General (Page 1,285)

ന്യൂഡൽഹി: ആധാർ നമ്പറും തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡും തമ്മിൽ ബന്ധിപ്പിക്കാൻ അനുമതി നൽകുന്ന നിയമ ഭേദഗതി ബിൽ പാസാക്കി ലോക്‌സഭ. കള്ളവോട്ടു തടയുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ‘ദ ഇലക്ഷൻ ലോസ് (അമെൻഡ്മെന്റ്) ബിൽ 2021’ പാസാക്കിയത്. ആധാറും തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡും ബന്ധിപ്പിക്കുന്നതോടെ ഇരട്ടവോട്ട് ഇല്ലാതാകും. ഇങ്ങനെ ബന്ധിപ്പിക്കുന്നതോടെ ഒരാൾക്ക് ഒരിടത്തു മാത്രമേ വോട്ട് ചെയ്യാൻ കഴിയൂ. ശബ്ദവോട്ടുകളോടെയാണ് ലോക്‌സഭ ബിൽ പാസാക്കിയത്.

വോട്ടർ കാർഡിൽ പേര് ചേർക്കുന്നതിനൊപ്പം ആധാർ നമ്പർകൂടി രേഖപ്പെടുത്തണമെന്നാണ് ഭേദഗതി ബിൽ നിർദേശിക്കുന്നത്. വോട്ടർപ്പട്ടികയിൽ നിലവിൽ പേരുചേർത്തവരോടും തിരഞ്ഞെടുപ്പ് രജിസ്‌ട്രേഷൻ ഉദ്യോഗസ്ഥർക്ക് ആധാർ നമ്പർ ചോദിക്കാം. എന്നാൽ, ആധാർ കാർഡോ നമ്പറോ ഹാജരാക്കാൻ കഴിഞ്ഞില്ല എന്ന കാരണത്താൽ ഒരാളുടെ പേര് വോട്ടർപ്പട്ടികയിൽ ഉൾപ്പെടുത്താതിരിക്കരുതെന്നും അത്തരം അപേക്ഷകൾ സ്വീകരിക്കാതിരിക്കരുതെന്നും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു. ഇത്തരക്കാർക്ക് മറ്റ് തിരിച്ചറിയൽ രേഖകൾ ഹാജരാക്കാൻ അനുമതി നൽകണമെന്നും നിർദ്ദേശമുണ്ട്.

വോട്ടർപ്പട്ടികയിൽ പേരുചേർക്കുന്നതിന് വർഷത്തിൽ നാലുപ്രാവശ്യം അവസരം നൽകുന്ന രീതിയിൽ സമയക്രമം നിശ്ചയിക്കണമെന്ന ആവശ്യവും ബിൽ മുന്നോട്ടുവെയ്ക്കുന്നു. ജനുവരി 1, ഏപ്രിൽ 1, ജൂലായ് 1, ഒക്ടോബർ 1 എന്നിങ്ങനെ നാല് അവസരങ്ങളിൽ വോട്ടർപ്പട്ടിക പുതുക്കുകയും പേര് ചേർക്കുകയും ചെയ്യാം. സൈനികർക്കും ജീവിതപങ്കാളികൾക്കും നാട്ടിലെ വോട്ടർപ്പട്ടികയിൽ പേര് രജിസ്റ്റർ ചെയ്യാൻ അവസരം നൽകുമെന്നും ബില്ലിൽ പറയുന്നുണ്ട്. അതേസമയം ബില്ലിനെതിരെ എതിർപ്പുമായി കോൺഗ്രസ്, എ.ഐ.എം.ഐ.എം, ബി.എസ്.പി. തുടങ്ങിയ പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. സർക്കാർ നീക്കം പൗരന്മാരുടെ ഭരണഘടനാ അവകാശങ്ങളെ ലംഘിക്കുന്നതാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

കൊച്ചി: രാഷ്ട്രപതി രാംനാഥ് ചൊവ്വാഴ്ച്ച കേരളത്തിലെത്തും. നാലുദിവസത്തെ കേരള സന്ദർശനത്തിന് വേണ്ടിയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് കേരളത്തിലെത്തുന്നത്. ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ കാസർകോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിൽ നടക്കുന്ന പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. ഡിസംബർ 21 ന് കാസർകോട് പെരിയ കേന്ദ്ര സർവകലാശാലയുടെ ബിരുദദാന ചടങ്ങിലാണ് അദ്ദേഹം ആദ്യം പങ്കെടുക്കുന്നത്.

