പ്രതിരോധശേഷി കുറഞ്ഞവർക്കും കാൻസർ രോഗികൾക്കും ഹോം ഐസലേഷൻ അനുവദിക്കില്ല; മാർഗരേഖ പുതുക്കി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: കോവിഡ് വൈറസ് ബാധയെ തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്കായുള്ള മാർഗരേഖ പുതുക്കി കേന്ദ്ര സർക്കാർ. ചെറിയ രോഗലക്ഷണങ്ങൾ ഉള്ളവർക്കും ലക്ഷണങ്ങൾ തീരെ ഇല്ലാത്തതുമായ രോഗികൾക്ക് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാമെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. പ്രതിരോധശേഷി കുറഞ്ഞവർക്കും കാൻസർ രോഗികൾക്കും ഹോം ഐസലേഷൻ അനുവദിക്കില്ല. ഏഴു ദിവസമാണ് കോവിഡ് രോഗികൾ ഐസൊലേഷനിൽ കഴിയേണ്ടത്. കോവിഡ് വന്ന 60 വയസ്സ് കഴിഞ്ഞവരെ ആദ്യം പരിശോധിക്കണമെന്നും നിർദ്ദേശമുണ്ട്.

7 ദിവസത്തെ നിരീക്ഷണത്തിനു ശേഷം പനിയോ മറ്റ് ലക്ഷണങ്ങളോ ഇല്ലെങ്കിൽ വീണ്ടും ടെസ്റ്റ് നടത്തേണ്ട ആവശ്യമില്ലെന്നാണ് കേന്ദ്രം പുതിയ മാർഗരേഖയിൽ വ്യക്തമാക്കിയിരിക്കുന്നത്. നിരീക്ഷണത്തിൽ കഴിയുന്ന കാലയളവിൽ രോഗികളും രോഗികളെ പരിചരിക്കുന്നവരും സ്വീകരിക്കേണ്ട മുൻകരുതലുകൾ കുറിച്ചും പുതിയ മാർഗ്ഗ നിർദ്ദേശത്തിൽ വിശദീകരിച്ചിട്ടുണ്ട്. കോവിഡ് രോഗികൾ ആരോഗ്യനില രേഖപ്പെടുത്താനുള്ള ചാർട്ട് മാതൃക ഉൾപ്പെടുത്തുകയും ആരോഗ്യപ്രവർത്തകരും ആയി നിരന്തരം ബന്ധപ്പെടണമെന്നും നിർദ്ദേശമുണ്ട്.

അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 58,097 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 534 പേർക്കാണ് 24 മണിക്കൂറിനിടെ രാജ്യത്ത് ജീവൻ നഷ്ടപ്പെട്ടത്.