General (Page 1,281)

ന്യൂഡൽഹി: രാജ്യത്ത് ഒമിക്രോൺ രോഗികളുടെ എണ്ണം വർധിക്കുന്നതിന്റെ സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും ജാഗ്രതാ നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ. ആരോഗ്യ മന്ത്രാലയമാണ് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയത്. രോഗവ്യാപനം കൂടുതലുള്ള പ്രദേശങ്ങളിൽ രാത്രി കാല കർഫ്യൂ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം.

അതേസമയം ഒമിക്രോൺ വ്യാപനം സംബന്ധിച്ച് സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നിരുന്നു. രോഗനിയന്ത്രണത്തിൽ സംസ്ഥാനങ്ങൾക്കുള്ള പിന്തുണ തുടരുമെന്ന് യോഗത്തിൽ പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. സംസ്ഥാനങ്ങൾ ജാഗ്രത വർധിപ്പിക്കണമെന്നും താഴേതട്ട് മുതലുള്ള ആരോഗ്യ സംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആൾക്കൂട്ടം പരമാവധി ഒഴിവാക്കണമെന്നും ആഘോഷങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തണമെന്നും അദ്ദേഹം നിർദ്ദേശം നൽകി.

കോവിഡ് പോസിറ്റിവിറ്റി നിരക്ക് കൂടിയാൽ ആ പ്രദേശത്തെ ഉടൻ കണ്ടയെന്റ്മെന്റ് സോണായി പ്രഖ്യാപിക്കണം. കണ്ടെയ്ൻമെന്റ് സോണുകളിലെ വീടുകൾ തോറും രോഗ നിർണയ പരിശോധന നടത്തണം. അടിയന്തര സാഹചര്യങ്ങളിൽ ആവശ്യമായ സംവിധാനങ്ങൾക്കായി കേന്ദ്രപാക്കേജിലെ പണം ചെലവഴിക്കാമെന്നും അദ്ദേഹം ഉറപ്പു നൽകി. ആരോഗ്യ സെക്രട്ടറിമാർ പ്രവർത്തന പുരോഗതി വിലയിരുത്തി ഓരോ ദിവസവും കേന്ദ്രത്തെ അറിയിക്കണമെന്നും കേന്ദ്രം നിർദ്ദേശിച്ചു. ഉടൻ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ വാക്‌സിനേഷൻ നിരക്ക് കുറഞ്ഞ ജില്ലകളിൽ പ്രതിരോധ കുത്തിവെയ്പ്പ് വർധിപ്പിക്കണം. ദേശീയ ശരാശരിയേക്കാൾ നിരക്ക് കുറഞ്ഞ സംസ്ഥാനങ്ങളിൽ വീടുകളിൽ കൂടിയെത്തി വാക്‌സിനേഷൻ നൽകി നിരക്ക് വർധിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാഷിംഗ്ടൺ: എയ്ഡ്‌സ് മഹാമാരിക്കെതിരെ നിർണായക കണ്ടെത്തലുമായി അമേരിക്ക. എയിഡ്സിനെ തടയാൻ സഹായിക്കുന്ന കുത്തിവെപ്പിന് യുഎസ് അംഗീകാരം നൽകി. അപ്രിറ്റിയൂഡ് എന്ന മരുന്നിനാണ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ (എഫ്.ഡി.എ) അനുമതി നൽകിയത്. എച്ച്.ഐ.വി ബാധ നൂറു ശതമാനം വരെ തടയാൻ സഹായിക്കുന്ന മരുന്നാണിത്. ഒരു ഡോസ് കുത്തിവെപ്പിന് 2.64 ലക്ഷം രൂപ വരെയാണ് ചെലവ് വരിക.

