General (Page 1,278)

k rail

തിരുവനന്തപുരം: കെ റെയിൽ പദ്ധതിയുമായി എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുമ്പോഴും ഇടതു ചേരിയിൽ ഭിന്നത രൂക്ഷമാകുന്നു. ജനങ്ങളുമായി ചർച്ചചെയ്യാതെ മുന്നോട്ട് പോകുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ വിമർശനം. കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് ഇടത് സംഘടനയായ ശാസ്ത്ര സാഹിത്യ പരിഷത്ത് ഉയർത്തുന്ന വിയോജിപ്പുകൾ പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അറിയിച്ചു.

ജനാധിപത്യ വിരുദ്ധമായി കേരളത്തിൽ അങ്ങോളമിങ്ങോളം കല്ലുകൾ നാട്ടി അതിർത്തി നിർണയിക്കുന്ന പ്രവർത്തനങ്ങളിൽ നിന്ന് കെ.റെയിൽ അധികാരികളും കേരള സർക്കാറും പിൻവാങ്ങണമെന്നും പരിഷത്ത് പ്രസിഡന്റ് ഒ.എം. ശങ്കരൻ, ജനറൽ സെക്രട്ടറി പി.ഗോപകുമാർ എന്നിവർ അറിയിച്ചു. എൽ.ഡി.എഫ് സർക്കാർ അഭിമാന പദ്ധതിയായി കണക്കാക്കുന്ന കെ. റെയിലിനെതിരെ നിലപാട് കർക്കശമാക്കിയാണ് ഇടത് അനുകൂല ജനകീയ ശാസ്ത്ര സംഘടനയായ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് രംഗത്ത് വന്നത് റെയിൽവേ ലൈനിന്റെ അലൈന്മെന്റ് കൃത്യമായി നിർണയിക്കുകയോ പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ട്, പാരിസ്ഥിതിക ആഘാത പഠനം, സാമൂഹിക ആഘാത പഠനം തുടങ്ങിയവ ജനങ്ങൾക്കിടയിൽ ചർച്ച നടത്തുകയോ ചെയ്തിട്ടില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

വിദേശ ഫണ്ടിങ് ഏജൻസികളിൽ നിന്ന് വായ്പ ലഭിക്കാനാണ് തിരക്കിട്ട് അതിർത്തി നിർണയിക്കുന്നതെന്ന കെ. റെയിൽ അധികാരികളുടെ വിശദീകരണം പ്രതിഷേധാർഹമാണ്. എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊള്ളുന്നതും സാമൂഹിക നീതിക്ക് ഊന്നൽ നൽകുന്നതുമാണ് കേരളം അനുവർത്തിച്ചു വരുന്ന വികസന സമീപനം. ഈ സമീപനത്തെയാണ് കേരള വികസന മാതൃകയായി കണക്കാക്കുന്നത്. ഇതിനകം ലഭ്യമായ വസ്തുതകളും വിവരങ്ങളും വെച്ച് പരിശോധിക്കുമ്പോൾ കേരള വികസനത്തിനായിട്ടുള്ള പ്രവർത്തനങ്ങളിൽ ഇപ്പോൾ മുൻഗണന നൽകേണ്ട പദ്ധതിയല്ല കെ.റെയിലെന്നും പരിഷത്ത് ചൂണ്ടിക്കാട്ടുന്നു.

ന്യൂഡൽഹി : ഭാരത് ബയോടെക് വികസിപ്പിച്ച കുട്ടികൾക്കുള്ള കൊവിഡ് പ്രതിരോധ വാക്‌സിന് അനുമതി നൽകി ഡ്രഗ്‌സ് കൺട്രോളർ ജനറൽ. 12 നും 18നും ഇടയിൽ പ്രായമുള്ളവർക്ക് കൊവാക്‌സിന്റെ അടിയന്തര ഉപയോഗത്തിനാണ് ഡി.സി.ജി.ഐ അനുമതി നൽകിയത്. 12 വയസിന് താഴെ പ്രായമുള്ളവർക്ക് വാക്‌സിൻ നൽകാൻ അനുമതിയില്ല. കൊവാക്‌സിൻ രണ്ട് ഡോസാണ് സ്വീകരിക്കേണ്ടത്.

