General (Page 1,269)

കണ്ണൂർ: ട്രെയിനിൽ വെച്ച് യാത്രക്കാരനെ മർദ്ദിച്ച സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. യാത്രക്കാരനെ ഉപദ്രവിച്ച എ.എസ്.ഐ പ്രമോദിനെ സസ്‌പെൻഡ് ചെയ്തു. അന്വേഷണ വിധേയമായാണ് സസ്‌പെൻഷൻ.

ടിക്കറ്റില്ലാതെ യാത്രചെയ്‌തെന്നും സ്ത്രീകളെ ശല്യംചെയ്തെന്നും ആരോപിച്ചായിരുന്നു ട്രെയിനിൽ വെച്ച് പോലീസ് ഉദ്യോഗസ്ഥൻ യാത്രക്കാരനെ മർദ്ദിച്ചത്. സംഭവത്തിൽ ദൃശ്യങ്ങൾ പുറത്തു വന്നതിന് പിന്നാലെ പോലീസിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. യാത്രക്കാരനെ മർദിച്ചത് പോലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇന്റലിജൻസ് എ.ഡി.ജി.പിയാണ് എഎസ്‌ഐയ്‌ക്കെതിരെ നടപടി സ്വീകരിച്ചത്.

മാവേലി എക്‌സ്പ്രസിൽ വെച്ചാണ് പൊലീസ് യാത്രക്കാരനെ മർദ്ദിച്ചത്. ടിക്കറ്റില്ലാതെ സ്ലീപ്പർ കോച്ചിൽ യാത്ര ചെയ്തുവെന്ന കുറ്റത്തിന് യാത്രക്കാരനെ എഎസ്‌ഐ പ്രമോദ് ബൂട്ടിട്ട് നെഞ്ചിൽ ചവിട്ടുകയായിരുന്നു.

സ്ലീപ്പർ കമ്പാർട്ട്‌മെന്റിലേക്ക് പരിശോധനയുമായി എത്തിയ പോലീസ് ഉദ്യോഗസ്ഥൻ യാത്രക്കാരനോട് ടിക്കറ്റ് ചോദിച്ചു. സ്ലീപ്പർ ടിക്കറ്റില്ലെന്നും ജനറൽ ടിക്കറ്റ് മാത്രമേയുള്ളു എന്ന് യാത്രക്കാരൻ മറുപടി നൽകുകയായിരുന്നു. ടിക്കറ്റ് എടുക്കാൻ പോലീസുകാരൻ ആവശ്യപ്പെടുകയും ഇതനുസരിച്ച് ഇയാൾ ബാഗിൽ ടിക്കറ്റ് തിരയുന്നതിനിടെയാണ് എഎസ്ഐ ബൂട്ട് ഉപയോഗിച്ച് ചവിട്ടിയത്. തല്ലി വീഴ്ത്തുകയും നിലത്ത് വലിച്ചിട്ട് ബൂട്ട് കൊണ്ട് നെഞ്ചിന് ചവിട്ടുകയും ചെയ്തുവെന്ന് ദൃശ്യങ്ങൾ പകർത്തിയ യാത്രക്കാരൻ പറഞ്ഞു. മാവേലി എക്‌സ്പ്രസ് കണ്ണൂരിൽ നിന്ന് പുറപ്പെട്ടപ്പോഴായിരുന്നു പോലീസിന്റെ ക്രൂരത അരങ്ങേറിയത്.

അതേസമയം സ്ത്രീകളായ യാത്രക്കാരോട് ഇയാൾ മോശമായി പെരുമാറിയെന്നും അതിനു ടിടിഇയോട് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ട്രെയിനിൽ എത്തിയതെന്നുമാണ് പൊലീസിന്റെ വിശദീകരണം. മർദ്ദന ദൃശ്യങ്ങൾ മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ എസ്പി ഇളങ്കോ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു.

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര വ്യോമപ്രതിരോധ സംവിധാനം പഞ്ചാബിൽ സ്ഥാപിച്ചു. റഷ്യയിൽ നിന്നും ലഭിച്ച എസ് 400 ട്രയംഫ് മിസൈലാണ് ഇന്ത്യ പഞ്ചാബിൽ സ്ഥാപിച്ചത്. പാകിസ്താനും ചൈനയും ഇന്ത്യയ്ക്ക് നേരെ തൊടുക്കുന്ന ക്രൂസ് മിസൈലുകളോ, യുദ്ധവിമാനങ്ങളോ, ഡ്രോണുകളോ ചാരമാക്കാൻ എസ് 400 ട്രയംഫ് മിസൈലിന് കഴിയും.

റഷ്യയിൽ നിന്നും പ്രത്യേക പരിശീലനം നേടിയ സൈനികരാണ് എസ് 400 പ്രവർത്തിപ്പിക്കുന്നത്. 2018 ഒക്ടോബറിലാണ് 5.43 ബില്യൺ ഡോളറിന് റഷ്യയും ഇന്ത്യയും എസ്-400 മിസൈലുകൾ വിതരണം ചെയ്യാനുള്ള കരാറിൽ ഒപ്പുവച്ചത്. 400 കിലോമീറ്റർ വരെ അകലെയുള്ള ലക്ഷ്യസ്ഥാനങ്ങൾ നശിപ്പിക്കാനുള്ള കഴിവ് എസ് 400നുണ്ട്. ദൂരക്കാഴ്ചയുള്ള റഡാറുകളാണ് എസ്400 ട്രയംഫ് മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ മറ്റൊരു പ്രത്യേകത. 600 കിലോമീറ്റർ അകലെ വരെയുള്ള കാര്യങ്ങൾ നിരീക്ഷിച്ചറിയാനുള്ള കഴിവാണ് ഇവയുടെ പ്രത്യേകത. അതിർത്തിമേഖലകളിൽ നിന്നും ഇന്ത്യയിലേക്ക് പറുന്നവരുന്ന ഏത് വസ്തുവും നിമിഷങ്ങൾക്കുള്ളിൽ കണ്ടെത്താൻ റഡാറുകൾക്ക് കഴിയും.