ശരീരഭാരം 35 കിലോഗ്രാമിൽ കൂടുതലുള്ള മുതിർന്ന വ്യക്തികൾക്ക് കുത്തിവെപ്പ് എടുക്കാം. തുടക്കമെന്ന നിലയിൽ ഒരു മാസം ഇടവേളയിൽ രണ്ടു കുത്തിവെപ്പ് എടുക്കണമെന്നും പിന്നീട് ഓരോ രണ്ടു മാസത്തിലും കുത്തിവെപ്പെടുത്ത് മുന്നോട്ട് പോകണമെന്നാണ് നിർദ്ദേശം. അപ്രിറ്റിയൂഡിന് എഫ്.ഡി.എ അനുമതി ലഭിച്ചത് ലോകത്തെ എച്ച്.ഐ.വി മഹാമാരിയെ തടയാൻ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട, ലൈംഗികരോഗങ്ങൾക്ക് സാധ്യതയുള്ള വിഭാഗങ്ങൾക്ക് ഇത് ഗുണകരമാകുമെന്നാണ് എഫ്.ഡി.എയിലെ ആന്റിവൈറൽ ഡിവിഷൻ ഡയറക്ടറായ ഡോ. ഡെബ്ര ബിർക്രാന്ത് അറിയിച്ചു.

മനുഷ്യരിൽ എച്ച്.ഐ.വി ബാധ കണ്ടെത്തിയതിന് ശേഷം ആദ്യമായാണ് ഇത്തരമൊരു കുത്തിവെപ്പ് നടത്തുന്നത്. ശരീരത്തിൽ എച്ച്.ഐ.വി രോഗാണുവിന്റെ സാന്നിധ്യമില്ലാത്ത, പുരുഷൻമാരുമായി സെക്‌സിൽ ഏർപ്പെടുന്ന 4600 പുരുഷൻമാരിലും ട്രാൻസ് ജെൻഡറുകളിലുമാണ് ആദ്യഘട്ടത്തിൽ മരുന്ന് പരീക്ഷിച്ചത്. ഇത്തരം ലൈംഗിക സ്വഭാവമുള്ളവർക്ക് എച്ച്.ഐ.വി ബാധക്കുള്ള സാധ്യത കൂടുതലാണ്. രണ്ടാംഘട്ടത്തിൽ സ്ത്രീകളുമായും പുരുഷൻമാരുമായും സെക്‌സിൽ ഏർപ്പെടുന്ന 3200 സ്ത്രീകളിൽ പരീക്ഷണം നടത്തി. നിലവിൽ എച്ച്‌ഐവി തടയാൻ ഉപയോഗിക്കുന്ന മരുന്നായ ട്രൂവാഡ ഗുളിക കഴിക്കുന്നവരേക്കാൾ എച്ച്.ഐ.വി ബാധ 69 ശതമാനം കുറക്കാൻ അപ്രിറ്റിയൂഡിന് കഴിയുമെന്ന് ആദ്യ പരീക്ഷണത്തിലും എച്ച്.ഐ.വി ബാധ 90 ശതമാനം കുറക്കാൻ സഹായിക്കുമെന്ന് രണ്ടാം പരീക്ഷണത്തിലും കണ്ടെത്താൻ കഴിഞ്ഞു.

അതേസമയം പാർശ്വഫലങ്ങൾ ഇല്ലെങ്കിൽ മാത്രമേ കുത്തിവെപ്പ് എടുക്കാവൂവെന്നാണ് നിർദ്ദേശം. എച്ച്.ഐ.വി പോസിറ്റീവ് ആയവർ ഈ മരുന്ന് കഴിക്കരുതെന്നും നിർദ്ദേശമുണ്ട്. അടുത്തവർഷത്തോടെ ലോകത്തെല്ലായിടത്തും ഈ മരുന്ന് ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കൊച്ചി: സംസ്ഥാന സർക്കാരിന്റെ സ്വപ്‌ന പദ്ധതിയായ കെ റെയിലിനെതിരെ ഉത്തരവുമായി കേരള ഹൈക്കോടതി. കെ റെയിൽ എന്ന് രേഖപ്പെടുത്തിയ അതിരടയാള കല്ല് സ്ഥാപിക്കുന്നതിനെതിരെയാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഭൂമി ഏറ്റെടുക്കാതെ ഇത്തരം അടയാളങ്ങളുള്ള തൂണുകൾ സ്ഥാപിക്കാൻ കഴിയില്ലെന്നാണ് കോടതി വ്യക്തമാക്കുന്നത്. എന്നാൽ കെ റെയിൽ പദ്ധതിയ്ക്കായി സർവ്വേ ആൻഡ് ബൗണ്ടറിസ് ആക്ട് പ്രകാരം സർവേ തുടരാൻ അധികൃതർക്ക് കഴിയുമെന്നും കോടതി അറിയിച്ചു.

