General (Page 1,266)

ബ്രസൽസ്: അർബുദത്തിന് കാരണമാകുന്ന കളർ ടാറ്റു മഷികൾ നിരോധിച്ച് യൂറോപ്യൻ യൂണിയൻ. ടാറ്റു മേക്കിംഗിൽ ഉപയോഗിക്കുന്ന നിറമുള്ള മഷികൾക്കും പെർമെനന്റ് മേക്ക് അപ്പ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഏകദേശം 4,000 രാസവസ്തുക്കൾക്കുമാണ് യൂറോപ്യൻ യൂണിയൻ നിരോധനം ഏർപ്പെടുത്തിയത്. അർബുദം, ജനിതകപരിവർത്തം, അലർജി, ത്വക്ക് രോഗങ്ങൾ തുടങ്ങിയവയ്ക്ക് കാരണമാകുന്ന രാസവസ്തുക്കളാണ് നിരോധിച്ചത്. ദോഷകരമായ ഈ മഷികൾക്ക് പകരം മറ്റ് മഷികൾ ഉപയോഗിക്കാമെന്ന് യൂറോപ്യൻ യൂണിയൻ അറിയിച്ചു.

ടാറ്റുവിന് നിരോധനം ഏർപ്പെടുത്തുകയല്ല ഇതിനായി ഉപയോഗിക്കുന്ന നിറങ്ങൾ സുരക്ഷിതമാക്കുകയാണ് ചെയ്യാനുദ്ദേശിക്കുന്നതെന്നും യൂറോപ്യൻ യൂണിയൻ വ്യക്തമാക്കുന്നു. കളർ ടാറ്റുകളർ ടാറ്റൂകളിൽ ഉപയോഗിക്കുന്ന പ്രൊഫഷണൽ മഷികളിൽ ഇരുമ്പ് ഓക്സൈഡുകൾ, ലോഹ ലവണങ്ങൾ അല്ലെങ്കിൽ പ്ലാസ്റ്റിക്കുകൾ എന്നിവയുടെ സംയോജനമുണ്ട്. അലുമിനിയം, ടൈറ്റാനിയം, മെർക്കുറി, ലെഡ്, നിക്കൽ, സിങ്ക്, ചെമ്പ്, ഇരുമ്പ്, ബേരിയം തുടങ്ങിയ ലോഹങ്ങളും ഇതിൽ ഉപയോഗിച്ചിട്ടുണ്ട്. സെലിനിയം, സൾഫർ, ആർസെനിക്, ലിഥിയം തുടങ്ങിയ രാസവസ്തുക്കളും നിറത്തിനായി ഉപയോഗിക്കുന്നുണ്ട്.

