പച്ചക്കറി വിലക്കയറ്റം നിയന്ത്രിക്കാൻ നടപടി; തമിഴ്‌നാട്ടിലെ കർഷകരിൽ നിന്ന് നേരിട്ട് പച്ചക്കറി സംഭരിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ പച്ചക്കറി വിലക്കയറ്റം നിയന്ത്രിക്കാൻ നടപടികൾ സ്വീകരിച്ച് സർക്കാർ. കൃഷി വകുപ്പാണ് വിലവർധന തടയാൻ നടപടി സ്വീകരിച്ചത്. ഇടനിലക്കാരെ ഒഴിവാക്കി തമിഴ്‌നാട്ടിലെ കർഷകരിൽ നിന്ന് നേരിട്ട് പച്ചക്കറി സംഭരിക്കാനാണ് കൃഷി വകുപ്പിന്റെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട ധാരണാപത്രംത്തിൽ ഹോർട്ടികോർപ് ഒപ്പുവെച്ചു.

ധാരണാപത്രത്തിലെ വ്യവസ്ഥകൾ അനുസരിച്ച് തെങ്കാശിയിലെ കർഷകരിൽ നിന്ന് തമിഴ്‌നാട് അഗ്രി മാർക്കറ്റിങ് വകുപ്പ് നിശ്ചയിക്കുന്ന മൊത്തവിലയ്ക്ക് പച്ചക്കറി സംഭരിക്കാൻ കഴിയും. 11 മാസത്തേയ്ക്കു പച്ചക്കറി സംഭരിക്കുന്നതിനുള്ള താൽക്കാലിക ധാരണാപത്രത്തിലാണ് ഹോർട്ടികോർപ്പ് ഒപ്പുവെച്ചത്. ഹോർട്ടികോർപ് ആവശ്യപ്പെടുന്ന പച്ചക്കറികൾ കർഷക സമിതികൾ തൊട്ടടുത്ത ദിവസം സംഭരിച്ച് നൽകണമെന്നാണ് വ്യവസ്ഥ.

ഇതിന്റെ ഗുണനിലവാരം ഉറപ്പുവരുത്തി അടുത്ത ദിവസം തന്നെ കേരളത്തിലെത്തിക്കണമെന്നാണ് ഹോർട്ടികോർപ്പിന്റെ നിർദ്ദേശം. സംസ്ഥാനത്ത് പച്ചക്കറി വിലയിൽ വലിയ വർധനവ് ഉണ്ടായതോടെയാണ് കർഷകരിൽ നിന്ന് നേരിട്ട് സംഭരിക്കാൻ കൃഷി വകുപ്പ് തീരുമാനിച്ചത്. വെണ്ട, വഴുതന, പച്ചമുളക്, തക്കാളി, മുരിങ്ങക്ക തുടങ്ങിയ പച്ചക്കറികൾ ആദ്യഘട്ടത്തിൽ കേരള വിപണിയിൽ എത്തിക്കാനാവുമെന്നാണ് കരുതുന്നത്.