സർവ്വേ ആൻഡ് ബൗണ്ടറീസ് ആക്ടിൽ പറയുന്ന 60 സെന്റിമീറ്റർ നീളമുള്ള കല്ലുകൾ മാത്രമേ സർവ്വേ നടത്തുമ്പോൾ സ്ഥാപിക്കാൻ കഴിയൂവെന്നും കോടതി പറഞ്ഞു. കെ റെയിൽ പദ്ധതിക്ക് ഇതുവരെ കേന്ദ്ര സർക്കാരിന്റെ അംഗീകാരം കിട്ടിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി കോട്ടയം സ്വദേശികൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. പദ്ധതി കടന്നു പോകുന്ന സ്ഥലത്തിന്റെ ഉടമസ്ഥരാണ് ഹർജി സമർപ്പിച്ചത്. കെ റെയിൽ പദ്ധതിക്കായുളള കല്ലിടലിനെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം നടന്നിരുന്നു. കോഴിക്കോട് ചെറുവണ്ണൂരിൽ നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് കല്ലിടാനാകാതെ കെ റെയിൽ സംഘം മടങ്ങിയിരുന്നു. അതേസമയം സാമൂഹ്യാഘാത പഠനത്തിന് മുന്നോടിയായാണ് കല്ലിടലെന്നും ഭൂമിയേറ്റെടുക്കൽ കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നുമാണ് കെ റെയിൽ അധികൃതർ വിശദീകരിച്ചത്.

സിൽവർ ലൈൻ കടന്നു പോകുന്ന പതിനൊന്ന് ജില്ലകളിലും കല്ലിടലിനായുളള വിജ്ഞാപനം സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. ഈ നടപടികൾ പൂർത്തിയാക്കാൻ സ്‌പെഷ്യൽ തഹസിൽദാർമാരെയും നിയോഗിച്ചിട്ടുണ്ട്. കണ്ണൂർ ജില്ലയിലാണ് ഏറ്റവുമധികം കല്ലിടൽ നടന്നത്. ഏഴ് വില്ലേജുകളിലായി 22 കിലോമീറ്റർ നീളത്തിൽ അറുന്നൂറോളം കല്ലുകൾ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.

പത്തനംതിട്ട: കെ.എസ്.ആർ.ടി.സിയോടൊപ്പം ആഴക്കടലിൽ ആഘോഷമായി 2022 പുതുവർഷത്തെ സ്വാഗതം ചെയ്യാം. അഞ്ച് മണിക്കൂർ നീളുന്ന ആഘോഷമാണ് കെഎസ്ആർടിസി ആഡംബര ക്രൂയിസിൽ ഒരുക്കുന്നത്. 4499 രൂപയുടെ ടിക്കറ്റ് എടുത്തു കഴിഞ്ഞാൽ രണ്ട് പെഗ് മദ്യം നൽകുമെന്ന ഓഫറും ലഭിക്കും.