രാജ്യത്ത് കുട്ടികളിൽ ഉപയോഗിക്കാൻ അനുമതി ലഭിക്കുന്ന രണ്ടാമത്തെ വാക്‌സിനാണ് കൊവാക്‌സിൻ. സൈഡസ് കാഡില്ലയുടെ സൈക്കോവ് ഡി കുട്ടികളിൽ ഉപയോഗിക്കാൻ അനുമതി നൽകിയിരുന്നു. സൈക്കോവ് വാക്‌സിൻ മൂന്ന് ഡോസ് എടുക്കണം.

ന്യൂഡൽഹി: റദ്ദാക്കിയ കാർഷിക നിയമങ്ങൾ വീണ്ടും കൊണ്ടുവരുമെന്ന സൂചന കേന്ദ്രകൃഷി മന്ത്രി നൽകിയതിനെതിരെ വിമർശനവുമായി കോൺഗ്രസ്. കാർഷിക നിയമങ്ങൾ നല്ലതായിരുന്നു എങ്കിൽ മാപ്പുപറഞ്ഞ് പിൻവലിച്ചത് എന്തിനാണെന്നാണ് കോൺഗ്രസ് ചോദിക്കുന്നത്. കൃഷിമന്ത്രിയുടെ വാക്കുകൾ കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധത തെളിയിക്കുന്നതാണെന്ന് എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ കർഷകർ വീണ്ടും ആക്രമിക്കപ്പെടാൻ സാദ്ധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറാണ് കേന്ദ്രസർക്കാർ പിൻവലിച്ച മൂന്നു കാർഷിക നിയമങ്ങളും വീണ്ടും നടപ്പിലാക്കിയേക്കാമെന്ന സൂചനകൾ നൽകിയത്. സ്വാതന്ത്ര്യം ലഭിച്ച് 70 വർഷങ്ങൾക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ കാർഷിക നിയമങ്ങൾ വലിയ വിപ്ലവമായിരുന്നെന്ന് കൃഷിമന്ത്രി അഭിപ്രായപ്പെട്ടു. എന്നാൽ ചിലർക്ക് ആ നിയമങ്ങൾ ഇഷ്ടമായില്ല. എന്നാൽ സർക്കാരിന് അതിൽ നിരാശയില്ല. തങ്ങൾക്ക് ഒരു ചുവട് പിന്നോട്ടു വയ്ക്കേണ്ടി വന്നെങ്കിലും മുന്നോട്ട് പോകുക തന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. കർഷകരാണ് ഇന്ത്യയുടെ നട്ടെല്ലെന്നും തോമർ ചൂണ്ടിക്കാട്ടിയിരുന്നു.

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സ്വപ്‌ന പദ്ധതി കെ റെയിലിന് പിന്തുണ നൽകാൻ ഉപാധി മുന്നോട്ടുവെച്ച് സിപിഐ. പദ്ധതിയുടെ വിശദമായ രൂപരേഖ പുറത്തുവിടണമെന്ന് ആവശ്യപ്പെടാനാണ് സിപിഐയുടെ തീരുമാനം. ഇക്കാര്യം ഉഭയകക്ഷി ചർച്ചയിൽ സിപിഎമ്മിനെ അറിയിക്കുമെന്നും സിപിഐ വൃത്തങ്ങൾ വ്യക്തമാക്കുന്നു.

