കാസർകോഡ്: ശശി തരൂർ എംപിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ. കെ റെയിൽ പദ്ധതിയെ എതിർത്ത് യുഡിഎഫ് എംപിമാർ കേന്ദ്ര റെയിൽവേ മന്ത്രിയ്ക്ക് നൽകിയ നിവേദനത്തിൽ ശശി തരൂർ ഒപ്പുവെച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ശശി തരൂരിനെതിരെ വിമർശനവുമായി രാജ്മോഹൻ ഉണ്ണിത്താൻ രംഗത്തെത്തിയത്. സ്വർണം കായ്ക്കുന്ന മരമാണെങ്കിലും പുരയ്ക്ക് മുകളിൽ ചാഞ്ഞാൽ വെട്ടി കളയണമെന്ന് അദ്ദേഹം പറഞ്ഞു. നിലപാട് തിരുത്തിയില്ലെങ്കിൽ തരൂർ നേരിടാൻ പോകുന്ന പ്രതിസന്ധി ഗുരുതരമായിരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
കൊലക്കേസിൽ പ്രതിയാക്കാൻ സി പി എം കിണഞ്ഞ് ശ്രമിച്ചപ്പോൾ ശശി തരൂരിന് ഒപ്പം നിന്നത് കോൺഗ്രസാണ്. തരൂർ ഒരു വിശ്വപൗരനാണെന്ന് എല്ലാവരും അംഗീകരിക്കുന്ന കാര്യമാണ്. പക്ഷേ ആ വിശ്വപൗരന് പാർലമെന്റിൽ മത്സരിക്കാൻ സീറ്റ് കൊടുത്തത് പിണറായി വിജയനല്ലെന്നും കോൺഗ്രസ് പാർട്ടിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പിൽ ശശിതരൂരിനെ വിജയിപ്പിച്ചത് കോൺഗ്രസ് പ്രവർത്തകരും യുഡിഎഫ് പ്രവർത്തകരുമാണ്. ഏതു പാർലമെന്റ് മെമ്പർ ആയാലും മുന്നിലെത്തുന്ന കാര്യങ്ങൾ വായിച്ചു നോക്കിയിട്ടെ ഒപ്പിടുകയുള്ളൂ. താനും അങ്ങിനെ തന്നെയാണ് ചെയ്തത്. എന്നാൽ വായിച്ചു നോക്കിയില്ലെന്ന് തരൂർ പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോയെന്ന് രാജ്മോഹൻ ഉണ്ണിത്താൻ ചോദിച്ചു.
ഒപ്പിടാൻ പറ്റില്ലെന്നാണ് തരൂർ പറഞ്ഞത്. ഉറങ്ങുന്നവനെ വിളിച്ചുണർത്താം. എന്നാൽ ഉറക്കം നടിക്കുന്നവനെ വിളിച്ചുണർത്താൻ പറ്റില്ല. ഇതുകൊണ്ട് ഗുരുതരമായ പ്രതിസന്ധി ഉണ്ടാകാൻ പോവുകയാണ്. അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പ് വരുമ്പോൾ ശശി തരൂരിനെ കോൺഗ്രസ് പാർട്ടി സ്ഥാനാർത്ഥിയാക്കിയാൽ കോൺഗ്രസും യുഡിഎഫും അദ്ദേഹത്തിന് വേണ്ടി വർക്ക് ചെയ്യാനിറങ്ങില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

