General (Page 1,274)

pinarayi

തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരണമടയുന്നവരുടെ മൃതശരീരം നിശ്ചിത സമയം വീട്ടിൽ കൊണ്ടുപോയി ബന്ധുക്കൾക്ക് കാണാൻ അനുമതി നൽകും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് അവലോകന യോഗത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ് വൈറസ് ബാധയെ തുടർന്ന് മരണപ്പെട്ടവരുടെ സംസ്‌കാര ചടങ്ങുകൾക്ക് പരിമിതമായി മതാചാരങ്ങൾ നടത്താനും അനുമതി നൽകും. ഒരു മണിക്കൂറിൽ താഴെയുള്ള സമയമാണ് മൃതദേഹം വീട്ടിൽ വെയ്ക്കാൻ അനുവദിക്കുക. കോവിഡിനെ തുടർന്ന് മരണമടഞ്ഞ രോഗിയുടെ ബന്ധുക്കൾക്ക് ഉണ്ടാകുന്ന മാനസിക സമ്മർദ്ദം ലഘൂകരിക്കേണ്ടതുണ്ടെന്നും അതിനാലാണ് ഇത്തരമൊരു തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.

കോവിഡ് ബാധിച്ച് മരണമടഞ്ഞവർ നേരത്തെ വിവിധ ബാങ്കുകളിൽ നിന്നെടുത്ത ലോണുകൾ മുടങ്ങിയിട്ടുണ്ടാകും. ഇതിന്റെ ഭാഗമായുള്ള ജപ്തി നടപടികൾ നിർത്തിവെക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി.

കോവിഡ് നിലനിൽക്കുന്നിടത്തോളം ഒരു പ്രദേശവും വൈറസ് മുക്തമാണെന്ന് കാണരുത്. എ, ബി വിഭാഗങ്ങളിൽപെട്ട പ്രദേശങ്ങളിൽ ഒരു നിയന്ത്രണവും വേണ്ട എന്ന ചിന്താഗതി പാടില്ല. നല്ല തോതിൽ നിയന്ത്രണങ്ങൾ പാലിച്ചു പോകണം. ഇതിനായി ബോധവൽക്കരണവും ആവശ്യമെങ്കിൽ മറ്റ് നിയമപരമായ നടപടിയും ആലോചിച്ചിട്ടുണ്ട്. ബസ്സുകളിൽ പരിധിയിൽ കൂടുതൽ യാത്രക്കാർ പാടില്ല. റൂട്ടിന്റെ പ്രത്യേകത കണക്കാക്കി ഇപ്പോഴത്തെ സാഹചര്യത്തിൽ ആവശ്യത്തിന് ബസ്സുകൾ ഓടിക്കാൻ കലക്ടർമാർ നടപടിയെടുക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു.

