സംസ്ഥാനത്ത് ഹിന്ദു ഐക്യം വേണം; വിശ്വാസികൾ ഭരിക്കുന്ന നാടായിരിക്കണം കേരളമെന്ന് നടൻ ദേവൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ഹിന്ദു ഐക്യം വേണമെന്ന് നടൻ ദേവൻ. ശബരിമലയിലേക്ക് കരിമല വഴിയുള്ള കാനനപാതയിലൂടെ തീർത്ഥാടനം അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് വിവിധ ഹൈന്ദവ സംഘടനകളുടെ പ്രതിഷേധ പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഹിന്ദുയിസത്തെ തകർക്കാൻ വേണ്ടി ജവഹർലാൽ സർക്കാർ വിദ്യാഭ്യാസത്തിൽ നിന്നും ഹിന്ദുയിസത്തെ മാറ്റി. അതുപോലെ 70 വർഷമായി കേരളത്തിൽ ഹിന്ദുക്കൾ കരഞ്ഞു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാനത്ത് 2026 ൽ വിശ്വാസികൾ ഭരിക്കുന്ന സർക്കാർ അധികാരത്തിൽ വരണമെന്നും അദ്ദേഹം പറഞ്ഞു.

വിശ്വാസികൾ ഭരിക്കുന്ന ഒരു നാടായിരിക്കണം കേരളം. അവിശ്വാസികൾ തോൽക്കണം. കാനനപാത തുറന്നുകിട്ടിയതുകൊണ്ട് മാത്രം അത് സഫലീകരിക്കുന്നില്ലെന്നും വലിയൊരു യാത്രയുടെ തുടക്കമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വളരെ ന്യൂനപക്ഷമായ അവിശ്വാസികൾ ഭരിക്കുന്ന ഭൂരിപക്ഷം വിശ്വാസികൾ ഉള്ള ഇടമാണിത്. 2026 ൽ വിശ്വാസികൾ ഭരിക്കുന്ന ഒരു ഭരണകൂടം കേരളത്തിൽ അധികാരത്തിൽ വരുമെന്ന വിശ്വാസത്തോടുകൂടി എല്ലാവരും പ്രവർത്തിക്കണം. ഇവിടുത്തെ പ്രശ്‌നം വിശ്വാസിയും അവിശ്വാസിയും തമ്മിലുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഹിന്ദു ഐക്യം വേണമെന്നതാണ് ഇവിടുത്തെ ആവശ്യം. ഒരുപാട് സംഘടനകൾ ഉണ്ട്. അതുപോരെന്നും ആവശ്യം ഭരണമാറ്റമാണെന്നും അതിലൂടെ മാത്രമേ ഒരു പരിഹാരം ഉണ്ടാക്കാൻ സാധിക്കുകയുള്ളുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.