General (Page 1,284)

ന്യൂഡൽഹി: പെൺകുട്ടികളുടെ വിവാഹ പ്രായം 18 ൽ നിന്നും 21 ആക്കി ഉയർത്താനുള്ള ബില്ല് പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിട്ടു. വിഷയത്തിൽ സ്റ്റാൻഡിഗ് കമ്മിറ്റി പഠനം നടത്തിയ ശേഷം വീണ്ടും ബില്ല് പാർലമെന്റിൽ അവതരിപ്പിക്കാൻ സമയമെടുക്കുമെന്നാണ് വിവരം. ഈ സമ്മേളന കാലയളവിൽ ബിൽ നിയമം ആകില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.

രാജ്യത്തെ പെൺമക്കളുടെ ഭാവി മുന്നിൽക്കണ്ടുകൊണ്ടാണ് അവരുടെ വിവാഹപ്രായം ഉയർത്തുന്നതെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയത്. വിവാഹത്തിന് മുൻപ് വിദ്യാഭ്യാസം പൂർത്തിയാക്കാനും സ്വന്തം കാലിൽ നിൽക്കാനും സ്ത്രീകളെ പ്രാപ്തമാക്കുകയാണ് നിയമഭേദഗതിയുടെ ലക്ഷ്യവെയ്ക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. കേന്ദ്രസർക്കാരിന്റെ ഈ ലക്ഷ്യമാണ് ചിലർക്ക് വേദനയുണ്ടാക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഓരോ സ്ത്രീകളും മികച്ച ഭാവി ആഗ്രഹിച്ചാണ് ജീവിക്കുന്നത്. അവർ ഒരുപാട് മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്നുണ്ട്. അവരുടെ ഉയർച്ചയ്ക്ക് വിവാഹം ഒരു തടസ്സമാകരുത്. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടാണ് പെൺകുട്ടികളുടെ വിവാഹ പ്രായം ഉയർത്തുന്നത്. ആരെയാണ് ഈ പദ്ധതി വേദനിപ്പിക്കുന്നതെന്നാണ് അദ്ദേഹം ചോദിക്കുന്നത്. രാജ്യത്തെ പെൺകുട്ടികളുടെ ആഗ്രഹ പ്രകാരമാണ് വിവാഹ പ്രായം 21ആയി ഉയർത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: ഇന്ത്യാ വിരുദ്ധതയും തെറ്റായ വാർത്തകളും പ്രചരിപ്പിക്കുന്ന യൂട്യൂബ് ചാനലുകൾക്കെതിരെ നടപടിയുമായി കേന്ദ്ര സർക്കാർ. ഇത്തരത്തിലുള്ള 20 യൂട്യൂബ് ചാനലുകളും രണ്ട് വാർത്താ വെബ്സൈറ്റുകളും കേന്ദ്ര സർക്കാർ നിരോധിച്ചു.

പാകിസ്താൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന യുട്യൂബ് ചാനലുകൾക്കാണ് നിരോധനം ഏർപ്പെടുത്തിയത്. കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയത്തിന്റേതാണ് നടപടി. ഇതിനായി രണ്ട് പ്രത്യേക ഉത്തരവുകളാണ് സർക്കാർ പുറപ്പെടുവിച്ചിരിക്കുന്നത്. നിരവധി യൂട്യൂബ് ചാനകളുടെ ശൃംഖലയുള്ള ‘നയാ പാകിസ്താൻ’ ഗ്രൂപ്പിന്റെ ചാനലുകളും നിരോധിച്ചിട്ടുണ്ട്.

കശ്മീർ, ഇന്ത്യൻ ആർമി, രാജ്യത്തെ ന്യൂനപക്ഷ സമൂഹം, രാമക്ഷേത്രം, ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട ജനറൽ ബിപിൻ റാവത്ത് എന്നിവരെ കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന വിവരങ്ങൾ ഈ ചാനലുകളും സൈറ്റുകളും പ്രചരിപ്പിച്ചിരുന്നു. തുടർന്നാണ് ഇവ നിരോധിക്കാൻ തീരുമാനിച്ചത്. കേന്ദ്ര ഇന്റലിജൻസ് വിഭാഗവുമായും വിവിധ മന്ത്രാലയങ്ങളുമായും നടത്തിയ കൂടിയാലോചനയ്ക്ക് ശേഷമാണ് സർക്കാർ ഇത്തരമൊരു തീരുമാനത്തിലേക്ക് കടന്നത്.