കഴിഞ്ഞയാഴ്ച ചേർന്ന സി.പി.ഐ സംസ്ഥാന കൗൺസിലിൽ കെ.റെയിലിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. മുൻമന്ത്രി വി.എസ് സുനിൽകുമാർ ഉൾപ്പടെയുള്ള ആളുകൾ പദ്ധതിക്കെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. തുടർന്നാണ് പദ്ധതിയെ പിന്തുണയ്ക്കാനായി ഉപാധിവെയ്ക്കാൻ സിപിഐ തീരുമാനിച്ചത്. അതേസമയം നേരത്തെ സി.പി.എം അനുകൂല സംഘടനയായിരുന്ന കേരള ശാസ്ത്ര സാഹിത്യ പരിഷത്തും ഡി.പി.ആർ പുറത്തുവിടണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

കെ റെയിലിന്റെ ഡിപിആർ പുറത്തുവിടാൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. ഡി.പി.ആർ ഒരു രഹസ്യ രേഖയാണെന്നും ഇത് പൊതുമണ്ഡലത്തിൽ വരുന്നത് പദ്ധതിയുടെ സുരക്ഷയെ ബാധിക്കുമെന്നുമാണ് കെ.റെയിൽ എം.ഡി ഉൾപ്പടെയുള്ളവരുടെ വിശദീകരണം.

ന്യൂഡൽഹി: കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ നിർണായക ചുവടുവെയ്പ്പുമായി രാജ്യം. 15 മുതൽ 18 വയസ് വരെയുള്ള കുട്ടികൾക്ക് ജനുവരി മൂന്ന് മുതൽ കോവിഡ് വാക്സിനേഷൻ നൽകാൻ ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം അറിയിച്ചത്.

ആരോഗ്യപ്രവർത്തവർക്കും 60 വയസ്സിന് മുകളിലുള്ള രോഗികളായവർക്കും ബൂസ്റ്റർ ഡോസ് വാക്സിൻ നൽകാനും തീരുമാനിച്ചു. ജനുവരി 10 മുതലാണ് ബൂസ്റ്റർ ഡോസ് വാക്സിൻ നൽകുക. 60 വയസ്സിന് മുകളിലുള്ളവർക്ക് ഡോക്ടർമാരുടെ കുറിപ്പടിയുടെ അടിസ്ഥാനത്തിലാകും ബൂസ്റ്റർ ഡോസ് നൽകുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

കോവിഡ് വൈറസിന്റെ വകഭേദമായ ഒമിക്രോണിനെതിരെ രാജ്യം ജാഗ്രത പാലിക്കേണ്ട സമയമാണിത്. ഒമിക്രോൺ വ്യാപനത്തെ തുടർന്ന് പല രാജ്യങ്ങളിലും രോഗബാധിതരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലും നിരവധി പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുണ്ട്. ജനങ്ങൾ പരിഭ്രാന്തരാകാതെ ജാഗരൂകരായിരിക്കാനും മാസ്‌കുകൾ പതിവായി ഉപയോഗിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. വ്യക്തിഗത തലത്തിൽ എല്ലാ മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കുന്നത് കോവിഡിനെ ചെറുക്കാനുള്ള മികച്ച ആയുധമാണെന്നും അദ്ദേഹം അറിയിച്ചു.

രാജ്യത്ത് 18 ലക്ഷം ഐസൊലേഷൻ ബെഡുകളും 5 ലക്ഷം ഓക്‌സിജൻ സപ്പോർട്ട് ചെയ്യുന്ന കിടക്കകളും 1.4 ലക്ഷം ഐസിയു ബെഡുകളും കുട്ടികൾക്കായി 90,000 പ്രത്യേക കിടക്കകളും ഉണ്ട്. നമുക്ക് 3,000-ത്തിലധികം പ്രവർത്തനക്ഷമമായ പിഎസ്എ ഓക്സിജൻ പ്ലാന്റുകൾ ഉണ്ട്. കൂടാതെ 4 ലക്ഷം സിലിണ്ടറുകൾ എല്ലാ സംസ്ഥാനങ്ങൾക്കും നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: രാജ്യത്ത് ഒറ്റ വോട്ടർ പട്ടിക എന്ന കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം നടപ്പാക്കാൻ പ്രായോഗിക തടസ്സങ്ങളുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കാൻ സാധ്യത. പാർലമെന്റ്, നിയമസഭ, തദ്ദേശഭരണ തിരഞ്ഞെടുപ്പുകൾക്ക് ഒറ്റവോട്ടർപട്ടിക എന്ന നിർദ്ദേശത്തിൽ രാഷ്ട്രീയ കക്ഷികൾക്കുള്ള നിലപാടിനെ കുറിച്ചും തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷിക്കുമെന്നാണ് വിവരം.

ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾക്കായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നിശ്ചയിക്കുന്ന വോട്ടർപ്പട്ടികയും തദ്ദേശ തിരഞ്ഞെടുപ്പിന് അതാത് സംസ്ഥാന കമ്മിഷനുകൾ നിശ്ചയിക്കുന്ന വോട്ടർപ്പട്ടികയുമാണ് നിലവിലുള്ളത്. രണ്ടിനും വോട്ടർപ്പട്ടിക തയ്യാറാക്കുന്ന രീതിയിലും വോട്ടർപ്പട്ടികയിലും വ്യത്യാസമുണ്ട്. ഒറ്റ വോട്ടർ പട്ടികയായി പുനഃക്രമീകരിക്കുമ്പോൾ, തദ്ദേശ വാർഡ് തലത്തിൽ ഇടയ്ക്കിടെയുണ്ടാകുന്ന ഉപതിരഞ്ഞെടുപ്പുകളിൽ സംസ്ഥാന കമ്മിഷന് വോട്ടർപ്പട്ടിക പുതുക്കൽ വെല്ലുവിളിയാകും.

ഒരു നിശ്ചിത വാർഡിലേക്ക് മാത്രമായി വോട്ടർപ്പട്ടിക പുതുക്കി നിശ്ചയിക്കുക അസാദ്ധ്യമാണ്. നിയമസഭാ മണ്ഡല തലത്തിലെ ബൂത്തടിസ്ഥാനത്തിലുള്ള വോട്ടർപ്പട്ടിക മാത്രമാകും പൊതുവായി നിലവിലുണ്ടാകുക എന്നിരിക്കെ, മൊത്തത്തിൽ വോട്ടർപ്പട്ടിക പുതുക്കി നിശ്ചയിക്കുകയെന്നത് അപ്രായോഗികമാണെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ എ. ഷാജഹാൻ അഭിപ്രായപ്പെട്ടു. പട്ടിക ക്രമീകരണം തീർത്തും വ്യത്യസ്തം തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടർ പട്ടിക ക്രമീകരിക്കുന്നത് ഓരോ വാർഡിലെയും ബൂത്തുകൾ കണക്കാക്കിയാണ്.

നിയമസഭാ മണ്ഡലത്തിനകത്ത് വരുന്ന നിശ്ചിതയെണ്ണം ബൂത്തുകൾ കണക്കാക്കി അതിന്റെ അടിസ്ഥാനത്തിലാണ് നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകൾക്ക് പട്ടിക ക്രമീകരിച്ചുവരുന്നത്. രണ്ടും രണ്ടുതരം ബൂത്തുകളാണ്. ഇതടക്കമുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്റെ ശ്രദ്ധയിൽപ്പെടുത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.

കണ്ണൂർ: പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്റെ വികസനത്തിനെതിരെയാണ് പ്രതിപക്ഷം നിൽക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എതിർപ്പുണ്ടെന്നു കരുതി കെ റെയിൽ പദ്ധതിയിൽ നിന്നു പിന്മാറില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. കണ്ണൂരിൽ സിപിഎം സമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം.

