അഹമ്മദാബാദ്: ഗുജറാത്തിൽ വൻലഹരിവേട്ട. 400 കോടിയുടെ ലഹരിമരുന്നുമായി ഇന്ത്യൻ അതിർത്തി കടന്നെത്തിയ പാകിസ്താൻ മത്സ്യബന്ധന ബോട്ട് പിടികൂടി. ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേനയാണ് പാക് മത്സ്യബന്ധന ബോട്ട് പിടികൂടിയത്. അൽ ഹുസൈനി എന്ന ബോട്ടാണ് കോസ്റ്റ്ഗാർഡിന്റെ സഹായത്തോടെ തീവ്രവാദ സേന പിടിച്ചെടുത്തത്.
സംഭവവുമായി ബന്ധപ്പെട്ട് ആറു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. 400 കോടി രൂപ വിലമതിക്കുന്ന 77 കിലോ ഹെറോയിനാണ് ബോട്ടിൽ നിന്നും കണ്ടെടുത്തത്. നിലവിൽ ബോട്ട് കച്ചിലെ ജാഖു തീരത്തെത്തിച്ചിരിക്കുകയാണ്. വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന്അധികൃതർ അറിയിച്ചു.
നിരവധി തവണ പാകിസ്താൻ ബോട്ടിൽ നിന്നും ലഹരി മരുന്ന് പിടിച്ചെടുത്തിട്ടുണ്ട്. 150 കോടി വിലവരുന്ന മയക്കുമരുന്നുമായി ഈ വർഷം ആദ്യം പാകിസ്താൻ ബോട്ട് പിടികൂടിയിരുന്നു. നവംബറിൽ ഗുജറാത്തിലെ മോർബിയിൽ നിന്ന് ഭീകര വിരുദ്ധ സേന 600 കോടിയുടെ ലഹരി മരുന്നും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്റ്സ് സെപ്റ്റംബറിൽ മുദ്ര തുറമുഖത്തു നിന്ന് 21,000 കോടിയുടെ ഹെറോയിനും കണ്ടെടുത്തിരുന്നു.