കാസർകോഡ്: ശശി തരൂർ എംപിയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ. കെ റെയിൽ പദ്ധതിയെ എതിർത്ത് യുഡിഎഫ് എംപിമാർ കേന്ദ്ര റെയിൽവേ മന്ത്രിയ്ക്ക് നൽകിയ നിവേദനത്തിൽ ശശി തരൂർ ഒപ്പുവെച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ശശി തരൂരിനെതിരെ വിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ രംഗത്തെത്തിയത്. സ്വർണം കായ്ക്കുന്ന മരമാണെങ്കിലും പുരയ്ക്ക് മുകളിൽ ചാഞ്ഞാൽ വെട്ടി കളയണമെന്ന് അദ്ദേഹം പറഞ്ഞു. നിലപാട് തിരുത്തിയില്ലെങ്കിൽ തരൂർ നേരിടാൻ പോകുന്ന പ്രതിസന്ധി ഗുരുതരമായിരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

കൊലക്കേസിൽ പ്രതിയാക്കാൻ സി പി എം കിണഞ്ഞ് ശ്രമിച്ചപ്പോൾ ശശി തരൂരിന് ഒപ്പം നിന്നത് കോൺഗ്രസാണ്. തരൂർ ഒരു വിശ്വപൗരനാണെന്ന് എല്ലാവരും അംഗീകരിക്കുന്ന കാര്യമാണ്. പക്ഷേ ആ വിശ്വപൗരന് പാർലമെന്റിൽ മത്സരിക്കാൻ സീറ്റ് കൊടുത്തത് പിണറായി വിജയനല്ലെന്നും കോൺഗ്രസ് പാർട്ടിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പിൽ ശശിതരൂരിനെ വിജയിപ്പിച്ചത് കോൺഗ്രസ് പ്രവർത്തകരും യുഡിഎഫ് പ്രവർത്തകരുമാണ്. ഏതു പാർലമെന്റ് മെമ്പർ ആയാലും മുന്നിലെത്തുന്ന കാര്യങ്ങൾ വായിച്ചു നോക്കിയിട്ടെ ഒപ്പിടുകയുള്ളൂ. താനും അങ്ങിനെ തന്നെയാണ് ചെയ്തത്. എന്നാൽ വായിച്ചു നോക്കിയില്ലെന്ന് തരൂർ പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോയെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ ചോദിച്ചു.

ഒപ്പിടാൻ പറ്റില്ലെന്നാണ് തരൂർ പറഞ്ഞത്. ഉറങ്ങുന്നവനെ വിളിച്ചുണർത്താം. എന്നാൽ ഉറക്കം നടിക്കുന്നവനെ വിളിച്ചുണർത്താൻ പറ്റില്ല. ഇതുകൊണ്ട് ഗുരുതരമായ പ്രതിസന്ധി ഉണ്ടാകാൻ പോവുകയാണ്. അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പ് വരുമ്പോൾ ശശി തരൂരിനെ കോൺഗ്രസ് പാർട്ടി സ്ഥാനാർത്ഥിയാക്കിയാൽ കോൺഗ്രസും യുഡിഎഫും അദ്ദേഹത്തിന് വേണ്ടി വർക്ക് ചെയ്യാനിറങ്ങില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: സംസ്ഥാന വനിത ശിശു വികസന വകുപ്പ് സജ്ജമാക്കിയ മോഡൽ ഹോമിലൂടെ കുട്ടികൾക്ക് കുടുംബാന്തരീക്ഷം സാധ്യമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. 12 വയസിന് താഴെയുള്ള കുട്ടികളിൽ അതിജീവിതരായ സഹോദരങ്ങളുണ്ടെങ്കിൽ അവർക്ക് ഒരുമിച്ച് താമസിക്കാൻ ഹോമിൽ പ്രത്യേക സൗകര്യം ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു. സാമ്പത്തിക ശേഷി കുറവായ കുട്ടികളുടെ മാതാപിതാക്കൾക്ക് കുട്ടികളെ സന്ദർശിക്കുന്നതിന് യാത്രാചെലവ് അനുവദിക്കുന്നതും അവശ്യഘട്ടങ്ങളിൽ മാതാവിന് കുട്ടിയോടൊപ്പം താമസിക്കുന്നതിനുള്ള സൗകര്യവും ഹോമിൽ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന വനിത ശിശുവികസന വകുപ്പ് തൃശൂർ രാമവർമ്മപുരത്ത് സജ്ജമാക്കിയ പെൺകുട്ടികൾക്കുള്ള അത്യാധുനിക മോഡൽ ഹോമിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

