General (Page 1,280)

തിരുവനന്തപുരം: സംസ്ഥാനത്ത് എട്ട് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ആരോഗ്യ മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം (ഒന്ന്), കൊല്ലം (ഒന്ന്), ആലപ്പുഴ (രണ്ട്), എറണാകുളം (രണ്ട്), തൃശൂർ (രണ്ട്) എന്നിവിടങ്ങളിലാണ് പുതുതായി ഒമിക്രോൺ സ്ഥിരീകരിച്ചത്.

റഷ്യയിൽ നിന്നു ഡിസംബർ 22-ന് തിരുവനന്തപുരം എയർപോർട്ടിലെത്തിയ വിദേശി (48), ഡിസംബർ 16-ന് നമീബിയയിൽനിന്നു എറണാകുളത്തെത്തിയ കൊല്ലം സ്വദേശി (40), ഡിസംബർ 17-ന് ഖത്തറിൽനിന്നു എറണാകുളത്തെത്തിയ ആലപ്പുഴ സ്വദേശിനി (28), ഡിസംബർ 11-ന് ഖത്തറിൽനിന്നു എറണാകുളത്തെത്തിയ ആലപ്പുഴ സ്വദേശി (40), യു.കെയിൽനിന്ന് ഡിസംബർ 18-ന് എറണാകുളത്തെത്തിയ പെൺകുട്ടി (മൂന്ന്), യു.എ.ഇയിൽനിന്നു ഡിസംബർ 18-ന് എത്തിയ എറണാകുളം സ്വദേശി (25), കെനിയയിൽനിന്നു ഡിസംബർ 13-ന് എറണാകുളത്തെത്തിയ തൃശൂർ സ്വദേശി (48), പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള തൃശൂർ സ്വദേശിനി (71) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഇന്നു ഒമിക്രോൺ സ്ഥിരീകരിച്ച മൂന്ന് വയസുകാരി യുകെയിൽനിന്നു മാതാപിതാക്കളോടൊപ്പം എത്തിയതാണ്. എയർപോർട്ടിലെ കോവിഡ് പരിശോധനയിൽ മാതാപിതാക്കൾ നെഗറ്റീവായിരുന്നു. ഹോം ക്വാറന്റീനിലായിരുന്നു ഇവർ. കുട്ടിക്ക് പനിയും മറ്റ് ലക്ഷണങ്ങളും കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് പോസിറ്റീവായതിനെ തുടർന്ന് രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയിൽ അയച്ച ഇവരുടെ സാമ്പിളുകളിലാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇവരുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കി വരുകയാണെന്നും വീണാ ജോർജ് വ്യക്തമാക്കി.

സംസ്ഥാനത്ത് ആകെ 37 പേർക്കാണ് ഇതുവരെ ഒമിക്രോൺ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ആദ്യമായി റിപ്പോർട്ട് ചെയ്ത ഒമിക്രോൺ പോസിറ്റീവായ യു.കെയിൽനിന്നു വന്ന എറണാകുളം സ്വദേശിയെ (39) ആശുപത്രിയിൽ നിന്നു ഡിസ്ചാർജ് ചെയ്തു. തുടർ പരിശോധനയിൽ നെഗറ്റീവായതിനെ തുടർന്നാണ് ഡിസ്ചാർജ് ചെയ്തത്.

പാലക്കാട്: ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പോലീസ്. നാല് പ്രതികൾക്കെതിരെയാണ് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. എസ്.ഡി.പി.ഐ- പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ ഹാറൂൺ, നൗഫൽ, ഇബ്രാഹീം, ഷംസീർ എന്നീ പ്രതികളുടെ പേരിലാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

അതേസമയം കൊലയാളികൾക്ക് ആയുധം തയ്യാറാക്കി നൽകിയ കാമ്പ്രത്ത്ചളള ഷാജഹാനെ പോലീസ് പിടികൂടി. കേസിൽ പിടിയിലായ പ്രതി നസീറിന്റെ സുഹൃത്താണ് ഷാജഹാൻ. മുതലമട പഞ്ചായത്ത് സെക്രട്ടറിയായ നസീറാണ് കൊലപാകത്തിലെ പ്രതികൾക്ക് വാഹനം എത്തിച്ചു നൽകിയത്.

