General (Page 1,279)

കൊച്ചി: കുർബാന പരിഷ്‌ക്കരണത്തിൽ പ്രതിഷേധവുമായി എറണാകുളം അങ്കമാലി അതിരൂപത. ക്രിസ്മസ് ദിനത്തിലും പ്രതിഷേധവുമായി മുന്നോട്ടു പോകുകയാണ് എറണാകുളം അങ്കമാലി അതിരൂപത. സിനഡ് നടപടി തിരുത്തണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം വൈദികരും വിശ്വാസികളും ബിഷപ് ഹൗസിൽ ഉപവാസ പ്രാർത്ഥന നടത്തി.

നിധി പോലെ സൂക്ഷിക്കുന്ന അനുഷ്ഠാനങ്ങൾ ഇല്ലാതാക്കാനുള്ള ശ്രമം പുതിയ പരിഷ്‌കാരത്തിന് പിന്നിലുണ്ടെന്നാണ് വൈദികരുടെ ആരോപണം. അതിരൂപത സംരക്ഷണ സമിതിയാണ് എറണാകുളം ബിഷപ് ഹൗസിന് മുന്നിൽ ഉപവാസവും പ്രാർത്ഥനയും നടത്തിയത്. സിനഡിനെതിരെ സമരം ചെയ്യുന്ന വൈദികർക്ക് പിന്തുണ നൽകി വിശ്വാസികളും രംഗത്തെത്തിയിട്ടുണ്ട്.

ക്രിസ്മസ് ദിനത്തിൽ കുർബാനയ്ക്ക് ബിഷപ്പുമാർക്ക് അൾത്താരയഭിമുഖ കുർബാന നടത്താൻ സൗകര്യം ഒരുക്കണമെന്ന് നേരത്തെ കർദിനാൾ കത്ത് അയച്ചിരുന്നു. എന്നാൽ ജനാഭിമുഖ കുർബാന തന്നെ തുടരുമെന്നായിരുന്നു എറണാകുളം ബിഷപ്പ് മറുപടി നൽകിയത്. സമാധാനം ഇല്ലാതാക്കാൻ ശ്രമിക്കുന്നവർ ക്രിസ്തുവിന്റെ രക്ഷകരല്ലെന്നായിരുന്നു അദ്ദേഹം മറുപടി കത്തിൽ വ്യക്തമാക്കിയിരുന്നത്.

തിരുവനന്തപുരം: ഒളിംപിക് അസോസിയേഷന് വേണ്ടിയുള്ള സംസ്ഥാന സർക്കാർ ഉത്തരവ് വിവാദത്തിൽ. ഫെബ്രുവരിയിൽ സംഘടിപ്പിക്കുന്ന ഒളിമ്പിക് ഗെയിംസിന് തദ്ദേശ സ്ഥാപനങ്ങൾ പണം നൽകണമെന്ന സർക്കാരിന്റെ ഉത്തരവാണ് വിവാദത്തിലായത്. ഒളിമ്പിക് അസോസിയേഷന് മൂന്നു ലക്ഷം രൂപ മുതൽ 50000 രൂപ വരെ നൽകണമെന്ന് ഉത്തരവ്.

മൂന്ന് ലക്ഷം രൂപ നൽകണമെന്നാണ് തിരുവനന്തപുരം കോർപ്പറേഷന് സർക്കാർ നൽകിയിരിക്കുന്ന നിർദ്ദേശം. 3 ലക്ഷം രൂപയാണ് മറ്റ് കോർപ്പറേഷനുകൾ നൽകേണ്ടത്. ഒരു അസോസിയേഷനു വേണ്ടി സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് ചട്ടവിരുദ്ധമാണെന്ന ആക്ഷേപം ഉയരുന്നുണ്ട്. സ്‌പോർട്‌സ് കൗൺസിലിന് സമാന്തരമായാണ് ഒളിംപിക് അസോസിയേഷൻ കായിക മേള സംഘടിപ്പിക്കുന്നത്.

കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് തദ്ദേശ സ്ഥാപനങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോഴാണ് നിർബന്ധിത പിരിവിനായി സർക്കാർ ഉത്തരവിട്ടിരിക്കുന്നത്. ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് നൽകിയ അപേക്ഷയിലാണ് തദ്ദേശ – എക്‌സൈസ് വകുപ്പ് മന്ത്രി നിർബന്ധിത പിരിവിനായി ഉത്തരവ് പുറപ്പെടുവിച്ചത്.

ന്യൂഡൽഹി: അതിവേഗ മാറ്റത്തിന് തയ്യാറെടുത്ത് ഇന്ത്യൻ റെയിൽവേ. ആഗോളതലത്തിൽ വേഗതയുടെ മറുരൂപമായ ഹൈപ്പർലൂപ്പിലേക്കും ഹൈഡ്രജൻ ഇന്ധനത്തിലേക്കുമാണ് ഇന്ത്യൻ റെയിൽവേ ചുവടുമാറ്റാനൊരുങ്ങുന്നത്. അതിവേഗ റെയിൽവേ സംവിധാനത്തിന്റെ ഭാഗമായി നിലവിൽ മഹാനഗരങ്ങളെ ബന്ധിപ്പിക്കുന്നത് സൂപ്പർ എക്സ്പ്രസ്സുകളാണ്. ഇതിന് സമാന്തരമായി പരീക്ഷണാടിസ്ഥാനത്തിൽ ഹൈപ്പർലൂപ്പ് കൊണ്ടുവരാനാണ് റെയിൽവേ പദ്ധതിയിടുന്നത്.

കേന്ദ്ര സർക്കാർ ഹൈപ്പർലൂപ്പിന് അംഗീകാരം നൽകിയിട്ടുണ്ട്. ഹൈപ്പർലൂപ്പ് കൊണ്ടുവരുന്നതിന്റെ ഭാഗമായി ഡീസൽ എഞ്ചിനുകളും ഉരുക്കു കൊണ്ടുള്ള റെയിൽവേ ബോഗികളിലും മാറ്റം വരുത്തും. ബോഗികളുടെ ഭാരം കുറച്ച് പരമാവധി വേഗം കൈവരിക്കാനും ഇന്ധനക്ഷമത കൂട്ടാനുമാണ് ആദ്യ ഘട്ടത്തിൽ പദ്ധതിയിടുന്നത്.

ഉരുക്കിന് പകരം ഭാരംകുറഞ്ഞ അലൂമിനിയവും ബോഗികളുടെ നിർമ്മാണത്തിന് ഉപയോഗിക്കുമെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു. നിലവിലെ ഡീസൽ എഞ്ചിനുകളെല്ലാം ഹൈഡ്രജനിലേക്ക് മാറ്റാനുള്ള തയ്യാറെടുപ്പുകളും ഉടൻ ആരംഭിക്കും.

ആലപ്പുഴ: ആലപ്പുഴയിൽ ബിജെപി പ്രവർത്തകൻ രഞ്ജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നിർണായക തെളിവുകൾ ലഭിച്ചതായി പോലീസ്. പ്രതികൾ കൊലപാതകത്തിനായി ഉപയോഗിച്ച ആയുധങ്ങൾ കണ്ടെടുക്കാനുള്ള ശ്രമം നടത്തി വരികയാണെന്ന് എഡിജിപി വിജയ് സാഖറെ അറിയിച്ചു. പ്രതികൾ കേരളം വിട്ടതായാണ് സൂചനയെന്നും അതിനാൽ സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രതികൾ കേരളം വിട്ടതായുള്ള സൂചനകളെ തുടർന്ന് കർണ്ണാടകത്തിലക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഒളിവിൽ കഴിയുന്ന പ്രതികൾക്ക് സംസ്ഥാനത്തിന് പുറത്തു നിന്നുള്ള സഹായങ്ങളും ലഭിച്ചിട്ടുണ്ട്. ഇവർ ഇപ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നില്ലെന്നും അദ്ദേഹം വിശദമാക്കി. കൊലപാതകം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടിട്ടും കേസന്വേഷണം മുന്നോട്ട് പോകാത്തതിനാലും പ്രതികളെ പിടികൂടാൻ കഴിയാത്തതിലും പോലീസിനെതിരെ വിമർശനങ്ങൾ ശക്തമാകുന്നുണ്ട്.

