General (Page 1,283)

കൊച്ചി: പി ടി തോമസിന്റെ വിയോഗത്തിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച് കെപിസിസി. കോൺഗ്രസിന്റെ എല്ലാ പരിപാടികളും മൂന്ന് ദിവസത്തേക്ക് റദ്ദാക്കിയിരിക്കുകയാണ്. കൊച്ചിയിലാണ് പിടി തോമസിന്റെ മൃതദേഹം സംസ്‌കരിക്കുന്നത്. രാഹുൽ ഗാന്ധി അടക്കമുള്ളവർ കൊച്ചിയിലെത്തി പിടി തോമസിന് അന്തിമോപചാരം അർപ്പിക്കും.

ഡിസിസി ഓഫീസിലും കാക്കനാട് ടൗൺഹാളിലും മൃതദേഹം പൊതുദർശനത്തിന് വെക്കും. തന്റെ മൃതദേഹം പൊതുശ്മശാനത്തിൽ സംസ്‌കരിക്കണം എന്നതായിരുന്നു പി ടിയുടെ ആഗ്രഹം. ഈ ആഗ്രഹം അദ്ദേഹം തന്റെ അടുത്ത സുഹൃത്തുക്കളോട് പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. മൃതദേഹത്തിൽ പുഷ്പ്പചക്രം പാടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ബുധനാഴ്ച്ച രാവിലെയാണ് പിടി തോമസ് അന്തരിച്ചത്. അർബുദത്തിന് ചികിത്സയിൽ കഴിയവെയാണ് അന്ത്യം സംഭവിച്ചത്. തൃക്കാക്കര എംഎൽഎ ആണ് പി.ടി തോമസ്. കെ പി സി സി യുടെ വർക്കിങ് പ്രസിഡന്റും, 2016 മുതൽ തൃക്കാക്കരയിൽ നിന്നുള്ള നിയമസഭാംഗവും 2009-2014 ലോക്‌സഭയിൽ അംഗവുമായിരുന്ന കേരളത്തിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവുമാണ് അദ്ദേഹം.

നട്ടെല്ലിൽ ക്യാൻസർ ബാധ ഉണ്ടായതിനെ തുടർന്നാണ് വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ ചികിത്സയിൽ പ്രവേശിപ്പിച്ചത്. പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച് എക്കാലവും ശക്തമായ നിലപാടുകളെടുത്തിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കണമന്ന നിലപാടിനെതിരെ കടുത്ത എതിർപ്പുയർന്നപ്പോഴും പി ടി ഉറച്ചു തന്നെ നിന്നിരുന്നു.

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും തൃക്കാക്കര എംഎൽഎയുമായ പിടി തോമസിന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തന്റെ രാഷ്ട്രീയ നിലപാടുകൾ മുൻ നിർത്തി നിയമസഭയ്ക്കകത്തും പുറത്തും വിഷയങ്ങൾ അവതരിപ്പിച്ച വ്യക്തിയായിരുന്നു പിടി തോമസെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ശ്രദ്ധേയനായ പാർലമെന്റേറിയനെയാണ് പി ടി തോമസിന്റെ വിയോഗത്തിലൂടെ നഷ്ടപ്പെട്ടിരിക്കുന്നത്. മികച്ച പ്രസംഗകനും സംഘാടകനുമായിരുന്നു പി ടി തോമസ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

മുതിർന്ന കോൺഗ്രസ് നേതാവും തൃക്കാക്കര എംഎൽഎയുമായ പി ടി തോമസിൻറെ നിര്യാണത്തിൽ അനുശോചിക്കുന്നു. തന്റെ രാഷ്ട്രീയ നിലപാടുകൾ മുൻ നിർത്തി നിയമസഭക്കകത്തും പുറത്തും വിഷയങ്ങൾ അവതരിപ്പിച്ച വ്യക്തിയായിരുന്നു പിടി തോമസ്. മികച്ച പ്രസംഗകനും സംഘാടകനുമായിരുന്നു. ശ്രദ്ധേയനായ പാർലമെന്റേറിയനെയാണ് പി ടി തോമസിന്റെ വിയോഗത്തിലൂടെ നഷ്ടപ്പെട്ടിരിക്കുന്നത്. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു.

