തിരുവനന്തപുരം: കായിക താരങ്ങൾക്ക് നിയമനം നൽകുമെന്ന് ഉറപ്പു നൽകി മന്ത്രി വി.അബ്ദു റഹിമാൻ. കായികതാരങ്ങളുടെ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. അതേസമയം സെക്രട്ടേറിയറ്റിന് മുമ്പിലെ സമരം അവസാനിപ്പിച്ചതായി കായിക താരങ്ങൾ അറിയിച്ചു. കായിക മന്ത്രിയുമായി നടത്തിയ ചർച്ച വിജയകരമാണെന്നും കായിക താരങ്ങൾ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
കായിക താരങ്ങളുടെ പരാതികൾ പരിശോധിക്കാൻ സ്‌പോർട്‌സ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള വിദഗ്ധ സമിതിയെ ഏർപ്പെടുത്തുകയും ചെയ്തു. 24 കായികതാരങ്ങൾക്ക് ഉടൻ ജോലി നൽകാനാണ് സർക്കാരിന്റെ തീരുമാനം. എട്ടംഗ സമിതി രൂപീകരിച്ച ശേഷം മറ്റുള്ളവരുടെ നിയമനത്തിൽ തീരുമാനമുണ്ടാക്കുമെന്ന് മന്ത്രി പറഞ്ഞു.
കായിക താരങ്ങളോട് സർക്കാരിന് പിടിവാശിയില്ല. ജോലി നൽകുമെന്നാണ് എന്നും സർക്കാരിന്റെ നിലപാടെന്നും കായികതാരങ്ങളുടെ എല്ലാകാര്യങ്ങളും സർക്കാർ പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