പ്രതികലെ പിടികൂടാൻ കഴിയാത്തത് സംസ്ഥാന സർക്കാരിന്റെ വീഴ്ച കാരണമാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ ആരോപിക്കുന്നത്. സിപിഎമ്മും എസ്ഡിപിഐയും തമ്മിലുള്ള ബന്ധം പ്രതികളെ സഹായിക്കുന്നതിലേക്ക് സർക്കാരിനെ നയിക്കുകയാണ്. കേസ് അന്വേഷണത്തിൽ സർക്കാരിനെ എസ്ഡിപിഐ സ്വാധീനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

COVID

ന്യൂഡൽഹി: ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് നിയന്ത്രണങ്ങൾ കർശനമാക്കുന്നു. ഡൽഹിയിൽ ഉൾപ്പടെ പല സംസ്ഥാനങ്ങളിലും ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തി. രാത്രികാല കർഫ്യു ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് പല സംസ്ഥാനങ്ങളും. മഹാരാഷ്ട്ര, ഒഡിഷ, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇതിനോടകം രാത്രി കർഫ്യു പുനഃസ്ഥാപിച്ചിട്ടുണ്ട്.

ആറ് മാസത്തിനിടെയുണ്ടായ ഏറ്റവും വലിയ വർധനവാണ് ഡൽഹിയിൽ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ഡൽഹിയുടെ സമീപ പ്രദേശങ്ങളിലും രാത്രി കർഫ്യു പുനസ്ഥാപിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. രാജ്യത്ത് ഒമിക്രോൺ വ്യാപനം വർധിക്കുന്നുവെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്.

അതേസമയം ക്രിസ്മസ്-പുതുവത്സരവുമായി ബന്ധപ്പെട്ട തിരക്കുകൾക്ക് കടുത്ത നിയന്ത്രണമേർപ്പെടുത്താനുള്ള നീക്കത്തിലാണ് ഡൽഹി സർക്കാർ. രാജ്യത്തെ വിവിധ നഗരങ്ങളിലും നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്. മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിൽ വാക്സിനെടുക്കാത്ത ആരെയും നഗരത്തിനുള്ളിലേക്ക് പ്രവേശനം അനുവദിക്കില്ല. ഉത്തർപ്രദേശിൽ പൊതുപരിപാടികൾക്കും വിവാഹങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോൺ രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ ആശുപത്രികളിൽ പോകാതെ ഗുണനിലവാരമുള്ള ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കുന്നതിന് ഇ സഞ്ജീവനി ശക്തിപ്പെടുത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. 47 സ്പെഷ്യാലിറ്റി ഒപികളാണ് ഇ സഞ്ജീവനിയിലുള്ളതെന്ന് മന്ത്രി പറഞ്ഞു. പുതിയ സാഹചര്യത്തിൽ കൂടുതൽ വിദഗ്ധ ഡോക്ടർമാരുടെ സേവനങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. ആകെ 5800 ഓളം ഡോക്ടർമാരാണ് ഇ സഞ്ജീവനി വഴി സേവനം നൽകുന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന കോവിഡ് ഒപിയിൽ ഒമിക്രോൺ സേവനങ്ങളും ലഭ്യമാണ്. കോവിഡ് രോഗ ലക്ഷണമുള്ളവർക്കും ക്വാറന്റൈനിലും സ്വയം നിരീക്ഷണത്തിലും കഴിയുന്നവർക്കും ഈ സേവനം തേടാവുന്നതാണെന്ന് മന്ത്രി അറിയിച്ചു.