ആലപ്പുഴ: എസ്ഡിപിഐ പ്രവർത്തകരെ കൊണ്ട് പൊലീസ് ‘ജയ് ശ്രീറാം’ വിളിപ്പിച്ചു എന്ന് തെളിയിച്ചാൽ രാജിവെക്കുമെന്ന് എഡിജിപി വിജയ് സാഖറേ. ഇതു സംബന്ധിച്ച നേതാക്കളുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ആർഎസ്എസ് നേതാവ് രഞ്ജിത്തിന്റെ വധക്കേസിൽ പിടിയിലായ അഞ്ചുപേർ കൊലപാതകികളെ സഹായിച്ചവരാണ്. കൊലയാളി സംഘങ്ങളിൽ ആരെയും പിടികൂടാൻ കഴിഞ്ഞിട്ടില്ല. പ്രതികൾക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. പ്രതികൾക്കായുള്ള അന്വേഷണം ജില്ലയ്ക്ക് പുറത്തേക്കും വ്യാപിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള പ്രവർത്തകരെ കൊണ്ട് പോലീസ് ജയ് ശ്രീറാം വിളിപ്പിക്കുന്നതായി ആരോപണം ഉയർന്നിരുന്നു. എസ്ഡിപിഐ ജില്ലാ പ്രസിഡന്റാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി എസ്ഡിപിഐ പരാതിയും നൽകിയിരുന്നു. ആസിഫ്, നിഷാദ്, അലി, സുധീർ, അർഷാദ് എന്നീ എസ്ഡിപിഐ പ്രവർത്തകരെയാണ് കേസിൽ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾ ഉപയോഗിച്ച നാലു ബൈക്കുകളും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

ബംഗളുരു: കർണാടക നിയമസഭയിൽ മതപരിവർത്തന നിരോധന ബില്ലിന്റെ കോപ്പി കീറിയെറിഞ്ഞ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡി കെ ശിവകുമാർ. കോൺഗ്രസ്, ജെഡിഎസ് അംഗങ്ങളുടെ പ്രതിഷേധത്തിനിടയിലാണ് കർണാടക നിയമസഭയിൽ മതപരിവർത്തന നിരോധന ബിൽ പാസായത്. ഇതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രതിനിധികൾ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. ന്യൂനപക്ഷങ്ങളെ ഭീതിയിലാക്കാനുള്ള ഗൂഢലക്ഷ്യമാണ് ബില്ലിന് പിന്നില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. കോൺഗ്രസ് ജെഡിഎസ് അംഗങ്ങൾ സഭയുടെ നടുത്തളത്തിലിറങ്ങിയാണ് ബില്ലിനെതിരെ പ്രതിഷേധിച്ചത്.

ബില്ല് പാസാക്കുക തന്നെ ചെയ്യുമെന്നാണ് കർണാടക സർക്കാർ അറിയിച്ചിരിക്കുന്നത്. മതംമാറ്റത്തിന് സങ്കീർണമായ നടപടികളും കടുത്ത ശിക്ഷയും നിർദേശിക്കുന്നതാണ് ബില്ല്. രഹസ്യമായി മത അധിനിവേശമാണ് നടക്കുന്നതെന്നും ഇത് സർക്കാരിന് അനുവദിക്കാനാകില്ലെന്നും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്യ പറഞ്ഞു. ഈ സാഹചര്യത്തിലാണ് പുതിയ നിയമം കൊണ്ടുവരുന്നതെന്നും അദ്ദേഹം സഭയിൽ വ്യക്തമാക്കി.

അതേസമയം സർക്കാർ തീരുമാനത്തിനെതിരെ വിമർശനവുമായി ക്രൈസ്തവ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. സർക്കാർ തീ കൊണ്ട് കളിക്കുകയാണെന്നാണ് ബംഗ്ലൂരു ആർച്ച് ബിഷപ്പ് പറയുന്നത്. ബില്ല് മതസ്വാതന്ത്രത്തിനുള്ള അവകാശം ഇല്ലാതാക്കുകയാണെന്ന് ചൂണ്ടികാട്ടി സംസ്ഥാനവ്യാപക പ്രതിഷേധം നടത്താനാണ് ക്രൈസ്തവ സംഘടനകളുടെ തീരുമാനം.

മോസ്‌കോ: 12 ദിവസത്തെ ബഹിരാകാശവാസം കഴിഞ്ഞ് സുരക്ഷിതരായി ഭൂമിയിലേക്ക് തിരിച്ചെത്തി സഞ്ചാരികൾ. ജപ്പാനീസ് ശതകോടീശ്വരനായ ഫാഷൻ മാഗ്‌നറ്റ് യുസാക്കു മെയ്‌സാവയും റഷ്യൻ ബഹിരാകാശ സഞ്ചാരിയായ അലക്‌സാണ്ടർ മിസർക്കിനും യോസോ ഹീരാനോയുമാണ് ബഹിരാകാശ പര്യടനം പൂർത്തിയാക്കി ഭൂമിയിലേക്ക് തിരിച്ചെത്തിയത്.

