ന്യൂഡൽഹി: ഇന്ത്യയിലെ നിയമങ്ങൾ അതീവ പ്രാധാന്യത്തോടെയാണ് പരിഗണിക്കേണ്ടതെന്ന് ട്വിറ്ററിനെ ബോധ്യപ്പെടുത്തി പാർലമെന്ററി കമ്മിറ്റി. ഇന്ത്യയുടെ നിയമങ്ങൾ കമ്പനി പിന്തുടരേണ്ടതുണ്ടെന്ന് പാർലമെന്ററികാര്യ കമ്മിറ്റി ട്വിറ്ററിനെ അറിയിച്ചു. ഇന്ത്യയ്ക്കായി എന്തുകൊണ്ട് ചീഫ് കംപ്ലയൻസ് ഓഫീസറെ നിയമിച്ചില്ല എന്നതുൾപ്പെടെയുള്ള ചോദ്യങ്ങൾ പാർലമെന്ററി കമ്മിറ്റി ട്വിറ്ററിനോട് ചോദിച്ചു. ട്വിറ്ററിന്റെ പബ്ലിക് പോളിസി മാനേജരായ ഷാഗുഫ്ത്ത കമ്രാനും ലീഗൽ കൗൺസലായ അത്സുഷി കപൂറുമാണ് പാർലമെന്ററി കമ്മിറ്റിയ്ക്ക് മുൻപാകെ ഹാജരായത്.
കമ്പനിയിലുള്ള പദവിയെന്തെന്നും ട്വിറ്ററിന്റെ നയരൂപീകരണത്തിൽ ഇവർക്ക് എത്രത്തോളം പങ്കുണ്ടെന്നും ഉദ്യോഗസ്ഥർ എഴുതി നൽകേണ്ടതുണ്ടെന്നും കമ്മിറ്റി ഇവരോട് നിർദ്ദേശിച്ചു. മെയ് 26 ന് നിലവിൽ വന്ന ഇന്ത്യയുടെ പുതിയ ഡിജിറ്റൽ നയങ്ങൾ പിന്തുടരാത്ത സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമാണ് ട്വിറ്റർ. താത്കാലികമായി ഒരു ചീഫ് കംപ്ലയൻസ് ഓഫീസറെ നിയമിക്കുകയും അതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ സർക്കാരിനെ അറിയിക്കുമെന്നും കമ്പനി പറഞ്ഞിരുന്നു. എന്നാൽ എന്തുകൊണ്ടാണ് മുഴുവൻ സമയ ചീഫ് കംപ്ലയൻസ് ഓഫീസറെ നിയമിക്കാൻ ട്വിറ്റർ വിമുഖത കാട്ടുന്നതെന്ന് പാർലമെന്ററി കമ്മിറ്റി ചോദിച്ചു.
ട്വിറ്ററിന്റെ ഇന്ത്യൻ ഉദ്യോഗസ്ഥർ കമ്പനിയെ സംബന്ധിച്ച് എടുക്കുന്ന പല നടപടികളിലും അവ്യക്തതയുണ്ടെന്നും സർക്കാർ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ നിന്നും അവർ ഒഴിഞ്ഞുമാറുന്നുണ്ടെന്നും കമ്മിറ്റി വിശദദീകരിച്ചു. ആരോഗ്യകരം എന്ന് കരുത്താവുന്ന ട്വീറ്റുകൾക്കാണ് പ്രചാരം നൽകുന്നതെന്നും അനാരോഗ്യകരം എന്ന് തോന്നുന്നവ ട്വിറ്റർ പ്രോത്സാഹിപ്പിക്കാറില്ലെന്നും പ്രതിനിധികൾ പാർലമെന്ററി കമ്മിറ്റിയോട് വിശദീകരിച്ചു.