അന്തർസംസ്ഥാനയാത്രികർ കോവിഡ് നെഗറ്റീവ്‌സർട്ടിഫിക്കറ്റ് കരുതണമെന്ന നിബന്ധനപ്രകാരം നിലവിൽ വിമാനത്താവളങ്ങളിൽ ഫലപ്രദമായ പരിശോധനാ സംവിധാനമുണ്ട്. മൂന്നാം വ്യാപനം പ്രതീക്ഷിക്കപ്പെടുന്ന പശ്ചാത്തലത്തിൽ റെയിൽവേ സ്റ്റേഷനുകളിലും, അതിർത്തി ചെക്ക്‌പോസ്റ്റുകളിലും പരിശോധനാസംവിധാനം ശക്തിപ്പെടുത്താൻ തീരുമാനിച്ചു. ഹോം സ്റ്റേകൾ, സർവീസ് വില്ലകൾ, ഗൃഹശ്രീ യൂണിറ്റുകൾ, ഹൗസ് ബോട്ടുകൾ, മോട്ടോർ ബോട്ടുകൾ, ടൂർ ഗൈഡുകൾ, ടൂറിസ്റ്റ് ടാക്‌സി ഡ്രൈവർമാർ, ടൂർ ഓപ്പറേറ്റർമാർ എന്നിവരെ 18 മുതൽ 45 വയസ്സ് വരെയുള്ളവരിലെ വാക്‌സിനേഷൻ മുൻഗണനാപ്പട്ടികയിൽ ഉൾപ്പെടുത്തും. ആയുഷ്, ഹോമിയോ മെഡിക്കൽ വിദ്യാർത്ഥികൾ, ഫാർമസി കോഴ്‌സ് വിദ്യാർത്ഥികൾ എന്നിവർക്കുള്ള വാക്‌സിനേഷനും പൂർത്തീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാപ്പിനിശ്ശേരി: പാലാരിവട്ടം മേൽപ്പാലത്തിന് സമാനമായി അശാസ്ത്രീയ നിർമ്മാണത്തിന്റെ മറ്റൊരു മാതൃകയായി പാപ്പിനിശ്ശേരി റെയിൽവേ മേൽപ്പാലം. പാലം തുറന്നു നൽകിയത് മുതൽ നടക്കുന്ന അറ്റകുറ്റപ്പണികൾ ഇതുവരെ പൂർത്തിയായിട്ടില്ല. മേൽപ്പാല നിർമ്മാണത്തിലെ അപാകതയുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം വന്നതോടെയാണ് കരാറുകാർ അറ്റക്കുറ്റപ്പണി നടത്തുന്നത്.

45 കോടി രൂപ ചെലവിട്ടാണ് പാപ്പിനിശേരി മേൽപ്പാലത്തിന്റെ നർമ്മാണം നടത്തിയത്. എന്നാൽ ഏതാനും മാസങ്ങളായി പാലത്തിന്റെ മുകളിലും താഴെയുമായി അറ്റക്കുറ്റപ്പണികൾ നടക്കുകയാണ്. തൂണുകൾക്ക് ബലക്ഷയമില്ലെന്നു കെഎസ്ടിപി അധികൃതർ പറയുമ്പോഴും ഇതിനോടകം 4 തൂണുകൾ പൈൽ ക്യാപ് മുതൽ കോൺക്രീറ്റ് ചെയ്തു കനം കൂട്ടിയിട്ടുണ്ട്. പാലത്തിന് അടിയിലെ ബീമിന് മിക്കയിടത്തും കോൺക്രീറ്റ് അടർന്നു വീണു. ഇവിടങ്ങളിൽ തുരുമ്പെടുത്തു പുറത്തു കാണുന്ന ഇരുമ്പുകമ്പികൾ വലിയ ക്രെയിൻ ഉപയോഗിച്ച് പെയിന്റ് അടിക്കുകയും ചെയ്തിട്ടുണ്ട്. കരാർ കാലാവധി തീർന്ന കരാറുകാരാണ് അറ്റക്കുറ്റപ്പണികൾ നടത്തുന്നത്.

കൊച്ചി: സർക്കാരുമായി ചേർന്നുള്ള 3500 കോടിയുടെ നിക്ഷേപ പദ്ധതിയിൽ നിന്ന് പിൻവാങ്ങി കിറ്റെക്സ്. സർക്കാരിന്റെ രാഷ്ട്രീയവൈരാഗ്യം തീർക്കുന്ന നടപടികളിൽ പ്രതിഷേധിച്ചാണ് പിൻവാങ്ങൽ. പദ്ധതികൾ സംബന്ധിച്ച് ഒപ്പിട്ട ധാരണാപത്രത്തിൽ നിന്ന് പിൻവാങ്ങുകയാണെന്ന് കിറ്റെക്സ് എംഡി സാബു ജേക്കബാണ് അറിയിച്ചത്.

