ഇന്ത്യയിലെ യുവാക്കൾ ഡിജിറ്റൽ ശാക്തീകരണത്തെ പുതിയ ഉയരങ്ങളിലെത്തിക്കും; കോവിഡ് പ്രതിരോധത്തിൽ ആരോഗ്യ സേതു നിർണായക പങ്കുവഹിച്ചെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിൽ ആരോഗ്യ സേതു ആപ്പ് നിർണായക പങ്കുവഹിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡ് വ്യാപനത്തിന്റെ സമയത്ത് ഇന്ത്യ സൃഷ്ടിച്ച സാങ്കേതിക മാർഗങ്ങൾ ആഗോളതലത്തിൽ അംഗീകരിക്കപ്പെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഡിജിറ്റൽ ഇന്ത്യ പദ്ധതി ആറ് വർഷം പൂർത്തിയാക്കിയ സാഹചര്യത്തിൽ വീഡിയോ കോൺഫറൻസിലൂടെ പദ്ധതിയുടെ ഗുണഭോക്താക്കളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ തലമുറയാണ് ഡിജിറ്റൽ ഇന്ത്യയുടെ ഗുണഭോക്താക്കളെന്നും ഇന്റർനെറ്റും സ്മാർട്ട് ഫോണും അവരെ വളരെയധികം സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഡാറ്റയും ഡെമോഗ്രാഫിക് ഡിവിഡന്റും ഇന്ത്യയ്ക്ക് ഒരു വലിയ അവസരമാണ് സമ്മാനിക്കുന്നത്. ഇന്ത്യയിലെ യുവാക്കൾ ഡിജിറ്റൽ ശാക്തീകരണത്തെ പുതിയ ഉയരങ്ങളിലെത്തിക്കും. ഡിജിറ്റൽ ഇന്ത്യ പദ്ധതി ഒരു രാഷ്ട്രം, ഒരു റേഷൻ കാർഡ് പദ്ധതി നടപ്പിലാക്കാൻ സഹായിച്ചു. പകർച്ചവ്യാധി സമയത്ത് ദശലക്ഷക്കണക്കിന് ആളുകൾക്ക് സേവനങ്ങൾ ലഭ്യമാക്കാൻ ഡിജിറ്റൽ ഇന്ത്യാ പദ്ധതിയിലൂടെ കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.