General (Page 1,267)

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് വേഗം കൂട്ടി പോലീസ്. കേസുമായി ബന്ധപ്പെട്ട് പൾസർ സുനിയെയും നടൻ ദിലീപിനെയും അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്യാൻ സാധ്യതയുണ്ടെന്നാണ് വിവരം. വിയ്യൂർ ജയിലിൽ തടവിൽ കഴിയുകയാണ് പൾസർ സുനി. ഇയാളെ ചോദ്യം ചെയ്തതിന് ശേഷമായിരിക്കും ദീലീപിനെ ചോദ്യം ചെയ്യുകയെന്നാണ് വിവരം. ഇതിനായുള്ള നടപടിക്രമങ്ങളും പോലീസ് ആരംഭിച്ചു.

കേസിൽ തുടരന്വേഷണത്തിന്റെ ഭാഗമായി ദിലീപിനെതിരെ വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിൽ നിന്ന് അന്വേഷണസംഘം മൊഴി രേഖപ്പെടുത്തിയിരുന്നു. ഈ മൊഴികളും മൊബൈൽ ഫോൺ അടക്കമുള്ള തൊണ്ടി മുതലുകളും പോലീസ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ദിലീപും പൾസർ സുനിയും തമ്മിൽ അടുത്തബന്ധമുണ്ടെന്നായിരുന്നു ബാലചന്ദ്രകുമാർ ആരോപിച്ചത്. തുടർന്നാണ് പോലീസ് പുതിയ നീക്കങ്ങളിലേക്ക് കടന്നത്.

പൾസർ സുനിയെ ചോദ്യം ചെയ്യാനായി പോലീസ് സംഘം കോടതിയിൽ അപേക്ഷ നൽകും. അതേസമയം കേസിൽ തുടരന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കാനുള്ള സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

നിലമ്പൂർ: നിലമ്പൂരിൽ ബിറ്റ്‌കോയിന് സമാനമായ ന്യൂജനറേഷൻ ക്രിപ്‌റ്റോ കറൻസി മോറിസ് കോയിനിന്റെ പേരിൽ വൻ പണപ്പിരിവ് നടന്നിരുന്നതായി കണ്ടെത്തൽ. മോറിസ് കോയിൻ എന്ന ക്രിപ്‌റ്റോ കറൻസിയുടെ പേരിൽ കോടികളുടെ അനധികൃത നിക്ഷേപം സ്വീകരിച്ചതിന് ലോങ് റിച്ച് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് എംഡി നിഷാദ് കളിയിടുക്കിലിന് എതിരെ കേന്ദ്ര ഏജൻസികൾ നടത്തുന്ന അന്വേഷണം പുരോഗമിക്കുകയാണ്. പല നിർണായക വിവരങ്ങളും എൻഫോഴ്‌സ്‌മെന്റിന് ലഭിച്ചുവെന്നാണ് റിപ്പോർട്ട്. ക്രിപ്‌റ്റോ കറൻസിയുടെ പേരിൽ ഇയാൾ പിരിച്ച പണം ചില സിനിമകളിൽ മുടക്കിയിട്ടുണ്ടെന്നാണ് വിവരം.

ഈ പണം സിനിമയിലേക്ക് നിക്ഷേപിക്കാൻ ശതകോടീശ്വരനായ വ്യവസായിയുടെ വിശ്വസ്തൻ ഇടനില നിന്നുവെന്നും ശതകോടീശ്വരൻ അറിയാതെ ഈ ഇടപാടുകൾ നടന്നുവെന്നും വിവരമുണ്ട്. അതിനാൽ തന്നെ പല സിനിമാക്കാരിലേക്കും അന്വേഷണം നീളാൻ സാധ്യതയുണ്ട്. അന്വേഷണത്തിന്റെ പശ്ചാത്തലത്തിൽ നിഷാദ് മൗറീഷ്യസിലേക്ക് കടന്നു കളഞ്ഞുവെന്നാണ് സൂചന.

അതേസമയം നടൻ ഉണ്ണി മുകുന്ദന്റെ ഒറ്റപ്പാലത്തെ വീട്ടിൽ കഴിഞ്ഞ ദിവസം എൻഫോഴ്‌സ്‌മെന്റ് പരിശോധന നടത്തിയിരുന്നു. ഉണ്ണി മുകുന്ദൻ നിർമ്മിക്കുന്ന മേപ്പടിയാൻ എന്ന ചിത്രത്തിലെ സാമ്പത്തിക സ്രോതസ്സുകളെ കുറിച്ച് പരിശോധിക്കാനാണ് എൻഫോഴ്‌സ്‌മെന്റ് റെയ്ഡ് നടത്തിയത്. ഇഡി ഉദ്യോഗസ്ഥർ അഞ്ചു കോടിയുടെ കണക്കാണ് ഉണ്ണി മുകുന്ദനോട് ചോദിച്ചതെന്നാണ് റിപ്പോർട്ട്. ഇതിനെല്ലാം അദ്ദേഹം കൃത്യമായി മറുപടി നൽകിയതായാണ് വിവരം.