അതേസമയം യൂറോപ്യൻ യൂണിയന്റെ പുതിയ തീരുമാനത്തിനെതിരെ എതിർപ്പ് അറിയിച്ച് ടാറ്റു ആർട്ടിസ്റ്റുകൾ രംഗത്തെത്തിയിട്ടുണ്ട്. പുതിയ തീരുമാനം തങ്ങളുടെ വിപണിയെ ദോഷകരമായി ബാധിക്കുമെന്നും തീരുമാനം ഏകപക്ഷീയമാണെന്നുമാണ് ഇവർ പറയുന്നത്. ടാറ്റു അർബുദത്തിന് കാരണമാകുന്നുവെന്നതിന് ശക്തമായ ശാസ്ത്രീയമായി തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് ഇവരുടെ വാദം. എന്നാൽ പൊതുജനാരോഗ്യം കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനം സ്വീകരിക്കുന്നതെന്ന് യൂറോപ്യൻ യൂണിയൻ പ്രതികരിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് കെ റെയിൽ പദ്ധതി നടപ്പാക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആശങ്കയകറ്റാനാണ് വിശദീകരണ യോഗങ്ങൾ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. എറണാകുളത്ത് കെ റെയിലുമായി ബന്ധപ്പെട്ട വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയപാത വികസനത്തിന് ഭൂമി വിട്ടുനൽകാൻ എതിർത്തവരെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ കഴിഞ്ഞു. കേരളത്തിൽ ഒരു വികസന പ്രവർത്തനവും നടക്കില്ലെന്ന ധാരണ മാറിയിട്ടുണ്ട്. പൊതുവിദ്യാലയങ്ങളുടെ പുരോഗതി ഇതിന് ഉദാഹരണമാണ്. ആരോഗ്യ മേഖലയിലും മാറ്റങ്ങളുണ്ടായി. പശ്ചാത്തല സൗകര്യം മെച്ചപ്പെട്ടില്ലെങ്കിൽ നാടിന്റെ പൊതുവികസനത്തെ ബാധിക്കുമെന്നും അദ്ദേഹം അറിയിച്ചു. നാടിന് ആവശ്യമുള്ള പദ്ധതികൾ ആരെങ്കിലും എതിർക്കുമെന്ന് കരുതി ഉപേക്ഷിക്കില്ല. എതിർപ്പിന്റെ മുന്നിൽ വഴങ്ങി കൊടുക്കലല്ല സർക്കാരിന്റെ ധർമം. നടക്കില്ലെന്ന് കരുതി ഉപേക്ഷിച്ച കേരളത്തിലെ ഗെയിൽ പദ്ധതി പൂർത്തിയാകാൻ നടപടി സ്വീകരിക്കാനായി. വലിയ എതിർപ്പ് ഉയർന്ന ആ വിഷയത്തിൽ ഇപ്പോൾ ആർക്കും പരാതിയില്ല. ഇതാണ് നാടിന്റെ അനുഭവം. സാമ്പത്തിക ശേഷി കുറവുള്ള സംസ്ഥാനമാണ് കേരളം. ബജറ്റ് വിഹിതം കൊണ്ട് വലിയ പദ്ധതി നടപ്പാക്കാനാകില്ല. കിഫ്ബി 62000 കോടി രൂപയുടെ പദ്ധതി നടപ്പാക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

സർക്കാർ മുന്നോട്ടു വെക്കുന്ന പദ്ധതി കെ റെയിൽ മാത്രമല്ല. മറ്റുപദ്ധതികളും സർക്കാർ നടപ്പിലാക്കുന്നുണ്ട്. എന്നാൽ കെ റെയിൽ ആണ് ഇതിൽ പ്രധാനപ്പെട്ടത്. സിൽവർ ലൈനുമായി ബന്ധപ്പെട്ട് നിയമസഭയിൽ ചർച്ച ഉണ്ടായില്ലെന്ന് മാദ്ധ്യമങ്ങൾ പറയുന്നു, പക്ഷെ ആദ്യം ചർച്ച ചെയ്തത് എംഎൽഎമാരുമായിട്ടാണെന്ന് അദ്ദേഹം വിശദമാക്കി. പ്രധാനപ്പെട്ട കക്ഷി നേതാക്കൾ ഈ വിഷയം ഉന്നയിച്ചിട്ടുണ്ടെന്നും അടിയന്തിര പ്രമേയ അവതരണ അനുമതി തേടിയതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കെ റെയിലുമായി ബന്ധപ്പെട്ട് പല ഘട്ടങ്ങളിലും സർക്കാർ മറുപടി പറഞ്ഞിട്ടുണ്ട്. പദ്ധതിയിൽ സർക്കാർ ഒന്നും മറച്ചു വെച്ചിട്ടില്ല. എല്ലാം കഴിഞ്ഞ നിയമസഭാ കാലയളവിൽ നടന്ന കാര്യങ്ങളാണ്. നാടിനു ആവശ്യമാണ് കെ റെയിൽ പദ്ധതി. നാടിന്റെ വികസനത്തിൽ താത്പര്യമുള്ള എല്ലാവരും സഹകരിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിക്കുകയും ചെയ്തു. പദ്ധതി പരിസ്ഥിതി ദോഷമുണ്ടാക്കില്ലെന്നും പ്രകൃതിയെ മറന്ന് ഒരു വികസനവും നടപ്പാകില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: ചൈനീസ് ഫോൺ കമ്പനിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ്. പ്രമുഖ സ്മാർട്ട്‌ഫോൺ നിർമതാക്കളായ ഷവോമി നടത്തിയ നികുതി വെട്ടിപ്പാണ് ഡിആർഐ കണ്ടെത്തിയത്. 653 കോടി രൂപയുടെ നികുതി വെട്ടിപ്പാണ് ഷവോമി നടത്തിയത്.

