ന്യൂഡൽഹി: ട്വിറ്റർ ഇന്ത്യ എംഡിക്കെതിരെ കേസ്. ഇന്ത്യയുടെ വികലമായ ഭൂപടം പ്രസിദ്ധീകരിച്ചതിനാണ് ട്വിറ്റർ ഇന്ത്യ എംഡിക്കെതിരെ കേസെടുത്തത്. ബജ്രംഗ്ദൾ നേതാവ് പ്രവീൺ ഭാട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ഉത്തർപ്രദേശ് പോലീസാണ് ട്വിറ്റർ ഇന്ത്യ എംഡി മനീഷ് മഹേശ്വരിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. കേന്ദ്ര ഭരണപ്രദേശങ്ങളായ ജമ്മു കശ്മീരും ലഡാക്കും ഇന്ത്യക്ക് പുറത്ത് പ്രത്യേക രാജ്യങ്ങളായി ട്വിറ്റർ തങ്ങളുടെ വെബ്‌സൈറ്റിലെ ഭൂപടത്തിൽ രേഖപ്പെടുത്തിയതിനാണ് കേസെടുത്തിരിക്കുന്നത്. ട്വിറ്ററിന്റെ ‘ട്വീപ് ലൈഫ്’ വിഭാഗത്തിൽ ദൃശ്യമാകുന്ന മാപ്പിലാണ് ജമ്മു കശ്മീരും ലഡാക്കും ഇന്ത്യക്ക് പുറത്താണെന്നാണ് കാണിച്ചിരിക്കുന്നത്.
രാജ്യത്തിന്റെ വികലമായ ഭൂപടം നൽകിയതിൽ ട്വിറ്ററിനെതിരെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. പ്രതിഷേധങ്ങൾ ശക്തമായതോടെ ട്വിറ്റർ ഭൂപടം പിൻവലിച്ചു. നേരത്തെയും ഇന്ത്യയുടെ ഭൂപടം ട്വിറ്റർ വികലമായി ചിത്രീകരിച്ചിരുന്നു. ജമ്മു കശ്മീരിലെ ലേ ജിയോ ലൊക്കേഷനിൽ ചൈനയുടെ ഭാഗമായിട്ടായിരുന്നു ട്വിറ്റർ കാണിച്ചിരുന്നത്. വിഷയത്തിൽ കേന്ദ്രസർക്കാർ ട്വിറ്ററിനെതിരെ കടുത്ത അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

