ഐടി മേഖലയിലെ തൊഴിലാളികൾക്ക് തിരിച്ചടി; അടുത്ത വർഷം 30 ലക്ഷം തൊഴിലുകൾ നഷ്ടപ്പെടുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: ഐ.ടി മേഖലയിലെ തൊഴിലാളികൾക്ക് തിരിച്ചടി. ഐടി മേഖലയിൽ അടുത്ത വർഷം 30 ലക്ഷം തൊഴിലുകൾ നഷ്ടമാകുമെന്നാണ് റിപ്പോർട്ട്. ഓട്ടോമേഷൻ സംവിധാനം കൂടുതൽ വ്യാപകമാകുന്നതോടെ വലിയ രീതിയിൽ ജീവനക്കാരെ കുറക്കാൻ ഐ.ടി, അനുബന്ധ കമ്പനികൾ ഒരുങ്ങുന്നുവെന്നാണ് വിവരം. 100 ബില്യൺ ഡോളർ ഇതുവഴി ലാഭിക്കാമെന്നാണ് ഐടി കമ്പനികൾ പ്രതീക്ഷിക്കുന്നത്.

ഇന്ത്യയിലെ ഐ.ടി മേഖലയിൽ 1.6 കോടിയോളം തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. ഇതിൽ ഭൂരിഭാഗം പേരും അതായത് 90 ലക്ഷം പേരും കുറഞ്ഞ സാങ്കേതിക പരിജ്ഞാനം മാത്രം ആവശ്യമുള്ള ബി.പി.ഒ ജോലികളാണ് ചെയ്യുന്നതെന്നാണ് ഐ.ടി കമ്പനികളുടെ സംഘടനയായ നാസ്‌കോമിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇവരിൽ 30 ശതമാനം പേർക്കെങ്കിലും അടുത്ത വർഷത്തോടെ ജോലി നഷ്ടമാകുമെന്നാണ് വിവരം. ടി.സി.എസ്, ഇൻഫോസിസ്, വിപ്രോ, എച്ച്.സി.എൽ, ടെക് മഹീന്ദ്ര, കോഗ്‌നിസെന്റ് തുടങ്ങിയ കമ്പനികൾ 30 ലക്ഷം തൊഴിലാളികളെ അടുത്ത വർഷം ഒഴിവാക്കാൻ തീരുമാനിച്ചുവെന്ന വിവരമാണ് പുറത്തു വരുന്നത്.

റോബോട്ട് പ്രൊസസ് ഓട്ടോമേഷൻ സംവിധാനത്തിന്റെ വരവാണ് തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നത്. അമേരിക്കയിൽ ഓട്ടോമേഷൻ സംവിധാനത്തിന്റെ വരവ് മൂലം 10 ലക്ഷം പേർക്കാണ് തൊഴിൽ നഷ്ടമായത്. സോഫ്റ്റ്‌വെയറുകളുടെ സഹായത്തോടെ എല്ലാ ദിവസവും തൊഴിലാളികൾ ചെയ്യുന്ന ജോലികൾ പൂർത്തീകരിക്കുന്ന സംവിധാനമാണ് റോബോട്ട് പ്രൊസസ് ഓട്ടോമേഷൻ. സാധാരണ സോഫ്റ്റ്‌വെയർ അപ്ലിക്കേഷനേക്കാൾ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കുന്ന സംവിധാനമാണ് ഓട്ടോമേഷൻ.