റഷ്യൻ പ്രാദേശിക സമയം 9.15 ഓടെ കസഖിസ്താനിൽ ഇവർ തിരിച്ചിറങ്ങി. നഗരത്തിന് 150 കിലോമീറ്റർ തെക്കു കിഴക്കു മാറിയാണ് റഷ്യൻ സോയൂസ് ക്യാപ്‌സൂളിറങ്ങിയത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലായിരുന്നു സഞ്ചാരികളുടെ താമസം സജ്ജീകരിച്ചിരുന്നത്.

കരസേനയെ അയച്ചാണ് ബഹിരാകാശയാത്രികരുടെ പേടകം ഇറങ്ങിയ സ്ഥലം കണ്ടെത്തിയത്. സഞ്ചാരികളെ അന്വേഷിക്കാനായി അയച്ച രക്ഷാ ഹെലികോപ്റ്ററുകളുടെ പ്രവർത്തനങ്ങൾക്ക് താഴ്ന്നു നിന്നിരുന്ന മേഘങ്ങൾ തടസമായതോടെയാണ് തെരച്ചിലിനായി കരസേനയെ അയച്ചത്.

കോഴിക്കോട്: പെൺകുട്ടികളുടെ വിവാഹപ്രായം 18 വയസിൽ നിന്നും 21 വയസാക്കി ഉയർത്താനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ വിമർശനവുമായി മുൻമന്ത്രി കെ കെ ശൈലജ. പ്രായപൂർത്തിയാകുന്നതോടെ ഒരു വ്യക്തി സ്വന്തം കാര്യത്തിൽ തീരുമാനമെടുക്കാൻ പ്രാപ്തരാകുമെന്ന് ശൈലജ പറഞ്ഞു. പെൺകുട്ടികളുടെ വിവാഹപ്രായം 18-ൽ തന്നെ നിലനിർത്തുന്നതാണ് ഉചിതമെന്നും കെ കെ ശൈലജ അഭിപ്രായപ്പെട്ടു.

സ്ത്രീകളുടെ ആരോഗ്യകാര്യത്തിൽ രാജ്യം ഇപ്പോഴും പിന്നിലാണ്. സ്ത്രീകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് വിവാഹപ്രായം ഉയർത്തുകയല്ല വേണ്ടതെന്നും ശൈലജ ചൂണ്ടിക്കാട്ടി. സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കി ഉയർത്താനുള്ള കരട് ബില്ലിന് ബുധനാഴ്ച്ചയാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയത്. വിവിധ രാഷ്ട്രീയകക്ഷികളും വനിതാസംഘടനകളും ആക്ടിവിസ്റ്റുകളും ഉൾപ്പെടെ നിരവധി പേരാണ് ബില്ലിനെതിരെ വിമർശനവുമായി രംഗത്തെത്തിയത്.

സ്ത്രീകളുടെ വിവാഹപ്രായം ഉയർത്തുന്നതിൽ എതിർപ്പ് അറിയിച്ച് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷനും രംഗത്തെത്തിയിട്ടുണ്ട്. നിലവിലെ വ്യവസ്ഥയെ തകർക്കുന്ന തീരുമാനം എന്നും വിപരീത ഫലം മാത്രമേ ഉണ്ടാക്കൂവെന്നാണ് ജനാധിപത്യ മഹിളാ അസോസിയേഷൻ അറിയിക്കുന്നത്. പോഷകാഹാരം, വിദ്യാഭ്യാസം, തൊഴിൽ എന്നിവ നിറവേറ്റുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ട സാഹചര്യത്തിൽ സ്ത്രീശാക്തീകരണത്തിന്റെ പേരിൽ നടത്തുന്ന നീക്കം ഫലപ്രദമല്ലെന്നും അസോസിയേഷൻ വിലയിരുത്തുന്നു.

ലിംഗസമത്വം ഉറപ്പാക്കാൻ പുരുഷന്മാരുടെ വിവാഹപ്രായം 18 ആക്കി കുറക്കണമെന്നാണ് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് ആവശ്യപ്പെടുന്നത്. സ്ത്രീകളുടെ വിവാഹ പ്രായം ഉയർത്തുന്ന തീരുമാനം തീർത്തും തെറ്റാണെന്നാണ് ബൃന്ദാ കാരാട്ടിന്റെ നിലപാട്. കേന്ദ്ര സർക്കാരിന്റെ തീരുമാനം വ്യക്തി സ്വാതന്ത്ര്യത്തിനെതിരാണ്. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും പോഷകാഹാരത്തിനും വേണ്ടിയുള്ള സംവിധാനങ്ങളൊരുക്കാൻ സർക്കാർ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും ബൃന്ദാ കാരാട്ട് കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് എം.പി ഡെറിക് ഒബ്രിയാനെതിരെ നടപടി. ഡെറിക് ഒബ്രിയാനെ രാജ്യസഭയിൽ നിന്ന് സസ്പെൻഡ് ചെയ്തു. മോശം പെരുമാറ്റത്തെ തുടർന്നാണ് നടപടി.