കാസർകോട് ജില്ലയിലെ പരിപാടികളിൽ പങ്കെടുത്തതിനു ശേഷം വൈകിട്ട് 6.35 ന് കൊച്ചി നാവികസേനാ വിമാനത്താവളത്തിൽ എത്തും. ഡിസംബർ 22 ന് രാവിലെ 9.50 മുതൽ കൊച്ചി സതേൺ നേവൽ കമാൻഡിൽ നാവിക സേനയുടെ ഓപ്പറേഷനൽ ഡെമോൻസ്‌ട്രേഷൻ അദ്ദേഹം നിരീക്ഷിച്ചു. 11.30 ന് അദ്ദേഹം വിക്രാന്ത് സെൽ സന്ദർശിക്കും. 23 ന് രാവിലെ 10.20 ന് കൊച്ചി നാവിക സേനാ വിമാനത്താവളത്തിൽ നിന്ന് തിരുവനന്തപുരത്തേക്കു യാത്ര തിരിക്കും. അവിടെ വിവിധ പരിപാടികൾക്കുശേഷം 24 ന് അദ്ദേഹം ഡൽഹിയിലേക്ക് മടങ്ങി പോകും.

രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ സന്ദർശനത്തോട് അനുബന്ധിച്ച് കാസർകോട് ജില്ലയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഡിസംബർ 21 ന് രാവിലെ 10 മുതൽ വൈകിട്ട് 5.30 വരെയാണ് കാസർകോട് ജില്ലയിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ദേശീയപാതയിലെ മീങ്ങോത്ത് മുതൽ ചട്ടഞ്ചാൽ വരെയും സംസ്ഥാന പാതയിലെ പള്ളിക്കര മുതൽ കളനാട് വരെയും ചട്ടഞ്ചാൽ മുതൽ മാങ്ങാട് വഴി കളനാട് വരെയുള്ള ക്രോസ് റോഡിലുമാണ് ഗതാഗത നിയന്ത്രണമെന്ന് അധികൃതർ അറിയിച്ചു. ബസ്, മറ്റ് ചെറു വാഹനങ്ങൾ എന്നിവ നിയന്ത്രണവിധേയമായി കടത്തി വിടുന്നതാണ്. അമിത ഭാരവുമായി വരുന്ന വലിയ വാഹനങ്ങൾ കടത്തി വിടില്ല.

തിരുവനന്തപുരം: കെ റെയിൽ വിഷയത്തിൽ ശശി തരൂരിനെതിരെ വിമർശനവുമായി കെ മുരളീധരൻ എംപി. ശശി തരൂർ മുഴുവൻ സമയ രാഷ്ട്രീയക്കാരൻ അല്ലാത്തതുകൊണ്ടാണ് കെ റെയിൽ വിഷയത്തിൽ കാര്യങ്ങൾ അറിയാതെ പോയതെന്ന് അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് വസ്തുത പഠന സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോൺഗ്രസ് കെ റെയിലിനെ എതിർക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

യു.ഡി.എഫ് എം.പിമാർ കെ റെയിലിനെതിരെ റെയിൽവെ മന്ത്രിക്ക് നൽകിയ നിവേദനത്തിൽ ശശി തരൂർ ഒപ്പുവച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് തരൂരിനെതിരെ വിമർശനവുമായി കെ മുരളീധരൻ രംഗത്തെത്തിയത്. പദ്ധതിയെക്കുറിച്ച് കൃത്യമായി പഠിക്കാൻ സമയം വേണമെന്നായിരുന്നു കെ റെയിലിനെതിരെയുള്ള നിവേദനത്തിൽ ഒപ്പുവെയ്ക്കാത്തതിന് ശശി തരൂർ നൽകിയ വിശദീകരണം. കെ റെയിൽ പോലുള്ള പദ്ധതികൾ കേരളത്തിന്റെ വികസനത്തിന് അനിവാര്യമെന്നാണ് ശശി തരൂരിന്റെ നിലപാട്.

കെ റെയിൽ പദ്ധതിക്കെതിരെ യു ഡി എഫ് എം പിമാർ കേന്ദ്രത്തിന് സമർപ്പിച്ച നിവേദനത്തിൽ ഒപ്പിടാതെ ശശി തരൂർ എംപി മാറി നിന്നത് വലിയ ചർച്ചകൾക്കാമ് വഴിവെച്ചിരിക്കുന്നത്.