പാകിസ്താൻ വ്യോമാക്രമണത്തിൽ പ്രധാനമായ അമേരിക്കൻ നിർമ്മിതമായ എഫ്16 യുദ്ധവിമാനത്തെ തകർക്കാനും എസ് 400നാകും. ശത്രുസേനകളുടെ കണ്ണിൽപ്പെടാതെ പറക്കാനുള്ള ശേഷിയുള്ള സ്റ്റെൽത് സ്വഭാവമുള്ള അമേരിക്കൻ നിർമ്മിത എഫ് 35നെ തകർക്കാനുള്ള കഴിവും മിസൈലിനുണ്ട്. ഏത് ആക്രമണവും നേരിടാൻ തങ്ങൾക്ക് കെൽപ്പുണ്ടെന്ന് പാകിസ്താനെയും ചൈനയെയും അറിയിക്കുകയാണ് വ്യോമപ്രതിരോധ സംവിധാനം പഞ്ചാബിൽ സ്ഥാപിച്ചതിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്.

ന്യൂഡൽഹി: അഫ്ഗാനിസ്താനിലുള്ള ആയിഷ എന്ന സോണിയ സെബാസ്റ്റ്യനെയും മകളെയും ഇന്ത്യയിലേക്ക് തിരിച്ചു കൊണ്ടുവരണമെന്ന ആവശ്യത്തിൽ തീരുമാനമെടുക്കാൻ കേന്ദ്രത്തിന് നിർദ്ദേശം നൽകി സുപ്രീം കോടതി. കേന്ദ്ര കാബിനറ്റ് സെക്രട്ടറിയോടും വിദേശകാര്യ സെക്രട്ടറിയോടുമാണ് സുപ്രീം കോടതി നിർദ്ദേശം നൽകിയത്. എട്ട് ആഴ്ചയ്ക്കുള്ളിൽ വിഷയത്തിൽ തീരുമാനമെടുക്കണമെന്നാണ് നിർദ്ദേശം. സർക്കാർ തീരുമാനത്തിൽ എതിർപ്പ് ഉണ്ടെങ്കിൽ ഹർജിക്കാരന് ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. ആയിഷയുടെ പിതാവ് വി.ജെ. സെബാസ്റ്റ്യൻ ഫ്രാൻസിസ് നൽകിയ ഹർജിയിലാണ് നടപടി.

മറ്റൊരു രാജ്യത്ത് നിന്ന് പൗരമാരെ തിരിച്ചു കൊണ്ടുവരണമെന്നത് സംബന്ധിച്ച തീരുമാനം സ്വീകരിക്കേണ്ടത് കേന്ദ്ര സർക്കാരാണെന്ന് ജസ്റ്റിസ് എൽ. നാഗേശ്വർ റാവുവിന്റെ അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. വിഷയത്തിൽ കോടതിക്ക് പ്രത്യേക നിർദേശം നൽകാൻ കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഭീകരസംഘടനയായ ഐ.എസിൽ ചേർന്ന ആയിഷയുടെ ഭർത്താവ് 2019-ൽ നാറ്റോ സഖ്യ സേന നടത്തിയ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. യു.എ.പി.എ. നിയമപ്രകാരം ആയിഷയ്ക്കെതിരെ എൻ.ഐ.എ. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇന്ത്യയിൽ എത്തിച്ച ശേഷം ഈ കേസിൽ വിചാരണ നടത്തണമെന്നാവശ്യപ്പെട്ടാണ് സുപ്രീം കോടതിയിൽ ആയിഷയുടെ പിതാവ് ഹർജി സമർപ്പിച്ചത്.

അതേസമയം ആയിഷയെയും മകളെയും പാർപ്പിച്ചിരുന്ന പുലെ ചർക്കി ജയിൽ താലിബാൻ തകർത്തതായാണ് വിവരമെന്ന് പിതാവിന് വേണ്ടി ഹാജരായ അഭിഭാഷകൻ രഞ്ജിത്ത് മാരാർ സുപ്രീം കോടതിയെ അറിയിച്ചു. നിലവിൽ അഫ്ഗാൻ-പാകിസ്ഥാൻ അതിർത്തിയിലുള്ള മേഖലയിലാണ് ഇവരെ പാർപ്പിച്ചിരിക്കുന്നതെന്നാണ് ലഭിച്ച അനൗദ്യോഗിക വിവരമെന്നും അദ്ദേഹം വിശദമാക്കിയിരുന്നു.

ന്യൂയോർക്ക്: ലോകരാഷ്ട്രങ്ങൾക്കെതിരെ വിമർശനവുമായി ലോകാരോഗ്യ സംഘടന. കോവിഡ് വൈറസിന്റെ ജനിതക വകഭേദമായ ഒമിക്രോൺ വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ലോകരാഷ്ട്രങ്ങളുടെ മെല്ലപോക്കിനെതിരെയാണ് ലോകാരോഗ്യ സംഘടന രംഗത്തെത്തിയത്. എല്ലാവരും ആഗ്രഹിക്കുന്ന പോലെ 2022 ൽ തന്നെ കോവിഡ് മഹാമാരിയെ ഈ ഭൂമുഖത്തു നിന്നും തുടച്ചുനീക്കാം. എന്നാൽ സമൂഹങ്ങളോട് കാണിക്കുന്ന നീതികേടും മാറ്റിനിർത്തലും അവസാനിച്ചാൽ മാത്രമേ അത് സാധിക്കൂവെന്നാണ് ലോകാരോഗ്യ സംഘടന അഭിപ്രായപ്പെടുന്നത്. ഡബ്ലു.എച്ച്.ഒ മേധാവി ടെഡ്രോസ് ഗബ്രിയേസൂസാണ് ഇക്കാര്യം അറിയിച്ചത്.