2017 ഏപ്രിൽ ഒന്നിനും 2020 ജൂൺ 30 നും ഇടയിലാണ് ഷവോമി നികുതി വെട്ടിപ്പ് നടത്തിയത്. ഷവോമിയ്ക്ക് ഡിആർഐ കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. കമ്പനി ഉത്പന്നങ്ങളുടെ വിലകുറച്ചു കാണിച്ച് ഷവോമി നികുതി വെട്ടിപ്പ് നടത്തുന്നതായി റവന്യൂ ഇന്റലിജൻസ് വിഭാഗത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്നാണ് കമ്പനിക്കെതിരെ ഡിആർഐ അന്വേഷണം നടത്തിയത്.

ഷവോമിയുടെ ഇന്ത്യയിലെ ഓഫീസുകളിലും പ്ലാന്റുകളിലും ഡിആർഐ പരിശോധന നടത്തിയിരുന്നു. നിരവധി രേഖകളാണ് ഇവിടെ നിന്നും അധികൃതർ പിടിച്ചെടുത്തത്. ഷവോമിയാണ് ഇന്ത്യയിലേക്ക് എംഐ ബ്രാൻഡ് മൊബൈൽ ഫോണുകളും ഇറക്കുമതി ചെയ്തിരുന്നത്. ഇവ നേരിട്ട് ഇറക്കുമതി ചെയ്യുകയോ ഘടകങ്ങൾ ഇറക്കുമതി ചെയ്ത ശേഷം ഇന്ത്യയിൽ വെച്ച് കൂട്ടിയോജിപ്പിച്ച് സ്മാർട്ട്‌ഫോൺ ആക്കി മാറ്റുകയോ ആണ് ചെയ്തിരുന്നത്. 1962-ലെ കസ്റ്റംസ് നിയമത്തിലെ സെക്ഷൻ 14, 2007ലെ കസ്റ്റംസ് വാലുവേഷൻ ചട്ടം എന്നിവ ഷവോമി ലംഘിച്ചുവെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ സസ്‌പെൻഷനിലായ എം ശിവശങ്കർ സർവ്വീസിൽ തിരികെയെത്തി. ഒന്നരവർഷത്തിന് ശേഷമാണ് ശിവശങ്കർ തിരികെ സർവ്വീസിലേക്ക് പ്രവേശിക്കുന്നത്. ബുധനാഴ്ച്ച രാവിലെ 11 മണിക്ക് സെക്രട്ടേറിയറ്റിലെത്തിയാണ് അദ്ദേഹം സർവ്വീസിൽ പ്രവേശിച്ചത്.

എന്ത് ചുമതലയാണ് ശിവശങ്കറിന് നൽകുക എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഇക്കാര്യത്തിൽ ഉടൻ തീരുമാനമാകുമെന്നാണ് വിവരം. കഴിഞ്ഞ ദിവസമാണ് ശിവശങ്കറിന്റെ സസ്‌പെൻഷൻ പിൻവലിച്ചു സർക്കാർ ഉത്തരവിറക്കിയത്. എം ശിവശങ്കറിനെ സർവീസിൽ തിരിച്ചെടുക്കാൻ ഉന്നതതല സമിതി നേരത്തേ സർക്കാരിന് ശുപാർശ നൽകിയിരുന്നു. ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയാണ് ശുപാർശ നൽകിയത്.