ആലപ്പുഴ: ആലപ്പുഴയിലെ ഇരട്ടക്കൊലപാതകങ്ങളിൽ പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന് വീഴ്ച്ച സംഭവിച്ചുവെന്ന ആരോപണങ്ങൾക്ക് മറുപടി നൽകി പോലീസ്. എഡിജിപി വിജയ് സാഖറെയാണ് വിശദീകരണവുമായി രംഗത്തെത്തിയത്. രണ്ടാമതായി കൊല്ലപ്പെട്ട ബിജെപി നേതാവ് രഞ്ജിത്തിന്റെ കൊലപാതകം പോലീസ് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്നും രഞ്ജിത്ത് അത്തരത്തിൽ അക്രമികൾ ലക്ഷ്യമിട്ടവരുടെ ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നതായി യാതൊരു വിവരവും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രണ്ട് കൊലപാതകങ്ങൾ തമ്മിൽ 12 മണിക്കൂർ ഇടവേള മാത്രമാണ് ഉണ്ടായിട്ടുള്ളത്. ആദ്യ കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചവരെ മണിക്കൂറുകൾക്കുള്ളിൽ മനസ്സിലാക്കാൻ പോലീസിന് കഴിഞ്ഞു. റെയ്ഡ് ചെയ്ത കുറച്ചാളുകളെ കസ്റ്റഡിയിലെടുക്കാനും സാധിച്ചു. ഇത്തരമൊരു സംഭവം നടക്കുമ്പോൾ ക്രമസമാധാനമാണ് പ്രധാന വിഷയം. അതിനായി എല്ലാവരും തിരക്കിലായിരുന്നു. രണ്ടാത്തെ ആൾ രഞ്ജിത്ത് കൊല്ലപ്പെടാൻ പോകുന്നത് സംബന്ധിച്ച് ഒരു വിവരവും ഇല്ലായിരുന്നു. ആരും പ്രതീക്ഷിച്ചില്ല. അതുകൊണ്ട് ആ കൊലപാതകം തടയാൻ സാധിച്ചില്ല. ഏതെങ്കിലും തരത്തിലുള്ള വിവരം ലഭിച്ചിരുന്നെങ്കിൽ അത് തടയാമായിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.

എസ്.ഡി.പി.ഐ. സംസ്ഥാനസെക്രട്ടറി കെ.എസ്. ഷാൻ, ബി.ജെ.പി. നേതാവ് രഞ്ജിത്ത് ശ്രീനിവാസൻ എന്നിവരാണ് കൊല്ലപ്പെട്ടത്. ആദ്യ കൊലപാതകത്തിൽ പ്രതികാരമുണ്ടാകാനുള്ള സാധ്യത മനസ്സിലാക്കുന്നതിൽ പോലീസ് ഇന്റലിജൻസിന് വീഴ്ചപറ്റിയെന്ന വിമർശനം ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് എഡിജിപി വിശദീകരണം നൽകിയത്.

കൊല്ലം: കെഎസ്ആർടിസി ശമ്പള വിതരണം മുടങ്ങുന്നതിൽ ഇടപെടുന്നതിന് സർക്കാരിന് പരിമിതികൾ ഉണ്ടെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കെഎസ്ആർടിസി നഷ്ടത്തിൽ ആയതിന് ജീവനക്കാർക്കും പങ്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കെഎസ്ആർടിസിയും കുടുംബശ്രീ മിഷനും ചേർന്നു ആരംഭിക്കുന്ന ‘ഫുഡ്‌സ് ഓൺ വീൽ’ പദ്ധതിയുടെ ഭാഗമായി കെഎസ്ആർടിസി ഗാരേജ് വളപ്പിൽ ആരംഭിച്ച ‘പിങ്ക് കഫേ’ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഡിസംബറിൽ സർക്കാർ കെഎസ്ആർടിസിക്ക് 30 കോടി രൂപ നൽകിയെന്നും ധനമന്ത്രി അറിയിച്ചു. പിങ്ക് കഫെ ഉദ്ഘാടന വേദിയ്ക്ക് സമീപം കെഎസ്ആർടിസി ജീവനക്കാർ ഭിക്ഷയാചിച്ച് പ്രതിഷേധം നടത്തിയിരുന്നു. കെഎസ്ആർടിസിയിൽ നിന്നുള്ള വരുമാനത്തെ മാത്രം ആശ്രയിച്ച് ഉപജീവനം നടത്തുന്ന ജീവനക്കാരെ പട്ടിണിക്കിട്ടു കെഎസ്ആർടിസി വസ്തുവകകൾ തീറെഴുതുന്നതിനും ശമ്പള വിതരണം മുടങ്ങുന്നതിലും പ്രതിഷേധിച്ചാണ് സമരം നടത്തുന്നതെന്നാണ് ജീവനക്കാർ പറയുന്നത്.