ക്രിപ്റ്റോ കറൻസിയായ മോറിസ് കോയിൻ വാഗ്ദാനംചെയ്ത് തട്ടിപ്പ് നടത്തിയ കേസ് കേരളാ പോലീസും അന്വേഷഷിക്കുന്നുണ്ട്. ഏതാനും ദിവസങ്ങൽക്ക് മുൻപ് കേസിൽ ഒരാൾ അറസ്റ്റിലായിരുന്നു. ചാലാട് പഞ്ഞിക്കൽ റഷീദ മൻസിലിൽ മുഹമ്മദ് റനീഷിനെയാണ് കണ്ണൂർ സിറ്റി അസി. കമ്മിഷണർ പി.പി.സദാനന്ദനും സംഘവും അറസ്റ്റ് ചെയ്തത്. ഇറനീഷിന്റെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചതിൽ കോടികളുടെ അനധികൃത ഇടപാടുകൾ കണ്ടെത്തുകയും ചെയ്തിരുന്നു.

തിരുവനന്തപുരം: നടൻ രാജൻ പി ദേവിന്റെ ഭാര്യ ശാന്ത അറസ്റ്റിൽ. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് ശാന്തയെ അറസ്റ്റ് ചെയ്തത്. മരുമകൾ പ്രിയങ്കയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചുവെന്നാണ് ശാന്തയ്‌ക്കെതിരെയുള്ള കേസ്. രാജൻ പി ദേവിന്റെ മകൻ ഉണ്ണി പി ദേവിന്റെ ഭാര്യ പ്രിയങ്ക ആത്മഹത്യ ചെയ്ത കേസിലെ രണ്ടാം പ്രതിയാണ് ശാന്ത. ഗാർഹിക പീഡനവും ശാന്തക്കെതിരെ ചുമത്തിയിട്ടുണ്ട്. അതേസമയം നെടുമങ്ങാട് എസ്.പി ഓഫീസിൽ ഹാജരായ ശാന്തയെ ജാമ്യത്തിൽ വിട്ടയക്കും.

2021 ഏപ്രിൽ 13 നാണ് പ്രിയങ്കയെ വെമ്പായത്തെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉണ്ണിയുമായി പിണങ്ങി സ്വന്തം വീട്ടിലെത്തിയതായിരുന്നു പ്രിയങ്ക. സ്ത്രീധനത്തിന്റെ പേരിൽ പ്രിയങ്കയെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നും ഇതിനെ തുടർന്നാണ് ഇവർ ആത്മഹത്യ ചെയ്തതെന്നുമാണ് കേസ്.

2021 മെയ് 25 ന് കേസിൽ ഉണ്ണി പി ദേവ് അറസ്റ്റിലായിരുന്നു. സ്വന്തം വീട്ടിലെത്തിയിട്ടും സ്ത്രീധനത്തിന്റ പേരിൽ ഉണ്ണി നിരന്തരം ഫോണിൽ വിളിച്ച് പ്രിയങ്കയെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നത് ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരുന്നത്.

മുംബൈ: ഡൽഹിയിലും മുംബൈയിലും നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഡൽഹിയിൽ സർക്കാർ വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. കോവിഡ് വ്യാപനം ഇപ്പോഴുള്ള രീതിയിൽ തുടർന്നാൽ മുംബൈയിൽ സമ്പൂർണ ലോക്ക് ഡൗൺ ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്നാണ് വിവരം.

ഡൽഹിയിൽ ഓഫീസുകളിൽ ജീവനക്കാരുടെ എണ്ണവും കുറച്ചു. അവശ്യ സർവീസുകളിൽ ഉള്ള ജീവനക്കാർ ഒഴികെയുള്ളവർക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയത് .അതേസമയം ബസ്, മെട്രോ സർവീസുകൾ മാറ്റമില്ലാതെ തുടരുമെന്ന് അധികൃതർ അറിയിച്ചു. 4,099 പുതിയ കോവിഡ് കേസുകളാണ് തിങ്കളാഴ്ച ഡൽഹിയിൽ രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച 5,481 കേസുകളും റിപ്പോർട്ട് ചെയ്തു. ഏഴ് മാസത്തിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്.

