ഇന്ത്യാ വിരുദ്ധ വിദ്വേഷ പ്രചാരണത്തിന് പി ആർ കമ്പനിയെ നിയോഗിച്ച് പാകിസ്താൻ; അപ്രതീക്ഷിത തിരിച്ചടിയുമായി ഫേസ്ബുക്ക്

ന്യൂഡൽഹി: ഇന്ത്യാവിരുദ്ധ വിദ്വേഷ പ്രചാരണത്തിനായി പാകിസ്താൻ സൈന്യം പബ്ലിക് റിലേഷൻ (പിആർ) കമ്പനിയെ നിയോഗിച്ചിരുന്നതായി റിപ്പോർട്ട്. ഇന്ത്യയ്‌ക്കെതിരെ സംഘടിതമായി ഇത്തരത്തിൽ പ്രചാരണം നടത്തിയ അനധികൃത നെറ്റ്വർക്കുകളെ ഫേസ്ബുക്ക് ഡീ ആക്ടീവേറ്റാക്കിയതായാണ് വിവരം. കമ്യൂണിറ്റി ഗൈഡ്ലൈനുകൾ ലംഘിച്ചതിന്റെ പേരിലാണ് ഫേസ്ബുക്കിന്റെ നട
പടി.

ഒരു വിദേശ രാജ്യത്തിന്റെ നേതൃത്വത്തിൽ മറ്റൊരു രാജ്യത്തിനോ വ്യക്തിക്കോ എതിരെ സംഘടിതമായി വ്യാജപ്രചാരണം നടത്തുന്നത് അംഗീകരിക്കല്ലെന്ന് ഫേസ്ബുക്ക് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതാണ്. പാകിസ്താൻ ആസ്ഥാനമായുള്ള പിആർ കമ്പനി ആൽഫാപ്രോയുമായി ബന്ധപ്പെട്ട പേജുകളിൽ രാജ്യാന്തര വാർത്താ ഏജൻസികളുടേതെന്ന തരത്തിൽ നിരവധി ഇന്ത്യാവിരുദ്ധ പോസ്റ്റുകൾ വന്നിരുന്നു.

ഇന്ത്യയുടെ കോവിഡ് പ്രതിരോധം, മുസ്ലീംങ്ങളോടുള്ള പെരുമാറ്റം, കശ്മീർ വിഷയം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ടാണ് പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്. പാകിസ്താൻ സൈന്യം തങ്ങളുടെ ക്ലയന്റുകളിലൊന്നായി ആൽഫപ്രോയുടെ വെബ്സൈറ്റ് പട്ടികപ്പെടുത്തിയിട്ടുണ്ട്. ഇത്തരം പോസ്റ്റുകൾ സംഘടിതമായ വ്യാജ ആക്രമണമാണെന്ന തിരിച്ചറിവിന്റെ സാഹചര്യത്തിലാണ് ഫെയ്‌സ്ബുക്കിന്റെ നീക്കം.

പാകിസ്താനിൽ ക്രിയേറ്റ് ചെയ്ത 40 ഫേസ്ബുക്ക് അക്കൗണ്ടുകൾ, 25 പേജുകൾ, ആറ് ഗ്രൂപ്പുകൾ, 28 ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ എന്നിവയാണ് ഫേസ്ബുക്ക് നീക്കം ചെയ്തത്. 2019 ഏപ്രിലിൽ നീക്കിയ നെറ്റ്വർക്കിലേക്കു ചില ലിങ്കുകൾ പോകുന്നെന്ന സംശയത്തെ തുടർന്നുള്ള ആഭ്യന്തര അന്വേഷണത്തിന്റെ ഭാഗമായാണ് ഇവ ഫേസ്ബുക്ക് കണ്ടെത്തിയത്.