General (Page 1,265)

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്വേഷണം നടത്താനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. ക്രൈം ബ്രാഞ്ച് മേധാവി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് പ്രത്യേക സംഘത്തെ രൂപീകരിച്ചത്. ഡി.വൈ.എസ്.പി ബൈജു പൗലോസിനാണ് കേസിന്റെ തുടരന്വേഷണ ചുമതല.

കെ.പി ഫിലിപ്പ് ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ അന്വേഷണ സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. ക്രൈം ബ്രാഞ്ച് എസ്പിമാരായ കെ എസ് സുദർശൻ, എം ജെ സോജൻ, നെടുമ്പാശേരി സർക്കിൾ ഇൻസ്പെക്ടർ പി എം ബൈജു എന്നിവരും അന്വേഷണ സംഘത്തിലുണ്ട്. ദിലീപിനെതിരായ പുതിയ വെളിപ്പെടുത്തലുകൾ അന്വേഷിക്കുന്നതിന് വേണ്ടിയാണ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത്.

കേസുമായി ബന്ധപ്പെട്ട് സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് തെളിവുകൾ ശേഖരിക്കാനുണ്ട്. ഇതിനായാണ് പ്രത്യേക സംഘത്തെ നിയോഗിച്ചത്. നടൻ ദിലീപിനേയും പൾസർ സുനിയേയും കൂടുതൽ ചോദ്യം ചെയ്ത് തെളിവെടുപ്പ് നടത്തണം. ദിലീപ് ജാമ്യത്തിലിറങ്ങിയ ശേഷം പൾസർ സുനി മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ ആലുവയിലെ ഒരു വിഐപി ദിലീപിന് എത്തിച്ചു നൽകി എന്നാണ് ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയത്.

ന്യൂഡൽഹി: കേരളത്തിൽ രണ്ടിടത്ത് കോവിഡ് സാഹചര്യം ഗുരുതരമാണെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര സർക്കാർ. തിരുവനന്തപുരത്തും എറണാകുളത്തും കോവിഡ് സാഹചര്യം ഗുരുതരമെന്നാണ് കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകുന്നത്. സംസ്ഥാനത്ത് ടിപിആർ കുറഞ്ഞെങ്കിലും രോഗികൾ വർധിക്കുകയാണെന്ന് കേന്ദ്രം അറിയിച്ചു. രാജ്യത്ത് 14 ജില്ലകളിലെ രോഗവ്യാപനത്തിൽ ആശങ്കയുണ്ടെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.

കേരളത്തിൽ കോവിഡും ഒമിക്രോൺ വകഭേദവും ഉയരുന്ന സാഹചര്യമാണ് നിലവിലുള്ളത്. കഴിഞ്ഞ രണ്ടു ദിവസമായി സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം നാലായിരത്തിന് മുകളിലാണ്. ഒരാഴ്ചത്തെ കണക്കുകൾ നിർണായകമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. അടുത്ത ആഴ്ച ചേരുന്ന കോവിഡ് അവലോകനയോഗത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമോയെന്ന കാര്യത്തിൽ തീരുമാനമെടുക്കും.

അതേസമയം സംസ്ഥാനത്ത് 50 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. എറണാകുളം 18, തിരുവനന്തപുരം 8, പത്തനംതിട്ട 7, കോട്ടയം, മലപ്പുറം 5 വീതം, കൊല്ലം 3, ആലപ്പുഴ, തൃശൂർ, പാലക്കാട് ഒന്ന് വീതം എന്നിങ്ങനെയാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതുകൂടാതെ കോയമ്പത്തൂർ സ്വദേശിക്കും ഒമിക്രോൺ സ്ഥീരികരിച്ചു. ഇതിൽ 45 പേർ ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും 5 പേർ ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്നതാണ്. ആർക്കും തന്നെ സമ്പർക്കത്തിലൂടെ ഒമിക്രോൺ ബാധിച്ചിട്ടില്ല.