കേസുമായി ബന്ധപ്പെട്ട് ഇതുവരെ നാലു പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 12 പേരെയാണ് കേസിൽ പ്രതിചേർത്തിരിക്കുന്നത്. മറ്റുള്ളവർക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

ന്യൂഡൽഹി: സംസ്ഥാനത്തെ കോവിഡ് കേസുകളിൽ ആശങ്ക രേഖപ്പെടുത്തി കേന്ദ്ര സർക്കാർ. കേരളത്തിലും മിസോറാമിലും കോവിഡ് കേസുകൾ കുറയാത്തത് ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ 20 ജില്ലകളിൽ 5 ശതമാനത്തിന് മുകളിലാണ് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

ഇതിൽ 9 എണ്ണം കേരളത്തിലാണെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. എറണാകുളം, ഇടുക്കി, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, പത്തനംതിട്ട, തിരുവനന്തപുരം, വയനാട് തുടങ്ങിയ ജില്ലകളിലാണ് ടിപിആർ അഞ്ച് ശതമാനത്തിന് മുകളിലുള്ളത്. 6.1 ശതമാനമാണ് കേരളത്തിൽ നിലവിലുള്ള ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

സംസ്ഥാനത്തെ സ്ഥിതിഗതികൾ ആശങ്കാജനകമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. സംസ്ഥാനങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. വാക്‌സിൻ ബൂസ്റ്റർ ഡോസിന് മാത്രം രോഗവ്യാപനം തടയാൻ കഴിയില്ലെന്നും രോഗവ്യാപനം തടയാൻ നിർദ്ദേശങ്ങൾ പാലിക്കണമെന്നും ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു.

കൊച്ചി: കേരള ജനത പി ടി തോമസിനെ യാത്രയാക്കിയത് രാജാവിനെ പോലെയാണെന്ന് ഭാര്യ ഉമ. ഇത്രയും അംഗീകാരത്തോടെ ഒരു നേതാവിനെ യാത്രയാക്കിയത് തന്റെ ഓർമ്മയിലില്ലെന്നാണ് ഉമ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.

പി ടിയെ സാധാരണക്കാരാണ് നെഞ്ചിലേറ്റിയിരിക്കുന്നതെന്ന് നന്നായി മനസിലായി. താനും പി ടിയും രണ്ട് മതസ്ഥരായതിനാൽ സംസ്‌കാരവുമായി ബന്ധപ്പെട്ട് വിവാദങ്ങളുയർന്നിരുന്നു. എന്നാൽ അടുത്ത സുഹൃത്ത് ഡിജോ കാപ്പനോട് ഇക്കാര്യങ്ങളെല്ലാം പറഞ്ഞേൽപ്പിച്ചതിനാൽ യാതൊരു ആശയക്കുഴപ്പങ്ങളുമുണ്ടായില്ലെന്നും ഉമ വ്യക്തമാക്കി.

ഉപ്പുതോട്ടിലെ പള്ളിയിൽ അടക്കണമോ തനിയ്ക്കും മക്കൾക്കും കാണാൻ കൊച്ചിയിലെ പള്ളിയിൽ സംസ്‌കരിയ്ക്കണോ എന്നതടക്കമുള്ള കൺഫ്യൂഷനുകളുണ്ടായിരുന്നു. എന്നാൽ പി ടിയുടെ ആഗ്രഹം പോലെ തന്നെ എല്ലാം നടന്നു. പി ടി ഒരു ദൈവവിശ്വാസി അല്ലെന്ന് ഞാൻ പറയില്ല. ഒന്നിച്ചു നടത്തിയ പ്രാർത്ഥനകൾ എല്ലാം ഫലം കണ്ടിരുന്നുവെന്നും ഉമ പറഞ്ഞു. അസുഖത്തിന് മാത്രമെ പി ടിയെ തോൽപ്പിക്കാൻ കഴിഞ്ഞുള്ളു. കേരളത്തിലെ ജനങ്ങളെ തനിക്കും കുടുംബത്തിനും മറക്കാനാവില്ല. ഇടുക്കിയുടെ സൂര്യനാണെന്ന് അവർ പറഞ്ഞപ്പോൾ പൊട്ടിക്കരയാനാണ് തോന്നിയതെന്നും ഉമ വിശദമാക്കി.