പ്രതിദിന കോവിഡ് കേസുകൾ 20,000 കവിഞ്ഞാൽ മുംബൈയിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തേണ്ടി വരുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. നഗരത്തിലെ ആൾക്കൂട്ടത്തിൽ കുറവുവന്നില്ലെങ്കിൽ മിനി ലോക്ക് ഡൗൺ ഏർപ്പെടുത്തേണ്ടിവരുമെന്നും മുംബൈ മേയർ അറിയിച്ചു. 8,082 പുതിയ കേസുകളാണ് കഴിഞ്ഞ ദിവസം മുംബൈയിൽ റിപ്പോർട്ട് ചെയ്തത്.

ന്യൂഡൽഹി: ചൈനയ്ക്ക് മറുപടിയുമായി ഇന്ത്യ. കിഴക്കൻ ലഡാക്കിലെ ഗാൽവൻ താഴ്വരയിൽ ചൈനീസ് പതാക ഉയർത്തിയ ചിത്രം ചൈന പുറത്തുവിട്ടതിന് പിന്നാലെയാണ് ഇന്ത്യൻ കരസേന ഇതിന് മറുപടി നൽകി രംഗത്തെത്തിയത്. പുതുവർഷ ദിനത്തിൽ ഗാൽവൻ താഴ്വരയിൽ ദേശീയ പതാക ഉയർത്തിയാണ് ഇന്ത്യൻ സൈന്യം ചൈനയ്ക്ക് മറുപടി നൽകിയത്. കേന്ദ്ര മന്ത്രി കിരൺ റിജിജു ഇതിന്റെ ചിത്രങ്ങൾ ട്വിറ്ററിലൂടെ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്.

ചൈനീസ് മാദ്ധ്യമമായ ഗ്ലോബൽ ടൈംസാണ് ഗാൽവനിലെ പതാക ഉയർത്തലിന്റെ വാർത്ത ട്വീറ്റ് ചെയ്തത്. ബെയ്ജിങ്ങിലെ ടിയാനൻമെൻ ചത്വരത്തിൽ ഉയർത്തിയിരുന്ന പതാകയാണ് ഗാൽവനിൽ ഉയർത്തിയതെന്നും ഗ്ലോബൽ ടൈംസ് അറിയിച്ചിരുന്നു. എന്നാൽ ഈ ദൃശ്യങ്ങളിൽ മഞ്ഞു മൂടിക്കിടക്കുന്ന മലനിരകളുടെ പശ്ചാത്തലമുണ്ടായിരുന്നില്ല. അതിനാൽ അത് ഗാൽവനിൽവെച്ചാണോ എന്ന സംശയം നിലനിൽക്കുന്നുണ്ട്. 2020 മെയ് മാസം മുതൽ ഇന്ത്യയും ചൈനയും തമ്മിൽ സംഘർഷവും തർക്കവും നിലനിൽക്കുന്ന പ്രദേശമാണ് ഗാൽവാൻ മേഖല.

2020 ജൂൺ മാസം പാംഗോങ് തടാക മേഖലയിൽ ചൈനീസ് സൈന്യവുമായുണ്ടായ സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികരാണ് വീരമൃത്യു വരിച്ചത്. 40 ചൈനീസ് പട്ടാളക്കാരും സംഘർഷത്തിൽ കൊല്ലപ്പെട്ടത്.

ന്യൂഡൽഹി: സ്‌കൂളുകളിൽ ‘സൂര്യ നമസ്‌കാർ’ പരിപാടി സംഘടിപ്പിക്കാനുള്ള കേന്ദ്രത്തിന്റെ ഉത്തരവിനെതിരെ എതിർപ്പുമായി മുസ്ലീം സംഘടനകൾ. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായാണ് സൂര്യ നമസ്‌കാർ സംഘടിപ്പിക്കുന്നത്. അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോർഡാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിനെതിരെ എതിർപ്പുമായി രംഗത്തെത്തിയത്. സൂര്യ നമസ്‌കാരം ഇസ്ലാം അനുവദിക്കുന്നില്ലെന്നാണ് അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോർഡിന്റെ വാദം.