സ്വർണ്ണക്കടത്ത് കേസിലെ പ്രതിയുമായുള്ള ബന്ധത്തെ തുടർന്ന് 2019 ജൂലായ് 14 നാണ് എം.ശിവശങ്കറിനെ സർവ്വീസിൽ നിന്നും സസ്പെന്റ്ഡ് ചെയ്തത്. ഐഎഎസ് ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ ആറ് മാസം കൂടുമ്പോൾ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി പുനഃപരിശോധിക്കുന്ന രീതിയുണ്ട്. എന്നാൽ ശിവശങ്കറിന്റെ സസ്‌പെൻഷൻ രണ്ടുതവണ നീട്ടിക്കൊണ്ടു പോകുകയായിരുന്നു. രണ്ടു വർഷത്തിലധികമായി ശിവശങ്കർ സസ്‌പെൻഷനിലാണ്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അവ്യക്തത തുടരുന്ന സാഹചര്യം പരിഗണിച്ചുകൊണ്ടാണ് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ശിവശങ്കറിനെ തിരിച്ചെടുക്കണമെന്ന ശുപാർശ നൽകിയത്.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി മെട്രോമാൻ ഇ ശ്രീധരൻ. സിൽവർ ലൈനിൽ മുഖ്യമന്ത്രി പിടിവാശിയാണ് കാണിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രിയെ ഉദ്യോഗസ്ഥർ വേണ്ടവിധം കാര്യങ്ങൾ ധരിപ്പിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

പദ്ധതിയുടെ പ്രത്യാഘാതങ്ങൾ ബോധ്യപ്പെടുത്തുന്നതിൽ ഉദ്യോഗസ്ഥർ പരാജയപ്പെട്ടു. സംസ്ഥാനത്തെ ബ്യൂറോക്രസിയും പരാജയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിന് അനുയോജ്യം ആകാശപ്പാതയാണ്. നിലത്ത് കൂടിയുള്ള അതിവേഗ പാതയ്ക്ക് കേരളം യോജ്യമല്ല. കേന്ദ്രം സിൽവർ ലൈനിന് അനുമതി നൽകുമെന്ന് തോന്നുന്നില്ല. പദ്ധതിയുടെ ദോഷവശം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

കേന്ദ്രത്തിന്റെ അനുമതിയില്ലാതെ കെ റെയിൽ പദ്ധതി നടപ്പാക്കാനാവില്ല. സിപിഎമ്മിൽ തന്നെ പലർക്കും പദ്ധതിയോട് എതിർപ്പുണ്ട്. തന്റെ എതിർപ്പിന് പിന്നിൽ രാഷ്ട്രീയമില്ലെന്നും നാടിന് ആവശ്യമുള്ള പദ്ധതിയെങ്കിൽ രാഷ്ട്രീയം നോക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: സംസ്ഥാനത്ത് പനിയും ചുമയും പടരുന്നു. പനിയും ചുമയും വ്യാപിക്കുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വിദഗ്ദ്ധർ അറിയിച്ചു. കോവിഡ് സമാനലക്ഷണങ്ങളുമായി ആശുപത്രിയിലെത്തുന്നവർക്ക് പരിശോധനയിൽ നെഗറ്റീവ് ആകുന്ന മുറയ്ക്ക് തുടർ ചികിത്സ നൽകിവരികയാണെന്നും വിദഗ്ധർ പറഞ്ഞു.

രാത്രിയിലെ തണുപ്പും രാവിലെയും ഉച്ചയ്ക്കുമുള്ള കഠിന ചൂടും തമ്മിൽ അനുപാതമില്ലാത്തതാണ് ചുമയും പനിയും പടരാൻ കാരണം. സംസ്ഥാനത്ത് 37,453 പേർക്കാണ് ഒരാഴ്ചയ്ക്കിടെ പനിബാധിച്ചത്. ഇതിൽ 225 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈറൽ പനി, ചുമ, ജലദോഷം, ശ്വാസതടസ്സം തുടങ്ങിയ രോഗലക്ഷണങ്ങളാണ് ഭൂരിഭാഗം പേരും പ്രകടിപ്പിക്കുന്നത്.