രാജ്യസഭയുടെ ശീതകാല സമ്മേളനത്തിന്റെ അവശേഷിക്കുന്ന സമ്മേളനങ്ങളിൽ ഒബ്രിയാന് പങ്കെടുക്കാൻ കഴിയില്ല. ബുധനാഴ്ച്ചയാണ് പാർലമെന്റിന്റെ ശീതകാല സമ്മേളനം അവസാനിക്കുന്നത്. രാജ്യസഭാ റൂൾബുക്ക് സഭാധ്യക്ഷനു നേർക്ക് കീറിയെറിഞ്ഞെന്നാണ് ഒബ്രിയാനെതിരെയുള്ള കുറ്റം. തെരഞ്ഞെടുപ്പ് പരിഷ്‌കരണ ബില്ലിനെതിരായ പ്രതിഷേധത്തിനിടെയാണ് ഡെറിക് ഒബ്രിയാൻ രാജ്യസഭാ റൂൾബുക്ക് സഭാധ്യക്ഷൻ സസ്മിത് പത്രയ്ക്ക് നേരെ കീറിയെറിഞ്ഞത്.

ഡെറിക് ഒബ്രിയാൻ കീറിയെറിഞ്ഞ റൂൾബുക്ക് സഭാധ്യക്ഷന്റെയോ സെക്രട്ടറി ജനറലിന്റെയോ മറ്റ് ജീവനക്കാരുടെയോ ദേഹത്തു കൊള്ളുമായിരുവെന്നാണ് സസ്മിത് പത്ര ആരോപിക്കുന്നത്.

കാസർകോട്: പെരിയ തേജസ്വിനി ഹിൽസിൽ കേരള കേന്ദ്ര സർവകലാശാലയുടെ അഞ്ചാമത് ബിരുദദാന സമ്മേളനത്തിൽ പങ്കെടുത്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. സാക്ഷരതയിലും വിദ്യാഭ്യാസത്തിലും സ്ത്രീ വിദ്യാഭ്യാസത്തിലും കേരളത്തെ അദ്ദേഹം പ്രശംസിച്ചു. രാജ്യത്തിന്റെ ഭാഗധേയം രൂപപ്പെടുത്തുന്ന ശിൽപശാലകളാണ് സ്‌കൂളുകളും കോളേജുകളുമെന്ന് അദ്ദേഹം പറഞ്ഞു.

വിദ്യകൊണ്ട് പ്രബുദ്ധരാവുക എന്ന ശ്രീനാരായണ ഗുരുവിന്റെ വാക്കുകൾ ഏവർക്കും പ്രചോദനമാണെന്നും അദ്ദേഹം വ്യക്തമാക്കി. മഹാകവി വള്ളത്തോളിന്റെ മാതൃവന്ദനം എന്ന കവിതയെ കുറിച്ചും അദ്ദേഹം പരാമർശിച്ചു. കേരളം രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് സാക്ഷരതയിലും വിദ്യാഭ്യാസത്തിലും സ്ത്രീശാക്തീകരണത്തിലും ഏറെ മുന്നിലാണ്. പഠനമേഖലയിൽ കേരളം മറ്റു സംസ്ഥാനങ്ങളെക്കാൾ ഏറെ മുൻനിരയിലാണ്. ഐക്യരാഷ്ട്ര സഭയ്ക്കു കീഴിലുള്ള യുനെസ്‌കോയുടെ ആഗോള പഠന നഗര ശൃംഖലയിൽ കേരളത്തിൽ നിന്ന് തൃശൂരും നിലമ്പൂരും ഉൾപ്പെട്ടിട്ടുണ്ട്. കേരളീയരുടെ സാക്ഷരത വർധിപ്പിക്കാൻ പി.എൻ. പണിക്കർ അക്ഷീണം പ്രയത്നിച്ചിട്ടുണ്ടെന്നും അദ്ദേഹം വിശദമാക്കി.