കൊച്ചി ബോൽഗാട്ടി ജെട്ടിയിൽ നിന്നാണ് ക്രൂയിയ് കപ്പലിലെ ആഘോഷത്തിനായി ആളുകളെ കൊണ്ടുപോകുന്നത്. ഡിസംബർ 31 ന് രാത്രി ഒൻപതു മുതൽ രണ്ടുവരെയാണ് കെഎസ്ആർടിസി പുതുവത്സര ആഘോഷം സംഘടിപ്പിക്കുന്നത്. കോഴിക്കോട്, തൃശൂർ, മലപ്പുറം ജില്ലകളിൽ നിന്ന് ആളുകളെ എ സി ബസുകളിൽ കൊണ്ടുപോയി തിരികെ എത്തിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

വിപുലമായ സൗകര്യങ്ങളാണ് ആഢംബര കപ്പലിൽ ഒരുക്കിയിട്ടുള്ളത്. കുടുംബ സൗഹൃദ ഇവന്റ്, രണ്ട് ഘട്ടങ്ങളിലായി തത്സമയ പ്രകടനം, ഡിസ്‌കോ ജോക്കി കോമ്പോയ്ക്കൊപ്പം ലൈവ് വാട്ടർ ഡ്രംസ്, രസകരമായ ഗെയിമുകൾ, തത്സമയ സംഗീതം, നൃത്തം, വിഷ്വലൈസിംഗ് ഇഫക്റ്റുകളും പവർ പാക്ക്ഡ് മ്യൂസിക് സിസ്റ്റവും, ഓരോ ടിക്കറ്റിനും 3 കോഴ്‌സ് ഗാല ബുഫെ ഡിന്നർ, ഒരു ടിക്കറ്റിന് കോംപ്ലിമെന്ററി 02 ഡ്രിങ്ക്, കുട്ടികളുടെ കളിസ്ഥലവും തിയേറ്ററും, കടൽക്കാറ്റും അറബിക്കടലിന്റെ പ്രകൃതി ഭംഗിയും ആസ്വദിക്കാൻ തുറന്ന സൺ ഡെക്കിലേക്കുള്ള പ്രവേശനം, ഓൺബോർഡ് ലക്ഷ്വറി ലോഞ്ച് ബാർ, 5 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് കോംപ്ലിമെന്ററി എന്നിവയാണ് ക്രൂയിസ് കപ്പലിൽ ഒരുക്കിയിട്ടുള്ളത്.

അതേസമയം പുറത്തെ മദ്യങ്ങൾ ക്രൂയിസിനുള്ളിൽ അനുവദനീയമല്ല. കണ്ടെത്തിയാൽ കർശന നിയമനടപടി സ്വീകരിക്കും. ഇത്തരത്തിൽ പിടിച്ചെടുത്ത കുപ്പികൾ തിരികെ നൽകില്ല. വിപുലമായ മദ്യപാനം ഉള്ള യാത്രക്കാർക്കുള്ള പ്രവേശനം പൂർണ്ണമായും നിയന്ത്രിക്കും കൂടാതെ ടിക്കറ്റിന്റെ റീഫണ്ട് നൽകില്ല. നിയമവിരുദ്ധമായ വസ്തുക്കളും പുകവലിയും കർശനമായി നിരോധിച്ചിരിക്കുന്നു, കണ്ടെത്തിയാൽ കർശന നിയമനടപടി സ്വീകരിക്കുമെന്നും കെഎസ്ആർടിസി അറിയിച്ചു.