കെ റെയിൽ പദ്ധതി ഇപ്പോൾ വേണ്ട എന്നാണ് പ്രതിപക്ഷം പറയുന്നത്. ഇപ്പോൾ ഇല്ല എങ്കിൽ പിന്നെ എപ്പോൾ എന്നതാണ് ചോദ്യം. ഗെയിലും ദേശീയപാതയും നടപ്പാക്കിയില്ലേയെന്നും അദ്ദേഹം ചോദിക്കുന്നു. ഒരു നാടിനെ ഇന്നിൽ തളച്ചിടാൻ നോക്കരുത്. വരുന്ന തലമുറയുടെ ശാപം ഉണ്ടാക്കാൻ ഇടയാക്കരുത്. നമ്മുടെ ഇച്ഛാശക്തിക്ക് മുന്നിൽ മഹാമാരിക്ക് പോലും അടിയറവ് പറയേണ്ടി വന്നു. കെ റെയിൽ പദ്ധതിയുടെ എതിർപ്പിന്റെ അടിസ്ഥാനം എന്താണെന്നും അദ്ദേഹം ചോദിച്ചു. നിങ്ങളുള്ളപ്പോൾ വേണ്ട എന്നു മാത്രമാണ് യുഡിഎഫ് പറയുന്നതെന്നും അദ്ദേഹം അറിയിച്ചു.

മുസ്ലിം ലീഗ് സമൂഹത്തിൽ വർഗീയനിറം പകർത്താൻ നോക്കുകയാണ്. വഖഫ് വിഷയത്തിൽ ഈ നീക്കമാണു നടന്നതെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. ഒമിക്രോണിൽ നല്ല ജാഗ്രത കാണിക്കണം. വാക്‌സിനെടുക്കാത്തവർ എത്രയും വേഗം സ്വീകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ബിജെപിയെ നേരിടുന്നതിൽ പ്രാദേശിക പാർട്ടികളെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. അതിനൊപ്പം കമ്യൂണിസ്റ്റ് പാർട്ടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുംബൈ: കേന്ദ്രസർക്കാർ പിൻവലിച്ച മൂന്നു കാർഷിക നിയമങ്ങളും വീണ്ടും നടപ്പിലാക്കിയേക്കാമെന്ന് റിപ്പോർട്ട്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറാണ് ഇതുസംബന്ധിച്ച സൂചനകൾ നൽകിയത്. മഹാരാഷ്ട്രയിൽ നടന്ന ചടങ്ങിലാണ് മന്ത്രി ഇതുസംബന്ധിച്ച പരാമർശം നടത്തിയത്.

സ്വാതന്ത്ര്യം ലഭിച്ച് 70 വർഷങ്ങൾക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ കാർഷിക നിയമങ്ങൾ വലിയ വിപ്ലവമായിരുന്നെന്ന് കൃഷിമന്ത്രി അഭിപ്രായപ്പെട്ടു. എന്നാൽ ചിലർക്ക് ആ നിയമങ്ങൾ ഇഷ്ടമായില്ല. എന്നാൽ സർക്കാരിന് അതിൽ നിരാശയില്ല. തങ്ങൾക്ക് ഒരു ചുവട് പിന്നോട്ടു വയ്‌ക്കേണ്ടി വന്നെങ്കിലും മുന്നോട്ട് പോകുക തന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. കർഷകരാണ് ഇന്ത്യയുടെ നട്ടെല്ലെന്നും തോമർ ചൂണ്ടിക്കാട്ടി.

കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിന് രണ്ട് ദിവസം മുൻപായി എം പിമാർക്ക് നൽകിയ സർക്കാർ കുറിപ്പിൽ നിയമങ്ങളെ അനുകൂലിക്കുന്ന നിലപാടായിരുന്നു തോമറിന്റേത്. കർഷകരുടെ നില മെച്ചപ്പെടുത്തുന്നതിനായാണ് സർക്കാർ നിയമങ്ങൾ രൂപീകരിച്ചതെന്നും ഇവയുടെ ഗുണഫലങ്ങളെക്കുറിച്ച് കർഷകരെ ബോധ്യപ്പെടുത്താൻ പരമാവധി ശ്രമിച്ചുവെന്നുമായിരുന്നു അദ്ദേഹം അറിയിച്ചിരുന്നത്.