എല്ലാവരും ദരിദ്ര സമൂഹങ്ങളോടുള്ള നീതികേട് അവസാനിപ്പിച്ചാൽ ഈ ഒറ്റവർഷംകൊണ്ട് കോവിഡിനെ തുടച്ചു നീക്കാമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു രാജ്യവും ഈ മഹാമാരിയിൽ നിന്നും മുക്തമല്ല. എവിടെ പുതിയ വകഭേദമുണ്ടായാലും അത് ഒരു മാസത്തിനകം ലോകം മഴുവൻ വ്യാപിക്കുകയാണ്. നിരവധി സംവിധാനങ്ങൾ രാഷ്ട്രങ്ങൾ വികസിപ്പിച്ചിട്ടുമുണ്ട്. എന്നാൽ രാജ്യങ്ങളോട് കാണിക്കുന്ന നീതികേടും അസമത്വവും ഇല്ലാതാക്കാൻ ആദ്യം പരിശ്രമിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ത്യ ഉൾപ്പെടെയുള്ള വികസ്വര രാജ്യങ്ങൾ പോലും ചുറ്റുമുള്ള നിരവധി രാജ്യങ്ങൾക്ക് അടിയന്തിരസഹായം നൽകുകയാണ്. എന്നാൽ ആഫ്രിക്കൻ മേഖലയെ ലോകരാജ്യങ്ങൾ അവഗണിക്കുന്നു. ദരിദ്രരാജ്യങ്ങളുടെ പ്രകൃതി വിഭവങ്ങളും സമ്പത്തും മുഴുവൻ കവർന്നെടുക്കുന്ന പാശ്ചാത്യരാജ്യങ്ങൾ വാക്സിൻ കാര്യത്തിലും മരുന്നുകളുടെ കാര്യത്തിലും മെല്ലെപോക്ക് തുടരുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ വാക്കുകൾക്ക് പ്രസക്തിയേറുന്നത്.

ന്യൂഡൽഹി: 15 മുതൽ 18 വയസു വരെയുള്ളവരുടെ വാക്‌സിനേഷന് തുടക്കം കുറിച്ച് രാജ്യം. മുപ്പത് ലക്ഷത്തോളം കൗമാരക്കാരാണ് ആദ്യ ദിവസം വാക്‌സിൻ സ്വീകരിച്ചത്. നാല്പത്തി നാല് ലക്ഷത്തിലധികം പേരാണ് വാക്‌സിന് വേണ്ടി കൊവിൻ പോർട്ടൽ വഴി ഇതുവരെ രജിസ്റ്റർ ചെയ്തത്. ഡൽഹി ഉൾപ്പടെയുള്ള നഗരങ്ങളിൽ രാവിലെ 9 മണി മുതൽ വാക്‌സിനേഷൻ ആരംഭിച്ചു. 157 കേന്ദ്രങ്ങളാണ് ഡൽഹിയിൽ മാത്രം സജ്ജീകരിച്ചിരിക്കുന്നത്. 15 നും 18നും ഇടയിൽ പ്രായമുള്ള പത്ത് കോടിയോളം പേർക്കാണ് ഇന്ന് മുതൽ വാക്‌സിൻ നൽകാൻ ആരംഭിച്ചത്.

നാലാഴ്ച്ച ഇടവേളയിലാണ് കൊവാക്‌സിൻ നൽകുന്നത്. വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ നേരിട്ടെത്തിയും രജിസ്‌ട്രേഷൻ നടത്താം. കൗമാരക്കാർക്ക് വാക്‌സിൻ നൽകി തുടങ്ങിയതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നന്ദി അറിയിച്ചു. കൗമാരക്കാരിലെ വാക്‌സിനേഷൻ ആരംഭിച്ച പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾക്ക് കൂടുതൽ ഡോസ് കൊവാക്‌സീൻ നൽകുമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

അതേസമയം രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം 1700 ആയി ഉയർന്നു. തെരഞ്ഞടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ വാക്‌സിനേഷൻ നിരക്ക് കൂട്ടാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

തിരുവനന്തപുരം: കെ റെയിൽ പദ്ധതിക്കെതിരെ വിമർശനവുമായി മെട്രോമാൻ ഇ ശ്രീധരൻ. ഡി പി ആർ കാണാതെ കെ റെയിലിന്റെ പേരിൽ നടക്കുന്ന പരിസ്ഥിതി ആഘാത പഠനം അസംബന്ധമാണെന്ന് അദ്ദേഹം പറഞ്ഞു. പരിസ്ഥിതി, സാമൂഹിക അഘാത പഠനങ്ങൾ നടത്തുന്ന ഏജൻസികൾ തന്നെ ഡിപി ആർ കണ്ടില്ലെന്ന് പറയുന്നത് ഗൗരവതരമായ കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അലൈൻമെന്റ് ട്രാക്കിന്റെ ഉയർച്ചയും താഴ്ചയും ചരിവും കിടങ്ങുമെല്ലാം നിശ്ചയിച്ചാൽ മാത്രമേ പരിസ്ഥിതി സാമൂഹിക ആഘാത പഠനങ്ങൾ ഫലപ്രദമാകൂ. ട്രാക്ക് ഭൂമിയിലൂടെ കടന്നുപോകുന്നതിന്റെയും തൂണുകളിൽ പോകുന്നതിന്റെയും ആഘാതപഠനം വ്യത്യസ്തമാണ്. ഇവ രണ്ടുതരത്തിലാണ് ചെയ്യേണ്ടത്. പാലങ്ങൾ എവിടെയാണ് വരുന്നത്, എത്ര ചെറിയ പാലങ്ങൾ ഉണ്ട്, എത്ര വലിയ പാഠങ്ങൾ ഉണ്ട് തുടങ്ങിയ വിഷയങ്ങളിൽ വ്യക്തത വരുത്താതെ പഠനം നടത്തുന്നത് ശരിയായ കാര്യമല്ല. പഠനം ശാസ്ത്രീയം അല്ലെങ്കിൽ കെ റെയിൽ പദ്ധതി പരാജയമാകും എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