ഒമിക്രോൺ ഒരാൾക്ക് വന്നാൽ മറ്റുള്ളവരിലേക്കും അവരുടെ കുടുംബത്തിലേക്കും അത് വളരെ വേഗത്തിൽ വ്യാപിക്കും. അതിനാൽ എല്ലാവരും വളരെയേറെ ശ്രദ്ധിക്കണം. ആശുപത്രികളിൽ കോവിഡ് മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കണം. ആശുപത്രികളിൽ പോകുന്നവർ എൻ 95 മാസ്‌കുകൾ ധരിക്കേണ്ടതാണ്. ഒരിക്കലും മാസ്‌ക് താഴ്ത്തി സംസാരിക്കരുതെന്ന് മന്ത്രി നിർദ്ദേശിച്ചു.

പുതുതായി രോഗം വരുന്നവർക്കും തുടർ ചികിത്സയ്ക്കുമെല്ലാം ഇ സഞ്ജീവനി വഴി ചികിത്സ തേടാവുന്നതാണ്. സാധാരണ ഒപിക്ക് പുറമേ എല്ലാ ദിവസവും സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്. ഗൃഹ സന്ദർശനം നടത്തുന്ന പാലിയേറ്റീവ് കെയർ സ്റ്റാഫ്, ആശവർക്കർമാർ, സ്റ്റാഫ് നഴ്സുമാർ, ജെ.എച്ച്.ഐ, ജെ.പി.എച്ച്.എൻ. എന്നിവർക്കും ഇസഞ്ജീവനി വഴി ഡോക്ടർമാരുടെ സേവനം തേടാവുന്നതാണ്. ഡോക്ടർ ടു ഡോക്ടർ സേവനങ്ങൾ ഉപയോഗപ്പെടുത്തിയും ജില്ലാ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലേക്കുമുള്ള യാത്ര ഒഴിവാക്കുന്നതാണ്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും എൻസിഡി ക്ലിനിക്കുകളിലും എത്തുന്ന രോഗികൾക്ക് വിദഗ്ധ ചികിത്സയ്ക്ക് ജില്ലാ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും പോകാതെ ഈ കേന്ദ്രങ്ങളിൽ ഇരിന്നുകൊണ്ട് തന്നെ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം ലഭ്യമാക്കാൻ സാധിക്കും. ഇ സഞ്ജീവനിയിലൂടെ സൗകര്യപ്രദമായ സമയത്ത് സൗജന്യ ചികിത്സ തേടാവുന്നതാണ്. ഇ സഞ്ജീവനിയിലൂടെ ലഭിക്കുന്ന കുറിപ്പടി തൊട്ടടുത്ത സർക്കാർ ആശുപത്രിയിൽ കാണിച്ചാൽ ലഭ്യമായ മരുന്നുകളും പരിശോധനകളും സൗജന്യമായി ലഭിക്കുമെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.

എങ്ങനെ വീട്ടിലിരുന്ന് ഡോക്ടറെ കാണാം?

ആദ്യമായി https://esanjeevaniopd.in എന്ന വെബ് സൈറ്റ് സന്ദർശിക്കുകയോ ഇ-സഞ്ജീവനി ആപ്ലിക്കേഷൻ https://play.google.com/store/apps/details… മൊബൈലിൽ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുകയോ ചെയ്യാവുന്നതാണ്.

ആ വ്യക്തി ഉപയോഗിക്കുന്ന മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക.

തുടർന്ന് ലഭിക്കുന്ന ഒടിപി നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം പേഷ്യന്റ് ക്യൂവിൽ പ്രവേശിക്കാം.

വീഡിയോ കോൺഫറൻസ് വഴി ഡോക്ടറോട് നേരിട്ട് രോഗ വിവരത്തെപ്പറ്റി സംസാരിക്കാവുന്നതാണ്. ഓൺലൈൻ കൺസൾട്ടേഷന് ശേഷം മരുന്ന് കുറിപ്പടി ഉടൻ തന്നെ ഡൗൺലോഡ് ചെയ്യാം.

സംശയങ്ങൾക്ക് ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളിൽ വിളിക്കാവുന്നതാണ്.

