കണ്ണൂർ സർവകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുടെ നിയമനം ചട്ടവിരുദ്ധം; ഹൈക്കോടതി

കൊച്ചി: ഗവർണർ ആരിഫ് ഖാന്റെ നിലപാട് ശരിവെച്ച് ഹൈക്കോടതി. കണ്ണൂർ സർവകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുടെ നിയമനം ചട്ടവിരുദ്ധമാണെന്നാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കുന്നത്. ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുടെ നിയമനം ചോദ്യം ചെയ്തുള്ള ഹർജിയിൽ നൽകിയ ഇടക്കാല ഉത്തരവിലാണ് ഡിവിഷൻ ബെഞ്ച് ഇക്കാര്യം അറിയിച്ചത്.

സർവകലാശാല ചട്ടങ്ങൾ പ്രകാരം ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ നാമനിർദേശം ചെയ്യാനുള്ള അധികാരം ചാൻസലർക്കാണെന്ന് ഗവർണർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. ബോർഡ് ഓഫ് സ്റ്റഡീസ് നിയമനത്തിൽ ചട്ടങ്ങൾ ലംഘിക്കപ്പെട്ടതായും ഗവർണർ സത്യവാങ്മൂലത്തിൽ അറിയിച്ചിരുന്നു. ഇത് അംഗീകരിച്ചാണ് ഹൈക്കോടതിയുടെ പരാമർശം. ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ നിയമിച്ച് രജിസ്ട്രാർ ഇൻ ചാർജ് ഇറക്കിയ ഉത്തരവ് പ്രഥമദൃഷ്ടാ 96 ലെയും 98 ലെയും സർവകലാശാല ചട്ടങ്ങളുടെ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു.

ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങൾക്ക് രജിസ്ട്രാർ മുഖേന പ്രത്യേക ദൂതൻ വഴി നോട്ടിസ് അയക്കണമെന്നാണ് കോടതിയുടെ ഉത്തരവ്. ജനുവരി 17 ന് കേസ് വീണ്ടും പരിഗണിക്കും.