ഇതോടെ സംസ്ഥാനത്ത് ആകെ 280 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും 186 പേരും ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും ആകെ 64 പേരും എത്തിയിട്ടുണ്ട്. 30 പേർക്കാണ് ആകെ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

ന്യൂഡൽഹി: പോസ്റ്റ് ഡെവലൂഷൻ റവന്യൂ ഡെഫിസിറ്റ് ഗ്രാന്റിന്റെ 10-ാമത് പ്രതിമാസ ഗഡു സംസ്ഥാനങ്ങൾക്ക് അനുവദിച്ച് കേന്ദ്ര സർക്കാർ. 9,871 കോടി രൂപയാണ് ധനമന്ത്രാലയത്തിന്റെ ധനവിനിയോഗ വകുപ്പ് 17 സംസ്ഥാനങ്ങൾക്ക് അനുവദിച്ചത്. നടപ്പ് സാമ്പത്തിക വർഷത്തിൽ ആകെ 98,710 കോടി രൂപയാണ് പിഡിആർഡി ഗ്രാന്റ് ഇനത്തിൽ അർഹതപ്പെട്ട സംസ്ഥാനങ്ങൾക്ക് ലഭിച്ചത്. കേരളത്തിന് അനുവദിച്ചിരിക്കുന്നത് 1657.58 കോടി രൂപയാണ്.

2021-22 സാമ്പത്തിക വർഷത്തിൽ 17 സംസ്ഥാനങ്ങൾക്കായി ആകെ 1,18,452 കോടി രൂപയുടെ പിഡിആർഡി ഗ്രാന്റ് പതിനഞ്ചാം ധനകാര്യ കമ്മീഷൻ ശുപാർശ നൽകിയിട്ടുണ്ട്. ഇതിൽ 98,710 കോടി (83.33%) ഇതുവരെ കൈമാറിയിട്ടുണ്ട്. ആർട്ടിക്കിൾ 275 പ്രകാരം, 15-ാമത് ധനകാര്യ കമ്മീഷന്റെ ശുപാർശകൾക്കനുസൃതമായി റവന്യൂ അക്കൗണ്ടിലെ കമ്മി നികത്തുന്നതിന് കേന്ദ്രം സംസ്ഥാനങ്ങൾക്കനുവദിക്കുന്ന ധനസഹായമാണ് പിഡിആർഡി ഗ്രാന്റ്.

ജനുവരി മാസം അനുവദിച്ച ഗ്രാന്റിന്റെ സംസ്ഥാനാടിസ്ഥാനത്തിലുള്ള വിശദാംശങ്ങളും 2021-22 ൽ സംസ്ഥാനങ്ങൾക്ക് അനുവദിച്ച പോസ്റ്റ് ഡെവലൂഷൻ റവന്യൂ ഗ്രാന്റിന്റെ ആകെ തുക ചുവടെ ചേർക്കുന്നു:

State-wise Post Devolution Revenue Deficit Grants Released

(Rs. in crore)

S.No.Name of StateAmount released in January 2022(10th installment)Total amount released in 2021-22
1Andhra Pradesh1438.0814380.83
2Assam531.335313.33
3Haryana11.00110.00
4Himachal Pradesh854.088540.83
5Karnataka135.921359.17
6Kerala1657.5816575.83
7Manipur210.332103.33
8Meghalaya106.581065.83
9Mizoram149.171491.67
10Nagaland379.753797.50
11Punjab840.088400.83
12Rajasthan823.178231.67
13Sikkim56.50565.00
14Tamil Nadu183.671836.67
15Tripura378.833788.33
16Uttarakhand647.676476.67
17West Bengal1467.2514672.50
 Total9871.0098710.00

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഹനവ്യൂഹം പഞ്ചാബിൽ വെച്ച് തടഞ്ഞ സംഭവത്തിൽ പ്രതികരിച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. വളരെ ദു:ഖകരവും നിർഭാഗ്യകരവുമായ സംഭവമാണിതെന്ന് എം എ യൂസഫലി വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