കൊച്ചി: പിങ്ക് പൊലീസ് എട്ടു വയസുകാരിയെ നടുറോഡിൽ അപമാനിച്ച സംഭവത്തിൽ നഷ്ടപരിഹാരം നൽകാനാവില്ലെന്ന് വ്യക്തമാക്കി സംസ്ഥാന സർക്കാർ. ഇക്കാര്യം രേഖാമൂലം സർക്കാർ കോടതിയെ അറിയിച്ചു. കുട്ടിയുടെ മൗലികാവകാശ ലംഘനം ഈ കേസിൽ ഉണ്ടായിട്ടില്ലെന്നും ആരോപണ വിധേയയായ പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നുമാണ് സർക്കാർ കോടതിയെ അറിയിച്ചത്. പൊലീസ് ഉദ്യോഗസ്ഥ ചെയ്ത തെറ്റിന് എടുക്കാൻ കഴിയുന്ന നിയമനടപടി സർക്കാർ സ്വീകരിച്ചു. നഷ്ടപരിഹാരം വേണമെങ്കിൽ ഈ പെൺകുട്ടിക്ക് സിവിൽ കേസുമായി മുന്നോട്ട് പോകാം. അതിന് തടസമില്ലെന്നും സർക്കാർ വ്യക്തമാക്കുന്നു. പൊലീസുദ്യോഗസ്ഥ പെൺകുട്ടിയോട് മോശമായി പെരുമാറിയിട്ടില്ല എന്ന് തെളിയിക്കുന്ന നാല് സാക്ഷി മൊഴികളും സംസ്ഥാന സർക്കാർ കോടതിയിൽ സമർപ്പിച്ചു.

പിങ്ക് പോലീസിന്റെ നടപടിയിൽ നിരവധി തവണ കോടതി വിമർശനം ഉന്നയിച്ചിരുന്നു. സർക്കാരിനെയും കോടതി വിമർശിച്ചിരുന്നു. പോലീസ് പെൺകുട്ടിയോട് ക്ഷമ ചോദിക്കണമായിരുന്നു. പക്ഷെ കാക്കിയുടെ ഈഗോ അതിന് അനുവദിച്ചില്ലെന്നും കോടതി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

ഒരു മാപ്പ് പറഞ്ഞാൽ തീരുമായിരുന്ന വിഷയത്തെയാണ് ഈ രീതിയിൽ എത്തിച്ചതെന്നും കോടതി വ്യക്തമാക്കി. സംഭവം തുടങ്ങിയപ്പോൾ മുതൽ പെൺകുട്ടി കരയുന്നുണ്ടായിരുന്നു. ആ കുട്ടിയുടെ മാനസികാവസ്ഥയെ കുറിച്ച് ഓർക്കണമായിരുന്നു. ജീവിതത്തിൽ ഒരിക്കലും ആ കുട്ടിക്ക് പോലീസിനെ സംരക്ഷകരായി കാണാൻ കഴിയില്ലെന്നും നിരീക്ഷിച്ചു. അത്തരത്തിലേക്കാണ് കുട്ടിയുടെ ചെറുപ്പകാലത്തുണ്ടായ ഈ അനുഭവം മാറ്റുന്നത്. വിഷയത്തെ ഈ രീതിയിൽ ആയിരുന്നില്ല കൈകാര്യം ചെയ്യേണ്ടിയിരുന്നതെന്നും കോടതി പറഞ്ഞു. പെൺകുട്ടി പൊട്ടിക്കരഞ്ഞിട്ടും എന്തുകൊണ്ട് പോലീസിന്റെ മനസ്സ് അലിഞ്ഞില്ലെന്നും ഇത് എന്ത് പിങ്ക് പോലീസ് ആണെന്നും ഹൈക്കോടതി ചോദിച്ചിരുന്നു.

ആലപ്പുഴ: എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു പേർ അറസ്റ്റിൽ. ആർഎസ്എസ് പ്രവർത്തകരാണ് അറസ്റ്റിലായത്. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശികളായ പ്രസാദ്, കുട്ടൻ എന്ന രതീഷ് തുടങ്ങിയവരാണ് അറസ്റ്റിലായതെന്നും ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയതായും ആലപ്പുഴ എസ് പി ജി. ജയദേവ് അറിയിച്ചു. ആർഎസ്എസിന്റെ പ്രവർത്തകരാണ് പ്രസാദും രതീഷും.