അപ്പാരൽ പാർക്കും മൂന്ന് വ്യവസായ പാർക്കും തുടങ്ങാനായിരുന്നു സർക്കാരും കിറ്റെക്‌സുമായി ധാരണാ പത്രത്തിൽ ഏർപ്പെട്ടിരുന്നത്. അനാവശ്യമായി പരിശോധനകൾ നടത്തി വ്യവസായത്തെ ബുദ്ധിമുട്ടിക്കുന്ന സമീപനമാണ് സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്നാണ് കിറ്റെക്‌സിന്റെ ആരോപണം.

മലിനീകരണ നിയന്ത്രണ ബോർഡ്, തൊഴിൽ വകുപ്പ് തുടങ്ങിയവ ഉൾപ്പെടെ പല വകുപ്പുകളുടെയും 11 പരിശോധനകളാണ് കഴിഞ്ഞ ഒരു മാസത്തിനിടെ നടന്നതെന്ന് കിറ്റെക്‌സ് പറയുന്നു. എന്നാൽ ഈ പരിശോധനകളിൽ നിയമവിരുദ്ധമായി എന്തെങ്കിലും കണ്ടെത്തുകയോ നോട്ടീസ് നൽകുകയോ ചെയ്തിട്ടില്ലെന്നും രാഷ്ട്രീയ വൈരാഗ്യം തീർക്കുന്ന നടപടിയാണികളാണ് സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും കിറ്റെക്‌സ് വിശദമാക്കുന്നു.

സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള ഇതത്രത്തിലുള്ള സമീപനം കാരണം വികസന പദ്ധതികളുമായി കമ്പനി മുന്നോട്ടു പോകുന്നില്ലെന്നാണ് തീരുമാനം. 2020 ജനുവരിയിൽ കൊച്ചിയിൽ നടന്ന ആഗോള നിക്ഷേപ സംഗമത്തിൽ വെച്ചാണ് കിറ്റെക്സ് സംസ്ഥാന സർക്കാരുമായി ധാരണാപത്രത്തിൽ ഏർപ്പെട്ടത്.

തിരുവനന്തപുരം: റിസർവ് ബാങ്കിൽ നിന്നും 3000 കോടി രൂപ കടമെടുക്കാനൊരുങ്ങി സർക്കാർ. സർക്കാർ ജീവനക്കാർക്ക് ശമ്പളവും വിരമിച്ചവർക്കു പെൻഷനും വിതരണം ചെയ്യാൻ വേണ്ടിയാണ് കടമെടുക്കൽ. റിസർവ് ബാങ്കിലെ ലേലത്തിലൂടെ 25 വർഷത്തെ തിരിച്ചടവു കാലാവധിയിൽ 2,000 കോടി രൂപയും 35 വർഷത്തെ തിരിച്ചടവിൽ 1,000 കോടി രൂപയുമാണ് കടമെടുക്കുന്നത്.

14 സംസ്ഥാനങ്ങളാണ് റിസർവ് ബാങ്കിലെ ഇന്നത്തെ കടമെടുപ്പിൽ പങ്കെടുക്കുന്നത്. ഇതിൽ ഏറ്റവും അധികം തുക വായ്പയായി ആവശ്യപ്പെട്ടിരിക്കുന്ന സംസ്ഥാനം കേരളമാണ്. സംസ്ഥാന സർക്കാരിനു കടമെടുക്കാൻ ഈ വർഷം കേന്ദ്രം അനുവദിച്ചിരിക്കുന്നത് 36,800 കോടി രൂപയാണ്.

സംസ്ഥാനത്ത് പുതിയ സെർവർ സ്ഥാപിച്ച ശേഷമുള്ള ആദ്യ ശമ്പള, പെൻഷൻ വിതരണമാണ് വ്യാഴാഴ്ച്ച ആരംഭിക്കുന്നത്. അതേസമയം 80 വയസു കഴിഞ്ഞവർക്ക് പെൻഷനൊപ്പം അനുവദിച്ച സ്പെഷൽ കെയർ അലവൻസ് കിട്ടുന്നില്ലെന്ന് പരാതി ഉയരുന്നുണ്ട്. കഴിഞ്ഞ ഏപ്രിൽ മാസം മുതലാണ് സ്‌പെഷ്യൽ കെയർ അലവൻസ് നൽകാൻ ആരംഭിച്ചത്. എന്നാൽ, പ്രായം തെളിയിക്കുന്ന രേഖ ട്രഷറിയിൽ ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഒട്ടേറെ പേർക്ക് ആ ആനുകൂല്യം നൽകുന്നില്ലെന്നാണ് പൊതുവെ ഉയരുന്ന പരാതി.

