കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപത ഭൂമി ഇടപാട് വിവാദത്തിൽ വത്തിക്കാൻ ഉത്തരവിനെതിരെ റിവ്യു ഹർജി സമർപ്പിച്ച് വൈദികർ. സഭയുടെ ഭൂമി വില്പന നടത്താൻ നിർദ്ദേശം നൽകുന്ന പൗരസ്ത്യ തിരുസംഘത്തിന്റെ ഉത്തരവ് പുനഃപരിശോധിക്കണമെന്നാണ് റിവ്യു ഹർജിയിൽ വൈദികർ ആവശ്യപ്പെട്ടിരിക്കുന്നത്.
അതിരൂപതയുടെ നഷ്ടം നികത്താൻ ഭൂമി വിൽക്കാൻ അനുവദിക്കരുതെന്നും കാനോനിക സമിതികളെ മരവിപ്പിച്ച് നിർത്താൻ പൗരസ്ത്യ തിരുസംഘത്തിന് അനുമതിയില്ലെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. പൗരസ്ത്യ തിരുസംഘത്തിന്റെ കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.
10 ദിവസത്തിനകം അപ്പീൽ നൽകിയാൽ ഉത്തരവ് നടപ്പാക്കുന്നത് മരവിക്കുമെന്നതിനാലാണ് വൈദികർ ഹർജി സമർപ്പിച്ചത്. അതിരൂപതയിലെ ഭൂമി വിറ്റ് നഷ്ടം നികത്താൻ അനുവദിക്കില്ലെന്നും കർദ്ദിനാൾ ആലഞ്ചേരി ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നുമാണ് വൈദികരുടെ വാദം. അതേസമയം എറണാകുളം അങ്കമാലി അതിരൂപത ഫിനാൻസ് കമ്മിറ്റിയിൽ ഭൂമി വിൽപനയിൽ തീരുമാനം ആയില്ല. അതിരൂപത ആലോചന സമിതിയിൽ വത്തിക്കാന്റെ നടപടി വൈദികരെ അറിയിച്ചപ്പോൾ ഭൂമി വിൽക്കുക എന്നത് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്ന് വൈദികർ അറിയിച്ചിരുന്നു.