സംസ്ഥാന സർക്കാരിന്റെ സ്വപ്‌ന പദ്ധതിയാണ് കെ റെയിൽ. കാസർകോഡ് നിന്നു തിരുവനന്തപുരത്തേക്ക് നാലു മണിക്കൂർ കൊണ്ട് യാത്ര ചെയ്യാൻ കഴിയുന്ന അർധ അതിവേഗ റെയിൽ പദ്ധതിയാണു കെ റെയിലിലൂടെ സംസ്ഥാന സർക്കാർ വിഭാവനം ചെയ്യുന്നത്. 529.45 കിലോമീറ്ററാണ് പാതയുടെ ആകെ നീളം. കൊച്ചി എയർപോർട്ടിലേതടക്കം 11 സ്റ്റേഷനുകളാകും അർധ അതിവേഗ പാതയിൽ ഉണ്ടാകുക. കേരളത്തിന്റെ വ്യവസായ, സാങ്കേതിക, ടൂറിസം തുടങ്ങി സമസ്ത മേഖലകളിലും വിപ്ലവകരമായ മാറ്റം കെ റെയിൽ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

തിരുവനന്തപുരം: ഇന്ത്യയിൽ കോൺഗ്രസ് തകർന്നാൽ ബദലാകാനുള്ള കഴിവ് ഇടതുപക്ഷത്തിനില്ലെന്ന് സിപിഐ എംപി ബിനോയ് വിശ്വം. കോൺഗ്രസ് തകരുന്നിടത്ത് ആർ.എസ്.എസ്. സംഘടനകൾ ഇടംപിടിക്കുമെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. പി.ടി. തോമസ് അനുസ്മരണ പരിപാടിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയത്തിൽ, ബി.ജെ.പി.-ആർ.എസ്.എസ്. സംഘടനകൾ ഉയർത്തുന്ന വെല്ലുവിളിക്കു മുന്നിൽ കോൺഗ്രസ് തകർന്നാലുണ്ടാകാൻ പോകുന്ന ശൂന്യതയെപ്പറ്റി ബോധ്യമുള്ള ഇടതുപക്ഷക്കാരാണ് തങ്ങളെന്ന് അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലെ തർക്കങ്ങളെല്ലാം ഇരിക്കത്തന്നെ പറയുകയാണ് കോൺഗ്രസ് തകർന്നാൽ ആ തകർച്ചയുടെ ശൂന്യത നികത്താനുള്ള കെൽപ് ഇന്ന് ഇന്ത്യയിൽ ഇടതുപക്ഷത്തിനില്ല. ആ ശൂന്യത നികത്താനിടയുള്ളത് സംഘപരിവാറും അതിന്റെ ഫാസിസ്റ്റ് ആശയങ്ങളുമായിരിക്കും. അത് ഒഴിവാക്കണമെങ്കിൽ നെഹ്റുവിനെ ഓർത്തുകൊണ്ട് കോൺഗ്രസ് തകരാതിരിക്കാൻ ശ്രമിക്കണമെന്നാണ് താൻ ചിന്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിനെ അവഗണിച്ചു കൊണ്ട് ദേശീയതലത്തിൽ ഒരു ബദൽ ഉണ്ടാക്കാൻ കഴിയില്ലെന്ന സിപിഐയുടെ വിശ്വാസമാണ് ബിനോയ് വിശ്വത്തിന്റെ പ്രസ്താവനയിൽ പ്രതിഫലിക്കുന്നത്.

സിപിഐയുടെ വിശ്വാസങ്ങൾക്ക് വിപരീതമാണ് സിപിഎമ്മിന്റെ നിലപാടുകൾ. കോൺഗ്രസിന് ദേശീയ തലത്തിൽ ബി.ജെ.പിക്ക് ബദലാവാൻ കഴിയില്ലെന്നും ഇടതുശക്തികൾക്കാണ് അതിന് കഴിയുകയെന്നും പോളിറ്റ് ബ്യൂറോ അംഗവും കേരള മുഖ്യമന്ത്രിയുമായ പിണറായി വിജയൻ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂർ, ത്രിപുര സംസ്ഥാനങ്ങൾ സന്ദർശിക്കും. 2022 ജനുവരി 4 നാണ് സന്ദർശനം. രാവിലെ 11 മണിക്ക് പ്രധാനമന്ത്രി 4800 കോടിയിലധികം രൂപയുടെ 22 വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും ഇംഫാലിൽ നിർവ്വഹിക്കും. അതിനുശേഷം ഉച്ചയ്ക്ക് 2 മണിക്ക്, അഗർത്തലയിൽ, മഹാരാജ ബിർ ബിക്രം വിമാനത്താവളത്തിലെ പുതിയ സംയോജിത ടെർമിനൽ കെട്ടിടം അദ്ദേഹം ഉദ്ഘാടനം ചെയ്യും. കൂടാതെ രണ്ട് പ്രധാന വികസന സംരംഭങ്ങളും ആരംഭിക്കും.

