തിരുവനന്തപുരം: മുൻ ആരോഗ്യ മന്ത്രി കെ.കെ ശൈലജയ്ക്ക് അന്താരാഷ്ട്ര പുരസ്‌കാരം. സെൻട്രൽ യൂറോപ്യൻ യൂണിവേഴ്‌സിറ്റിയുടെ ഓപ്പൺ സൊസൈറ്റി പുരസ്‌കാരമാണ് ശൈലജ ടീച്ചർക്ക് ലഭിച്ചത്. സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മാതൃകാപരമായ നേതൃത്വം കൊടുത്തതിനാണ് കെ കെ ശൈലജയ്ക്ക് ഇത്തരമൊരു പുരസ്‌കാരം സമ്മാനിക്കുന്നത്.
പൊതു പ്രവർത്തനത്തിലേക്കിറങ്ങാൻ യുവതികൾക്ക് പ്രചോദനം നൽകുന്ന വ്യക്തിത്വമാണ് ശൈലജ ടീച്ചറുടേതെന്ന് പുരസ്‌കാര നിർണ്ണയ സമിതി നിരീക്ഷിച്ചു. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഓൺലൈനായിട്ടാണ് പുരസ്‌കാര ദാന ചടങ്ങ് നടന്നത്. ലോകം വലിയ വെല്ലുവിളികൾ നേരിടുന്ന കാലത്ത് കൂടുതൽ പേർ നേതൃസ്ഥാനങ്ങളിലേക്കെത്തട്ടെയെന്ന് പുരസ്‌കാരം സ്വീകരിച്ച ശേഷം ശൈലജ ടീച്ചർ പറഞ്ഞു.
മുൻപും അന്താരാഷ്ട്ര അംഗീകാരങ്ങൾ ശൈലജയെ തേടിയെത്തിയിട്ടുണ്ട്. കോവിഡ് വൈറസിന്റെ ഒന്നാം ഘട്ടത്തെ ഫലപ്രദമായി പിടിച്ചു നിർത്താനുള്ള ശ്രമങ്ങൾക്ക് ഐക്യരാഷ്ട്രസഭ ശൈലജ ടീച്ചറെ അനുമോദിച്ചിരുന്നു.