കേസിലെ മറ്റ് പ്രതികൾക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി. കൂടുതൽ പ്രതികൾ അറസ്റ്റിലായാൽ മാത്രമേ കൊലപാതകത്തിന് പിന്നിലുള്ള കാരണം വ്യക്തമാകൂവെന്നും പോലീസ് പറഞ്ഞു. അതേസമയം പ്രസാദാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് എഡിജിപി വിജയ് സാഖറെ അറിയിച്ചു.

വാഹനം ഏർപ്പാടാക്കിയതും ഇയാൾ തന്നെയാണ്. പത്ത് പ്രതികളാണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇവരെയെല്ലാം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെയെല്ലാം ഉടൻ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം വിശദീകരിച്ചു. ആർഎസ്എസ് പ്രവർത്തകൻ രഞ്ജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നിലവിൽ പന്ത്രണ്ട് പ്രതികളാണുള്ളതെന്നും കൂടുതൽ പ്രതികളുണ്ടാകാനും സാദ്ധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ട്. അന്വേഷണം തുടരുന്നതിനാൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: ലിംഗസമത്വം ഉറപ്പാക്കാൻ പുരുഷന്മാരുടെ വിവാഹപ്രായം 18 ആക്കി കുറക്കണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. സ്ത്രീകളുടെ വിവാഹ പ്രായം 18-ൽ നിന്ന് 21 ആയി ഉയർത്താനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിന് പിന്നാലെയാണ് ബൃന്ദാ കാരാട്ടിന്റെ പ്രതികരണം. ലിംഗ സമത്വം ഉറപ്പാക്കാൻ പുരുഷന്മാരുടെ വിവാഹ പ്രായം 21-ൽ നിന്ന് 18 ആയി കുറക്കുകയാണ് ചെയ്യേണ്ടതെന്ന് ബൃന്ദാകാരാട്ട് ആവശ്യപ്പെട്ടു. സ്ത്രീകളുടെ വിവാഹ പ്രായം ഉയർത്തുന്ന തീരുമാനം തീർത്തും തെറ്റാണെന്നാണ് ബൃന്ദാ കാരാട്ടിന്റെ നിലപാട്.

കേന്ദ്ര സർക്കാരിന്റെ തീരുമാനം വ്യക്തി സ്വാതന്ത്ര്യത്തിനെതിരാണ്. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും പോഷകാഹാരത്തിനും വേണ്ടിയുള്ള സംവിധാനങ്ങളൊരുക്കാൻ സർക്കാർ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും ബൃന്ദാ കാരാട്ട് ചൂണ്ടിക്കാട്ടി.

പതിനെട്ടാം വയസിൽ വോട്ട് ചെയ്യാനാകുന്ന പെൺകുട്ടി അവളുടെ വിവാഹം തെരഞ്ഞെടുക്കാൻ അവകാശമുണ്ടെന്ന് നേരത്തെ ബൃന്ദാ കാരാട്ട് അഭിപ്രായപ്പെട്ടിരുന്നു. വിവാഹപ്രായം ഉയർത്തുന്നതിന് സർക്കാർ മുന്നോട്ട് വെയ്ക്കുന്ന കാരണങ്ങൾ തൃപ്തികരമല്ലെന്നും ഇത് യഥാർത്ഥ വിഷയങ്ങളിൽ നിന്ന് ഓടിയോളിക്കാൻ വേണ്ടിയുള്ള നീക്കമാണെന്നും ബൃന്ദ കാരാട്ട് അറിയിച്ചിരുന്നു.

അതേസമയം സ്ത്രീകളുടെ വിവാഹപ്രായം ഉയർത്തുന്നതിൽ എതിർപ്പ് അറിയിച്ച് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷനും രംഗത്തെത്തിയിട്ടുണ്ട്. നിലവിലെ വ്യവസ്ഥയെ തകർക്കുന്ന തീരുമാനം എന്നും വിപരീത ഫലം മാത്രമേ ഉണ്ടാക്കൂവെന്നാണ് ജനാധിപത്യ മഹിളാ അസോസിയേഷൻ അറിയിക്കുന്നത്. പോഷകാഹാരം, വിദ്യാഭ്യാസം, തൊഴിൽ എന്നിവ നിറവേറ്റുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ട സാഹചര്യത്തിൽ സ്ത്രീശാക്തീകരണത്തിന്റെ പേരിൽ നടത്തുന്ന നീക്കം ഫലപ്രദമല്ലെന്നും അസോസിയേഷൻ വിലയിരുത്തുന്നു.