പ്രധാനമന്ത്രിയുടെ ആരോഗ്യത്തിനായി പ്രത്യേക പ്രാർത്ഥന നടത്തിയെന്നും യൂസഫലി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് യാത്ര പഞ്ചാബിൽ വച്ച് തടസ്സപ്പെട്ടത് വളരെ സങ്കടകരവും നിർഭാഗ്യകരവുമാണ്. നമ്മുടെ രാജ്യത്തെ തുടർന്നും നയിക്കാനും വരും തലമുറയ്ക്ക് സമൃദ്ധിയുണ്ടാകാനും പ്രധാനമന്ത്രിയ്ക്ക് നല്ല ആരോഗ്യവും ദീർഘായുസ്സും ലഭിക്കാൻ പ്രത്യേക പ്രാർഥനകൾ സംഘടിപ്പിച്ചുവെന്നും യൂസഫലി ട്വീറ്റ് ചെയ്തു.

പ്രചാരണ പരിപാടികൾക്കായി പഞ്ചാബിലെത്തിയ പ്രധാനമന്ത്രിയെയാണ് കർഷകർ തടഞ്ഞത്. റോഡ് ഉപരോധത്തെ തുടർന്ന് 20 മിനിറ്റോളം നേരമാണ് പ്രധാനമന്ത്രി ഒരു മേൽപാലത്തിൽ കുടുങ്ങിയത്. തുടർന്ന് അദ്ദേഹം പഞ്ചാബിലെ റാലി റദ്ദാക്കുകയും ഡൽഹിയിലേക്കു മടങ്ങുകയും ചെയ്തിരുന്നു. സംഭവത്തിൽ പഞ്ചാബ് സർക്കാരിനെതിരെ വ്യാപക വിമർശനമാണ് ഉയർന്നിരുന്നത്.

കൊച്ചി: സിൽവർ ലൈൻ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് സർക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. പൊതുജനങ്ങളുടെ ആശങ്കകൾക്കിടെയാണ് ഹൈക്കോടതി സർക്കാരിനോട് ചോദ്യങ്ങൾ ഉന്നയിച്ചിരിക്കുന്നത്. സർവെ നടത്താതെ 955 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നത് എങ്ങനെയെന്ന് കോടതി ചോദിച്ചു. ശരിയായ സർവേ നടത്താതെ ഏറ്റെടുക്കേണ്ട ഭൂമിയുടെ വിശദാംശങ്ങൾ എങ്ങനെ ലഭിച്ചെന്നും കോടതി ചോദിക്കുന്നു. ഭൂമി ഏറ്റെടുക്കൽ റദ്ദാക്കണമെന്ന ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമർശം. സർക്കാർ വിജ്ഞാപനം നിയമവിരുദ്ധമാണെന്ന് ഹർജിയിൽ ആരോപിക്കുന്നു.

കേന്ദ്ര അനുമതിയില്ലാതെ റെയിൽവെ പദ്ധതികൾക്കായി സംസ്ഥാന സർക്കാരിന് ഭൂമി ഏറ്റെടുക്കാനാവില്ലെന്നും ഹർജിയിൽ പറയുന്നു. കെ റെയിൽ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാനുള്ള അധികാരം കേന്ദ്രസർക്കാരിനാണെന്നും സ്ഥലം ഏറ്റെടുക്കൽ നടപടികൾക്കുള്ള വിജ്ഞാപനം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ പറയുന്നു. ഏറ്റുമാനൂർ സ്വദേശികളായ നാലു പേരാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. ബുധനാഴ്ച ഹർജി കോടതി പരിഗണിക്കും.

കേന്ദ്ര അനുമതിയില്ലാതെയാണ് കേരളത്തിൽ 11 ജില്ലകളിൽ ഓഫിസ് തുറക്കുന്നതിനും ഭൂമി സർവേ നടപടികൾക്കുമായി വിജ്ഞാപനം പുറപ്പെടുവിച്ചതെന്നും അതുകൊണ്ടു തന്നെ ഇവ നിയമസാധുത ഇല്ലെന്നും ഹർജിയിൽ പറയുന്നു. ഈ വിജ്ഞാപനങ്ങൾ അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.