വനിത ശിശുവികസന വകുപ്പ് നിർഭയ സെല്ലിന് കീഴിൽ 12 വയസിനും 18 വയസിനും ഇടയിൽ പ്രായമുള്ള പോക്‌സോ അതിജീവിതരായ പെൺകുട്ടികൾക്ക് ശാസ്ത്രീയ പരിചരണവും അഭിരുചിക്കനുസൃതമായ വിദ്യാഭ്യാസവും നൽകി പുനരധിവസിക്കുക എന്ന ലക്ഷ്യത്തോടെയാണ് മോഡൽ ഹോം തയ്യാറാക്കിയിരിക്കുന്നത്. 150 കുട്ടികൾക്ക് താമസിക്കാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. കുട്ടികൾക്ക് ജീവിത നൈപുണ്യ വിദ്യാഭ്യാസവും തൊഴിൽപരമായിട്ടുള്ള വിദ്യാഭ്യാസവും ഉറപ്പുവരുത്തുകയും ചെയ്യുന്നതാണ്.

ഡോക്ടറുടെ സേവനം ലഭ്യമാക്കുന്നതിനായി ഹോമിൽ പ്രത്യേക മുറി സജ്ജമാക്കിയിട്ടുണ്ട്. സിക്ക് റൂം, ഐസോലേഷൻ റൂം, വിശാലമായ ലൈബ്രറി തുടങ്ങിയവയും ഉണ്ട്. ഓൺലൈൻ പഠനത്തിനാവശ്യമായ കമ്പ്യൂട്ടറുകൾ, ടാബുകൾ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. ഇൻഡോർ, ഔട്ട്ഡോർ കളിസ്ഥലം, ഗാർഡൻ, പാർക്ക്, പച്ചക്കറിത്തോട്ടം, മത്സ്യക്കുളം തുടങ്ങിയവയും തയ്യാറാക്കി വരുന്നുണ്ട്.

അമൃത്സർ: മതനിന്ദ കേസുകളിൽ ഉൾപ്പെടുന്ന കുറ്റവാളികൾക്ക് കർശനശിക്ഷ നൽകണമെന്ന ആവശ്യവുമായി പഞ്ചാബ് കോൺഗ്രസ് അദ്ധ്യക്ഷൻ നവജ്യോത് സിങ് സിദ്ദു. ഇത്തരക്കാരെ പൊതു സ്ഥലത്തുവെച്ച് തൂക്കിലേറ്റണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. മലേർകോട്‌ലയിൽ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

വിശുദ്ധ ഗ്രന്ഥത്തെ അപമാനിക്കുന്നവരെ പൊതുസ്ഥലത്ത് വെച്ച് തൂക്കിലേറ്റണം. സിഖ് സമുദായത്തിനെതിരെയുള്ള ഗൂഢാലോചനയാണ് കഴിഞ്ഞ ദിവസം പഞ്ചാബിൽ നടന്ന മതനിന്ദയുമായി ബന്ധപ്പെട്ട രണ്ടു സംഭവങ്ങളെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ മതനിന്ദാ കുറ്റം ആരോപിച്ച് പഞ്ചാബിൽ രണ്ടു പേരെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നവജ്യോത് സിംഗ് സിദ്ദുവിന്റെ പ്രതികരണം.

സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്ന മതമൗലികവാദ ശക്തികളാണ് സംഭവങ്ങൾക്കു പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

കൊച്ചി: ലക്ഷദ്വീപിലെ സ്‌കൂളുകൾക്ക് വെള്ളിയാഴ്ചയുണ്ടായിരുന്ന അവധി റദ്ദാക്കി. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്റേതാണ് തീരുമാനം. രണ്ടാം ശനിയും ഞായറും അവധിയാക്കി അഡ്മിനിസ്ട്രേഷന്റെ നിർദേശപ്രകാരം പൊതുവിദ്യാഭ്യാസവകുപ്പ് ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. നേരത്തേ ലക്ഷ്ദ്വീപിൽ ശനിയും ഞായറും ഉച്ചവരെ സ്‌കൂൾ പ്രവർത്തിച്ചിരുന്നു. ക്ലാസ് സമയം രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെയാക്കുയും ചെയ്തിട്ടുണ്ട്.

അതേസമയം ജില്ലാപഞ്ചായത്തുമായോ ജനപ്രതിനിധികളുമായോ ആലോചിക്കാതെയാണ് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷൻ ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചത്. തീരുമാനത്തിൽ എതിർപ്പുമായി ജില്ലാപഞ്ചായത്ത് രംഗത്തെത്തിയിട്ടുണ്ട്. ഇക്കാര്യം വ്യക്തമാക്കി ജില്ലാ പഞ്ചായത്ത് അഡ്മിനിസ്ട്രേഷന് കത്ത് നൽകി. പുതിയ മാറ്റങ്ങൾക്കെതിരെ രക്ഷിതാക്കളും രംഗത്തെത്തിയിട്ടുണ്ട്. മഹാഭൂരിപക്ഷം മുസ്ലിം ജനങ്ങളുള്ള ദ്വീപിൽ സ്‌കൂളുകൾ ആരംഭിച്ച കാലംമുതൽ വെള്ളി അവധിയാണ്. പരിഷ്‌കാരത്തിനെതിരെ പ്രത്യക്ഷ പ്രതിഷേധത്തിന് തയ്യാറെടുക്കുകയാണ് രക്ഷിതാക്കളും ദ്വീപ് നിവാസികളും.

12.30 മുതൽ 1.30 വരെയാണ് ഉച്ചഭക്ഷണത്തിനായി ഇടവേള നൽകുന്നത്. 1.30 മുതൽ 4.30 വരെ വീണ്ടും ക്ലാസ് ഉണ്ടായിരിക്കും. വെള്ളിയാഴ്ച്ചയുള്ള അവധി ഒഴിവാക്കിയ സാഹചര്യത്തിൽ ഈ രീതി വെള്ളിയാഴ്ച്ച പ്രാർത്ഥനയെ ബാധിക്കുമെന്നാണ് രക്ഷിതാക്കൾ ചൂണ്ടിക്കാട്ടുന്നത്. പള്ളിയിൽ പോയി മടങ്ങിയെത്താൻ ഉച്ചയ്ക്ക് രണ്ടു മണി വരെയെങ്കിലും സമയം അനുവദിക്കണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെടുന്നു.

ന്യൂഡൽഹി: രാജ്യത്ത് കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകുന്നത് ഉടൻ ആരംഭിക്കും. കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്. രണ്ട് പുതിയ വാക്സിനുകൾക്കുളള അനുമതി പരിഗണനയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യസഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യത്ത് വിവിധ വാക്‌സിനുകളുടെ പരീക്ഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മൂന്നാംതരംഗം മുന്നിൽ കണ്ട് കൊണ്ടുള്ള ഒരുക്കങ്ങൾ പൂർത്തിയായി. കുട്ടികൾക്ക് വാക്‌സിനേഷൻ നൽകുന്നതിനുള്ള മാർഗരേഖ ഉടനെ പുറത്തിറക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