വിദ്യകൊണ്ട് പ്രബുദ്ധരാവുക എന്ന ശ്രീനാരായണ ഗുരുവിന്റെ വാക്കുകൾ എപ്പോഴും പ്രചോദനകരമാണ്. മഹാജ്ഞാനിയും സാമൂഹിക പരിഷ്‌കർത്താവുമായ ശ്രീനാരായണഗുരു എന്നും വിദ്യയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കാറുണ്ട്. നളന്ദയും തക്ഷശിലയും ഉൾപ്പെടെ വിദ്യാഭ്യാസത്തിന്റെ കേദാരമായ നാടാണ് ഭാരതം. ആര്യഭട്ടനും ഭാസ്‌കരാചാര്യനും പാണിനിയും എന്നും ഊർജ്ജമാണെന്നും അദ്ദേഹം അറിയിച്ചു.

തിരുവനന്തപുരം: കെ റെയിലുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ശക്തമാകുന്നതിനിടെ പദ്ധതിയുമായി ബന്ധപ്പെട്ട നിലപാട് മയപ്പെടുത്തി ശശി തരൂർ. പദ്ധതിയെക്കുറിച്ച് കേന്ദ്രസർക്കാരിന്റെ നിലപാട് അവ്യക്തമാണെന്നാണ് ശശി തരൂർ പറയുന്നത്. പദ്ധതി നടപ്പാക്കുന്നതിന് മുൻപ് എല്ലാവരുമായി കൂടിയാലോചന നടത്തണമെന്നും തരൂർ ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.

കെ റെയിലിനെതിരെ യു.ഡി.എഫ് എം.പിമാർ റെയിൽവെ മന്ത്രിക്ക് നൽകിയ നിവേദനത്തിൽ ശശി തരൂർ ഒപ്പിട്ടിരുന്നില്ല. തരൂരിന്റെ നടപടി വലിയ വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇടയാക്കിയിരുന്നു. നിരവധി കോൺഗ്രസ് നേതാക്കളാണ് ശശി തരൂരിനെതിരെ വിമർശനവുമായി രംഗത്തെത്തിയത്.

അതേസമയം വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗതാർഹമാണെന്നും ശശി തരൂർ അഭിപ്രായപ്പെട്ടിരുന്നു. നിവേദനത്തിൽ ഒപ്പിടാത്തതിനാൽ താൻ പദ്ധതിയെ അനുകൂലിക്കുകയാണെന്ന വാദം തെറ്റാണെന്നും കെ റെയിൽ പദ്ധതിയെക്കുറിച്ച് നന്നായി പഠിക്കാതെ അക്കാര്യത്തിൽ നിലപാട് സ്വീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

covid

ന്യൂഡൽഹി: രാജ്യത്ത് ഒമിക്രോൺ കേസുകൾ ഇരുന്നൂറോളം എത്തിയതായി കേന്ദ്രസർക്കാർ. രാജ്യത്തെ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള മഹാരാഷ്ട്രയിൽ തന്നെയാണ് ഒമിക്രോൺ കേസുകൾ ഏറ്റവും അധികം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയിൽ ഇതുവരെ 65 ഒമിക്രോൺ കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്.

ഒമിക്രോൺ കേസുകളുടെ എണ്ണത്തിൽ ഡൽഹിയാണ് രണ്ടാം സ്ഥാനത്ത്. 54 പേരിലാണ് ഡൽഹിയിൽ ഒമിക്രോണിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. കർണാടക, ഗുജറാത്ത്, കേരളം, തമിഴ്‌നാട്, ആന്ധ്ര പ്രദേശ്, പശ്ചിമ ബംഗാൾ തുടങ്ങി ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഒമിക്രോൺ കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം നിലവിൽ ലഭ്യമായ വാക്സിനുകൾക്ക് ഒമിക്രോണിനെ ചെറുക്കാനാകില്ലെന്ന വാദത്തിൽ വിശദീകരണവുമായി ആരോഗ്യ വകുപ്പ് രംഗത്തെത്തിയിട്ടുണ്ട്. വാക്സിനുകൾക്ക് ഒമിക്രോണിനെ ഫലപ്രദമായി ചെറുക്കാനാകില്ലെന്ന് ഉറപ്പിക്കാൻ മാത്രമുള്ള തെളിവുകൾ ഇതുവരെ ലഭ്യമായിട്ടില്ലെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി മൻുഖ് മാണ്ഡവ്യ വ്യക്തമാക്കുന്നത്. ദക്ഷിണാഫ്രിക്കയിലാണ് ഒമിക്രോണിന്റെ സാന്നിദ്ധ്യം ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. വളരെ കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും ഇത് വ്യാപിക്കുകയായിരുന്നു.