ന്യൂഡൽഹി: ദൂരദർശനടക്കമുള്ള പ്രസാർ ഭാരതിയുടെ എല്ലാ യുട്യൂബ് ചാനലുകൾക്കും ഏറ്റവുമധികം വ്യൂവർഷിപ്പ് ലഭിക്കുന്നത് പാകിസ്താനിൽ നിന്നും. ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അമേരിക്ക, സൗദി അറേബ്യ, ബംഗ്ലാദേശ്, യുഎഇ എന്നിവിടങ്ങളിൽ നിന്നും പ്രസാർ ഭാരതിയുടെ യൂട്യൂബ് ചാനലുകൾക്ക് കാഴ്ച്ചക്കാരുണ്ട്.

2018 നും 2020 നും ഇടയിലായി കാഴ്ചക്കാരുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടായിട്ടുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് വൈറസ് വ്യാപനത്തിന്റെ സമയത്ത് നേപ്പാളിൽ നിന്നുള്ള കാഴ്ചക്കാരുടെ എണ്ണത്തിലും വർധനവുണ്ടായി. 2018 ൽ പാകിസ്താനിൽ നിന്ന് 64 ലക്ഷത്തിലധികം പേർ പ്രസാർ ഭാരതിയുടെ യൂട്യൂബ് ചാനലുകൾ കണ്ടു. 2020 ൽ ഇത് 1.33 കോടിയായി വർധിച്ചു. നവംബർ 30 വരെയുള്ള കണക്കുകൾ വച്ചാണ് പ്രസാർ ഭാരതിയുടെ യുട്യൂബ് ചാനലുകൾക്ക് ഏറ്റവും കൂടുതൽ വ്യൂസ് കിട്ടുന്ന വിദേശരാജ്യം പാകിസ്താനാണെന്ന വിലയിരുത്തലിൽ എത്തിയത്.

170 ൽ അധികം യൂട്യൂബ് ചാനലുകളാണ് പ്രസാർ ഭാരതിയ്ക്ക് കീഴിൽ ആൾ ഇന്ത്യാ റേഡിയോയുടെയും ദൂരദർശൻ നെറ്റ്‌വർക്കിന്റെയും കീഴിലുള്ളത്.

ആലപ്പുഴ: ആലപ്പുഴയിൽ കൊല്ലപ്പെട്ട ബിജെപി ഒ ബി സി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസന്റെ വീട് സന്ദർശിച്ച് സുരേഷ് ഗോപി എംപി. രാഷ്ട്രീയ കൊലപാതകം അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനുവേണ്ടി ആരുടേയും കാലുപിടിക്കാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

രാഷ്ട്രീയ കൊലപാതകങ്ങൾ രാജ്യത്തിന്റെ വളർച്ചയെ വരെ ബാധിക്കുന്നു. വളർന്നു വരുന്ന കുഞ്ഞുങ്ങളുടെ മനസിൽ കളങ്കമായി, അവരെ ഒരു മോശപ്പെട്ട സംസ്‌കാരത്തിലേക്ക് വലിച്ചിഴക്കുന്ന തരത്തിലുള്ളതാണ് കൊലപാതകങ്ങളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏത് മതമായാലും, രാഷ്ട്രീയമായാലും ഓരോ കൊലപാതകവും അതത് പ്രദേശത്തിന്റെ സമാധാനമാണ് തകർക്കുന്നതെന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് രഞ്ജിത്ത് ശ്രീനിവാസൻ കൊല്ലപ്പെട്ടത്. എസ്ഡിപിഐ പ്രവർത്തകരാണ് കൊലപാതകത്തിന് പിന്നിൽ. എസ് ഡി പി ഐ നേതാവ് ഷാനിന്റെ കൊലപാതകത്തിന് പിന്നാലെയാണ് രഞ്ജിത്തിന് നേരെ ആക്രമണം ഉണ്ടായത്. അക്രമി സംഘം വീട്ടിൽക്കയറിയാണ് രഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്.

കൊച്ചി: പി വി അൻവർ എംഎൽഎയ്ക്ക് തിരിച്ചടി. അൻവറിന്റെ കൈവശമുള്ള മിച്ചഭൂമി തിരിച്ചുപിടിക്കാനുള്ള നടപടി ഉടൻ പൂർത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഭൂമി തിരിച്ചുപിടിക്കാൻ സാവകാശം ആവശ്യപ്പെട്ട് താമരശ്ശേരി ലാൻഡ് ബോർഡ് ചെയർമാൻ നൽകിയ ഹർജി ഹൈക്കോടതി തള്ളി.