രാജ്യത്ത് ഇതിനോടകം 131 ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോവിഡിന്റെ മൂന്നാം തരംഗത്തെ നേരിടാൻ രാജ്യം സജ്ജമാണ്. ഉപയോഗത്തിന് ഉടൻ അനുമതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിൻ എടുക്കാൻ യോഗ്യരായവരിൽ 88 ശതമാനം പേർക്കും ആദ്യ ഡോസ് വാക്‌സിൻ നൽകി കഴിഞ്ഞു. സംസ്ഥാനങ്ങളിൽ ആവശ്യത്തിന് മരുന്നുകളും വെന്റിലേറ്ററുകളും ഉണ്ടെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. വരുന്ന രണ്ട് മാസത്തിനുള്ളിൽ രാജ്യത്ത് വാക്‌സിൻ ഉത്പാദനം വലിയ തോതിൽ വർദ്ധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മനില: ഫിലിപ്പീൻസിൽ ചുഴലിക്കാറ്റ്. 375 പേരാണ് ഫിലിപ്പീൻസിൽ അനുഭവപ്പെട്ട കനത്ത ചുഴലിക്കാറ്റിൽ മരണപ്പെട്ടത്. അഞ്ഞൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. 56 പേരെ കാണാതാകുകയും ചെയ്തു. വലിയ നാശനഷ്ടങ്ങളാണ് ഫിലിപ്പീൻസിൽ ഉണ്ടായിരിക്കുന്നത്.

ചുഴലിക്കാറ്റിനെ തുടർന്ന് നിരവധി വീടുകൾ തകർന്നടിഞ്ഞു. പലയിടത്തും വെള്ളപ്പൊക്കമുണ്ടായി. നിരവധി മേഖലകളിൽ വൈദ്യുതിബന്ധം തടസപ്പെട്ടു. പതിനായിരക്കണക്കിന് പേർക്കാണ് കിടപ്പാടം നഷ്ടമായത്. ഈ വർഷം ഫിലിപ്പീൻസിൽ 15 ചുഴലിക്കാറ്റുകളാണ് അനുഭവപ്പെട്ടത്. ഇതിൽ ഏറ്റവും ശക്തമായ കാറ്റാണ് ഇപ്പോൾ രാജ്യത്ത് വീശിയടിച്ചത്. ചുഴലിക്കാറ്റ് നാശം വിതച്ച ഇടങ്ങളിൽ സഹായം എത്തിക്കുന്നതിനായി സൈനിക ഹെലികോപ്റ്ററുകളെ നിയോഗിച്ചിട്ടുണ്ട്.

വൈദ്യുതി ബന്ധവും വാർത്താവിതരണ ബന്ധവും തടസപ്പെട്ട സാഹചര്യമായതിനാൽ ചുഴലിക്കാറ്റ് ബാധിച്ച പല സ്ഥലങ്ങളിലേക്കും രക്ഷാപ്രവർത്തനത്തിനായി ഇതുവരെ എത്തിച്ചേരാൻ കഴിഞ്ഞിട്ടില്ല. മരണസംഖ്യ ഇനിയും വർധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

അഹമ്മദാബാദ്: ഗുജറാത്തിൽ വൻലഹരിവേട്ട. 400 കോടിയുടെ ലഹരിമരുന്നുമായി ഇന്ത്യൻ അതിർത്തി കടന്നെത്തിയ പാകിസ്താൻ മത്സ്യബന്ധന ബോട്ട് പിടികൂടി. ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേനയാണ് പാക് മത്സ്യബന്ധന ബോട്ട് പിടികൂടിയത്. അൽ ഹുസൈനി എന്ന ബോട്ടാണ് കോസ്റ്റ്ഗാർഡിന്റെ സഹായത്തോടെ തീവ്രവാദ സേന പിടിച്ചെടുത്തത്.