തിരുവനന്തപുരം: ആലപ്പുഴയിലെ കൊലപാതകങ്ങൾ ആസൂത്രിതമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. രാഷ്ടീയ കൊലപാതകങ്ങളിൽ പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയവരാണ് പോലീസിനെ കുറ്റം പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സമൂഹത്തിലാകെ ഭീതി പരത്തുന്ന സംഭവമാണ് ആലപ്പുഴയിൽ നടന്നത്. എസ്ഡിപിഐയും ആർഎസ്എസും മത്സരിച്ച് സംഘർഷമുണ്ടാക്കുകയാണ്. കലാപാന്തരീക്ഷം സൃഷ്ടിക്കാനാണ് രണ്ട് പേരുടെയും ശ്രമം. സർക്കാർ സമാധാന നടപടികൾ സ്വീകരിച്ചുവരികയാണ്. ഇതൊറ്റപ്പെട്ട സംഭവമല്ല; ഓരോ പ്രദേശത്തും സംഘർഷം സൃഷ്ടിക്കാനാണ് ആർഎസ്എസും എസ്ഡിപിഐയും ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കേരളത്തിലെ ജനങ്ങൾ ഈ സംഘർഷങ്ങൾക്കെതിരെ ഉയർന്ന നിലയിൽ ചിന്തിക്കേണ്ടതുണ്ട്. കേരളത്തെ കലാപഭൂമിയാക്കരുതെന്നാവശ്യപ്പെട്ട് സിപിഎമ്മിന്റെ ആഭിമുഖ്യത്തിൽ ജനുവരി നാലിന് ലോക്കൽ കമ്മിറ്റി തലത്തിൽ ബഹുജന കൂട്ടായ്മ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. വർഗീയ വികാരം ഇളക്കിവിടുന്ന ഒരു പ്രചാരണത്തിന് കഴിഞ്ഞ കുറച്ചുനാളായി ശ്രമങ്ങൾ നടത്തി വരുന്നുണ്ട്. ആർഎസ്എസ് അതിന് മുൻകൈ എടുക്കുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടി നേരിട്ട ബിജെപിക്ക് ഒരു തിരിച്ചുവരവിനുള്ള ശ്രമത്തിനാണ് വർഗീയ ധ്രുവീകരണത്തിലൂടെ ലക്ഷ്യമിടുന്നത്. അതിന് സഹായകരമായ നിലപാടാണ് മുസ്ലിം തീവ്രവാദ പ്രസ്ഥാനങ്ങളും എടുക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

കേരളത്തിലെ സമാധാന ജീവിതം നശിപ്പിക്കുകയാണ് ഇവരുടെ ലക്ഷ്യം. സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് സിപിഎമ്മിന് ആവശ്യപ്പെടാനുള്ളത്. ആലപ്പുഴയിലെ കൊലപാതകങ്ങളിലെ ഗൂഢാലോചനയിൽ പങ്കെടുത്തവരെ പുറത്തുകൊണ്ടുവരണമെന്നാണ് സർക്കാരിന് അഭ്യർത്ഥിക്കാനുള്ളത്. സിപിഎമ്മിനകത്തേക്ക് എസ്ഡിപിഐക്കാർ നുഴഞ്ഞുകയറിയെന്ന ബിജെപിയുടെ ആരോപണം വെറും ആരോപണം മാത്രമാണ്. സിപിഎമ്മിനകത്തേക്ക് അങ്ങനെ ആർക്കും നുഴഞ്ഞുകയറാൻ സാധിക്കില്ല. അത്തരം കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അപ്പോൾ തന്നെ പുറത്താക്കും. മുസ്ലിം വിഭാഗത്തിൽപ്പെട്ടവരെല്ലാം എസ്ഡിപിഐക്കാരായി ചിത്രീകരിക്കുന്നത് ശരിയല്ല. ബോധപൂർവ്വമായിട്ടാണ് മുസ്ലിംനാമധാരികളായ സിപിഎം നേതാക്കളെ എസ്ഡിപിഐക്കാരായി ചിത്രീകരിക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണൻ കുറ്റപ്പെടുത്തി.