ഭരണഘടന ഓരോ ഇന്ത്യക്കാരനും അവരുടെ മതം പിന്തുടരാനുള്ള അവകാശം നൽകിയിട്ടുണ്ടെന്ന് ദാറുൽ ഉലൂം പുറത്തുവിട്ട വീഡിയോയിൽ വ്യക്തമാക്കുന്നു. കേന്ദ്ര ആയുഷ് മന്ത്രാലയമാണ് സ്‌കൂളുകളിൽ സൂര്യ നമസ്‌കാരം പരിപാടി സംഘടിപ്പിക്കാനുള്ള ഉത്തരവ് പുറത്തിറക്കിയത്. യോഗാസന പരിശീലനത്തിലൂടെ ഫിറ്റ്‌നസ് സംസ്‌കാരം സൃഷ്ടിക്കുക, ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയായിരുന്നു ആയുഷ് മന്ത്രാലയത്തിന്റെ നടപടി. കേന്ദ്ര ആയുഷ് മന്ത്രി സർബാനന്ദ സോനോവാളാണ് ഹൈദരാബാദിൽ പദ്ധതിക്ക് തുടക്കം കുറിച്ചത്. ഇതിൽ ‘സൂര്യനമസ്‌കാരം’ എന്ന യോഗാഭ്യാസം ഒരു ദിവസം 13 തവണ വീതം 21 ദിവസത്തേക്ക് നിശ്ചയിച്ചിരിക്കുന്നു. പദ്ധതി 2022 ജനുവരി ഒന്ന് മുതൽ ഫെബ്രുവരി 20 വരെയാണ് നീണ്ടു നിൽക്കുന്നത്.

അതേസമയം സൂര്യ നമസ്‌കാരം സൂര്യപൂജയുടെ ഒരു രൂപമാണെന്നും ഇത് ഇസ്ലാം അനുവദിക്കുന്നില്ലെന്നുമാണ് മുസ്ലീം സംഘടനകൾ പറയുന്നത്. ഇന്ത്യ ഒരു മതേതര രാഷ്ട്രമാണെന്നും ഭൂരിപക്ഷ സമുദായത്തിന്റെ ആചാരങ്ങൾ എല്ലാ മതങ്ങളിലും അടിച്ചേൽപ്പിക്കാൻ കഴിയില്ലെന്നും എഐഎംപിഎൽബി ജനറൽ സെക്രട്ടറി മൗലാന ഖാലിദ് സൈഫുള്ള റഹ്മാനി അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യ ദിനത്തിൽ സ്‌കൂളുകളിൽ സർക്കാർ എന്തെങ്കിലും പരിപാടികൾ സംഘടിപ്പിക്കേണ്ടി വന്നാൽ ദേശസ്നേഹവുമായി ബന്ധപ്പെട്ട പാട്ടുകളുടെയും സംഗീതത്തിന്റെയും പരിപാടി എല്ലാ മതസ്ഥർക്കും പങ്കെടുക്കാവുന്ന തരത്തിൽ സംഘടിപ്പിക്കണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവെച്ചു.

തിരുവനന്തപുരം: വിവിധ തസ്തികകളിൽ റിക്രൂട്ട് വിജ്ഞാപനം പുറത്തിറക്കി പിഎസ്‌സി. കാറ്റഗറി നമ്പർ 642/ 2021 മുതൽ 781/ 2021 വരെയുള്ള വിവിധ തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റ് വിജ്ഞാപനമാണ് ഡിസംബർ 30, 31 തീയതികളിലെ അസാധാരണ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് പിഎസ്സിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തി. ഫെബ്രുവരി രണ്ടിനകം ഓൺലൈനായി അപേക്ഷ നൽകാം.

പിഎസ്‌സി വിജ്ഞാപനങ്ങൾ:

ജൂനിയർ അസിസ്റ്റന്റ്/അസിസ്റ്റന്റ് ഗ്രേഡ് 2- ക്ലർക്ക്/ ഫീൽഡ് അസിസ്റ്റന്റ്/ ഡിപ്പോ അസിസ്റ്റന്റ്. നിരവധി സർക്കാർ ആഭിമുഖ്യത്തിലുള്ള കോർപ്പറേഷൻ/ ബോർഡുകൾ/ കമ്പനികൾ മുതലായ സ്ഥാപനങ്ങളിലേക്കാണ് നിയമനം. ഒഴിവുകൾ കണക്കാക്കിയിട്ടില്ല. യോഗ്യത- ബിഎ, ബിഎസ്സി/ ബികോം/ തത്തുല്യ ബുരുദം. പ്രായപരിധി 18-36 വയസ്.

അസിസ്റ്റന്റ് പ്രൊഫസർ (ഫോറൻസിക് മെഡിസിൻ ഒഴിവ് -1) മെഡിക്കൽ വിദ്യാഭ്യാസം, യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ എംഡി/എംഎസ് / ഡിഎൻബി, മൂന്നുവർഷത്തെ അധ്യാപന പരിചയം.മെഡിക്കൽ കൗൺസിൽ സ്ഥിരം രജിസ്ട്രേഷനുണ്ടായിരിക്കണം. പ്രായപരിധി 21-46 വയസ്.