മണിപ്പൂരിൽ ഏകദേശം 1850 കോടി രൂപയുടെ 13 പദ്ധതികളുടെ ഉദ്ഘാടനവും 2950 കോടി രൂപയ്ക്കുള്ള 9 പദ്ധതികളുടെ തറക്കല്ലിടലും നിർവ്വഹിക്കും . റോഡ് അടിസ്ഥാനസ്വകാര്യം , കുടിവെള്ള വിതരണം, ആരോഗ്യം, നഗരവികസനം, പാർപ്പിടം, വിവരസാങ്കേതികവിദ്യ, നൈപുണ്യ വികസനം, കല, സംസ്‌കാരം തുടങ്ങിയ വിവിധ മേഖലകളുമായി ഈ പദ്ധതികൾ ബന്ധപ്പെട്ടിരിക്കുന്നു. കണക്ടിവിറ്റി മെച്ചപ്പെടുത്തുന്നതിനുള്ള രാജ്യവ്യാപക പദ്ധതികൾക്ക് അനുസൃതമായി, 1700 കോടിയിലധികം രൂപ ചെലവിൽ നിർമ്മിക്കുന്ന അഞ്ച് ദേശീയ പാത പദ്ധതികളുടെ നിർമ്മാണത്തിന് പ്രധാനമന്ത്രി തറക്കല്ലിടും. 110 കിലോമീറ്ററിലധികം ദൈർഘ്യമുള്ള ഈ ഹൈവേകളുടെ നിർമ്മാണം ഈ മേഖലയുടെ റോഡ് കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പ്പായിരിക്കും. ഇംഫാലിൽ നിന്ന് സിൽച്ചാറിലേക്കുള്ള തടസ്സമില്ലാത്ത കണക്റ്റിവിറ്റി വർദ്ധിപ്പിക്കുകയും ഗതാഗതക്കുരുക്ക് കുറയ്ക്കുകയും ചെയ്യുന്ന മറ്റൊരു പ്രധാന അടിസ്ഥാന സൗകര്യം, 75 കോടിയിലധികം രൂപ ചെലവിൽ നിർമ്മിച്ച ദേശീയ പാത -37 ൽ ബരാക് നദിക്ക് മുകളിൽ നിർമ്മിച്ച സ്റ്റീൽ പാലത്തിന്റെ നിർമ്മാണമാണ്. ഈ സ്റ്റീൽ പാലം പരിപാടിയിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

1100 കോടി രൂപ ചെലവിൽ നിർമിച്ച 2,387 മൊബൈൽ ടവറുകൾ പ്രധാനമന്ത്രി മണിപ്പൂരിലെ ജനങ്ങൾക്ക് സമർപ്പിക്കും. സംസ്ഥാനത്തിന്റെ മൊബൈൽ കണക്റ്റിവിറ്റി കൂടുതൽ വർധിപ്പിക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പായിരിക്കും ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. സംസ്ഥാനത്തെ കുടിവെള്ള വിതരണ പദ്ധതികളുടെ ഉദ്ഘാടനത്തോടെ എല്ലാ വീട്ടിലും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കാനുള്ള പ്രധാനമന്ത്രിയുടെ ശ്രമത്തിന് ഊർജം ലഭിക്കും. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പദ്ധതികളിൽ ഇംഫാൽ നഗരത്തിന് കുടിവെള്ളം നൽകുന്ന 280 കോടി രൂപയുടെ തൗബൽ പദ്ധതിയുടെ ജലവിതരണ പദ്ധതി, തമെംഗ്ലോങ് ജില്ലയിലെ പത്ത് ആവാസ വ്യവസ്ഥകളിൽ താമസിക്കുന്നവർക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിനായി 65 കോടി രൂപ ചെലവിൽ നിർമ്മിച്ച തമെങ്ലോംഗ് ആസ്ഥാനത്തിനായി ജലസംരക്ഷണത്തിന്റെ ജലവിതരണ പദ്ധതി പദ്ധതി, പ്രദേശവാസികൾക്ക് സ്ഥിരമായി ജലവിതരണം നടത്താൻ 51 കോടി രൂപ ചെലവിൽ നിർമിച്ച ‘സേനാപതി ജില്ലാ ആസ്ഥാന ജലവിതരണ പദ്ധതിയുടെ വിപുലീകരണം ‘ എന്നിവയും ഉൾപ്പെടുന്നു.

സംസ്ഥാനത്തെ ആരോഗ്യ മേഖലയെ ശക്തിപ്പെടുത്താനുള്ള ശ്രമത്തിൽ, ഏകദേശം 100 കോടി രൂപ വിലമതിക്കുന്ന അത്യാധുനിക ക്യാൻസർ ഹോസ്പിറ്റലിന്റെ ശിലാസ്ഥാപനം പ്രധാനമന്ത്രി ഇംഫാലിൽ നിർവഹിക്കും. പിപിപി അടിസ്ഥാനത്തിൽ 160 കോടി. ക്യാൻസറുമായി ബന്ധപ്പെട്ട രോഗനിർണ്ണയ-ചികിത്സാ സേവനങ്ങൾക്കായി സംസ്ഥാനത്തിന് പുറത്ത് പോകേണ്ടിവരുന്ന, പോക്കറ്റ് ചെലവ് കുറയ്ക്കുന്നതിന് ഈ കാൻസർ ആശുപത്രി സംസ്ഥാനത്തെ ജനങ്ങൾക്ക് വളരെയധികം പ്രയോജനം ചെയ്യും. കൂടാതെ, സംസ്ഥാനത്ത് കൊവിഡുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനായി, ഡിആർഡിഒയുമായി സഹകരിച്ച് , ഏകദേശം 37 കോടി രൂപ ചെലവിൽ കിയാംഗെയിൽ സ്ഥാപിച്ച 200 കിടക്കകളുള്ള കോവിഡ് ആശുപത്രി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