ന്യൂഡൽഹി: ജമ്മു കശ്മീരിൽ ഡ്രോൺ ആക്രമണം ഉണ്ടായ സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയവരാണ് യോഗത്തിൽ പങ്കെടുത്തത്. ചൊവ്വാഴ്ച്ച വൈകിട്ട് നാലു മണിയോടെയാണ് ഉന്നത തല യോഗം ആരംഭിച്ചത്.

പ്രതിരോധ മേഖലയിലെ വെല്ലുവിളികളെ കുറിച്ച് യോഗത്തിൽ ചർച്ച ചെയ്തുവെന്നാണ് വിവരം. ഞായറാഴ്ച്ച പുലർച്ചെയാണ് ജമ്മുവിലെ ഇന്ത്യൻ വ്യോമസേനാ താവളത്തിൽ ഡ്രോൺ ആക്രമണം ഉണ്ടായത്. രണ്ടുതവണയായാണ് ആക്രമണം നടന്നത്. ഇന്ത്യൻ വിമാനങ്ങളേയും ഹെലികോപ്ടറുകളേയും ലക്ഷ്യമിട്ടാണ് ഭീകരർ സ്‌ഫോടനം നടത്തിയതെന്ന് സുരക്ഷാ സേന അറിയിച്ചിരുന്നു.

ആക്രമണത്തിൽ രണ്ടു പേർക്ക് ചെറിയ രീതിയിൽ പരിക്കേറ്റിരുന്നു.
ആക്രമണവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വ്യോമസേന സ്റ്റേഷന് സമീപമുള്ള സത്വാരി പ്രദേശത്തു നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണെന്നാണ് സുരക്ഷാ സേന അറിയിക്കുന്നത്.

ന്യൂഡൽഹി: ഇന്ത്യാ-പാകിസ്താൻ അന്താരാഷ്ട്ര അതിർത്തിയ്ക്ക് സമീപത്തായി പാകിസ്താൻ സൈന്യം പ്രതിരോധ സംവിധാനങ്ങൾ നിർമ്മിക്കുന്നതായി റിപ്പോർട്ട്. അതിർത്തിയിൽ നിന്ന് 200 മീറ്ററിൽ താഴെയുള്ള ഗുരുദാസ്പൂരിന് എതിർവശത്താണ് പാകിസ്താൻ സേന നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. ഡബിൾ ഡെക്കർ ബങ്കർ ഉൾപ്പെടെയാണ് പാകിസ്താൻ നിർമ്മിക്കുന്നതെന്നാണ് വിവരം.

ഇന്ത്യയിലെ നുഴഞ്ഞു കയറാനായി ഭീകരരെ സഹായിക്കുന്നതിന് വേണ്ടിയാണ് പാകിസ്താന്റെ നീക്കമെന്നാണ് വിലയിരുത്തൽ. അന്താരാഷ്ട്ര അതിർത്തിയിൽ നിന്ന് 250 മീറ്റർ മാത്രം അകലെയുള്ള ഫിറോസ്പൂർ എന്ന പ്രദേശത്തിന് എതിർവശത്തുള്ള ടംഗയിലും നിർമ്മാണ പ്രവനർത്തനങ്ങൾ നടക്കുന്നുണ്ട്. ലാദെക്കിൽ നിരീക്ഷണ ഗോപുരമാണ് പാക് സേന നിർമ്മിക്കുന്നത്.