കൊച്ചി: സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്റെ വില നിയന്ത്രണം തടഞ്ഞ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേ ഇല്ല. ഉത്തരവിനെതിരെ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു കൊണ്ടുള്ള സർക്കാരിന്റെ അപ്പീൽ ഹൈക്കോടതി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. ഹർജിയിൽ ഹൈക്കോടതി എതിർകക്ഷികൾക്കും നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് അപ്പീൽ പരിഗണിക്കുക. ഡിസംബർ 15 നാണ് കുപ്പിവെള്ളത്തിന്റെ വില 13 രൂപയാക്കിയ സർക്കാർ ഉത്തരവ് സിംഗിൾ ബെഞ്ച് സ്റ്റേ ചെയ്തത്.

സംസ്ഥാനത്ത് കുപ്പി വെള്ളത്തിനു പരമാവധി വില ലിറ്ററിനു 13 രൂപയായി നിശ്ചയിച്ച് 2020 മാർച്ചിലാണ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. കൂടുതൽ വില ഈടാക്കുന്ന കമ്പനികൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്നായിരുന്നു ഉത്തരവിൽ നിർദ്ദേശിച്ചിരുന്നത്. കുപ്പിവെള്ള കമ്പനികൾ പരമാവധി വില 13 രൂപ എന്ന് പാക്കേജിൽ മുദ്രണം ചെയ്യേണ്ടതാണെന്നും സർക്കാർ അറിയിച്ചിരുന്നു. അവശ്യവസ്തു നിയന്ത്രണ നിയമ പ്രകാരം 2019 ജൂലൈ 19ന് കുപ്പിവെള്ളം അവശ്യവസ്തുവാക്കിക്കൊണ്ടുള്ള വിജ്ഞാപനം സർക്കാർ പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ ചുവട് പിടിച്ചായിരുന്നു കുപ്പിവെള്ളത്തിന് വില നിയന്ത്രണം ഏർപ്പെടുത്തിയത്.

ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണനാണ് സർക്കാർ ഉത്തരവ് റദ്ദാക്കി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. കേരള പാക്കേജ്ഡ് ഡ്രിങ്കിങ് വാട്ടർ മാനുഫാക്ചറേഴ്‌സ് അസോസിയേഷൻ ഉൾപ്പെടെ നൽകിയ ഹർജി പരിഗണിച്ചായിരുന്നു നടപടി. ഭക്ഷ്യസാമഗ്രികൾ കേന്ദ്ര അവശ്യസാധന നിയമത്തിന്റെ പരിധിയിലാണ് വരുന്നതെന്നും വില തീരുമാനിക്കാൻ സംസ്ഥാനത്തിന് അധികാരമില്ലെന്നുമായിരുന്നു ഹർജിയിൽ പറഞ്ഞിരുന്നത്. ഇത് അംഗീകരിച്ചു കൊണ്ടായിരുന്നു കോടതി വിധി.

ന്യൂഡൽഹി: പഞ്ചാബിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യാത്രക്കിടെയുണ്ടായ സുരക്ഷാ വീഴ്ച്ചയിൽ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം. സുരക്ഷാ ക്രമീകരണത്തിലെ വീഴ്ച അന്വേഷിക്കാൻ മൂന്നംഗ കേന്ദ്രസംഘത്തെയാണ് നിയോഗിച്ചത്.

കാബിനറ്റ് സെക്രട്ടേറിയറ്റിലെ സുരക്ഷാവിഭാഗം സെക്രട്ടറി സുധീർ കുമാർ സക്‌സേനയാണ് സമിതിയുടെ അദ്ധ്യക്ഷൻ. ഐ.ബി ജോയിന്റ് ഡയറക്ടറും എസ്.പി.ജി ഐ.ജിയുമാണ് അന്വേഷണ സംഘത്തിലെ മറ്റ് അംഗങ്ങൾ. ഫിറോസ്പൂരിലെ സുരക്ഷാ മുന്നൊരുക്കങ്ങളിൽ വന്ന വീഴ്ച്ചകളെ കുറിച്ച് കേന്ദ്രസംഘം വിലയിരുത്തും.