അതേസമയം പ്രായമേറിയവർ പനി ബാധിച്ചാൽ ഉടൻ ചികിത്സ തേടണമെന്നും നിർദ്ദേശമുണ്ട്. ചികിത്സ തേടിയില്ലെങ്കിൽ അണുബാധയുണ്ടാകാൻ സാധ്യതയുണ്ടെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകി. വായുവിൽ വേഗം പകരുന്ന വൈറസുകളാണ് രോഗബാധയുണ്ടാക്കുന്നതെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി. ജനങ്ങൾ മാസ്‌ക് ഉപയോഗിക്കുന്നതിൽ ജാഗ്രതക്കുറവ് കാണുന്നുണ്ട്. മീറ്റിങ്ങുകളിലും ഉത്സവങ്ങളിലും മാസ്‌ക് ഒഴിവാക്കുന്നത് അപകടകരമാണെന്നും ആരോഗ്യ വിദഗ്ധർ കൂട്ടിച്ചേർത്തു.

കൊല്ലം: എൻ കെ പ്രേമചന്ദ്രൻ എംപിക്കെതിരെ കേസെടുത്ത് പോലീസ്. മുൻ മന്ത്രിയും ആർഎസ്പി നേതാവുമായിരുന്ന ആർ എസ് ഉണ്ണിയുടെ സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് നടപടി. പ്രേമചന്ദ്രൻ ഉൾപ്പെടെ നാലു പേർക്കെതിരെയാണ് പോലീസ് കേസെടുത്തത്. ആർ എസ് ഉണ്ണിയുടെ ചെറുമകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസിന്റെ നീക്കം. ശക്തികുളങ്ങര പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

പ്രേമചന്ദ്രൻ പ്രസിഡന്റായ സംഘടനയുടെ പേരിൽ സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. കേസിൽ രണ്ടാംപ്രതിയാണ് പ്രേമചന്ദ്രൻ എംപി. കേസിലെ ഒന്നാം പ്രതി ആർ എസ് പി നേതാവ് കെ പി ഉണ്ണി കൃഷ്ണനാണ്. ആർ എസ് ഉണ്ണിയുടെ കൊല്ലം ശക്തികുളങ്ങരയിലെ കുടുംബവീട് കൈയടക്കാൻ പ്രാദേശിക ആർഎസ്പി നേതാവിന്റെ നേതൃത്വത്തിൽ ശ്രമം നടത്തിയെന്നാണ് കുടുംബാംഗങ്ങൾ ആരോപിക്കുന്നത്.

വീടിന്റെ നിയമപരമായ അവകാശം അമൃതയെന്നും അഞ്ജനയെന്നും പേരുളള ആർ എസ് ഉണ്ണിയുടെ ചെറുമക്കൾക്കാണ്. പക്ഷേ ശക്തികുളങ്ങരയിലെ പ്രാദേശിക ആർഎസ്പി നേതാക്കൾ ആ അവകാശം അംഗീകരിക്കാൻ തയാറാകുന്നില്ലെന്നും കുടുംബാംഗങ്ങൾ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. ആർ എസ് ഉണ്ണി ഫൗണ്ടേഷന്റെ പേരിൽ വീടിന്റെ അവകാശം സ്വന്തമാക്കാൻ പ്രാദേശിക ആർ എസ് പി നേതാവ് കെ പി ഉണ്ണികൃഷ്ണനും സംഘവും ശ്രമിക്കുകയാണെന്നും കുടുംബം ആരോപിക്കുന്നു.