അമൃത്സർ അതിർത്തിയിയിൽ നിന്ന് നിന്ന് 400, 800 കിലോമീറ്റർ അകലെയുള്ള ടോട്ടി പ്രദേശത്ത് പാക് സൈന്യം രണ്ട് ബങ്കറുകൾ നിർമ്മിക്കുകയും ഗുന്നെവാലയിൽ വൈഡ്-ബാൻഡ് ഇന്റർസെപ്ഷൻ സിസ്റ്റം സ്ഥാപിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുന്നുവെന്നുമാണ് ലഭ്യമാകുന്ന വിവരം. ഇന്ത്യൻ റേഡിയോ ഗതാഗതം തടസ്സപ്പെടുത്താനാണ് വൈഡ് ബ്രാൻഡ് ഇൻസ്‌പെഷൻ സിസ്റ്റം പാക് സേന സ്ഥാപിക്കുന്നത്. ഈ സാഹചര്യത്തിൽ അതിർത്തിയിൽ അതീവ ജാഗ്രത പുലർത്തുകയാണ് ഇന്ത്യൻ സൈന്യം.

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ തുടരാൻ തീരുമാനം. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ തുടരാൻ തീരുമാനിച്ചത്. ഒരാഴ്ച കൂടി നിയന്ത്രണങ്ങൾ തുടരാനാണ് ധാരണയായത്. നിലവിൽ ടിപിആർ 24 ൽ കൂടിയ പ്രദേശങ്ങളിലുള്ള ട്രിപ്പിൾ ലോക്ക്ഡൗൺ പുനക്രമീകരിച്ച് ടിപിആർ നിരക്ക് പതിനെട്ടിൽ കൂടുതൽ ഉളള പ്രദേശങ്ങളിൽ ഏർപ്പെടുത്താനാണ് തീരുമാനം. സംസ്ഥാനത്ത് ടിപിആർ പത്ത് ശതമാനത്തിൽ താഴെയുള്ള കുറയാത്ത സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12 മുതൽ 18 വരെയുളള ‘സി’ കാറ്റഗറിയിൽ ഉൾപ്പെട്ട പ്രദേശങ്ങളിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ മാത്രമാണ് ഉണ്ടാവുക. ടിപിആർ 6 മുതൽ 12 ശതമാനം വരെ വരുന്ന ‘ബി’ കാറ്റഗറിയിൽ ഉൾപ്പെട്ട മേഖലകളിൽ മിനി ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഉണ്ടാകും. 6 ശതമാനം വരെ ടിപിആർ നിരക്കുളള ‘എ’ കാറ്റഗറിയിൽ സാധാരണ ഗതിയിലുളള പ്രവർത്തനങ്ങൾ നടക്കും. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ സംബന്ധിച്ച കൂടുതൽ തീരുമാനങ്ങൾ ചൊവ്വാഴ്ച്ച ചേരുന്ന കോവിഡ് അവലോകന യോഗത്തിലായിരിക്കും സർക്കാർ തീരുമാനിക്കുക.

ന്യൂഡൽഹി: ട്വിറ്റർ ഇന്ത്യ എംഡിക്കെതിരെ കേസ്. ഇന്ത്യയുടെ വികലമായ ഭൂപടം പ്രസിദ്ധീകരിച്ചതിനാണ് ട്വിറ്റർ ഇന്ത്യ എംഡിക്കെതിരെ കേസെടുത്തത്. ബജ്രംഗ്ദൾ നേതാവ് പ്രവീൺ ഭാട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ഉത്തർപ്രദേശ് പോലീസാണ് ട്വിറ്റർ ഇന്ത്യ എംഡി മനീഷ് മഹേശ്വരിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. കേന്ദ്ര ഭരണപ്രദേശങ്ങളായ ജമ്മു കശ്മീരും ലഡാക്കും ഇന്ത്യക്ക് പുറത്ത് പ്രത്യേക രാജ്യങ്ങളായി ട്വിറ്റർ തങ്ങളുടെ വെബ്‌സൈറ്റിലെ ഭൂപടത്തിൽ രേഖപ്പെടുത്തിയതിനാണ് കേസെടുത്തിരിക്കുന്നത്. ട്വിറ്ററിന്റെ ‘ട്വീപ് ലൈഫ്’ വിഭാഗത്തിൽ ദൃശ്യമാകുന്ന മാപ്പിലാണ് ജമ്മു കശ്മീരും ലഡാക്കും ഇന്ത്യക്ക് പുറത്താണെന്നാണ് കാണിച്ചിരിക്കുന്നത്.