ആലപ്പുഴ: എസ്ഡിപിഐയ്ക്ക് എതിരെ രൂക്ഷ വിമർശനവുമായി മുൻ എംഎൽഎ പിസി ജോർജ്. എസ്ഡിപിഐ പ്രവർത്തകർക്ക് എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം സർക്കാർ നൽകിയിരിക്കുകയാണെന്ന് അദ്ദേഹം വിമർശിച്ചു. സംസ്ഥാന സർക്കാരിനെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. പോപ്പുലർഫ്രണ്ട് എന്ന കൊള്ള സംഘത്തെ അറസ്റ്റ് ചെയ്യാനുള്ള ബാദ്ധ്യത പിണറായി സർക്കാരിനുണ്ട്. എന്നാൽ ഇത് ചെയ്യാതെ ഇവരുടെ പിന്തുണയോടെ ഭരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബിജെപിയുടെ ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരു നേതാവിനെ വെട്ടിക്കൊലപ്പെടുത്താൻ മാത്രം അഹങ്കാരമുള്ളവരായി പോപ്പുലർഫ്രണ്ട് മാറി എന്നത് അപകടകരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്‌തെന്നാണ് പറയുന്നത്. ഇവർ യഥാർത്ഥ പ്രതികൾ ആണോ എന്നതിൽ സംശയമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ജനറൽ ബിപിൻ റാവത്തിന്റെയും സൈനികരുടെയും മൃതദേഹം കൊണ്ടുവന്നപ്പോൽ കൈകൊട്ടി ചിരിച്ചവരുള്ള നാടാണ് ഇന്ത്യ. ഇത്തരം രാജ്യദ്രോഹികളെ വെടിവെച്ച് കൊല്ലുകയാണ് വേണ്ടത്. താനായിരുന്നെങ്കിൽ അത് ചെയ്‌തേനെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആലപ്പുഴ: ആലപ്പുഴയിൽ സർവകക്ഷി യോഗം നാളത്തേക്ക് മാറ്റി. ബിജെപി യോഗം ബഹിഷ്കരിച്ച പശ്ചാത്തലത്തിലാണ് യോഗം മാറ്റിവെച്ചത്. ബിജെപി പ്രവർത്തകന്‍റെ മൃതദേഹത്തോട് അനാദരവ് കാണിച്ചെന്നാരോപിച്ചാണ് ബിജെപി യോഗം ബഹിഷ്കരിച്ചത്. സമയം പിന്നീട് അറിയിക്കുമെന്ന് മന്ത്രിമാരും വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളും ജില്ലയിൽ നിന്നുള്ള ജനപ്രതിനിധികളുമാണ് യോഗത്തിൽ പങ്കുചേരുക.

ജില്ലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള വഴികളും ആക്രമണ സംഭവങ്ങൾ പൂർണമായി ഒഴിവാക്കുന്നതിന് വേണ്ടിയുള്ള നടപടികളെ കുറിച്ചും സർവ്വകക്ഷി യോഗത്തിൽ ചർച്ച നടത്തും. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ ആലപ്പുഴയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ആലപ്പുഴയിൽ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങളാണ് നടന്നത്. എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനും ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസനുമാണ് കൊല്ലപ്പെട്ടത്.

അതേസമയം ആലപ്പുഴയിൽ നടന്ന രണ്ട് കൊലപാതകങ്ങളെ ശക്തമായി അപലപിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കുറ്റവാളികളെയും പിന്നിൽ പ്രവർത്തിച്ചവരെയും പിടികൂടാൻ പൊലീസിന്റെ കർശന നടപടിയുണ്ടാകും. സങ്കുചിതവും മനുഷ്യത്വഹീനവുമായ ഇത്തരം അക്രമ പ്രവർത്തനങ്ങൾ നാടിന് വിപത്കരമാണ്. കൊലയാളി സംഘങ്ങളെയും അവരുടെ വിദ്വേഷ സമീപനങ്ങളെയും തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താൻ എല്ലാ ജനങ്ങളും തയാറാകും എന്നുറപ്പുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.