അസിസ്റ്റന്റ് പ്രൊഫസർ- ആർക്കിടെക്ച്ചർ, കെമിക്കൽ എൻജിനീയറിങ്, കംപ്യൂട്ടർ സയൻസ് ആന്റ് എൻജിനീയറിങ്, സിവിൽ എൻജിനീയറിങ്, ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ, ഇൻഫർമേഷൻ ടെക്നോളജി, മെക്കാനിക്കൽ എൻജിനീയറിങ്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് / എൻജിനീയറിങ് കോളജുകളിലാണ് നിയമനം യോഗ്യത- ബന്ധപ്പെട്ട ശാഖയിൽ ബിഇ/ ബിടെകിന് പുറമേ എംഇ/ എംടെക്, ഡിഗ്രി അല്ലങ്കിൽ പിജി തലത്തിൽ ഫസ്റ്റക്ലാസ് / തത്തുല്യ ഗ്രേഡിൽ വിജയിച്ചിരിക്കണം. പ്രായപരിധി 20-39 വയസ് ശമ്പളം എഐസിടിഇ സ്‌കെയിലിൽ ലഭിക്കും.

ഹയർ സെക്കന്ററി സ്‌കൂൾ അദ്ധ്യാപകർ- ഇംഗ്ലീഷ് ശമ്പളം 55200-115300 രൂപ, ഉറുദു (ജൂനിയർ) ഇക്കണോമിക്സ് (ജൂനിയർ), ഹയർ സെക്കന്ററി സ്‌കൂൾ അദ്ധ്യാപകർ (ജൂനിയർ) അറബിക്, ഇംഗ്ലീഷ്, സോഷ്യോളജി, പൊളിറ്റിക്കൽ സയൻസ്, സംസ്‌കൃതം, ജ്യോഗ്രഫി, ബോട്ടണി, സുവോളജി, മാത്തമാറ്റിക്സ്, കെമിസ്ട്രി, ഫിസിക്സ്, യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ 50 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം, ബിഎഡ്, സെറ്റ്, വിജയിച്ചിരിക്കണം. പ്രായപരിധി 20-40 വയസ്. വിശദമായ യോഗ്യതാ മാനദണ്ഡങ്ങൾ വിജ്ഞാപനത്തിലുണ്ട്. കേരള ഹയർ സെക്കന്ററി എഡ്യൂക്കേഷൻ വകുപ്പിന് കീഴിലാണ് നിയമനം. ശമ്പളം 45600-95600 രൂപ.

തയ്യൽ ടീച്ചർ (ഹൈസ്‌കൂൾ) ശമ്പളം 35600-75400 രൂപ. ഒഴിവുകൾ ജില്ലാടിസ്ഥാനത്തിൽ തിരുവനന്തപുരം -13, കൊല്ലം- 2, കോട്ടയം- 1, ആലപ്പുഴ-6, തൃശൂർ, 3, കാസർഗോഡ്-9, യോഗ്യത എസ്എസ്എൽസി/ തത്തുല്യപരീക്ഷ പാസായിരിക്കണം. നീഡിൽ വർക്ക് ആന്റ് ഡ്രസ്മേക്കിങ് കെജിടിഇ/ എംജിടിഇ ഹയർ/ തത്തുല്യ സർട്ടിഫിക്കറ്റുണ്ടാകണം. ഡ്രസ്മേക്കിങ് എൻസിവിടി സർട്ടിഫിക്കറ്റുകാരെയും പരിഗണിക്കും. പ്രായപരിധി 18-40 വയസ് കെ-ടെറ്റ് പാസായിരിക്കണം.

ഫിസിക്കൽ എഡ്യുക്കേഷൻ ടീച്ചർ (ഹൈസ്‌കൂൾ), ഒഴിവുകൾ കോഴിക്കോട് -2, വയനാട്-1, ശമ്പളം 25200-54000 രൂപ (പരിഷ്‌കരണത്തിന് മുമ്പുള്ളത്) യോഗ്യതകൾ: എസ്എസ്എൽസി / തത്തുല്യം. ഫിസിക്കൽ എഡ്യുക്കേഷൻ അംഗീകൃത സർട്ടിഫിക്കറ്റ്/ വിഎച്ച്എസ്ഇ ഫിസിക്കൽ എഡ്യുക്കേഷൻ സർട്ടിഫിക്കറ്റ്/ ബിപിഎഡ്, എംപിഎഡ്, കെ-ടെറ്റ്/ സി-ടെറ്റ്/ സെറ്റ്/എംഫിൽ/പിഎച്ച്ഡി. പ്രായപരിധി 18-40 വയസ്. വിദ്യാഭ്യാസ വകുപ്പിലേക്കാണ് നിയമനം. പ്രീപ്രൈമറി ടീച്ചർ (വിദ്യാഭ്യാസ വകുപ്പ്) ഒഴിവ്- കോഴിക്കോട്-1, ശമ്പളം 25200-54000 (പരിഷ്‌കരണത്തിന് മുമ്പുള്ളത്) യോഗ്യത എസ്എസ്എൽസി/ തത്തുല്യം, നഴ്സറി ട്രെയിനിംഗ് അംഗീകൃത സർട്ടിഫിക്കറ്റ്, പ്രായപരിധി 18-40 വയസ്.