ആർഎസ് ഉണ്ണി ഫൗണ്ടേഷന്റെ പേരിൽ തട്ടിപ്പ് നടത്തിയ കാര്യം അറിഞ്ഞിട്ടും മുതിർന്ന ആർഎസ്പി നേതാക്കൾ പ്രശ്‌നപരിഹാരത്തിന് സഹായിച്ചിട്ടില്ലെന്ന ആരോപണവും ശക്തമാണ്. അതേസമയം ആർഎസ് ഉണ്ണിയുടെ മരണ ശേഷം വർഷങ്ങളോളം ആരും നോക്കാനില്ലാതെ കിടന്നിരുന്ന വീട് സംരക്ഷിച്ചത് താനാണെന്നാണ് കെ പി ഉണ്ണികൃഷ്ണന്റെ വിശദീകരണം. സഹോദരിമാർ തന്നോട് പറയാതെ വീടീനുളളിൽ അതിക്രമിച്ചു കടക്കുകയായിരുന്നുവെന്ന് കെ പി ഉണ്ണികൃഷ്ണൻ വ്യക്തമാക്കി. സഹോദരിമാർക്ക് അനുകൂലമായ പരിഹാരമുണ്ടാക്കാനുളള ഇടപെടൽ നടത്തുക മാത്രമേ നടത്തിയിട്ടുളളൂവെന്നാണ് എൻ കെ പ്രേമചന്ദ്രൻ എംപി വിശദമാക്കുന്നത്.

കൊച്ചി: അന്തരിച്ച കോൺഗ്രസ് നേതാവ് പി ടി തോമസിനെതിരെ വിമർശനവുമായി മുൻമന്ത്രി എംഎം മണി. പി ടി തോമസിനെ പോലെ സിപിഎമ്മിനെ ദ്രോഹിച്ച മറ്റൊരു നേതാവില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നിട്ടിപ്പോൾ പുണ്യാളൻ എന്നുപറഞ്ഞാൽ അംഗീകരിക്കാൻ കഴിയുമോയെന്ന് അദ്ദേഹം ചോദിക്കുന്നു.

കസ്തൂരി രംഗൻ വിഷയത്തിൽ ഇടുക്കിയെ ഏറ്റവും കൂടുതൽ ദ്രോഹിച്ച ആളാണ് പി ടി തോമസ്. മരിക്കുമ്പോൾ എല്ലാവരും ഖേദം പ്രകടിപ്പിക്കുമെന്നും മണി അഭിപ്രായപ്പെട്ടു. അതേസമയം എം എം മണി പരസ്യമായി അപമാനിക്കുമെന്ന് പേടിച്ചാണ് ഇടുക്കിയിൽ നടക്കുന്ന ജില്ലാ സമ്മേളനങ്ങളിൽ നിന്ന് വിട്ട് നിൽക്കുന്നതെന്ന എസ് രാജേന്ദ്രന്റെ പ്രസ്താവനയ്ക്കും അദ്ദേഹം മറുപടി നൽകി. തന്നെ പേടിച്ചാണ് രാജേന്ദ്രൻ സമ്മേളനത്തിൽ വരാതിരുന്നതെന്ന പ്രസ്താവന കേട്ടപ്പോൾ ചിരി വന്നുവെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. രാജേന്ദ്രന് മൂന്നാം തവണ മത്സരിക്കാൻ അവസരം വാങ്ങി കൊടുത്തത് താനും കൂടി ചേർന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എംഎം മണിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് എസ് രാജേന്ദ്രൻ ഉന്നയിച്ചിരുന്നത്. തന്നെ എംഎം മണിയും കെ വി ശശിയും കൂടി അപമാനിച്ചെന്നും വീട്ടിലിരിക്കാൻ പറഞ്ഞെന്നുമാണ് അദ്ദേഹത്തിന്റെ ആരോപണം. പരസ്യ അധിക്ഷേപം പേടിച്ചാണ് താൻ ജില്ലാ സമ്മേളനത്തിൽ നിന്ന് വിട്ടുനിന്നതെന്നും രാജേന്ദ്രൻ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതികരണവുമായി മണി രംഗത്തെത്തിയത്.

കൊച്ചി: ഗവർണർ ആരിഫ് ഖാന്റെ നിലപാട് ശരിവെച്ച് ഹൈക്കോടതി. കണ്ണൂർ സർവകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുടെ നിയമനം ചട്ടവിരുദ്ധമാണെന്നാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കുന്നത്. ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുടെ നിയമനം ചോദ്യം ചെയ്തുള്ള ഹർജിയിൽ നൽകിയ ഇടക്കാല ഉത്തരവിലാണ് ഡിവിഷൻ ബെഞ്ച് ഇക്കാര്യം അറിയിച്ചത്.

