തിരുവനന്തപുരം: മോഹനൻ വൈദ്യർ അന്തരിച്ചു. തിരുവനന്തപുരത്ത് കാലടിയിലുള്ള ബന്ധുവീട്ടിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. രാത്രി എട്ട് മണിയോടെയാണ് മരണം സംഭവിച്ചത്.
പനിയും, ശ്വാസതടസ്സവും ഉൾപ്പെടെയുള്ള ബുദ്ധിമുട്ടുകൾ രാവിലെ മുതൽ മോഹനൻ വൈദ്യർക്ക് അനുഭവപ്പെട്ടിരുന്നതായാണ് ബന്ധുക്കൽ പറയുന്നത്. പിന്നീട് രാത്രിയോടെയാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുന്നത്.
പോലീസ് സംഭവ സ്ഥലത്ത് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. പോസ്റ്റുമോർട്ടത്തിനും കോവിഡ് പരിശോധനയ്ക്കും ശേഷമേ മരണകാരണം അറിയാൻ കഴിയൂവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി മോഹനൻ വൈദ്യരും മകനും ബന്ധുവീട്ടിലാണ് താമസിക്കുന്നത്.
വ്യാജ ചികിത്സ നടത്തിയതിന്റെ പേരിൽ മോഹനൻ വൈദ്യർക്കെതിരെ നിരവധി കേസുകളുണ്ട്. കോവിഡിന് അനധികൃത ചികിത്സ നടത്തിയതിന്റെ പേരിൽ ഇയാൾക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

