തിരുവനന്തപുരത്ത് നിന്ന് അങ്കമാലി വരെയുള്ള എംസി റോഡ് ദേശീയപാത നിലവാരത്തിലാക്കാനൊരുങ്ങുന്നു; പദ്ധതി ചെലവ് 6794 കോടി

കൊച്ചി: തിരുവനന്തപുരത്ത് നിന്ന് അങ്കമാലി വരെയുള്ള എംസി റോഡ് ദേശീയപാത നിലവാരത്തിലാക്കാനൊരുങ്ങി സർക്കാർ. ഇതിനായി 6794 കോടി രൂപയുടെ പദ്ധതിക്കാണ് രൂപം നൽകിയത്. കേന്ദ്രവും സംസ്ഥാന സർക്കാരും സംയുക്തമായിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.

എംസി റോഡ് വീതികൂട്ടി നാലുവരി പാതയാക്കാനാണ് പദ്ധതിയിടുന്നത്. പദ്ധതിയുടെ ചെലവിന്റെ 25 ശതമാനം സംസ്ഥാനം വഹിക്കും. കിഫ്ബിയിൽ നിന്നായിരിക്കും സംസ്ഥാന വിഹിതം അനുവദിക്കുന്നത്. ഭൂമിയേറ്റെടുക്കുന്നതിന് വേണ്ടിയാണ് സംസ്ഥാന സർക്കാർ ഈ തുക മാറ്റിവയ്ക്കുന്നത്.

എംസി റോഡ് ദേശീയപാതയാക്കി വികസിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് മുൻപ് സംസ്ഥാന സർക്കാർ കത്ത് നൽകിയിരുന്നു. ലോകബാങ്കിൽ നിന്നുള്ള സാമ്പത്തിക സഹായത്തോടെ കെഎസ്ടിപി മൂന്ന് വർഷങ്ങൾക്ക് മുൻപ് എംസി റോഡിന്റെ നവീകരണം പൂർത്തിയാക്കിയിരുന്നു. ഈ നവീകരണം കൊണ്ട് ഉദ്ദേശിച്ച ഫലം ലഭിച്ചിട്ടില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. നവീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഒരു ഘട്ടത്തിൽ അഴിമതി ആരോപണങ്ങളും ഉയർന്നിരുന്നു.

എംസി റോഡ് ദേശീയപാത നിലവാരത്തിലേക്ക് ഉയർത്തുന്നതോടെ ഗതാഗതമേഖലയിൽ വലിയ നേട്ടം ഉണ്ടാകുമെന്നാണ് പറയെപ്പെടുന്നത്. കൂടുതൽ ഭൂമി ഏറ്റെടുക്കാതെ റോഡിന്റെ ഇരുവശങ്ങളിലുള്ള ഭൂമി ഉപയോഗിച്ച് തന്നെ പാത വികസിപ്പിക്കാനാണ് അധികൃതർ പദ്ധതിയിടുന്നത്. ഗതാഗതക്കുരുക്ക് ഒഴിവാക്കാനും അപകടങ്ങൾ കുറയ്ക്കാനും പദ്ധതി സഹായകമാകുമെന്നാണ് വിലയിരുത്തൽ.