ഭൂപരിഷ്‌കരണ നിയമം ലംഘിച്ച് പിവി അൻവറും കുടുംബവും കൈവശം വച്ചിരിക്കുന്ന ഭൂമി തിരിച്ചുപിടിക്കണമെന്ന മാർച്ച് 24 ലെ ഉത്തരവിൽ സ്വീകരിച്ച നടപടികൾ സംബന്ധിച്ച കാര്യങ്ങൾ അറിയിക്കാൻ നേരത്തെ ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് നിർദേശിച്ചിരുന്നു.

ആറ് മാസത്തിനകം ഭൂമി തിരിച്ചുപിടിക്കണമെന്ന ഉത്തരവ് നടപ്പാക്കിയില്ലെന്ന് ആരോപിച്ചുള്ള കോടതിയലക്ഷ്യ ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ നടപടി. കേസിൽ ഇനിയും സാവകാശം നൽകാൻ സാധിക്കില്ലെന്നും ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ എത്ര സമയമെടുക്കുമെന്ന് അറിയിക്കണമെന്നും കോടതി നിർദ്ദേശിച്ചു.

ന്യൂഡൽഹി: പഞ്ചാബിലെ ലുധിയാന കോടതിയിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തൽ. ആക്രമണത്തിന് പിന്നിൽ മുൻ പൊലീസ് ഉദ്യോഗസ്ഥനാണെന്ന് അന്വേഷണ സംഘം അറിയിച്ചു. സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട പൊലീസ് മുൻ ഹെഡ് കോൺസ്റ്റബിൾ ഗഗൻ ദീപ് സിംഗാണ് ആക്രമണം നടത്തിയതെന്നും പോലീസ് വ്യക്തമാക്കുന്നു.

സ്‌ഫോടനത്തിൽ ഗഗൻ ദീപ് സിംഗിന്റെ ശരീരം തിരിച്ചറിയാത്ത വിധം ചിതറിപ്പോയിരുന്നു. സ്ഥലത്ത് നിന്ന് ലഭിച്ച തകർന്ന ഫോണും സിം കാർഡുമാണ് ഗഗൻ സിംഗിന്റെ മൃതദേഹം തിരിച്ചറിയാൻ സഹായിച്ചത്. ഗഗൻ സിംഗിന് ഏതെങ്കിലും ഭീകരസംഘടനകളുമായി ബന്ധമുണ്ടോയെന്ന കാര്യം വ്യക്തമല്ല. 2019 ൽ ഗഗൻ സിംഗിനെ പോലീസ് സർവീസിൽ നിന്ന് പിരിച്ച് വിട്ടിരുന്നു. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കേസിൽ ഇയാൾ രണ്ടു വർഷം ജയിൽ ശിക്ഷയും അനുഭവിച്ചിരുന്നു.

അതേസമയം ഗഗൻ ദീപ് സിംഗുമായി ബന്ധപ്പെട്ട എട്ട് പേരെ പൊലീസ് ചോദ്യം ചെയ്തു. ലുധിയാന സ്‌ഫോടനത്തിന് പിന്നാലെ എൻഐഎ, എൻഎസ്ജി സംഘങ്ങൾ സ്ഥലം സന്ദർശിച്ച് തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. സ്‌ഫോടനത്തിൽ ഭീകര സംഘടനകളുടെ പങ്ക് തള്ളാനാവില്ലെന്നാണ്അന്വേഷണ ഏജമൻസികളുടെ നിലപാട്. മാരകമായ സ്‌ഫോടന വസ്തുവാണ് ആക്രമണത്തിന് ഉപയോഗിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് ജില്ലാ കോടതി കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ശുചിമുറിക്ക് സമീപം സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിൽ ഒരാൾ കൊല്ലപ്പെടുകയും അഞ്ചു പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടയാളാണ് കോടതി സമുച്ചയത്തിൽ ബോംബ് സ്ഥാപിച്ചതെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു.