ന്യൂഡൽഹി: ചൈനീസ് ഫോൺ കമ്പനിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ്. പ്രമുഖ സ്മാർട്ട്‌ഫോൺ നിർമതാക്കളായ ഷവോമി നടത്തിയ നികുതി വെട്ടിപ്പാണ് ഡിആർഐ കണ്ടെത്തിയത്. 653 കോടി രൂപയുടെ നികുതി വെട്ടിപ്പാണ് ഷവോമി നടത്തിയത്.
2017 ഏപ്രിൽ ഒന്നിനും 2020 ജൂൺ 30 നും ഇടയിലാണ് ഷവോമി നികുതി വെട്ടിപ്പ് നടത്തിയത്. ഷവോമിയ്ക്ക് ഡിആർഐ കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. കമ്പനി ഉത്പന്നങ്ങളുടെ വിലകുറച്ചു കാണിച്ച് ഷവോമി നികുതി വെട്ടിപ്പ് നടത്തുന്നതായി റവന്യൂ ഇന്റലിജൻസ് വിഭാഗത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്നാണ് കമ്പനിക്കെതിരെ ഡിആർഐ അന്വേഷണം നടത്തിയത്.
ഷവോമിയുടെ ഇന്ത്യയിലെ ഓഫീസുകളിലും പ്ലാന്റുകളിലും ഡിആർഐ പരിശോധന നടത്തിയിരുന്നു. നിരവധി രേഖകളാണ് ഇവിടെ നിന്നും അധികൃതർ പിടിച്ചെടുത്തത്. ഷവോമിയാണ് ഇന്ത്യയിലേക്ക് എംഐ ബ്രാൻഡ് മൊബൈൽ ഫോണുകളും ഇറക്കുമതി ചെയ്തിരുന്നത്. ഇവ നേരിട്ട് ഇറക്കുമതി ചെയ്യുകയോ ഘടകങ്ങൾ ഇറക്കുമതി ചെയ്ത ശേഷം ഇന്ത്യയിൽ വെച്ച് കൂട്ടിയോജിപ്പിച്ച് സ്മാർട്ട്‌ഫോൺ ആക്കി മാറ്റുകയോ ആണ് ചെയ്തിരുന്നത്. 1962-ലെ കസ്റ്റംസ് നിയമത്തിലെ സെക്ഷൻ 14, 2007ലെ കസ്റ്റംസ് വാലുവേഷൻ ചട്ടം എന്നിവ ഷവോമി ലംഘിച്ചുവെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