രാജ്യത്തിന്റെ വികലമായ ഭൂപടം നൽകിയതിൽ ട്വിറ്ററിനെതിരെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. പ്രതിഷേധങ്ങൾ ശക്തമായതോടെ ട്വിറ്റർ ഭൂപടം പിൻവലിച്ചു. നേരത്തെയും ഇന്ത്യയുടെ ഭൂപടം ട്വിറ്റർ വികലമായി ചിത്രീകരിച്ചിരുന്നു. ജമ്മു കശ്മീരിലെ ലേ ജിയോ ലൊക്കേഷനിൽ ചൈനയുടെ ഭാഗമായിട്ടായിരുന്നു ട്വിറ്റർ കാണിച്ചിരുന്നത്. വിഷയത്തിൽ കേന്ദ്രസർക്കാർ ട്വിറ്ററിനെതിരെ കടുത്ത അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

കൊച്ചി: കൊച്ചിയെ ലോക ശ്രദ്ധയാകർഷിക്കുന്ന കായിക നഗരമായി വളർത്തിയെടുക്കുമെന്ന് കായികമന്ത്രി വി അബ്ദുറഹ്മാൻ. എറണാകുളം ഗസ്റ്റ് ഹൗസിൽ ജനപ്രതിനിധികളും ജില്ലാ ഭരണകൂടവുമായുമായുള്ള യോഗത്തിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കൊച്ചിയെ കേരളത്തിന്റെ കായിക ഹബ്ബാക്കി മാറ്റുമെന്നും അദ്ദേഹം അറിയിച്ചു.

സംസ്ഥാനത്ത് സമഗ്രകായിക നയം രൂപവത്കരിക്കും. കായികനയം രൂപീകരിക്കുന്നതിനായി ജില്ലാ-സംസ്ഥാന തലങ്ങളിൽ ശില്പശാലകൾ സംഘടിപ്പിക്കും. മഹാരാജാസ് കോളേജ് മൈതാനവും സിന്തറ്റിക് ട്രാക്കും നശിക്കാതിരിക്കാൻ നടപടി സ്വീകരിക്കുമെന്നും നിലവിൽ ട്രാക്കും ഫീൽഡും നവീകരിക്കുന്നതിന് ആവശ്യമായ ഏഴു കോടി രൂപ സ്‌പോർട്‌സ് കൗൺസിൽ വകയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വാട്ടർ സ്‌പോർട്‌സിനു ഏറ്റവും സാധ്യതയുള്ള പട്ടണമാണ് കൊച്ചി. ഇതുമായി ബന്ധപെട്ടു പ്രൊജെക്ടുകൾ തയ്യാറാക്കും. കോവിഡാനന്തര കാലഘട്ടത്തിൽ കായികക്ഷമത വർധിപ്പിക്കുന്നതിന് പ്രോത്സാഹനം നൽകന്നതിനു പ്രൈമറി വിദ്യാലയം മുതൽ കോളേജ് തലത്തിൽ വരെ പരിപാടികൾ നടത്തും. സ്‌പോട്‌സ് ടൂറിസത്തിൽ നഗരത്തിനുള്ള സാധ്യതകളും യോഗത്തിൽ വിലയിരുത്തി.

