രാത്രി ഡ്യൂട്ടിക്കിടെ വനിതാ ഹൗസ് സർജനെ കൈയേറ്റം ചെയ്ത സംഭവം; മന്ത്രിയുടെ ഗൺമാനെ സസ്പെന്റ് ചെയ്തു

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ രാത്രി ഡ്യൂട്ടിക്കിടെ വനിതാ ഹൗസ് സർജനെ കൈയേറ്റം ചെയ്ത സംഭവത്തിൽ നടപടി സ്വീകരിച്ച് അധികൃതർ. സംഭവവുമായി ബന്ധപ്പെട്ട് മന്ത്രിയുടെ ഗൺമാനെ സസ്പെന്റ് ചെയ്തു. മന്ത്രി സജി ചെറിയാന്റെ ഗൺമാൻ അനീഷ് മോനെയാണ് സസ്പെന്റ് ചെയ്തത്. ശനിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം ഉണ്ടായത്.

ആശുപത്രിയിലെ പതിനാറാം വാർഡിൽ അനീഷ്‌മോന്റെ അച്ഛൻ കുഞ്ഞുകുഞ്ഞ് (പീയൂസ് -73) പനിയെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു. ചികിത്സയിൽ തുടരുന്നതിനിടെ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായി. ഇദ്ദേഹത്തെ അടിയന്തരപരിചരണം നൽകാൻ പ്രത്യേക മുറിയിലേക്കു മാറ്റുന്നതിനിടെയാണ് അനീഷ്‌മോൻ സ്ഥലത്തെത്തിയത്. എന്നാൽ ഇതിനിടെ രോഗി മരണപ്പെടുകയും രോഷാകുലനായ അനീഷ്‌മോൻ വനിതാ ഹൗസ് സർജനെ കൈയേറ്റം ചെയ്യുകയുമായിരുന്നു. ഹൗസ് സർജനെ ഇയാൾ ഭീഷണിപ്പെടുത്തുകയും ചെയ്തു.

സംഭവത്തിൽ അമ്പലപ്പുഴ പോലീസ് അനീഷിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് അനീഷിനെതിരെ കേസെടുത്തിരിക്കുന്നത്. വനിതാ ഹൗസ് സർജന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. അതേസമയം കേസിൽ പ്രതിയെ അറസ്റ്റു ചെയ്യാത്തതിൽ പ്രതിഷേധിച്ച് ഹൗസ് സർജന്മാർ സമരം ആരംഭിച്ചിരുന്നു.