കൊച്ചി: പി ടി തോമസിന് വിട നൽകി കേരളം. പി ടിയുടെ അന്ത്യാഭിലാക്ഷം പോലെ രവിപുരം ശ്മശാനത്തിലാണ് അദ്ദേഹത്തിന്റെ മൃതദേഹം സംസ്‌കരിച്ചത്. തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെ വേണമെന്നത് സംബന്ധിച്ച് പി ടി തോമസ് മാസങ്ങൾക്ക് മുൻപ് തന്നെ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. മൃതദേഹത്തിൽ റീത്തുകൾ വെക്കരുത്, പൊതുദർശനത്തിനു വെക്കുമ്പോൾ ‘ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം…’ എന്ന ഗാനം പശ്ചാത്തലത്തിൽ വേണം, രവിപുരം പൊതുശ്മശാനത്തിൽ ദഹിപ്പിക്കണം, ചിതാഭസ്മത്തിൽ ഒരുഭാഗം അമ്മയുടെ കല്ലറയിൽ സമർപ്പിക്കണം, കണ്ണുകൾ ദാനം ചെയ്യണം തുടങ്ങിയ ആഗ്രഹങ്ങളാണ് അദ്ദേഹം സുഹൃത്തുക്കളോട് പങ്കുവെച്ചിരുന്നത്..

പൊലീസിന്റെ ഗാർഡ് ഓഫ് ഓണറോടെ പൂർണ്ണ സംസ്ഥാന ബഹുമതികളോടെയായിരുന്നു പി ടി തോമസിന്റെ സംസ്‌കാര ചടങ്ങുകൾ. പ്രിയ നേതാവിനെ അവസാനമായി ഒരുനോക്കു കാണാനായി നിരവധി പേരാണ് എത്തിയത്. തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലെത്തി് മുഖ്യമന്ത്രി പിണറായി വിജയനും പി ടി തോമസിന് ആദരാഞ്ജലികൾ അർപ്പിച്ചു. രാഹുൽ ഗാന്ധി, ഉമ്മൻചാണ്ടി, കെ.സി.ജോസഫ് തുടങ്ങിയ മുതിർന്ന നേതാക്കളെല്ലാം അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിച്ചു. സംസ്ഥാന തലത്തിൽ മാത്രമല്ല ദേശീയ തലത്തിലും കോൺഗ്രസിന് വലിയ നഷ്ടമാണ് പി.ടിയുടെ വിയോഗത്തോടെ ഉണ്ടായതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. മതേതര നിലപാടുകൾ ഉയർത്തിപ്പിടിച്ച് വിവിധ സമുദായങ്ങളിലുള്ള ജനങ്ങളെ ഒരുമിപ്പിച്ച് നിർത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. മുന്നോട്ടുള്ള പ്രവർത്തനങ്ങളിൽ പി.ടി നൽകിയ ഊർജ്ജം ചെറുതല്ലെന്നും തനിക്കും ഓരോ കോൺഗ്രസ് പ്രവർത്തകനും അത് മഹത്തായ നേട്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി. പി ടി യുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.

ബുധനാഴ്ച്ച രാവിലെയാണ് പി ടി തോമസ് അന്തരിച്ചത്. അർബുദത്തിന് ചികിത്സയിൽ കഴിയവെയാണ് അന്ത്യം സംഭവിച്ചത്. തൃക്കാക്കര എംഎൽഎ ആണ് പി.ടി തോമസ്. കെ പി സി സി യുടെ വർക്കിങ് പ്രസിഡന്റും, 2016 മുതൽ തൃക്കാക്കരയിൽ നിന്നുള്ള നിയമസഭാംഗവും 2009-2014 ലോക്സഭയിൽ അംഗവുമായിരുന്ന കേരളത്തിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവുമാണ് അദ്ദേഹം.

നട്ടെല്ലിൽ ക്യാൻസർ ബാധ ഉണ്ടായതിനെ തുടർന്നാണ് വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ ചികിത്സയിൽ പ്രവേശിപ്പിച്ചത്. പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച് എക്കാലവും ശക്തമായ നിലപാടുകളെടുത്തിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കണമന്ന നിലപാടിനെതിരെ കടുത്ത എതിർപ്പുയർന്നപ്പോഴും പി ടി ഉറച്ചു തന്നെ നിന്നിരുന്നു

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ ജനുവരി ഒന്നു മുതൽ 50 വീതം ഇലക്ട്രിക്, സി.എൻ.ജി ബസ് ഓടിക്കുമെന്ന് കെഎസ്ആർടിസി. കൊച്ചി, കോഴിക്കോട് നഗരങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും. സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെല്ലാം ഇലക്ട്രിക്, ഹരിത ഇന്ധന ബസ് ഓടിക്കാനാണ് ഗതാഗത വകുപ്പിന്റെ തീരുമാനം.