കോട്ടയം: ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രൺജിത്തിനെ കൊല ചെയ്ത പോപ്പുലർ ഫ്രണ്ട് കൊലയാളികളെ സംസ്ഥാനം വിടാൻ സഹായിച്ചത് പൊലീസാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കൊല നടന്ന ശേഷം രണ്ട് ദിവസം പ്രതികളെ പിടിക്കാൻ ഒരു നടപടിയുമെടുക്കാത്ത പൊലീസ് ഇപ്പോൾ പ്രതികൾ രക്ഷപ്പെട്ടെന്ന് പറഞ്ഞ് ഇരുട്ടിൽ തപ്പുകയാണെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ ഹൈവേകളിൽ പരിശോധനയുണ്ടാകുമെന്ന് നേരത്തെ പരസ്യം കൊടുത്ത് കൊലയാളികൾക്ക് രക്ഷപ്പെടാനുള്ള എല്ലാ അവസരങ്ങളും പൊലീസ് ഒരുക്കിക്കൊടുത്തു. ആലപ്പുഴയിൽ നടക്കുന്നത് ഏകപക്ഷീയമായ അന്വേഷണമാണ്. സംസ്ഥാനം മുഴുവനുള്ള ബിജെപി-ആർഎസ്എസ് പ്രവർത്തകരെ കരുതൽ തടങ്കലിലെടുക്കാൻ ശ്രമിക്കുന്ന പൊലീസ് പോപ്പുലർ ഫ്രണ്ടുകാരെ സഹായിക്കുകയാണ്. തീവ്രവാദികളുടെ കേന്ദ്രങ്ങളിൽ റെയിഡ് നടത്താൻ പോലും പൊലീസ് തയ്യാറാവുന്നില്ല. പൊലീസിന്റെയും സർക്കാരിന്റെയും സഹായം ലഭിക്കുന്നതു കൊണ്ടാണ് പോപ്പുലർ ഫ്രണ്ടുകാർക്ക് കൊലപാതക പരമ്പര തുടരുന്നതെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

ആർഎസ്എസ്-ബിജെപി പ്രവർത്തകരുടെ വിവരങ്ങളും വീടിന്റെ സ്‌കെച്ച് ചില പൊലീസുകാർ പോപ്പുലർ ഫ്രണ്ടിന്റെ നേതൃത്വത്തിന് ചോർത്തിക്കൊടുക്കുന്നുണ്ട്. ഇത്തരക്കാരെ കൈയ്യോടെ പിടികൂടിയിട്ടും സർക്കാർ ഒരു നടപടിയുമെടുക്കുന്നില്ല. പൊലീസ് ആസ്ഥാനത്തെ രഹസ്യ മെയിൽ മതഭീകരർക്ക് ചോർത്തി കൊടുത്തയാളെ സസ്‌പെൻഷൻ പിൻവലിച്ച് സ്ഥാനക്കയറ്റം നൽകിയാണ് പിണറായി സർക്കാർ ആദരിച്ചത്. പൊലീസ് ആസ്ഥാനത്ത് നിന്ന് പോലും മതഭീകരർക്ക് വിവരങ്ങൾ എത്തിക്കാൻ ആളുകളുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

