തിരുവനന്തപുരം: തൊഴിൽ വകുപ്പ് കമ്പനിക്ക് നൽകിയ നോട്ടീസിനെതിരെ കിറ്റെക്‌സ് ചെയർമാൻ സാബു എം ജേക്കബ്. തൊഴിൽ വകുപ്പ് നൽകിയ നോട്ടീസ് നിയമവിരുദ്ധവും കോടതിയലക്ഷ്യവുമാണെന്ന് അദ്ദേഹം ആരോപിച്ചു.
മിനിമം വേതനം ഉയർത്തണമെന്ന തൊഴിൽ വകുപ്പിന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതാണ്. ഇത് നിലനിൽക്കെയാണ് ഉത്തരവ് പാലിക്കുന്നില്ലെന്ന് തൊഴിൽ വകുപ്പ് നോട്ടീസ് നൽകിയെന്ന് അദ്ദേഹം വ്യക്തമാക്കി. തൊഴിൽ വകുപ്പ് നോട്ടീസ് പിൻവലിച്ചില്ലെങ്കിൽ കോടതിയലക്ഷ്യത്തിന് ഹൈക്കോടതിയെ സമീപിക്കാനാണ് കിറ്റെക്‌സ് തീരുമാനിച്ചിരിക്കുന്നത്.
കമ്പനിയെയും മാനേജ്മെന്റിനെയും അപകീർത്തിപ്പെടുത്താൻ നടത്തിയ പരിശോധന ന്യായീകരിക്കാനാണ് നിയമസാധുതയില്ലാത്ത നോട്ടിസുകൾ നൽകുന്നത്. 2010 ലാണ് സംസ്ഥാനത്ത് വസ്ത്ര നിർമാണ മേഖലയിൽ വേജ് ബോർഡ് ശുപാർശകൾ നടപ്പാക്കി തുടങ്ങിയത്. സംസ്ഥാന തൊഴിൽ വകുപ്പിന്റെ 132/2010 നമ്പർ ഉത്തരവ് പ്രകാരമുള്ള വേജ് ബോർഡ് ശുപാർശകളാണ് നിലവിൽ കമ്പനികൾ നൽകുന്നത്. ഇതുപ്രകാരം ഒരു എ ഗ്രേഡ് ടെയ്ലർക്ക് കൊടുക്കേണ്ട മാസശമ്പളം 9,240 രൂപയാണ്, എന്നാൽ കിറ്റെക്സ് 16,250 രൂപ ശമ്പളവും സൗജന്യമായി നാലു നേരം പരിധിയില്ലാതെ നോൺവെജ് ഭക്ഷണവും താമസവും നൽകുന്നുവെന്ന് സാബു ജേക്കബ് പറയുന്നു. തൊഴിൽ വകുപ്പു കഴിഞ്ഞ ദിവസം നൽകിയ നോട്ടിസിൽ 2019 ലെ പുതുക്കിയ കൂലി നടപ്പാക്കുന്നില്ലെന്നാണ് ആരോപിക്കുന്നത്. 2021 മാർച്ച് 26ന് ഹൈക്കോടതി ഇതു സ്റ്റേ ചെയ്തിട്ടുണ്ട്. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ 2019 ലെ ശുപാർശ നടപ്പാക്കേണ്ടതില്ലെന്നാണ് കോടതിയുടെ ഇടക്കാല ഉത്തരവെന്നും അദ്ദേഹം വിശദമാക്കി.
കിറ്റെക്‌സ് സർക്കാരുമായി ഒപ്പുവച്ച 3,500 കോടി രൂപയുടെ പദ്ധതിയിൽ നിന്നു പിൻമാറുന്നു എന്നു പ്രഖ്യാപിച്ച ശേഷമാണ് തൊഴിൽ വകുപ്പു നോട്ടിസ് നൽകുന്നത്. ഒരു മാസത്തിനിടെ വിവിധ വകുപ്പുകളുടേതായി 11 പരിശോധന കിറ്റെക്‌സിൽ നടത്തിയതിനെ തുടർന്നായിരുന്നു കമ്പനി പദ്ധതിയിൽ നിന്നും പിന്മാറാൻ തീരുമാനിച്ചത്. ഇതു സംബന്ധിച്ച വാർത്തകൾക്കു പിന്നാലെ പരിശോധനകൾ ഹൈക്കോടതി നിർദേശാനുസരണമാണെന്നും പരിശോധനയ്‌ക്കെത്തിയ ഒരു സബ് ജഡ്ജി തന്നെ വിളിച്ചിരുന്നുവെന്നും സ്ഥലം എംഎൽഎ പി.വി. ശ്രീനിജിൻ പറഞ്ഞിരുന്നു. ഹൈക്കോടതിക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധനയെങ്കിൽ അക്കാര്യം സ്ഥലം എംഎൽഎ മാത്രം എങ്ങനെയാണ് അറിഞ്ഞതെന്നും സബ്ജഡ്ജി എന്തിനാണ് എംഎൽഎയെ വിളിച്ചതെന്നും വ്യക്തമാക്കണമെന്ന് സാബു ജേക്കബ് ആവശ്യപ്പെട്ടു. കിറ്റെക്സിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ചർച്ച നടത്തുമെന്നു വ്യവസായ മന്ത്രി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് തൊഴിൽ വകുപ്പു നോട്ടിസ് നൽകിയതെന്നും അദ്ദേഹം ആരോപിക്കുന്നു.

