സംസ്ഥാനത്ത് പനിയും ചുമയും പടരുന്നു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വിദഗ്ധർ

തിരുവനന്തപുരം: സംസ്ഥാനത്ത് പനിയും ചുമയും പടരുന്നു. പനിയും ചുമയും വ്യാപിക്കുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വിദഗ്ദ്ധർ അറിയിച്ചു. കോവിഡ് സമാനലക്ഷണങ്ങളുമായി ആശുപത്രിയിലെത്തുന്നവർക്ക് പരിശോധനയിൽ നെഗറ്റീവ് ആകുന്ന മുറയ്ക്ക് തുടർ ചികിത്സ നൽകിവരികയാണെന്നും വിദഗ്ധർ പറഞ്ഞു.

രാത്രിയിലെ തണുപ്പും രാവിലെയും ഉച്ചയ്ക്കുമുള്ള കഠിന ചൂടും തമ്മിൽ അനുപാതമില്ലാത്തതാണ് ചുമയും പനിയും പടരാൻ കാരണം. സംസ്ഥാനത്ത് 37,453 പേർക്കാണ് ഒരാഴ്ചയ്ക്കിടെ പനിബാധിച്ചത്. ഇതിൽ 225 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈറൽ പനി, ചുമ, ജലദോഷം, ശ്വാസതടസ്സം തുടങ്ങിയ രോഗലക്ഷണങ്ങളാണ് ഭൂരിഭാഗം പേരും പ്രകടിപ്പിക്കുന്നത്.

അതേസമയം പ്രായമേറിയവർ പനി ബാധിച്ചാൽ ഉടൻ ചികിത്സ തേടണമെന്നും നിർദ്ദേശമുണ്ട്. ചികിത്സ തേടിയില്ലെങ്കിൽ അണുബാധയുണ്ടാകാൻ സാധ്യതയുണ്ടെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകി. വായുവിൽ വേഗം പകരുന്ന വൈറസുകളാണ് രോഗബാധയുണ്ടാക്കുന്നതെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി. ജനങ്ങൾ മാസ്‌ക് ഉപയോഗിക്കുന്നതിൽ ജാഗ്രതക്കുറവ് കാണുന്നുണ്ട്. മീറ്റിങ്ങുകളിലും ഉത്സവങ്ങളിലും മാസ്‌ക് ഒഴിവാക്കുന്നത് അപകടകരമാണെന്നും ആരോഗ്യ വിദഗ്ധർ കൂട്ടിച്ചേർത്തു.