സിപിഎമ്മുകാരനായ അഭിമന്യുവിനെ കൊല ചെയ്തവർ ആലപ്പുഴ മണ്ണാഞ്ചേരിയിൽ ഒളിവിൽ കഴിഞ്ഞിട്ട് ഒന്നും ചെയ്യാനാകാത്ത പൊലീസിൽ നിന്നും ബിജെപിക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്നും സുരേന്ദ്രൻ അറിയിച്ചു. അമ്പലപ്പുഴ എംഎൽഎ എച്ച്.സലാം പോപ്പുലർ ഫ്രണ്ട് പ്രതികളെ സഹായിക്കുന്നുണ്ട്. അദ്ദേഹം പോപ്പുലർ ഫ്രണ്ടുകാരനാണെന്ന് പറഞ്ഞത് സിപിഎമ്മുകാർ തന്നെയാണ്. ഇപ്പോൾ അത് വ്യക്തമായിരിക്കുകയാണ്. പകൽ സിപിഎമ്മും രാത്രി പോപ്പുലർ ഫ്രണ്ടുമായാണ് പലരും പ്രവർത്തിക്കുന്നത്. അത്തരത്തിലുള്ള ഒരാളാണ് ഈ എംഎൽഎ. ഈരാറ്റുപേട്ടയിൽ സിപിഎമ്മിനെ മുഴുവനായി ഹൈജാക്ക് ചെയ്യാൻ പോപ്പുലർ ഫ്രണ്ടുകാർ ശ്രമിച്ചത് കേരളം മുഴുവൻ ആവർത്തിക്കപ്പെടും. തീവ്രവാദ സ്വഭാവമുള്ള കേസുകളെല്ലാം എൻഐഎക്ക് കൈമാറാൻ സർക്കാർ തയ്യാറാകണം. മൂന്ന് ആർഎസ്എസ് പ്രവർത്തകരാണ് രണ്ട് മാസത്തിനിടെ ഭീകരവാദികളാൽ കൊല ചെയ്യപ്പെട്ടത്. ആലപ്പുഴയിൽ 6 മാസം കൊണ്ട് രണ്ട് സംഘപ്രവർത്തകരെ കൊല ചെയ്തു. പോപ്പുലർ ഫ്രണ്ടിനെ ഭയക്കുന്ന പൊലീസിനെതിരെ ബിജെപി ശക്തമായ ബഹുജന പ്രക്ഷോഭം നടത്തുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: ടെലികോം, ഇന്റർനെറ്റ് സേവനദാതാക്കളും മറ്റ് ടെലികോം ലൈസൻസുള്ള സ്ഥാപനങ്ങളും ഫോൺവിളി സംബന്ധിച്ച വിവരങ്ങൾ രണ്ട് വർഷം വരെ സൂക്ഷിച്ചുവെക്കണം. ടെലികോം വകുപ്പാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. ഇതിനായി യുണിഫൈഡ് ലൈസൻസ് എഗ്രിമെന്റ് ടെലികോം വകുപ്പ് ഭേദഗതി ചെയ്തു.

ഫോൺവിവരങ്ങൾ സൂക്ഷിച്ചുവെയ്ക്കുന്ന കാലാവധി നീട്ടി നൽകണമെന്ന് വിവിധ സുരക്ഷാ ഏജൻസികൾ ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് സമയം വർധിപ്പിക്കാനുള്ള നീക്കങ്ങൾ ടെലികോം വകുപ്പ് ആരംഭിച്ചതെന്നാണ് റിപ്പോർട്ട്. നേരത്തെ ഒരു വർഷമായിരുന്നു ടെലിഫോൺ രേഖകൾ സൂക്ഷിച്ചുവെയ്‌ക്കേണ്ടത്.

കോൾ ഡീറ്റെയിൽ റെക്കോർഡ്, എക്സ്ചേഞ്ച് ഡീറ്റെയിൽ റെക്കോർഡ്, ഒരു നെറ്റ് വർക്കിൽ എക്സ്ചേഞ്ച് ചെയ്ത ആശയവിനിമയങ്ങളുടെ ഐപി ഡീറ്റെയിൽ റെക്കോർഡ് എന്നിവ രണ്ട് വർഷം വരെയോ സുരക്ഷാ പരിശോധനയ്ക്ക് വേണ്ടി സർക്കാർ ആവശ്യപ്പെടുന്ന അത്രയും സമയമോ സൂക്ഷിച്ചുവെക്കണമെന്നാണ് നിർദ്ദേശം. സേവനദാതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും അധിക കാലം വിവരങ്ങൾ സൂക്ഷിക്കുമെന്ന് ഉറപ്പു നൽകിയിതായും ടെലികോം വകുപ്പ് അറിയിച്ചു.