തിരുവനന്തപുരം നഗരത്തിൽ പുതുതായി തുടങ്ങിയ സർക്കുലർ സർവീസിന് ഇലക്ട്രിക്, സി.എൻ.ജി ബസാണ് ഉപയോഗിക്കുന്നത്. 9 മീറ്റർ വീതിയുള്ള ബസാണ് വാങ്ങുന്നത്. ഇതിന്റെ ടെൻഡർ നടപടികൾ അവസാന ഘട്ടത്തിലാണ്. നഗരത്തിലെ ഡീസൽ ബസുകൾ ഘട്ടംഘട്ടമായി പിൻവലിച്ച് പകരം സിഎൻജി ബസുകളും ഇലക്ട്രിക് ബസുകളുമാക്കാനാണ് തീരുമാനം.

എൽഡിഎഫ് സർക്കാരിന്റെ ആദ്യ ബഡ്ജറ്റ് പ്രഖ്യാപനമാണ് കെ.എസ്.ആർ.ടി.സിയുടെ മൂവായിരം ബസ് സി.എൻ.ജിയിലേക്ക് മാറ്റുമെന്നത്. 300 കോടിയാണ് പദ്ധതിയുടെ ആകെ ചെലവ്. നടപ്പ് സാമ്പത്തിക വർഷം 100 കോടിയാണ് പദ്ധതിയ്ക്ക് വേണ്ടി സർക്കാർ അനുവദിച്ചത്. ഇന്ത്യൻ ഓയിൽ കോർപറേഷന്റെയും സിയാലിന്റെയും സഹായത്തോടെ പത്ത് ഹൈഡ്രജൻ ബസ് വാങ്ങുന്നതിനുള്ള നടപടിയും പുരോഗമിക്കുകയാണ്.

കണ്ണൂർ: കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രന് വധഭീഷണി. മാവോയിസ്റ്റുകളാണ് ഗോപിനാഥ് രവീന്ദ്രനെതിരെ വധഭീഷണി മുഴക്കിയത്.

കബനീ ദളമെന്ന പേരിൽ തപാൽ വഴി എത്തിയ കത്തിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഗോപിനാഥ് രവീന്ദ്രനെതിരെ അതിരൂക്ഷമായ പരാമർശങ്ങളാണ് കത്തിലുള്ളത്. ഗോപിനാഥ് രവീന്ദ്രന്റെ ശിരസ് വെട്ടി കണ്ണൂർ സർവകലാശാലയുടെ വളപ്പിൽ വയ്ക്കുമെന്നാണ് ഭീഷണി സന്ദേശം.

മലയാള വിഭാഗം അസോസിയേറ്റ് പ്രൊഫസറായി പ്രിയ വർഗീസിന് വഴിവിട്ട നിയമനം നൽകിയാൽ കനത്ത പ്രത്യാഘാതമുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. കണ്ണൂർ സിവിൽ സ്റ്റേഷൻ പരിസരത്തുള്ള പോസ്റ്റ് ബോക്‌സിൽ നിന്നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

ന്യൂഡൽഹി: ഇന്ത്യൻ പൗരത്വം ലഭിക്കാനായി അപേക്ഷ നൽകി കാത്തിരിക്കുന്നവരിൽ 70 ശതമാനവും പാകിസ്താനികൾ. കേന്ദ്രസർക്കാരാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2021 ഡിസംബർ 14 വരെയുള്ള കണക്കുപ്രകാരം പാകിസ്താനിൽ നിന്നുള്ള 7306 അപേക്ഷകൾ തീർപ്പുകൽപ്പിക്കാനായി അവശേഷിക്കുന്നുണ്ടെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.