പനമ്പിള്ളി നഗറിൽ സത്രീകൾക്കായി ഫുട്‌ബോൾ അക്കാദമി ആരംഭിക്കും. ജില്ലയിൽ ആദ്യമായി വനിതകൾക്കായി സ്ഥാപിക്കുന്ന ഫുട്ബോൾ അക്കാദമിയാണിത്. കായിക യുവജന കാര്യാലയത്തിന്റെ റീജിയണൽ ഓഫീസും എറണാകുളത്ത് ആരംഭിക്കും. സ്‌പോർട്‌സ് കൗൺസിലിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള അസോസിയേഷനുകളുടെ യോഗം ചേർന്ന് പ്രവർത്തനങ്ങൾ സജീവമാക്കാനും ധാരണയായി. എല്ലാ പഞ്ചായത്തുകളിലും ഒരു കളിസ്ഥലം ഒരുക്കും. കായിക രംഗത്തെ ആരോഗ്യ-വിദ്യാഭ്യാസ മേഖലയെ പോലെ തന്നെ ഉന്നത നിലവാരം പുലർത്തുന്ന രീതിയിൽ മാറ്റി എടുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊച്ചി: തിരുവനന്തപുരത്ത് നിന്ന് അങ്കമാലി വരെയുള്ള എംസി റോഡ് ദേശീയപാത നിലവാരത്തിലാക്കാനൊരുങ്ങി സർക്കാർ. ഇതിനായി 6794 കോടി രൂപയുടെ പദ്ധതിക്കാണ് രൂപം നൽകിയത്. കേന്ദ്രവും സംസ്ഥാന സർക്കാരും സംയുക്തമായിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.

എംസി റോഡ് വീതികൂട്ടി നാലുവരി പാതയാക്കാനാണ് പദ്ധതിയിടുന്നത്. പദ്ധതിയുടെ ചെലവിന്റെ 25 ശതമാനം സംസ്ഥാനം വഹിക്കും. കിഫ്ബിയിൽ നിന്നായിരിക്കും സംസ്ഥാന വിഹിതം അനുവദിക്കുന്നത്. ഭൂമിയേറ്റെടുക്കുന്നതിന് വേണ്ടിയാണ് സംസ്ഥാന സർക്കാർ ഈ തുക മാറ്റിവയ്ക്കുന്നത്.

എംസി റോഡ് ദേശീയപാതയാക്കി വികസിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് മുൻപ് സംസ്ഥാന സർക്കാർ കത്ത് നൽകിയിരുന്നു. ലോകബാങ്കിൽ നിന്നുള്ള സാമ്പത്തിക സഹായത്തോടെ കെഎസ്ടിപി മൂന്ന് വർഷങ്ങൾക്ക് മുൻപ് എംസി റോഡിന്റെ നവീകരണം പൂർത്തിയാക്കിയിരുന്നു. ഈ നവീകരണം കൊണ്ട് ഉദ്ദേശിച്ച ഫലം ലഭിച്ചിട്ടില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. നവീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഒരു ഘട്ടത്തിൽ അഴിമതി ആരോപണങ്ങളും ഉയർന്നിരുന്നു.

എംസി റോഡ് ദേശീയപാത നിലവാരത്തിലേക്ക് ഉയർത്തുന്നതോടെ ഗതാഗതമേഖലയിൽ വലിയ നേട്ടം ഉണ്ടാകുമെന്നാണ് പറയെപ്പെടുന്നത്. കൂടുതൽ ഭൂമി ഏറ്റെടുക്കാതെ റോഡിന്റെ ഇരുവശങ്ങളിലുള്ള ഭൂമി ഉപയോഗിച്ച് തന്നെ പാത വികസിപ്പിക്കാനാണ് അധികൃതർ പദ്ധതിയിടുന്നത്. ഗതാഗതക്കുരുക്ക് ഒഴിവാക്കാനും അപകടങ്ങൾ കുറയ്ക്കാനും പദ്ധതി സഹായകമാകുമെന്നാണ് വിലയിരുത്തൽ.