ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തൽ സിപിഎം- കോൺഗ്രസ് ഒത്തുതീർപ്പ് രാഷ്ട്രീയത്തിന്റെ തെളിവ്; കെ സുരേന്ദ്രൻ

തിരുവനന്തപുരം: സോളാർ സമരം ഇടതുവലതുമുന്നണികൾ തമ്മിൽ പരസ്പരം ചർച്ച ചെയ്ത് ഒത്തുതീർപ്പാക്കിയതാണെന്ന് ആ നിമിഷത്തിൽ തന്നെ ബിജെപി പറഞ്ഞിരുന്നുവെന്ന് പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ കെ സിുരേന്ദ്രൻ. ഈ കാര്യം കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തങ്ങൾ പറഞ്ഞപ്പോൾ ഇപ്പോഴത്തെ മുഖ്യമന്ത്രിയും അന്നത്തെ പാർട്ടി സെക്രട്ടറിയുമായിരുന്ന പിണറായി വിജയൻ തനിക്കെതിരെ ഏറ്റവും മോശമായ വാക്കുകൾ ഉപയോഗിച്ചാണ് പ്രതികരിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

നാക്കു വാടകക്കെടുത്ത് എന്തും പറയുന്നയാളാണെന്നായിരുന്നു തന്നെക്കുറിച്ച് അദ്ദേഹം അന്ന് പറഞ്ഞത്. സത്യം എക്കാലത്തേക്കും മൂടിവെക്കാനാവില്ലെന്നത് പ്രകൃതി നിയമം. തങ്ങളെ അത്ഭുതപ്പെടുത്തുന്നത് എൻ കെ പ്രേമചന്ദ്രന്റെ ഇടപെടലാണ്. അന്ന് ചാനലുകളിൽ വന്നിരുന്ന് ഈ വിഷയത്തിൽ വീറോടെ വാദിച്ചിരുന്ന ആളുകളിലൊരാൾ അദ്ദേഹമായിരുന്നു. വൈകാതെ ഇടതുമുന്നണിവിട്ട് സോളാർ അഴിമതിക്കാരുടെ കൂടാരത്തിൽ അദ്ദേഹം എത്തിപ്പെട്ടു എന്നതും വസ്തുത. ഇടതും വലതും വൈകാതെ ഒറ്റമുന്നണിയായി മാറുന്നത് കാണാൻ ഇനി അധികകാലം കാത്തിരിക്കേണ്ടി വരില്ലെന്നതും സത്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആത്മാഭിമാനമുണ്ടെങ്കിൽ കെകെ രമയും ആർഎംപിയും യുഡിഎഫ് സഖ്യം വിടണം. സോളാറിൽ ജനങ്ങളെ വഞ്ചിച്ച പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ യോഗ്യനല്ല. ബാർക്കോഴ കേസ്, പാലാരിവട്ടം കേസ് തുടങ്ങി മാസപ്പടി കേസിൽ വരെ ഇടത്- വലത് അവിശുദ്ധ ബന്ധം കേരളം കണ്ടതാണ്. അഴിമതിയും ഒത്തുതീർപ്പും മാത്രമാണ് രണ്ട് മുന്നണികളുടെയും കൈമുതലെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.