ഇന്ത്യൻ നഗരങ്ങളുടെ പുനരുജ്ജീവനത്തിനും പരിവർത്തനത്തിനുമുള്ള പ്രധാനമന്ത്രിയുടെ അശ്രാന്ത പരിശ്രമത്തിന്റെ സാക്ഷാത്കാരത്തിലേക്കുള്ള ഒരു ചുവടുവെയ്പ്പ്, ഇംഫാൽ സ്മാർട്ട് സിറ്റി മിഷൻ ന് കീഴിൽ ഒന്നിലധികം പദ്ധതികൾ പൂർത്തീകരിക്കുന്നതാണ്. ഇന്റഗ്രേറ്റഡ് കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ (ഐ സി സി സി), ഇംഫാൽ നദിയിലെ വെസ്റ്റേൺ റിവർ ഫ്രണ്ട് വികസനം, തുടങ്ങി 170 കോടിയിലധികം രൂപ ചെലവിൽ വികസിപ്പിച്ച ദൗത്യത്തിന്റെ മൂന്ന് പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. തങ്ങൾ ബസാറിലെ മാൾ റോഡ് (ഫേസ് I) ഇന്റഗ്രേറ്റഡ് കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ, നഗരത്തിലെ ട്രാഫിക് മാനേജ്‌മെന്റ്, ഖരമാലിന്യ സംസ്‌കരണം, നഗര നിരീക്ഷണം എന്നിവയുൾപ്പെടെ വിവിധ സാങ്കേതിക അധിഷ്ഠിത സേവനങ്ങൾ നൽകും. ദൗത്യത്തിന് കീഴിലുള്ള മറ്റ് വികസന പദ്ധതികൾ വിനോദസഞ്ചാരത്തെയും പ്രാദേശിക സമ്പദ് വ്യവസ്ഥയെയും ഉത്തേജിപ്പിക്കുകയും തൊഴിലവസരങ്ങൾ നൽകുകയും ചെയ്യും.

ഏകദേശം 200 കോടി രൂപ ചെലവിൽ സംസ്ഥാനത്ത് നിർമിക്കുന്ന സെന്റർ ഫോർ ഇൻവെൻഷൻ, ഇന്നൊവേഷൻ, ഇൻകുബേഷൻ ആൻഡ് ട്രെയിനിങ് (സിഐഐഐടി)ന്റെ തറക്കല്ലിടൽ പ്രധാനമന്ത്രി നിർവഹിക്കും. ഈ പദ്ധതി സംസ്ഥാനത്തെ ഏറ്റവും വലിയ പിപിപി സംരംഭമാണ്, കൂടാതെ സംസ്ഥാനത്ത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം ഇൻഫർമേഷൻ ടെക്‌നോളജി മേഖലയ്ക്ക് ഉത്തേജനം നൽകും.

ഹരിയാനയിലെ ഗുഡ്ഗാവിൽ മണിപ്പൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെർഫോമിംഗ് ആർട്സിന്റെ നിർമ്മാണത്തിനുള്ള തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. ഹരിയാനയിലെ മണിപ്പൂരിൽ ഇത്തരമൊരു സാംസ്‌കാരിക സ്ഥാപനം എന്ന ആശയം 1990 ൽ ആദ്യമായി ഉയർന്നുവെങ്കിലും കഴിഞ്ഞ കുറേ വർഷങ്ങളായി അത് യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞില്ല. സംസ്ഥാനത്തിന്റെ സമ്പന്നമായ കലയും സംസ്‌കാരവും പ്രോത്സാഹിപ്പിക്കുന്ന സ്ഥാപനം 240 കോടിയിലധികം രൂപ ചെലവിലാണ് നിർമ്മിക്കുന്നത്. സംസ്ഥാനത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തെ കൂടുതൽ ശക്തിപ്പെടുത്തിക്കൊണ്ട്, ഇംഫാലിൽ നവീകരിച്ചതും നവീകരിച്ചതുമായ ഗോവിന്ദജീ ക്ഷേത്രം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ ഇന്ത്യൻ നാഷണൽ ആർമി വഹിച്ച സുപ്രധാന പങ്കിനെ പ്രദർശിപ്പിക്കുന്ന ഐഎൻഎ സമുച്ചയവും അദ്ദേഹം ഉദ്ഘാടനം ചെയ്യും.

സബ്കാസാത്-സബ്കാ വികാസ്-സബ്കാ വിശ്വാസ് എന്ന മന്ത്രത്തിന് അനുസൃതമായി, പ്രധാനമന്ത്രി ജൻ വികാസ് കാര്യക്രമത്തിന് കീഴിൽ 130 കോടിയിലധികം വരുന്ന 72 പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടും. ന്യൂനപക്ഷ സമുദായങ്ങളുടെ സമഗ്രവികസനത്തിന് ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെ അടിസ്ഥാന സൗകര്യവികസനത്തിന് ഈ പദ്ധതികൾ സഹായകമാകും. സംസ്ഥാനത്തെ കൈത്തറി വ്യവസായത്തെ ശക്തിപ്പെടുത്തുന്നതിനായി 100 കോടി രൂപയുടെ രണ്ട് പദ്ധതികളുടെ തറക്കല്ലിടൽ അദ്ദേഹം നിർവഹിക്കും. 36 കോടി രൂപ, ഇംഫാൽ ഈസ്റ്റ് ജില്ലയിലെ നോങ്പോക്ക് കച്ചിംഗിലെ ‘മെഗാ ഹാൻഡ്ലൂം ക്ലസ്റ്റർ’, ഇംഫാൽ ഈസ്റ്റ് ഡിസ്ട്രിക്റ്റിലെ 17,000 നെയ്ത്തുകാർക്കും മൊയ്റാംഗിലെ ‘ക്രാഫ്റ്റ് ആൻഡ് ഹാൻഡ്ലൂം വില്ലേജിനും’ പ്രയോജനം ചെയ്യും, ഇത് നെയ്ത്തുകാരെ സഹായിക്കുകയും മൊയ്റാംഗിന്റെയും ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തുകയും ചെയ്യും. ലോക്തക് തടാകത്തോട് ചേർന്ന് പ്രദേശവാസികൾക്ക് തൊഴിൽ സൃഷ്ടിക്കുന്നു.

