ഇന്ത്യയുടെ സംയുക്ത സൈനിക മേധാവിയായി കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവാനെയെ നിയമിച്ചു

ന്യൂഡൽഹി: ഇന്ത്യയുടെ സംയുക്ത സൈനിക മേധാവിയായി കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവാനെയെ നിയമിച്ചു. ബിപിൻ റാവത്തിന്റെ വിയോഗത്തെ തുടർന്നാണ് നിയമനം. നിലവിലെ സേന മേധാവികളിൽ ഏറ്റവും സീനിയർ ജനറൽ മനോജ് മുകുന്ദ് നരവാനെയാണ്. 1960 ൽ മഹാരാഷ്ട്രയിലാണ് നരവാനെയുടെ ജനനം.

ഭാവിയിൽ മൂന്ന് സേനാ വിഭാഗങ്ങളേയും ഒരുമിച്ച് സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് സംയുക്ത സൈനിക മേധാവി എന്ന പദവി കേന്ദ്ര സർക്കാർ സൃഷ്ടിച്ചത്. ബിപിൻ റാവത്താണ് സംയുക്ത സൈനിക മേധാവി സ്ഥാനത്തേക്ക് ആദ്യമായി നിയമിതനായത്. നിയമം അനുസരിച്ച് ഏതൊരു കമാൻഡിങ് ഓഫീസർക്കും സംയുക്ത സൈനിക മേധാവിയാകാനുള്ള യോഗ്യതയുണ്ട്. നാല് സ്റ്റാറുകളുള്ള ജനറൽ പദവിയിലോ സമാന റാങ്കിലുള്ള എയർ ചീഫ് മാർഷൽ (വ്യോമസേന), അഡ്മിറൽ (നാവികസേന) എന്നിവർക്കും സി.ഡി.എസ് പദവിയിൽ എത്താം.

2019 ഡിസംബർ 31 നാണ് നരവാനെ കരസേനാ മേധാവിയായി ചുമതലയേറ്റത്. ബിപിൻ റാവത്തിന്റെ പിൻഗാമിയായിട്ടായിരുന്നു അദ്ദേഹത്തിന്റെ നിയമനം. കരസേനയുടെ 40-ാം ഉപമേധാവിയായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പുനെ നാഷണൽ ഡിഫൻസ് അക്കാദമിയിൽ നിന്നാണ് അദ്ദേഹം സൈനിക വിദ്യാഭ്യാസം പൂർത്തിയാക്കുന്നത്. ഭീകരപ്രവർത്തനങ്ങൾക്കെതിരെ വിട്ടുവീഴ്ച്ചയില്ലാത്ത സമീപനമാണ് അദ്ദേഹം സ്വീകരിക്കുന്നത്.