മൃഗങ്ങളിലേക്കും കോവിഡ് പടരുന്നു; രോഗം സ്ഥിരീകരിച്ച് ഗുരുതരാവസ്ഥയിലുള്ള സിംഹത്തിന്റെ ചികിത്സയ്ക്ക് ഇന്ത്യയുടെ സഹായം തേടി ശ്രീലങ്ക

കൊളംബോ: കോവിഡ് വൈറസ് ബാധിതനായ സിംഹത്തെ ചികിത്സിക്കാൻ ഇന്ത്യയുടെ സഹായം തേടി ശ്രീലങ്ക. ശ്രീലങ്കയിലെ ദെഹിവാളാ കാഴ്ചബംഗ്ലാവിൽ കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ള 11 വയസ് പ്രായമായ സിംഹത്തിന്റെ ചികിത്സയ്ക്കായാണ് ശ്രീലങ്ക ഇന്ത്യയുടെ സഹായം തേടിയിരിക്കുന്നത്.

2013 ൽ ദക്ഷിണ കൊറിയയിലെ സീയോൾ കാഴ്ചബംഗ്ലാവിൽ നിന്ന് ദെഹിവാള കാഴ്ചബംഗ്ലാവിലേക്ക് ഒരു സമ്മാനമെന്ന നിലയിൽ കൈമാറ്റം ചെയ്യപ്പെട്ട സിംഹമാണ് കോവിഡ് ബാധിച്ച് ഗുരുതരമായി തുടരുന്നത്. മൂന്ന് വയസ് മാത്രം പ്രായമുള്ളപ്പോഴാണ് സീയോൾ കാഴ്ചബംഗ്ലാവിൽ നിന്നും ഈ സിംഹത്തിനെ ദെഹിവാള കാഴചബംഗ്ലാവിലേക്ക് മാറ്റുന്നത്. തോർ എന്നാണ് ഈ സിംഹത്തിന്റെ പേര്. ശ്രീലങ്കയിൽ ആദ്യമായി കോവിഡ് സ്ഥിരീകരിച്ച വന്യജീവി തോർ ആണ്. സിംഹത്തിന്റെ ചികിത്സയ്ക്കായി സെൻട്രൽ സൂ അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്നുള്ള വിദഗ്ധരെയാണ് ശ്രീലങ്കൻ കാഴ്ചബംഗ്ലാവ് അധികൃതർ ബന്ധപ്പെട്ടിരിക്കുന്നത്. രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തോറിന് കോവിഡ് സ്ഥിരീകരിക്കുന്നത്.

നിലവിൽ സിംഹത്തിന് കടുത്ത ശ്വാസതടസം അനുഭവപ്പെടുന്നുണ്ട്. സിംഹം ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായെന്നും അധികൃതർ പറയുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യയുടെ സഹായം തേടിയതെന്ന് നാഷണൽ സുവോളജിക്കൽ ഗാർഡൻസ്’ വകുപ്പ് ഡയറക്ടർ ജനറൽ ഇഷിനി വക്രമസിംഗെ അറിയിച്ചു.