അതേസമയം പ്രധാനമന്ത്രിയുടെ സുരക്ഷ വർദ്ധിപ്പിക്കണമെന്ന് കേന്ദ്ര ഏജൻസികൾ മുന്നറിയിപ്പ് നൽകിയതിന്റെ തെളിവുകൾ പുറത്തു വന്നിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് സുരക്ഷ ശക്തമാക്കാൻ നിർദേശിച്ച് ജനുവരി 1,2,4 തീയതികളിൽ പഞ്ചാബ് പൊലീസിന് മുന്നറിയിപ്പ് ലഭിച്ചതിന്റെ തെളിവാണ് പുറത്തു വന്നത്. ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യയാണ് തെളിവുകൾ പുറത്തുവിട്ടത്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കടന്നുവരുന്ന കാര്യം തങ്ങൾക്ക് അറിയില്ലായിരുന്നുവെന്നാണ് കർഷകർ നൽകുന്ന വിശദീകരണം. സുരക്ഷാ സേനയിലുൾപ്പെട്ട ആരെങ്കിലും തങ്ങളോട് പറഞ്ഞിരുന്നെങ്കിൽ വഴിമാറിക്കൊടുക്കുമായിരുന്നുവെന്നും പ്രധാനമന്ത്രിയെ വഴിയിൽ തടയുകയെന്നത് തങ്ങളുടെ ലക്ഷ്യമായിരുന്നില്ലെന്നും കർഷകർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി റോഡ് ഉപരോധത്തെ തുടർന്ന് 20 മിനിറ്റോളം പഞ്ചാബിലെ ഒരു മേൽപാലത്തിൽ കുടുങ്ങിയത്. തുടർന്ന് അദ്ദേഹം പഞ്ചാബിൽ പങ്കെടുക്കാനിരുന്ന റാലി റദ്ദാക്കി ഡൽഹിയിലേക്കു മടങ്ങുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് പഞ്ചാബ് സർക്കാരിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. വൻ സുരക്ഷാ വീഴ്ചയാണ് ഉണ്ടായതെന്നാരോപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയവും പഞ്ചാബ് സർക്കാരിനെതിരെ രംഗത്തെത്തിയിരുന്നു.

തിരുവനന്തപുരം: സംസ്ഥാനത്തെ 18 വയസിന് മുകളിലുള്ള 98.6 ശതമാനം പേർക്ക് (2,63,14,853) ആദ്യ ഡോസ് കോവിഡ് വാക്സിൻ നൽകി. ആരോഗ്യ മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. സമ്പൂർണ വാക്സിനേഷൻ 81 ശതമാനവുമായി (2,14,87,515). ഒന്നും രണ്ടും ഡോസ് ഉൾപ്പെടെ ആകെ 4,80,17,883 ഡോസ് വാക്സിനാണ് നൽകിയതെന്ന് മന്ത്രി വ്യക്തമാക്കി.

പത്തനംതിട്ട, ഇടുക്കി, എറണാകുളം, മലപ്പുറം, കണ്ണൂർ, വയനാട് എന്നീ ജില്ലകൾ 100 ശതമാനം ആദ്യ ഡോസ് വാക്സിനേഷൻ നടത്തിയിട്ടുണ്ട്. ഒമിക്രോൺ സാഹചര്യത്തിൽ സംസ്ഥാനത്തെ വാക്സിനേഷൻ വളരെ വേഗം മുന്നോട്ട് പോകുന്നത് ആശ്വാസകരമാണ്. 100 ശതമാനം പേരേയും വാക്സിനെടുപ്പിച്ച് സുരക്ഷിതമാക്കാനാണ് സംസ്ഥാനം ശ്രമിക്കുന്നതെന്ന് വീണാ ജോർജ് പറഞ്ഞു.

