തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ തുടരാൻ തീരുമാനം. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ തുടരാൻ തീരുമാനിച്ചത്. ഒരാഴ്ച കൂടി നിയന്ത്രണങ്ങൾ തുടരാനാണ് ധാരണയായത്. നിലവിൽ ടിപിആർ 24 ൽ കൂടിയ പ്രദേശങ്ങളിലുള്ള ട്രിപ്പിൾ ലോക്ക്ഡൗൺ പുനക്രമീകരിച്ച് ടിപിആർ നിരക്ക് പതിനെട്ടിൽ കൂടുതൽ ഉളള പ്രദേശങ്ങളിൽ ഏർപ്പെടുത്താനാണ് തീരുമാനം. സംസ്ഥാനത്ത് ടിപിആർ പത്ത് ശതമാനത്തിൽ താഴെയുള്ള കുറയാത്ത സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12 മുതൽ 18 വരെയുളള ‘സി’ കാറ്റഗറിയിൽ ഉൾപ്പെട്ട പ്രദേശങ്ങളിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ മാത്രമാണ് ഉണ്ടാവുക. ടിപിആർ 6 മുതൽ 12 ശതമാനം വരെ വരുന്ന ‘ബി’ കാറ്റഗറിയിൽ ഉൾപ്പെട്ട മേഖലകളിൽ മിനി ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഉണ്ടാകും. 6 ശതമാനം വരെ ടിപിആർ നിരക്കുളള ‘എ’ കാറ്റഗറിയിൽ സാധാരണ ഗതിയിലുളള പ്രവർത്തനങ്ങൾ നടക്കും. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ സംബന്ധിച്ച കൂടുതൽ തീരുമാനങ്ങൾ ചൊവ്വാഴ്ച്ച ചേരുന്ന കോവിഡ് അവലോകന യോഗത്തിലായിരിക്കും സർക്കാർ തീരുമാനിക്കുക.

