കെട്ടിട വാടക കൊടുക്കാൻ പോലും കഴിയുന്നില്ല; കോവിഡ് വ്യാപനത്തെ തുടർന്ന് പ്രതിസന്ധിയിലായി ജിംനേഷ്യം ഉടമകൾ

കൊച്ചി: കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് പ്രതിസന്ധിയിലായി ജിംനേഷ്യം ഉടമകൾ. കോവിഡിന്റെ രണ്ടാം തരംഗം പിടിമുറുക്കിയതോടെ സംസ്ഥാനത്തെ ജിംനേഷ്യങ്ങളെല്ലാം ഇപ്പോൾ അടച്ചു പൂട്ടിയിരിക്കുകയാണ്. ദിവസങ്ങളായി അടഞ്ഞു കിടക്കുന്നതിനാൽ ജിംനേഷ്യങ്ങളിലുള്ള വിലപിടിപ്പുള്ള ഉപകരണങ്ങളെല്ലാം തരുമ്പെടുത്ത് നശിക്കുകയാണ്.

ഉപജീവനമാർഗമായി ജിംനേഷ്യങ്ങൾ ആരംഭിച്ച പലർക്കും വാടക, വൈദ്യുതി തുടങ്ങിയവ നൽകാൻ കഴിയാത്ത അവസ്ഥയാണിപ്പോൾ. കോവിഡ് വൈറസ് വ്യാപനത്തിന്റെ ആദ്യ തരംഗത്തിൽ 8 മാസമാണ് ജിംനേഷ്യങ്ങൾ പൂട്ടിയിട്ടത്. ഈ പ്രതിസന്ധിയിൽ നിന്നും കരകയറാൻ തുടങ്ങവെയാണ് രണ്ടാം തരംഗത്തെ തുടർന്ന് വീണ്ടും ജിംനേഷ്യങ്ങൾ അടച്ചിടേണ്ടി വന്നത്. ചുരുങ്ങിയത് 10 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെയെങ്കിലും ചെലവിട്ടാണ് ഫിറ്റ്‌നസ് സെന്റുകൾ ആരംഭിക്കുന്നത്. പലരും വായ്പയെടുത്തും പണയപ്പെടുത്തിയുമൊക്കെയാണ് ജിംനേഷ്യങ്ങൾ ആരംഭിച്ചിരിക്കുന്നത്.

യന്ത്രങ്ങളുടെ പ്രവർത്തന ക്ഷമത നോക്കാൻ പോലും കഴിയാത്തവിധത്തിൽ ജിംനേഷ്യങ്ങൾ അടഞ്ഞു കിടക്കുകയാണ്. കെട്ടിട വാടക പോലും കൊടുക്കാൻ കഴിയാത്ത നിസഹായാവസ്ഥയിലാണ് പലരും. ഇനിയും ലോക്ക് ഡൗൺ ഉണ്ടാകുമോയെന്ന ഭയത്തിൽ മറ്റ് ജോലികൾ അന്വേഷിക്കുന്ന ജിംനേഷ്യം ഉടമകളും ഉണ്ട്. ഹെൽത്ത് ക്ലബ് നടത്തിപ്പുകാർക്ക് സർക്കാർ അടിയന്തര പാക്കേജ് പ്രഖ്യാപിക്കണമെന്നും കോവിഡ് പ്രോട്ടോകോൾ പാലിച്ച് വ്യായാമം ചെയ്യുന്നതിനുള്ള അനുമതി നൽകണമെന്നുമാണ് മേഖലയിലുള്ളവരുടെ ആവശ്യം.