സംസ്ഥാനത്ത് 15നും 18നും ഇടയ്ക്ക് പ്രായമുള്ള 70,852 കുട്ടികൾക്ക് വ്യാഴാഴ്ച്ച കോവിഡ് വാക്സിൻ നൽകിയിട്ടുണ്ട്. 10,141 ഡോസ് വാക്സിൻ നൽകിയ പാലക്കാട് ജില്ലയാണ് ഏറ്റവും കൂടുതൽ കുട്ടികൾക്ക് വാക്സിൻ നൽകിയത്. 6739 പേർക്ക് വാക്സിൻ നൽകി കൊല്ലം ജില്ല രണ്ടാം സ്ഥാനത്തും 6374 പേർക്ക് വാക്സിൻ നൽകി തൃശൂർ ജില്ല മൂന്നാം സ്ഥാനത്തുമാണ്. ഇതോടെ സംസ്ഥാനത്ത് ആകെ 2,15,515 കുട്ടികൾക്കാണ് വാക്സിൻ നൽകിയത്. ആകെ 14 ശതമാനം കുട്ടികൾക്ക് വാക്സിൻ നൽകാനായെന്നും മന്ത്രി അറിയിച്ചു.

തിരുവനന്തപുരം 5384, കൊല്ലം 6739, പത്തനംതിട്ട 3410, ആലപ്പുഴ 3251, കോട്ടയം 5443, ഇടുക്കി 5386, എറണാകുളം 5132, തൃശൂർ 6374, പാലക്കാട് 10141, മലപ്പുറം 4099, കോഴിക്കോട് 5393, വയനാട് 3458, കണ്ണൂർ 3254, കാസർഗോഡ് 3388 എന്നിങ്ങനെയാണ് കുട്ടികൾക്ക് വാക്സിൻ നൽകിയത്. കുട്ടികൾക്കായി 677 വാക്സിനേഷൻ കേന്ദ്രങ്ങളും 18 വയസിന് മുകളിലായി 917 വാക്സിനേഷൻ കേന്ദ്രങ്ങളും ഉൾപ്പെടെ ആകെ 1594 വാക്സിനേഷൻ കേന്ദ്രങ്ങളാണുണ്ടായിരുന്നതെന്ന് മന്ത്രി വിശദമാക്കി

ജനുവരി 10 വരെ നടക്കുന്ന വാക്സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി, ശനി, ഞായർ എന്നീ ദിവസങ്ങളിൽ ജില്ല, ജനറൽ, താലൂക്ക് ആശുപത്രികൾ, സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും ചൊവ്വ, വെള്ളി, ശനി, ഞായർ എന്നീ ദിവസങ്ങളിൽ പ്രാഥമിക, കുടുംബാരോഗ്യ കേന്ദ്രങ്ങളിലും കുട്ടികൾക്കുള്ള പ്രത്യേക വാക്സിനേഷൻ കേന്ദ്രങ്ങൾ ഉണ്ടായിരിക്കുമെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.

sivan

തിരുവനന്തപുരം: കേരളത്തിൽ സ്‌കൂളുകൾ അടച്ചിടേണ്ട സാഹചര്യം നിലവിൽ ഇല്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. സംസ്ഥാനത്തെ ഒമിക്രോൺ കേസുകളുടെ സാഹചര്യം നോക്കി വിദഗ്ധ സമിതി പുതിയ ശുപാർശ എന്തെങ്കിലും നൽകിയാൽ അത് പരിഗണിക്കുമെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി. സംസ്ഥാനത്ത് സ്‌കൂളുകൾ പ്രവർത്തിക്കുന്നത് കർശനമായ കോവിഡ് പ്രോട്ടോകോളുകൾ പാലിച്ചാണെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് ഇന്ന് 50 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. എറണാകുളം 18, തിരുവനന്തപുരം 8, പത്തനംതിട്ട 7, കോട്ടയം, മലപ്പുറം 5 വീതം, കൊല്ലം 3, ആലപ്പുഴ, തൃശൂർ, പാലക്കാട് ഒന്ന് വീതം എന്നിങ്ങനെയാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതുകൂടാതെ കോയമ്പത്തൂർ സ്വദേശിക്കും ഒമിക്രോൺ സ്ഥീരികരിച്ചു.