390 കോടി രൂപ ചെലവിൽ നിർമിക്കുന്ന പുതിയ ചെക്കോണിൽ ഗവണ്മെന്റ് റെസിഡൻഷ്യൽ ക്വാർട്ടേഴ്സിന്റെ നിർമാണത്തിനും പ്രധാനമന്ത്രി തറക്കല്ലിടും. ആധുനിക സൗകര്യങ്ങളോടുകൂടിയ സംയോജിത ഹൗസിങ് കോളനിയാണിത്. ഇംഫാൽ ഈസ്റ്റിലെ ഇബുദൗ മാർജിംഗിൽ റോപ്വേ പദ്ധതിയുടെ തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും. പുതിയ വ്യാവസായിക പരിശീലന ഇൻസ്റ്റിറ്റ്യൂട്ട് (ഐടിഐ), കാങ്പോക്പി എൻഹാൻസിങ് സ്‌കിൽ ഡെവലപ്മെന്റ് ഇൻഫ്രാസ്ട്രക്ചർ (ഇഎസ്ഡിഐ), ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് ഡയറക്ടറേറ്റിന്റെ പുതിയ ഓഫീസ് കെട്ടിടം എന്നിവയാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന മറ്റ് പദ്ധതികൾ.

ത്രിപുരയിൽ മഹാരാജ ബിർ ബിക്രം (എംബിബി) വിമാനത്താവളത്തിന്റെ പുതിയ ഇന്റഗ്രേറ്റഡ് ടെർമിനൽ ബിൽഡിംഗിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും: മുഖ്യമന്ത്രി ത്രിപുര ഗ്രാമ സമൃദ്ധി യോജന, വിദ്യാജ്യോതി സ്‌കൂളുകളുടെ മിഷൻ 100 പദ്ധതി എന്നിവയും ഉൾപ്പെടും.

ഏകദേശം 450 കോടി രൂപ ചെലവിൽ നിർമ്മിച്ച, മഹാരാജ ബിർ ബിക്രം വിമാനത്താവളത്തിന്റെ പുതിയ ഇന്റഗ്രേറ്റഡ് ടെർമിനൽ ബിൽഡിംഗ്, 30,000 ചതുരശ്ര മീറ്ററിൽ അത്യാധുനിക സൗകര്യങ്ങളുള്ളതും അത്യാധുനിക ഐടി നെറ്റ്വർക്ക് സംയോജിത സംവിധാനത്തിന്റെ പിന്തുണയുള്ളതുമായ അത്യാധുനിക കെട്ടിടമാണ്. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ആധുനിക സൗകര്യങ്ങൾ ഒരുക്കാനുള്ള പ്രധാനമന്ത്രിയുടെ ശ്രമത്തിന് അനുസൃതമായാണ് പുതിയ ടെർമിനൽ കെട്ടിടത്തിന്റെ വികസനം.

നിലവിലുള്ള 100 ഹൈ/ഹയർസെക്കൻഡറി സ്‌കൂളുകളെ അത്യാധുനിക സൗകര്യങ്ങളോടും ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തോടും കൂടി വിദ്യാജ്യോതി സ്‌കൂളുകളാക്കി മാറ്റുന്നതിലൂടെ സംസ്ഥാനത്തെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുകയാണ് വിദ്യാജ്യോതി സ്‌കൂളുകളുടെ പദ്ധതി മിഷൻ 100 ലക്ഷ്യമിടുന്നത്. നഴ്സറി മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള 1.2 ലക്ഷം വിദ്യാർത്ഥികളെ ഉൾക്കൊള്ളുന്ന പദ്ധതിക്ക് അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഏകദേശം 500 കോടി രൂപ ചിലവാകും.

മുഖ്യ മന്ത്രി ത്രിപുര ഗ്രാമ സമൃദ്ധി യോജന ഗ്രാമതലത്തിൽ പ്രധാന വികസന മേഖലകളിലെ സേവന വിതരണത്തിനുള്ള മാനദണ്ഡങ്ങൾ കൈവരിക്കാൻ ലക്ഷ്യമിടുന്നു. ഗാർഹിക ടാപ്പ് കണക്ഷനുകൾ, ഗാർഹിക വൈദ്യുതി കണക്ഷനുകൾ, എല്ലാ കാലാവസ്ഥാ റോഡുകൾ, എല്ലാ വീടുകളിലും പ്രവർത്തനക്ഷമമായ ടോയ്ലറ്റുകൾ, ഓരോ കുട്ടിക്കും ശുപാർശ ചെയ്യുന്ന പ്രതിരോധ കുത്തിവയ്പ്പുകൾ, സ്വയം സഹായ സംഘങ്ങളിലെ സ്ത്രീകളുടെ പങ്കാളിത്തം തുടങ്ങിയവയാണ് ഈ യോജനയ്ക്കായി തിരഞ്ഞെടുത്ത പ്രധാന മേഖലകൾ. വ്യത്യസ്ത മേഖലകളിലെ സേവന വിതരണത്തിനുള്ള മാനദണ്ഡങ്ങൾ, താഴെത്തട്ടിൽ സേവന വിതരണം മെച്ചപ്പെടുത്തുന്നതിന് ഗ്രാമങ്ങൾക്കിടയിൽ ആരോഗ്യകരമായ മത്സരബോധം ഉളവാക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഹൈദരാബാദ്: തൊഴിലില്ലായ്മ വേതനം വർധിപ്പിച്ച് തെലങ്കാന. തൊഴിൽ ഇല്ലാത്തവർക്ക് മാസം തോറും നൽകുമന്ന വേതനം 3016 രൂപയായാണ് വർധിപ്പിച്ചത്. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഏപ്രിൽ മാസം മുതൽ ഈ തുക ലഭ്യമാകുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