സംഭവവുമായി ബന്ധപ്പെട്ട് ആറു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. 400 കോടി രൂപ വിലമതിക്കുന്ന 77 കിലോ ഹെറോയിനാണ് ബോട്ടിൽ നിന്നും കണ്ടെടുത്തത്. നിലവിൽ ബോട്ട് കച്ചിലെ ജാഖു തീരത്തെത്തിച്ചിരിക്കുകയാണ്. വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന്അധികൃതർ അറിയിച്ചു.

നിരവധി തവണ പാകിസ്താൻ ബോട്ടിൽ നിന്നും ലഹരി മരുന്ന് പിടിച്ചെടുത്തിട്ടുണ്ട്. 150 കോടി വിലവരുന്ന മയക്കുമരുന്നുമായി ഈ വർഷം ആദ്യം പാകിസ്താൻ ബോട്ട് പിടികൂടിയിരുന്നു. നവംബറിൽ ഗുജറാത്തിലെ മോർബിയിൽ നിന്ന് ഭീകര വിരുദ്ധ സേന 600 കോടിയുടെ ലഹരി മരുന്നും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്റ്സ് സെപ്റ്റംബറിൽ മുദ്ര തുറമുഖത്തു നിന്ന് 21,000 കോടിയുടെ ഹെറോയിനും കണ്ടെടുത്തിരുന്നു.

തിരുവനന്തപുരം: സംസ്ഥാനത്തെ പച്ചക്കറി വിലക്കയറ്റം നിയന്ത്രിക്കാൻ നടപടികൾ സ്വീകരിച്ച് സർക്കാർ. കൃഷി വകുപ്പാണ് വിലവർധന തടയാൻ നടപടി സ്വീകരിച്ചത്. ഇടനിലക്കാരെ ഒഴിവാക്കി തമിഴ്‌നാട്ടിലെ കർഷകരിൽ നിന്ന് നേരിട്ട് പച്ചക്കറി സംഭരിക്കാനാണ് കൃഷി വകുപ്പിന്റെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട ധാരണാപത്രംത്തിൽ ഹോർട്ടികോർപ് ഒപ്പുവെച്ചു.

ധാരണാപത്രത്തിലെ വ്യവസ്ഥകൾ അനുസരിച്ച് തെങ്കാശിയിലെ കർഷകരിൽ നിന്ന് തമിഴ്‌നാട് അഗ്രി മാർക്കറ്റിങ് വകുപ്പ് നിശ്ചയിക്കുന്ന മൊത്തവിലയ്ക്ക് പച്ചക്കറി സംഭരിക്കാൻ കഴിയും. 11 മാസത്തേയ്ക്കു പച്ചക്കറി സംഭരിക്കുന്നതിനുള്ള താൽക്കാലിക ധാരണാപത്രത്തിലാണ് ഹോർട്ടികോർപ്പ് ഒപ്പുവെച്ചത്. ഹോർട്ടികോർപ് ആവശ്യപ്പെടുന്ന പച്ചക്കറികൾ കർഷക സമിതികൾ തൊട്ടടുത്ത ദിവസം സംഭരിച്ച് നൽകണമെന്നാണ് വ്യവസ്ഥ.

ഇതിന്റെ ഗുണനിലവാരം ഉറപ്പുവരുത്തി അടുത്ത ദിവസം തന്നെ കേരളത്തിലെത്തിക്കണമെന്നാണ് ഹോർട്ടികോർപ്പിന്റെ നിർദ്ദേശം. സംസ്ഥാനത്ത് പച്ചക്കറി വിലയിൽ വലിയ വർധനവ് ഉണ്ടായതോടെയാണ് കർഷകരിൽ നിന്ന് നേരിട്ട് സംഭരിക്കാൻ കൃഷി വകുപ്പ് തീരുമാനിച്ചത്. വെണ്ട, വഴുതന, പച്ചമുളക്, തക്കാളി, മുരിങ്ങക്ക തുടങ്ങിയ പച്ചക്കറികൾ ആദ്യഘട്ടത്തിൽ കേരള വിപണിയിൽ എത്തിക്കാനാവുമെന്നാണ് കരുതുന്നത്.