വെല്ലൂരിൽ നിന്നും പി ടിയുമായുള്ള ആംബുലൻസ് കേരള അതിർത്തിൽ എത്തിയപ്പോൾ പുലർച്ചെ മൂന്നു മണിയ്ക്ക് തലപ്പാവും കെട്ടി കനത്ത മഞ്ഞിൽ ജനങ്ങൾ നിൽക്കുന്ന കാഴ്ച പി ടിക്കുള്ള അംഗീകാരമാണ്. ചികിത്സാ സമയത്ത് നേതാക്കൾ ഒരുപാട് സഹായിച്ചുവെന്നും ഉമ്മൻചാണ്ടി, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെ. സുധാകരൻ തുടങ്ങിയവർ എല്ലാ ദിവസവും വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചുവെന്നും ഉമ അറിയിച്ചു

തിരുവനന്തപുരം: സംവിധായകൻ രഞ്ജിത്ത് കേരള ചലച്ചിത്ര അക്കാദമി ചെയർമാനായേക്കും. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്നാണ് വിവരം. മന്ത്രിസഭയാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. സംവിധായകൻ കമൽ ആണ് ചലച്ചിത്ര അക്കാദമിയിലെ നിലവിലെ ചെയർമാൻ. 2016 ലാണ് കമലിനെ ചെയർമാനായി തെരഞ്ഞെടുത്തത്.

അതേസമയം ചെയർമാൻ സ്ഥാനത്തേക്കുള്ള ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം വിഷയത്തിൽ പ്രതികരണം നടത്താമെന്ന് രഞ്ജിത്ത് അറിയിച്ചു. 1987 ൽ ഒരു ‘മെയ് മാസ പുലരി’ എന്ന സിനിമയിലൂടെയാണ് രഞ്ജിത്ത് സിനിമ രചനയിലേക്ക് എത്തുന്നത്. 2001 ൽ ദേവാസുരത്തിന്റെ രണ്ടാം ഭാഗമായ രാവണപ്രഭു എന്ന ചിത്രം സംവിധാനം ചെയ്താണ് അദ്ദേഹം സംവിധാനമേഖലയിലേക്ക് കടന്നു വന്നത്. നിരവധി സിനിമകളിൽ അദ്ദേഹം വേഷമിടുകയും ചെയ്തിട്ടുണ്ട്.

തിരുവനന്തപുരം: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ തിരുവനന്തപുരം സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ച്ച. തിരുവനന്തപുരം മേയറുടെ വാഹനം രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിലേക്ക് കയറ്റാൻ ശ്രമം നടന്നു. സംഭവം കഴിഞ്ഞ ദിവസം രാഷ്ട്രപതിയുടെ വാഹനം വിമാനത്താവളത്തിൽ നിന്ന് പൂജപ്പുരയിലേക്ക് വരവെയാണ് മേയർ ആര്യ രാജേന്ദ്രന്റെ കാർ രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിലേക്ക് കടന്നു കയറിയത്.

തുമ്പ സെന്റ് സേവ്യേർസ് മുതൽ മേയറുടെ വാഹനം രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിന് സമാന്തരമായി സഞ്ചരിച്ചിരുന്നു. ജനറൽ ആശുപത്രിയുടെ ഭാഗത്തെത്തിയപ്പോൾ മേയറുടെ വാഹനം രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിന്റെ ഉള്ളിലേക്ക് കയറ്റി. പതിനാല് വാഹനങ്ങളായിരുന്നു രാഷ്ട്രപതിയ്ക്ക് അകമ്പടി സേവിക്കാനിരിക്കുന്നത്.

മേയറിന്റെ വാഹനം എട്ടാമത്തെ വാഹനത്തിന്റെ പുറകിലായതോടെ വാഹനങ്ങൾക്ക് പെട്ടെന്ന് ബ്രേക്ക് പിടിക്കേണ്ടി വന്നു. തലനാരിഴയക്കാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. പ്രോട്ടോക്കോൾ പ്രകാരം രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിന് ഉള്ളിലേക്ക് മറ്റൊരു വാഹനത്തിന് കയറാനുള്ള അനുവാദമില്ല. എന്നാൽ പ്രോട്ടോകോൾ ലംഘനം നടന്നിട്ടുണ്ടോയെന്ന് അറിയില്ലെന്നാണ് ആര്യാ രാജേന്ദ്രൻ അറിയിച്ചത്.

ധാക്ക: ബംഗ്ലാദേശിലെ തെക്കൻ മേഖലയിൽ ബോട്ടിന് തീപിടിച്ചു. ബോട്ടിലുണ്ടായിരുന്ന മുപ്പത്തിരണ്ട് പേർ മരിച്ചു. മൂന്ന് നിലകളുള്ള ‘ഒബിജാൻ’ എന്ന ബോട്ടിനാണ് തീപിടിച്ചത്. തലസ്ഥാനമായ ധാക്കയിൽ നിന്ന് 250 കിലോമീറ്റർ തെക്ക് സ്ഥിതി ചെയ്യുന്ന ജലോകതിയിൽ ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത്. ഏകദേശം അഞ്ഞൂറോളം ആളുകളാണ് ബോട്ടിലുണ്ടായത്.