ട്രേഡ്സ്മാൻ (സാങ്കേതിക വിദ്യാഭ്യാസവകുപ്പ്) ശമ്പളം 19000-43600 രൂപ (പരിഷ്‌കരണത്തിന് മുമ്പുള്ളത്), പ്ലംബർ (തിരുവനന്തപുരം-2), ടെക്സ്‌റ്റൈൽ, ടെക്നോളജി (തിരുവനന്തപുരം -1) ഇലക്ട്രോണിക്സ് (തിരുവനന്തപുരം-1) കൊല്ലം -4, കോട്ടയം-1, എറണാകുളം 4, ഇടുക്കി-4, പാലക്കാട്-1, വയനാട്-1) സർവ്വേ (തിരുവനന്തപുരം-2, എറണാകുളം-1), സിവിൽ (തിരുവനന്തപുരം-3, തൃശൂർ-1) കാർപ്പന്ററി (ആലപ്പുഴ-1, കോട്ടയം -2) ഇലക്ട്രിക്കൽ (ആലപ്പുഴ-1, വയനാട് -1), വെൽഡർ(കോട്ടയം-1, തൃശൂർ-1), പോളിമർ ടെക്നോളജി (കോട്ടയം-2), ഡീസൽ മെക്കാനിക് (എറണാകുളം -1), വയർമാൻ (തൃശൂർ -1, കണ്ണൂർ-1), ഫിറ്റർ (പാലക്കാട്-4) ഐടി (പാലക്കാട്-1) ഓട്ടോമൊബൈൽ മെക്കാനിക് (പാലക്കാട്-1) ഇലക്ട്രോണിക്സ് ആന്റ് ഇൻസ്ട്രമെന്റേഷൻ (കോഴിക്കോട്-1, കണ്ണൂർ-1), ഷീറ്റ് മെറ്റൽ വർക്കർ (വയനാട്-1) മേസനറി (കണ്ണൂർ-1) യോഗ്യത- ബന്ധപ്പെട്ട ഗ്രേഡിൽ ടിഎച്ച്എസ്എൽസി/ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്/ വിഎച്ച്എസ്സി/ തത്തുല്യ സർട്ടിഫിക്കറ്റ്. പ്രായപരിധി 18-36 വയസ്.

ഫിഷറീസ് ഓഫീസർ (ഫിഷറീസ് വകുപ്പ്), ഒഴിവുകൾ 28, ശമ്പളനിരക്ക് 35600-75400 രൂപ. യോഗ്യത ഫിഷറീസ് സയൻസ്/ അനുബന്ധ വിഷയങ്ങളിൽ അംഗീകൃത ബിരുദം / ബിഎഫ്എസ് സി നോട്ടിക്കൽ സയൻസ്, ഫിഷറീസ് സസയൻസ്, അനുബന്ധ വിഷയങ്ങൾക്കും സുവോളജിയിലും മറ്റും ബിരുദാനന്തര ബിരുദമുള്ളവരെയും പരിഗണിക്കും. പ്രായപരിധി 18-36 വയസ്.

ഡാറ്റാ എൻട്രി ഓപ്പറേറ്റർ (മെഡിക്കൽ വിദ്യാഭ്യാസം) ഒഴിവുകൾ 5, ശമ്പളം 19000- 43600 രൂപ, (പരിഷ്‌ക്കരണത്തിന് മുമ്പുള്ളത്, യോഗ്യത പ്ലസ്ടു/ തത്തുല്യ പരിക്ഷ പാസായിരിക്കണം. ആറ് മാസത്തിൽ കുറയാതെ ഡേറ്റാ എൻട്രി ഓപ്പറേറ്റർ കോഴ്സിലുള്ള അംഗീകൃത സർട്ടിഫിക്കറ്റുണ്ടാകണം. പ്രായപരിധി 18-36 വയസ്.

