ക്രിസ്മസ് ദിനത്തിലും പ്രതിഷേധത്തിന് അയവില്ല; കുർബാന പരിഷ്‌ക്കരണത്തിൽ എതിർപ്പുമായി എറണാകുളം അങ്കമാലി അതിരൂപത

കൊച്ചി: കുർബാന പരിഷ്‌ക്കരണത്തിൽ പ്രതിഷേധവുമായി എറണാകുളം അങ്കമാലി അതിരൂപത. ക്രിസ്മസ് ദിനത്തിലും പ്രതിഷേധവുമായി മുന്നോട്ടു പോകുകയാണ് എറണാകുളം അങ്കമാലി അതിരൂപത. സിനഡ് നടപടി തിരുത്തണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം വൈദികരും വിശ്വാസികളും ബിഷപ് ഹൗസിൽ ഉപവാസ പ്രാർത്ഥന നടത്തി.

നിധി പോലെ സൂക്ഷിക്കുന്ന അനുഷ്ഠാനങ്ങൾ ഇല്ലാതാക്കാനുള്ള ശ്രമം പുതിയ പരിഷ്‌കാരത്തിന് പിന്നിലുണ്ടെന്നാണ് വൈദികരുടെ ആരോപണം. അതിരൂപത സംരക്ഷണ സമിതിയാണ് എറണാകുളം ബിഷപ് ഹൗസിന് മുന്നിൽ ഉപവാസവും പ്രാർത്ഥനയും നടത്തിയത്. സിനഡിനെതിരെ സമരം ചെയ്യുന്ന വൈദികർക്ക് പിന്തുണ നൽകി വിശ്വാസികളും രംഗത്തെത്തിയിട്ടുണ്ട്.

ക്രിസ്മസ് ദിനത്തിൽ കുർബാനയ്ക്ക് ബിഷപ്പുമാർക്ക് അൾത്താരയഭിമുഖ കുർബാന നടത്താൻ സൗകര്യം ഒരുക്കണമെന്ന് നേരത്തെ കർദിനാൾ കത്ത് അയച്ചിരുന്നു. എന്നാൽ ജനാഭിമുഖ കുർബാന തന്നെ തുടരുമെന്നായിരുന്നു എറണാകുളം ബിഷപ്പ് മറുപടി നൽകിയത്. സമാധാനം ഇല്ലാതാക്കാൻ ശ്രമിക്കുന്നവർ ക്രിസ്തുവിന്റെ രക്ഷകരല്ലെന്നായിരുന്നു അദ്ദേഹം മറുപടി കത്തിൽ വ്യക്തമാക്കിയിരുന്നത്.