2018 ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലാണ് ടിആർഎസ് തൊഴിൽ രഹിതർക്ക് വേതനം പ്രഖ്യാപിച്ചത്. ടി ആർഎസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ പ്രധാനപ്പെട്ട വാഗ്ദാനമായിരുന്നു ഇത്.

അതേസമയം നിലവിൽ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ള പോസ്റ്റുകളിലേക്ക് ഉദ്യോഗാർത്ഥികളെ നിയമിക്കാനുള്ള നീക്കം തെലങ്കാന സർക്കാർ നടത്തുന്നുണ്ട്. നിലവിൽ തൊഴിൽ ഇല്ലായ്മാ വേതനം ലഭിക്കുന്ന ഉദ്യോഗാർത്ഥികളിൽ പരമാവധി പേർക്ക് സ്ഥിരവരുമാനം ഉറപ്പിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. ഇത് സംബന്ധിയായ അറിയിപ്പുകൾ ഉടനുണ്ടാകുമെന്നും സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. 2020, 2021 വർഷങ്ങളിൽ കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി തൊഴിലില്ലായ്മ വേതനം വിതരണം ചെയ്യുന്നതിൽ തടസം സൃഷ്ടിച്ചിരുന്നു.

ബെർലിൻ: ജർമ്മനിയിലെ ആണവനിലയങ്ങളിൽ മൂന്നെണ്ണം അടച്ചുപൂട്ടി. പതിറ്റാണ്ടുകളായി പ്രവർത്തനം തുടരുന്ന ആറു ആണവനിലയങ്ങളിൽ പകുതിയും അടച്ചുപൂട്ടിയതെന്നാണ് റിപ്പോർട്ട്. ബാക്കിയുള്ളവ ഈ വർഷം അവസാനത്തോടെ അടച്ചുപൂട്ടാനാണ് ജർമ്മനിയുടെ തീരുമാനം. മൂന്ന് ബില്യൻ ഡോളർ നഷ്ടപരിഹാരം നൽകിയാണ് ആണവോർജ കമ്പനികൾ സർക്കാർ അടച്ചു പൂട്ടുന്നത്. ഫോണിൽ ഇന്ധനങ്ങളിൽ നിന്നും പുനരുപയോഗ ഇന്ധന സ്രോതസ്സുകളിലേക്ക് മടങ്ങാനും ഊർജാവശ്യത്തിന് ആണവനിലയങ്ങൾ ഉപയോഗിക്കുന്നത് അവസാനിപ്പിക്കാനും കഴിഞ്ഞ വർഷം ജർമനി തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് പുതിയ നടപടി.

1980-കളിൽ ജർമനിയിൽ പ്രവർത്തനമാരംഭിച്ച മൂന്ന് ആണവനിലയങ്ങളാണ് അടച്ചു പൂട്ടിയത്. ബ്രോക്ഡോർഫ് ആണവനിലയവും ഉൾപ്പെടെയുള്ളവയാണ് അടച്ചു പൂട്ടിയതെന്ന് അധികൃതർ വ്യക്തമാക്കി. 1986-ൽ സോവിയറ്റ് യൂണിയനിൽ ഉണ്ടായ ചെർണോബിൽ ആണവനിലയ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ബ്രോക്‌ഡോർഫ് ആണവനിലയത്തിനെതിരെ പ്രതിഷേധം നടത്തിയിരുന്നു. ഗ്രോന്ദെ ആണവനിലയം, പടിഞ്ഞാറൻ മ്യൂണിച്ചിൽ നിന്നും 80 കിലോമീറ്റർ അകലെയുള്ള ഗ്രന്ദർമിൻജൻ ആണവനിലയം തുടങ്ങിയവയും അടച്ചു പൂട്ടിയിട്ടുണ്ട്. ഇനി അവശേഷിക്കുന്ന മൂന്ന് ആണവനിലയങ്ങൾ 2022 അവസാനത്തോടെ പ്രവർത്തനം അവസാനിപ്പിക്കും.

ജെറാർഡ് ഷ്രോഡറിന്റെ നേതൃത്വത്തിലുള്ള മധ്യ-ഇടതുപക്ഷ സർക്കാർ 2002-ലാണ് ആണവനിലയങ്ങളുടെ പ്രവർത്തനം അവസാനിപ്പിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നത്. അതിന്റെ തുടർച്ചയായാണ് അദ്ദേഹത്തിന്റെ പിൻഗാമിയായ ആഞ്ചലാ മെർക്കൽ, 2022-ഓടെ ആണവനിലയങ്ങൾ അടച്ചുപൂട്ടാനുള്ള തീരുമാനമെടുത്തത്. 2011-ൽ ജപ്പാനിലുണ്ടായ ഫുക്കുഷിമ ആണവ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ആണവനിലയങ്ങളുടെ പ്രവർത്തനം തുടരാനുള്ള മുൻ തീരുമാനം മെർക്കൽ തിരുത്തിയത്.