ജൂനിയർ ഇൻസ്ട്രക്റ്റർ (കംപ്യൂട്ടർ ഓപ്പറേറ്റർ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്) വ്യവസായപരിശീലന വകുപ്പ്) വെൽഫെയർ ഓർഗനൈസർ (വിമുക്ത ഭടന്മാർക്ക് മാത്രം) (സൈനിക ക്ഷേമവകുപ്പ്), റിസർച്ച് അസിസ്റ്റന്റ് (ലിംഗ്വിസ്റ്റിക്സ്) (കിർത്താഡ്സ്) ഓവർസിയർ/ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് -1, (സിവിൽ) തസ്തിക മാറ്റം വഴിയുള്ള നിയമനം (ജലസേചനം/ പൊതുമരാമത്ത് വകുപ്പുകൾ), ബൈൻഡർ ഗ്രേഡ് -2 (വിമുക്തഭടന്മാർക്ക് മാത്രം) എൻസിസി/ സൈനികക്ഷേമം) ഫോറസ്റ്റ് ബോട്ട് ഡ്രൈവർ (വനംവകുപ്പ്), ഫുൾടൈം ജൂനിയർ ലാംഗുവേജ് ടീച്ചർ (അറബിക്) യുപിഎസ് തസ്തികമാറ്റം വഴി) , ഹൈസ്‌കൂൾ ടീച്ചർ (മലയാളം/തസ്തികമാറ്റംവഴി) മെഷ്യൻ ഓപ്പറേറ്റർ ഗ്രേഡ് -2 (കേരള സ്റ്റേറ്റ് കോ- ഓപ്പറേറ്റീവ് കയർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ്) സെക്യൂരിറ്റി ഗാർഡ് കം പമ്പ് ഓപ്പറേറ്റർ ഗാർഡ് (കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ലിമിറ്റഡ് തുടങ്ങിയവയാണ് മറ്റ് തസ്തികകൾ.

കുമളി: പോലീസിന്റെ വീഴ്ച്ചകൾ തുറന്നു സമ്മതിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സി.പി.എം ഇടുക്കി ജില്ല സമ്മേളനത്തിൽ വെച്ചാണ് അദ്ദേഹം പോലീസിന്റെ വീഴ്ച്ചകൾ തുറന്നു സമ്മതിച്ചത്. ആഭ്യന്തര വകുപ്പിൽ പാർട്ടി ഇടപെടുമെന്നും പോലീസ് വിഷയത്തിൽ മുഖ്യമന്ത്രിയുമായി പാർട്ടി ചർച്ച നടത്തി പരിഹാരം കണ്ടെത്തുമെന്നും അദ്ദേഹം അറിയിച്ചു. സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തിൽ പോലീസിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് പോലീസിന്റെ വീഴ്ച്ചകൾ കോടിയേരി തുറന്നു സമ്മതിച്ചത്.

പലപ്പോഴും സർക്കാരിന്റെ ശോഭ കെടുത്താൻ പോലീസിന്റെ പ്രവർത്തനം കാരണമാവുന്നുവെന്ന വിമർശനം സമ്മേളനത്തിൽ ഉയർന്നത്. സർക്കാരിന്റെ പ്രതിച്ഛായ മോശമാക്കാൻ പ്രവർത്തിക്കുന്നു എന്ന തരത്തിലുള്ള വിമർശനവും ഉയർന്നിരുന്നു. ഈ ആരോപണങ്ങൾക്ക് മറുപടിയായാണ് കോടിയേരിയുടെ പ്രതികരണം.

അതേസമയം സി.പി.ഐക്കെതിരെയും സമ്മേളനത്തിൽ വിമർശനം ഉയർന്നു. സി.പി.ഐക്ക് ബി.ജെ.പിയുടെ സ്വരമാണെന്നായിരുന്നു സമ്മേളനത്തിൽ ചിലർ അഭിപ്രായപ്പെട്ടത്. സി.പി.ഐ മന്ത്രിമാർ കൈകാര്യം ചെയ്യുന്ന വകുപ്പുകളുടെ പ്രവർത്തനം സംബന്ധിച്ചും വിമർശനങ്ങൾ ശക്തമായിരുന്നു. ഹൈറേഞ്ച് മേഖലയിൽ ലൈഫ് പ്രവർത്തനവുമായി ബന്ധപ്പെട്ട് സി.പി.ഐ വകുപ്പുകൾ കടുത്ത നിസ്സഹകരണം തുടരുകയാണെന്ന ആരോപണവും ഉയർന്നിരുന്നു. വനംവകുപ്പിന്റെ പ്രവർത്തനവും വിമർശന വിധേയമായിരുന്നു.