സർവകലാശാല ചട്ടങ്ങൾ പ്രകാരം ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ നാമനിർദേശം ചെയ്യാനുള്ള അധികാരം ചാൻസലർക്കാണെന്ന് ഗവർണർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. ബോർഡ് ഓഫ് സ്റ്റഡീസ് നിയമനത്തിൽ ചട്ടങ്ങൾ ലംഘിക്കപ്പെട്ടതായും ഗവർണർ സത്യവാങ്മൂലത്തിൽ അറിയിച്ചിരുന്നു. ഇത് അംഗീകരിച്ചാണ് ഹൈക്കോടതിയുടെ പരാമർശം. ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ നിയമിച്ച് രജിസ്ട്രാർ ഇൻ ചാർജ് ഇറക്കിയ ഉത്തരവ് പ്രഥമദൃഷ്ടാ 96 ലെയും 98 ലെയും സർവകലാശാല ചട്ടങ്ങളുടെ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു.

ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങൾക്ക് രജിസ്ട്രാർ മുഖേന പ്രത്യേക ദൂതൻ വഴി നോട്ടിസ് അയക്കണമെന്നാണ് കോടതിയുടെ ഉത്തരവ്. ജനുവരി 17 ന് കേസ് വീണ്ടും പരിഗണിക്കും.

ന്യൂഡൽഹി: കോവിഡ് വൈറസ് ബാധയെ തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്കായുള്ള മാർഗരേഖ പുതുക്കി കേന്ദ്ര സർക്കാർ. ചെറിയ രോഗലക്ഷണങ്ങൾ ഉള്ളവർക്കും ലക്ഷണങ്ങൾ തീരെ ഇല്ലാത്തതുമായ രോഗികൾക്ക് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാമെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. പ്രതിരോധശേഷി കുറഞ്ഞവർക്കും കാൻസർ രോഗികൾക്കും ഹോം ഐസലേഷൻ അനുവദിക്കില്ല. ഏഴു ദിവസമാണ് കോവിഡ് രോഗികൾ ഐസൊലേഷനിൽ കഴിയേണ്ടത്. കോവിഡ് വന്ന 60 വയസ്സ് കഴിഞ്ഞവരെ ആദ്യം പരിശോധിക്കണമെന്നും നിർദ്ദേശമുണ്ട്.

7 ദിവസത്തെ നിരീക്ഷണത്തിനു ശേഷം പനിയോ മറ്റ് ലക്ഷണങ്ങളോ ഇല്ലെങ്കിൽ വീണ്ടും ടെസ്റ്റ് നടത്തേണ്ട ആവശ്യമില്ലെന്നാണ് കേന്ദ്രം പുതിയ മാർഗരേഖയിൽ വ്യക്തമാക്കിയിരിക്കുന്നത്. നിരീക്ഷണത്തിൽ കഴിയുന്ന കാലയളവിൽ രോഗികളും രോഗികളെ പരിചരിക്കുന്നവരും സ്വീകരിക്കേണ്ട മുൻകരുതലുകൾ കുറിച്ചും പുതിയ മാർഗ്ഗ നിർദ്ദേശത്തിൽ വിശദീകരിച്ചിട്ടുണ്ട്. കോവിഡ് രോഗികൾ ആരോഗ്യനില രേഖപ്പെടുത്താനുള്ള ചാർട്ട് മാതൃക ഉൾപ്പെടുത്തുകയും ആരോഗ്യപ്രവർത്തകരും ആയി നിരന്തരം ബന്ധപ്പെടണമെന്നും നിർദ്ദേശമുണ്ട്.

അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 58,097 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 534 പേർക്കാണ് 24 മണിക്കൂറിനിടെ രാജ്യത്ത് ജീവൻ നഷ്ടപ്പെട്ടത്.