10,635 അപേക്ഷകളാണ് ഇന്ത്യൻ പൗരത്വം ലഭിക്കാനായി കേന്ദ്രസർക്കാരിന് മുന്നിൽ സമർപ്പിച്ചിരിക്കുന്നത്. അഫ്ഗാനിസ്താനിൽ നിന്നും 1152 അപേക്ഷകളും ശ്രീലങ്കയിൽ നിന്നും 223 അപേക്ഷകളും അമേരിക്കയിൽ നിന്നും 223 അപേക്ഷകളും തീർപ്പുകൽപ്പിക്കാനുണ്ട്. നേപ്പാളിൽ നിന്നുള്ള 89 അപേക്ഷകളും ബംഗ്ലാദേശിൽ നിന്നുള്ള 161 അപേക്ഷകളും തീർപ്പുകൽപ്പിക്കാനുണ്ടെന്ന് കേന്ദ്രസഹമന്ത്രി നിത്യാനന്ദ് റായ് അറിയിച്ചു. ചൈനയിൽ നിന്ന് 10 അപേക്ഷകളാണ് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വിശദമാക്കി.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനാണ് ഇന്ത്യൻ പൗരത്വം നൽകാനുള്ള അധികാരമുള്ളത്. അപേക്ഷകളിൽ വിശദമായ അന്വേഷണവും സൂക്ഷ്മ പരിശോധനയും നടത്തിയ ശേഷം മാത്രമെ മന്ത്രാലയം പൗരത്വം അനുവദിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കൂ. 2018 മുതൽ 2021 വരെയുള്ള കാലയളവിൽ പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നീ രാജ്യങ്ങളിലെ ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള 3117 പേർക്കാണ് ഇന്ത്യൻ പൗരത്വം നൽകിയത്.

കൊച്ചി: കേരള ബാർ കൗൺസിൽ അഴിമതിയിൽ സിബിഐ അന്വേഷണത്തിന് ഉത്തരവ്. ഹൈക്കോടതിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. തലശ്ശേരി ബാർ അസോസിയേഷൻ പ്രസിഡന്റായിരുന്ന സിജി അരുൺ നൽകിയ ഹർജിയിൽ കോടതിയുടെ ഉത്തരവ്. നിലവിൽ വിജിലൻസ് അന്വേഷണം നടത്തുന്ന കേസ് ഒരുമാസത്തിനകം സിബിഐയ്ക്ക് കൈമാറണമെന്നാണ് കോടതിയുടെ നിർദ്ദേശം.

അഡ്വക്കേറ്റ് ഫെൽഫെയർ ഫണ്ടിൽ 2009 മുതൽ 2013 വരെയുള്ള കാലയളവിനിടെ ഏഴര കോടി രൂപയുടെ ക്രമക്കേട് നടന്നുവെന്നാണ് ഹർജിയിലെ ആരോപണം. വ്യാജ അഡ്വക്കേറ്റ് വെൽഫെയർ സ്റ്റാമ്പ് അടിച്ച് അഴിമതി നടത്തിയെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. കേസിൽ വിജിലൻസ് അന്വേഷണം ഫലപ്രദമല്ലെന്നും കേസ് സിബിഐയ്ക്ക് കൈമാറണമെന്നുമാണ് ഹർജിയിൽ ഉന്നയിച്ചിരിക്കുന്ന മറ്റ് ആവശ്യങ്ങൾ.

കേസുമായി ബന്ധപ്പെട്ട് ബാർ കൗൺസിലിലെ അക്കൗണ്ടന്റ് ചന്ദ്രൻ, സാബു സക്കറിയ, തമിഴ്‌നാട് സ്വദേശി മുത്തു തുടങ്ങിയവർ നേരത്തെ അറസ്റ്റിലായിരുന്നു.