ഇന്ന് ഒമിക്രോൺ സ്ഥിരീകരിച്ചവരിൽ 45 പേർ ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും 5 പേർ ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്നതാണ്. ആർക്കും തന്നെ സമ്പർക്കത്തിലൂടെ ഒമിക്രോൺ ബാധിച്ചിട്ടില്ല. എറണാകുളം യുഎഇ 13, ഖത്തർ 4, സ്വീഡൻ 1, തിരുവനന്തപുരം യുഎഇ 4, സൗദി അറേബ്യ, മാലിദ്വീപ്, യുകെ, ഇറ്റലി 1 വീതം, പത്തനംതിട്ട യുഎഇ 4, യുഎസ്എ 2, ഖത്തർ 1, കോട്ടയം യുഎസ്എ 2, യുകെ, യുഎഇ, ഉക്രൈൻ 1 വീതം, മലപ്പുറം യുഎഇ 5, കൊല്ലം യുഎഇ 3, ആലപ്പുഴ സിങ്കപ്പർ 1, തൃശൂർ യുഎഇ 1, പാലക്കാട് യുഎഇ 1 എന്നിങ്ങനെ രാജ്യങ്ങളിൽ നിന്നും വന്നതാണ്. കോയമ്പത്തൂർ സ്വദേശി ഈജിപ്റ്റിൽ നിന്നും വന്നതാണ്.

ഇതോടെ സംസ്ഥാനത്ത് ആകെ 280 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും 186 പേരും ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും ആകെ 64 പേരും എത്തിയിട്ടുണ്ട്. 30 പേർക്കാണ് ആകെ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

തിരുവനന്തപുരം: സസ്‌പെൻഷൻ കഴിഞ്ഞ് സർവ്വീസിലേക്ക് തിരികെ പ്രവേശിച്ച എം. ശിവശങ്കറിന് പദവി നിശ്ചയിച്ച് സർക്കാർ. സ്പോർട്സ് യുവജനകാര്യ പ്രിൻസിപ്പൽ സെക്രട്ടറിയായാണ് സർക്കാർ ശിവശങ്കറിനെ നിയമിച്ചു. ബുധനാഴ്ച്ച രാവിലെ സെക്രട്ടറിയേറ്റിലെത്തിയാണ് ശിവശങ്കർ സർവ്വീസിൽ തിരികെ പ്രവേശിച്ചത്. എന്നാൽ ഇദ്ദേഹത്തിന് ഏത് പദവിയാണ് നൽകേണ്ടതെന്ന കാര്യത്തിൽ തീരുമാനം ഉണ്ടായിരുന്നില്ല. പിന്നീടാണ് ഇക്കാര്യത്തിൽ തീരുമാനം സ്വീകരിച്ചത്.

കഴിഞ്ഞ ദിവസമാണ് ശിവശങ്കറിന്റെ സസ്പെൻഷൻ പിൻവലിച്ചു സർക്കാർ ഉത്തരവിറക്കിയത്. എം ശിവശങ്കറിനെ സർവീസിൽ തിരിച്ചെടുക്കാൻ ഉന്നതതല സമിതി നേരത്തേ സർക്കാരിന് ശുപാർശ നൽകിയിരുന്നു. ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയാണ് ശുപാർശ നൽകിയത്.

സ്വർണ്ണക്കടത്ത് കേസിലെ പ്രതിയുമായുള്ള ബന്ധത്തെ തുടർന്ന് 2019 ജൂലായ് 14 നാണ് എം.ശിവശങ്കറിനെ സർവ്വീസിൽ നിന്നും സസ്‌പെന്റ്ഡ് ചെയ്തത്. ഐഎഎസ് ഉദ്യോഗസ്ഥരുടെ സസ്‌പെൻഷൻ ആറ് മാസം കൂടുമ്പോൾ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി പുനഃപരിശോധിക്കുന്ന രീതിയുണ്ട്. എന്നാൽ ശിവശങ്കറിന്റെ സസ്പെൻഷൻ രണ്ടുതവണ നീട്ടിക്കൊണ്ടു പോകുകയായിരുന്നു. ഒന്നര വർഷമായി ശിവശങ്കർ സസ്‌പെൻഷനിലായിരുന്നു. കേസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അവ്യക്തത തുടരുന്ന സാഹചര്യം പരിഗണിച്ചുകൊണ്ടാണ് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ശിവശങ്കറിനെ തിരിച്ചെടുക്കണമെന്ന ശുപാർശ നൽകിയത്.