ഹൂസ്റ്റൻ: അമേരിക്കയിൽ കോവിഡ് വൈറസിന്റെ ജനിതക വകഭേദമായ ഒമിക്രോൺ വ്യാപനം വർധിക്കുന്നു. 10 ലക്ഷത്തിലേറെ പേർക്കാണ് തിങ്കളാഴ്ച മാത്രം അമേരിക്കയിൽ കോവിഡ് സ്ഥിരീകരിച്ചത്. ഒമിക്രോൺ വകഭേദമാണ് കോവിഡ് കേസുകൾ വർധിക്കാൻ കാരണമെന്നാണ് ഇആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നത്. കോവിഡ് കേസുകൾ ഉയരുന്നുണ്ടെങ്കിലും കൂടുതൽ മരണങ്ങളോ, ഗുരുതരാവസ്ഥയോ റിപ്പോർട്ട് ചെയ്യുന്നില്ലെന്ന ആശ്വാസത്തിലാണ് അധികൃതർ.

കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ അമേരിക്കയിൽ പലസ്ഥലങ്ങളിലും സ്‌കൂളുകൾ അടച്ചുപൂട്ടി. വീണ്ടും ഓൺലൈൻ പഠനത്തിലേക്കുള്ള ചുവടുമാറ്റത്തിന് തയ്യാറെടുക്കുകയാണ് സ്‌കൂളുകൾ.നെവാർക്ക്, അറ്റ്ലാന്റ, മിൽവാക്കി, ക്ലീവ്‌ലാൻഡ് എന്നിവയുൾപ്പെടെ പബ്ലിക് സ്‌കൂൾ ഡിസ്ട്രിക്റ്റുകൾ താൽക്കാലികമായി വിദൂര പഠനത്തിലേക്ക് മാറിയിട്ടുണ്ട്. കൂടുതൽ സ്‌കൂളുകളിൽ ഉടൻ ഓൺലൈൻ പഠനം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.

രാജ്യത്ത് കോവിഡ് കേസുകൾ കുത്തനെ ഉയരുകയാണെങ്കിലും ആശുപത്രിയിൽ പ്രവശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കുറവാണ്. രോഗികളിൽ പലരും വീടുകളിൽ തന്നെ നിരീക്ഷണത്തിൽ കഴിയുകയാണ്. അമേരിക്കയിൽ കോവിഡ് കേസുകളുടെ എണ്ണം ഉയരുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഇത്രത്തോളം വർധനവ് ഉണ്ടായിരിക്കുമെന്ന് അധികൃതർ പ്രതീക്ഷിച്ചിരുന്നില്ല. കോവിഡ് വ്യാപനം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ലോകരാജ്യങ്ങളിൽ ഉണ്ടാകുന്ന ഏറ്റവും ഉയർന്ന നിരക്കാണ് അമേരിക്കയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

തിരുവനന്തപുരം: സർവ്വീസിലേക്ക് തിരികെ പ്രവേശിക്കാനൊരുങ്ങി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ. ശിവശങ്കറിന്റെ സസ്‌പെൻഷൻ പിൻവലിച്ചുകൊണ്ടുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കി.

എം ശിവശങ്കറിനെ സർവീസിൽ തിരിച്ചെടുക്കാൻ ഉന്നതതല സമിതി നേരത്തേ സർക്കാരിന് ശുപാർശ നൽകിയിരുന്നു. ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയാണ് ശുപാർശ നൽകിയത്.

സ്വർണ്ണക്കടത്ത് കേസിലെ പ്രതിയുമായുള്ള ബന്ധത്തെ തുടർന്ന് 2019 ജൂലായ് 14 നാണ് എം.ശിവശങ്കറിനെ സർവ്വീസിൽ നിന്നും സസ്‌പെന്റ്ഡ് ചെയ്തത്. ഐഎഎസ് ഉദ്യോഗസ്ഥരുടെ സസ്‌പെൻഷൻ ആറ് മാസം കൂടുമ്പോൾ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി പുനഃപരിശോധിക്കുന്ന രീതിയുണ്ട്. എന്നാൽ ശിവശങ്കറിന്റെ സസ്പെൻഷൻ രണ്ടുതവണ നീട്ടിക്കൊണ്ടു പോകുകയായിരുന്നു. രണ്ടു വർഷത്തിലധികമായി ശിവശങ്കർ സസ്പെൻഷനിലാണ്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അവ്യക്തത തുടരുന്ന സാഹചര്യം പരിഗണിച്ചുകൊണ്ടാണ് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ശിവശങ്കറിനെ തിരിച്ചെടുക്കണമെന്ന ശുപാർശ നൽകിയത്.