എഞ്ചിൻ റൂമീലുണ്ടായ തീപിടിത്തം ബോട്ടിലേയ്ക്ക് വ്യാപിക്കുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. നൂറോളം പേർക്ക് തീപിടുത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഇവരെ ബരിസൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ബോട്ടിന് തീപിടിച്ചപ്പോൾ രക്ഷപ്പെടാനായി ചിലർ വെള്ളത്തിലേക്ക് ചാടി. ഇവരിൽ പലരും വെള്ളത്തിൽ മുങ്ങി മരിക്കുകയും ചെയ്തു.

നേരത്തെയും ബംഗ്ലാദേശിൽസമാനരീതിയിൽ അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. അറ്റകുറ്റപ്പണികൾ നടത്താത്തതും കപ്പൽശാലകളിൽ മതിയായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതുമാണ് അപകടത്തിന് കാരണമാകുന്നതെന്നാണ് വിദഗ്ധർ പറയുന്നത്.

തിരുവനന്തപുരം: പോത്തൻകോട് അച്ഛനും മകൾക്കും നേരെ ഗുണ്ടാ ആക്രമണം നടന്ന സംഭവത്തിൽ പ്രതികരണവുമായി മന്ത്രി ജി ആർ അനിൽ. സംഭവം നിർഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു. പോലീസ് കൂടുതൽ ജാഗ്രതയോടെ നീങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിഷയത്തിൽ ഗൗരവമായ പോലീസ് ഇടപെടലിന് അപ്പോൾ തന്നെ നിർദേശം നൽകിയിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കണം. പോലീസിന് മേൽ രാഷ്ട്രീയ നിയന്ത്രണത്തിനും മേൽനോട്ടത്തിനും കുറവില്ല. രാഷ്ട്രീയ കൊലപാതകങ്ങൾ സംബന്ധിച്ച് പൊലീസിന് വീഴ്ച ഉണ്ടായെന്ന ആരോപണത്തിൽ കഴമ്പില്ലെന്നും ഇത്തരം ആക്ഷേപങ്ങൾ ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ പതിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പോലീസ് ജാഗ്രതയോടെ നീങ്ങിയില്ലെങ്കിൽ, പിന്നീട് എന്തെന്ന് അപ്പോൾ പറയാമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുകയും ചെയ്തു. അതേസമയം കേസിൽ പ്രതികൾ ഒളിവിലാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പോത്തൻകോട് നടുറോഡിൽ വെച്ചാണ് അച്ഛനും മകൾക്കും നേരെ ഗുണ്ടാ ആക്രമണം ഉണ്ടായത്.

അച്ഛനും മകളും സഞ്ചരിച്ച വാഹനം തടഞ്ഞുനിർത്തി നാലംഗ ഗുണ്ടാസംഘം ആക്രമണം നടത്തുകയായിരുന്നു. കാറിൽ പ്രധാനറോഡിലൂടെ വരികയായിരുന്നു അച്ഛനും മകളും. ഇതിനിടെ വാഹനം തിരിക്കാൻ ശ്രമിക്കുകയായിരുന്ന ഗുണ്ടാസംഘം ഇവരോട് കാർ പിന്നോട്ടെടുക്കാൻ ആവശ്യപ്പെട്ടു. എന്നാൽ പ്രധാനറോഡിൽ നിരവധി വാഹനങ്ങളുണ്ടായതിനാൽ കാർ പിന്നോട്ടെടുക്കാൻ കഴിഞ്ഞില്ല. ഇതാണ് ഗുണ്ടാസംഘത്തെ പ്രകോപിപ്പിച്ചത്. തുടർന്ന് ഗുണ്ടകൾ കാറിൽ നിന്നിറങ്ങി ഇവരെ ആക്രമിക്കുകയായിരുന്നു. അച്ഛനെ മർദ്ദിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് മകൾക്ക് നേരെ ആക്രമണം ഉണ്ടായത്.

ഗുണ്ടാസംഘത്തിനെതിരെ ഇവർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. മകളെ കടന്നു പിടിക്കാൻ ശ്രമിച്ചതായും ആരോപണമുണ്ട്. പള്ളിപ്പുറം സ്വർണക്കവർച്ച കേസിലെ പ്രതി ഫൈസൽ അടക്കമുള്ളവരാണ് ഗുണ്ടാസംഘത്തിലുണ്ടായിരുന്നതെന്നാണ് സൂചന.

