പി വി അൻവർ എംഎൽഎയ്ക്ക് തിരിച്ചടി; മിച്ചഭൂമി തിരിച്ചുപിടിക്കാനുള്ള നടപടി ഉടൻ പൂർത്തിയാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: പി വി അൻവർ എംഎൽഎയ്ക്ക് തിരിച്ചടി. അൻവറിന്റെ കൈവശമുള്ള മിച്ചഭൂമി തിരിച്ചുപിടിക്കാനുള്ള നടപടി ഉടൻ പൂർത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഭൂമി തിരിച്ചുപിടിക്കാൻ സാവകാശം ആവശ്യപ്പെട്ട് താമരശ്ശേരി ലാൻഡ് ബോർഡ് ചെയർമാൻ നൽകിയ ഹർജി ഹൈക്കോടതി തള്ളി.

ഭൂപരിഷ്‌കരണ നിയമം ലംഘിച്ച് പിവി അൻവറും കുടുംബവും കൈവശം വച്ചിരിക്കുന്ന ഭൂമി തിരിച്ചുപിടിക്കണമെന്ന മാർച്ച് 24 ലെ ഉത്തരവിൽ സ്വീകരിച്ച നടപടികൾ സംബന്ധിച്ച കാര്യങ്ങൾ അറിയിക്കാൻ നേരത്തെ ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് നിർദേശിച്ചിരുന്നു.

ആറ് മാസത്തിനകം ഭൂമി തിരിച്ചുപിടിക്കണമെന്ന ഉത്തരവ് നടപ്പാക്കിയില്ലെന്ന് ആരോപിച്ചുള്ള കോടതിയലക്ഷ്യ ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ നടപടി. കേസിൽ ഇനിയും സാവകാശം നൽകാൻ സാധിക്കില്ലെന്നും ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ എത്ര സമയമെടുക്കുമെന്ന് അറിയിക്കണമെന്നും കോടതി നിർദ്ദേശിച്ചു.