൺമാൻ അനീഷ് മോനെയാണ് സസ്പെന്റ് ചെയ്തത്. ശനിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം ഉണ്ടായത്.

ആശുപത്രിയിലെ പതിനാറാം വാർഡിൽ അനീഷ്‌മോന്റെ അച്ഛൻ കുഞ്ഞുകുഞ്ഞ് (പീയൂസ് -73) പനിയെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു. ചികിത്സയിൽ തുടരുന്നതിനിടെ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായി. ഇദ്ദേഹത്തെ അടിയന്തരപരിചരണം നൽകാൻ പ്രത്യേക മുറിയിലേക്കു മാറ്റുന്നതിനിടെയാണ് അനീഷ്‌മോൻ സ്ഥലത്തെത്തിയത്. എന്നാൽ ഇതിനിടെ രോഗി മരണപ്പെടുകയും രോഷാകുലനായ അനീഷ്‌മോൻ വനിതാ ഹൗസ് സർജനെ കൈയേറ്റം ചെയ്യുകയുമായിരുന്നു. ഹൗസ് സർജനെ ഇയാൾ ഭീഷണിപ്പെടുത്തുകയും ചെയ്തു.

സംഭവത്തിൽ അമ്പലപ്പുഴ പോലീസ് അനീഷിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് അനീഷിനെതിരെ കേസെടുത്തിരിക്കുന്നത്. വനിതാ ഹൗസ് സർജന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. അതേസമയം കേസിൽ പ്രതിയെ അറസ്റ്റു ചെയ്യാത്തതിൽ പ്രതിഷേധിച്ച് ഹൗസ് സർജന്മാർ സമരം ആരംഭിച്ചിരുന്നു.

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ നിയമനത്തിൽ ഗവർണർക്ക് ശുപാർശ നൽകാൻ മന്ത്രിക്ക് അധികാരമില്ലെന്നാണ് കാനം വ്യക്തമാക്കുന്നത്. കണ്ണൂർ വൈസ് ചാൻസലറായി ഗോപിനാഥ് രവീന്ദ്രനെ പുനർ നിയമിച്ച വിഷയം വിവാദമായതോടെയാണ് കാനം മന്ത്രിയെ ബിന്ദുവിനെതിരെ പ്രതികരണം നടത്തിയത്.

സിപിഎമ്മിൽ നിന്നടക്കം കൂടുതൽ പേർ സിപിഐയിലേക്ക് വരുമെന്നും കാനം വിശദമാക്കി. മാദ്ധ്യമ പ്രവർത്തകരോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സിപിഐയിൽ നിന്ന് പോയവരാണ് സിപിഎമ്മിലുള്ളവർ. ചില കാര്യങ്ങൾ സസ്പെൻസ് ആയി നിൽക്കട്ടെയെന്നാണ് എസ്. രാജേന്ദ്രൻ സിപിഐയിലേക്ക് എത്തുമോ എന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടി.

വാഷിംഗ്ടൺ: ശാസ്ത്രമേഖലയിൽ നിർണായക നേട്ടം കരസ്ഥമാക്കി നാസ. ചരിത്രത്തിൽ ആദ്യമായി ഒരു മനുഷ്യനിർമിത പേടകം സൂര്യന്റെ അന്തരീക്ഷം തൊട്ടിരിക്കുകയാണ്. മനുഷ്യന് അസാധ്യമെന്ന് തോന്നിയിരുന്ന ദൗത്യമാണ് നാസ വിജയകരമായി പൂർത്തീകരിച്ചത്.

നാസയുടെ പാർക്കർ സോളാർ പ്രോബ് എന്ന ദൗത്യമാണ് സൂര്യന്റെ അന്തരീക്ഷത്തിൽ തൊട്ടത്. സൂര്യന്റെ രഹസ്യങ്ങൾ ഏറ്റവും അടുത്ത് നിന്നും പഠിക്കാൻ വേണ്ടിയാണ് പാർക്കർ സോളാർ പ്രോബ് പദ്ധതി ആവിഷ്‌ക്കരിച്ചത്.

2018 ലാണ് പേടകം നാസ വിക്ഷേപിച്ചത്. ഒൻപത് തവണ ഈ പേടകം സൂര്യനെ ചുറ്റിയിട്ടുണ്ട്. ജനുവരിയിൽ സൂര്യനോട് കൂടുതൽ അടുക്കുന്നതിന്റെ ഭാഗമാണ് പുതിയ അന്തരീക്ഷ പ്രവേശനം എന്നാണ് നാസ അറിയിക്കുന്നത്. കൊറോണ എന്നറിയപ്പെടുന്ന സൂര്യന്റെ അന്തരീക്ഷത്തിലൂടെ സൂര്യന്റെ മുകളിലുള്ള പാളിയിൽ ഈ പേടകം പ്രവേശിച്ചുവെന്നും നാസ വ്യക്തമാക്കി.

എട്ടാമത്തെ തവണ സൂര്യനെ ചുറ്റിയ സമയത്ത് പേടകത്തിന്റെ കാന്തിക കണിക അവസ്ഥയിൽ മാറ്റം സംഭവിച്ചത് മനസിലാക്കിയാണ് സൂര്യന്റെ അന്തരീക്ഷത്തിൽ പാർക്കർ പ്രവേശിച്ചുവെന്ന നിഗമനത്തിലേക്ക് നാസ എത്തിയത്.

തിരുവനന്തപുരം: കെ റെയിൽ പദ്ധതിയെ വിമർശിച്ച് സി.പി.ഐ. സംസ്ഥാന കൗൺസിലിലാണ് കെ റെയിലിനെതിരെ സിപിഐ വിമർശനം ഉന്നയിച്ചത്. പാർട്ടിയുടെ മേൽവിലാസം തകർക്കുന്ന തരത്തിൽ കെ റെയിൽ പദ്ധതിയെ അനുകൂലിക്കുന്നത് ദോഷകരമാണെന്നാണ് സിപിഐ പറയുന്നത്. കോവിഡ് പ്രതിസന്ധിയിൽ ജനങ്ങൾ പൊറുതിമുട്ടുമ്പോൾ സർക്കാർ മുൻഗണന നൽകേണ്ടത് കെ-റെയിലിനല്ലെന്നും വിമർശനമുണ്ട്.

ഒരിക്കലും ലാഭകരമല്ലാത്ത പദ്ധതിയാണ് കെ റെയിൽ. പദ്ധതി പരിസ്ഥിതിക്ക് ദോഷകരമാണെന്നും ഒരിക്കലും ലാഭകരമാകാത്ത പദ്ധതിയാണിതെന്നും സിപിഎം കുറ്റപ്പെടുത്തി. കേരളത്തിനെ പോലൊരു സംസ്ഥാനത്തിന് ഒരിക്കലും സാമ്പത്തികമായി പദ്ധതി താങ്ങാനാകില്ല. പദ്ധതിയെ അനുകൂലിക്കുന്നത് ഗുണകരമാകില്ലെന്നും സിപിഐ അഭിപ്രായപ്പെടുന്നു.

അതേസമയം എൽ.ഡി.എഫിന്റെ പ്രകടന പത്രികയിൽ പറഞ്ഞ പദ്ധതിയായതിനാലാണ് ഇതിനെ അനുകൂലിക്കുന്നതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അറിയിച്ചു. സി.പി.ഐ ആയിട്ട് പദ്ധതിയെ തകർത്തുവെന്ന ആക്ഷേപം കേൾക്കുന്നത് നല്ലതല്ലെന്നും അതിനാലാണ് പദ്ധതിയെ അനുകൂലിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.