കോട്ടയം: പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്ന വിഷയത്തിൽ നിലപാട് വ്യക്തമാക്കി ഓർത്തഡോക്സ് സഭ. പെൺകുട്ടികളുടെ വിവാഹപ്രായം 18 വയസിൽ നിന്നും 21 വയസാക്കി ഉയർത്തുന്നതിൽ ഓർത്തഡോക്‌സ് സഭയ്ക്ക് യാതൊരുവിധ എതിർപ്പുമില്ലെന്ന് സഭാ പരമാദ്ധ്യക്ഷൻ മാത്യൂസ് ത്രിതീയൻ കതോലിക്ക ബാവ വ്യക്തമാക്കി.

21 വയസാണ് പുരുഷന്മാരുടെ വിവാഹ പ്രായം. അതിനാൽ പെൺകുട്ടികൾക്കും 21 ആക്കി ഏകീകരിക്കുന്നതിൽ സഭയ്ക്ക് എതിർപ്പില്ലെന്നും അദ്ദേഹം അറിയിച്ചു. അമേരിക്കയിലും യൂറോപ്പിലുമുള്ള സഭയിൽ കുട്ടികൾ 40 വയസ്സായാലും വിവാഹത്തിന് തയ്യാറാകുന്നില്ലെന്നാണ് പ്രശ്നമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം സഭാ തർക്കവുമായി ബന്ധപ്പെട്ടും അദ്ദേഹം പ്രതികരിച്ചു. നിയമം കൊണ്ടുവരുന്ന കാര്യം സർക്കാർ പറഞ്ഞിട്ടില്ല. ഇക്കാര്യത്തിൽ സമന്വയം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തർക്കം നിലനിൽക്കുന്നിടത്ത് കോടതി വിധി നടപ്പിലാക്കാൻ പോലീസ് സഹായിക്കുമെന്ന് കരുതുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ന്യൂയോർക്ക്: കോവിഡ് വൈറസ് ചികിത്സയിൽ നിർണായക നേട്ടം കരസ്ഥമാക്കി അമേരിക്ക. കോവിഡിനെതിരായ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഒരു ഗുളികയ്ക്ക് കൂടി യുഎസ് അംഗീകാരം നൽകി. മെർക്ക് എന്ന കമ്പനിയുടെ മരുന്നിനാണ് അംഗീകാരം ലഭിച്ചത്. യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനാണ് (എഫ്ഡിഎ) മരുന്നിന് അംഗീകാരം നൽകിയത്.

മോൽനുപിറാവിൽ എന്ന മെർക്കിന്റെ കോവിഡ് ഗുളിക റിഡ്ജ്ബാക്ക് ബയോതെറാപ്പിറ്റിക്സ് ആണ് വികസിപ്പിച്ചത്. ഉയർന്ന അപകടസാധ്യതയുള്ള രോഗികളിൽ ആശുപത്രിവാസവും മരണവും 30 ശതമാനത്തോളം കുറയ്ക്കാൻ മരുന്നിന് കഴിഞ്ഞിട്ടുണ്ടെന്ന് പരീക്ഷണത്തിൽ തെളിഞ്ഞുവെന്ന് അധികൃതർ വ്യക്തമാക്കി. മരുന്നിന്റെ ക്ലിനിക്കൽ ട്രയലിലാണ് ഇക്കാര്യം വ്യക്തമായത്.

ഗുരുതരമായ രോഗത്തിന് സാധ്യതയുള്ള മുതിർന്ന ആളുകൾക്ക് ചികിത്സക്കായി ഈ മരുന്ന് ഉപയോഗിക്കാം. 18 വയസ്സിന് താഴെയുള്ളവർ മരുന്ന് ഉപയോഗിക്കാൻ പാടില്ലെന്നാണ് നിർദ്ദേശം. അതേസമയം മോൽനുപിറാവിൽ എല്ലുകളേയും തരുണാസ്ഥിയുടെ വളർച്ചയേയും ബാധിക്കാനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പും എഫ്ഡിഎ നൽകിയിട്ടുണ്ട്. കോവിഡ് ചികിത്സയ്ക്കായി കഴിഞ്ഞ ദിവസം ഫൈസറിന്റെ മരുന്നിനും യുഎസ് അംഗീകാരം നൽകിയിരുന്നു.