കൊച്ചി: ലക്ഷദ്വീപിലെ സ്‌കൂളുകൾക്ക് വെള്ളിയാഴ്ചയുണ്ടായിരുന്ന അവധി റദ്ദാക്കി. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്റേതാണ് തീരുമാനം. രണ്ടാം ശനിയും ഞായറും അവധിയാക്കി അഡ്മിനിസ്ട്രേഷന്റെ നിർദേശപ്രകാരം പൊതുവിദ്യാഭ്യാസവകുപ്പ് ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. നേരത്തേ ലക്ഷ്ദ്വീപിൽ ശനിയും ഞായറും ഉച്ചവരെ സ്‌കൂൾ പ്രവർത്തിച്ചിരുന്നു. ക്ലാസ് സമയം രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെയാക്കുയും ചെയ്തിട്ടുണ്ട്.
അതേസമയം ജില്ലാപഞ്ചായത്തുമായോ ജനപ്രതിനിധികളുമായോ ആലോചിക്കാതെയാണ് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷൻ ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചത്. തീരുമാനത്തിൽ എതിർപ്പുമായി ജില്ലാപഞ്ചായത്ത് രംഗത്തെത്തിയിട്ടുണ്ട്. ഇക്കാര്യം വ്യക്തമാക്കി ജില്ലാ പഞ്ചായത്ത് അഡ്മിനിസ്ട്രേഷന് കത്ത് നൽകി. പുതിയ മാറ്റങ്ങൾക്കെതിരെ രക്ഷിതാക്കളും രംഗത്തെത്തിയിട്ടുണ്ട്. മഹാഭൂരിപക്ഷം മുസ്ലിം ജനങ്ങളുള്ള ദ്വീപിൽ സ്‌കൂളുകൾ ആരംഭിച്ച കാലംമുതൽ വെള്ളി അവധിയാണ്. പരിഷ്‌കാരത്തിനെതിരെ പ്രത്യക്ഷ പ്രതിഷേധത്തിന് തയ്യാറെടുക്കുകയാണ് രക്ഷിതാക്കളും ദ്വീപ് നിവാസികളും.
12.30 മുതൽ 1.30 വരെയാണ് ഉച്ചഭക്ഷണത്തിനായി ഇടവേള നൽകുന്നത്. 1.30 മുതൽ 4.30 വരെ വീണ്ടും ക്ലാസ് ഉണ്ടായിരിക്കും. വെള്ളിയാഴ്ച്ചയുള്ള അവധി ഒഴിവാക്കിയ സാഹചര്യത്തിൽ ഈ രീതി വെള്ളിയാഴ്ച്ച പ്രാർത്ഥനയെ ബാധിക്കുമെന്നാണ് രക്ഷിതാക്കൾ ചൂണ്ടിക്കാട്ടുന്നത്. പള്ളിയിൽ പോയി മടങ്ങിയെത്താൻ ഉച്ചയ്ക്ക് രണ്ടു മണി വരെയെങ്കിലും സമയം അനുവദിക്കണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെടുന്നു.

