കോവിഡ് പ്രതിസന്ധിയിൽ ജനങ്ങൾ പൊറുതിമുട്ടുമ്പോൾ സർക്കാർ മുൻഗണന നൽകേണ്ടത് കെ-റെയിലിനല്ല; വിമർശനവുമായി സിപിഐ

തിരുവനന്തപുരം: കെ റെയിൽ പദ്ധതിയെ വിമർശിച്ച് സി.പി.ഐ. സംസ്ഥാന കൗൺസിലിലാണ് കെ റെയിലിനെതിരെ സിപിഐ വിമർശനം ഉന്നയിച്ചത്. പാർട്ടിയുടെ മേൽവിലാസം തകർക്കുന്ന തരത്തിൽ കെ റെയിൽ പദ്ധതിയെ അനുകൂലിക്കുന്നത് ദോഷകരമാണെന്നാണ് സിപിഐ പറയുന്നത്. കോവിഡ് പ്രതിസന്ധിയിൽ ജനങ്ങൾ പൊറുതിമുട്ടുമ്പോൾ സർക്കാർ മുൻഗണന നൽകേണ്ടത് കെ-റെയിലിനല്ലെന്നും വിമർശനമുണ്ട്.

ഒരിക്കലും ലാഭകരമല്ലാത്ത പദ്ധതിയാണ് കെ റെയിൽ. പദ്ധതി പരിസ്ഥിതിക്ക് ദോഷകരമാണെന്നും ഒരിക്കലും ലാഭകരമാകാത്ത പദ്ധതിയാണിതെന്നും സിപിഎം കുറ്റപ്പെടുത്തി. കേരളത്തിനെ പോലൊരു സംസ്ഥാനത്തിന് ഒരിക്കലും സാമ്പത്തികമായി പദ്ധതി താങ്ങാനാകില്ല. പദ്ധതിയെ അനുകൂലിക്കുന്നത് ഗുണകരമാകില്ലെന്നും സിപിഐ അഭിപ്രായപ്പെടുന്നു.

അതേസമയം എൽ.ഡി.എഫിന്റെ പ്രകടന പത്രികയിൽ പറഞ്ഞ പദ്ധതിയായതിനാലാണ് ഇതിനെ അനുകൂലിക്കുന്നതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അറിയിച്ചു. സി.പി.ഐ ആയിട്ട് പദ്ധതിയെ തകർത്തുവെന്ന ആക്ഷേപം കേൾക്കുന്നത് നല്ലതല്ലെന്നും അതിനാലാണ് പദ്ധതിയെ അനുകൂലിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.