എൻ കെ പ്രേമചന്ദ്രൻ എംപിക്കെതിരെ കേസെടുത്ത് പോലീസ്

കൊല്ലം: എൻ കെ പ്രേമചന്ദ്രൻ എംപിക്കെതിരെ കേസെടുത്ത് പോലീസ്. മുൻ മന്ത്രിയും ആർഎസ്പി നേതാവുമായിരുന്ന ആർ എസ് ഉണ്ണിയുടെ സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് നടപടി. പ്രേമചന്ദ്രൻ ഉൾപ്പെടെ നാലു പേർക്കെതിരെയാണ് പോലീസ് കേസെടുത്തത്. ആർ എസ് ഉണ്ണിയുടെ ചെറുമകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസിന്റെ നീക്കം. ശക്തികുളങ്ങര പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

പ്രേമചന്ദ്രൻ പ്രസിഡന്റായ സംഘടനയുടെ പേരിൽ സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. കേസിൽ രണ്ടാംപ്രതിയാണ് പ്രേമചന്ദ്രൻ എംപി. കേസിലെ ഒന്നാം പ്രതി ആർ എസ് പി നേതാവ് കെ പി ഉണ്ണി കൃഷ്ണനാണ്. ആർ എസ് ഉണ്ണിയുടെ കൊല്ലം ശക്തികുളങ്ങരയിലെ കുടുംബവീട് കൈയടക്കാൻ പ്രാദേശിക ആർഎസ്പി നേതാവിന്റെ നേതൃത്വത്തിൽ ശ്രമം നടത്തിയെന്നാണ് കുടുംബാംഗങ്ങൾ ആരോപിക്കുന്നത്.

വീടിന്റെ നിയമപരമായ അവകാശം അമൃതയെന്നും അഞ്ജനയെന്നും പേരുളള ആർ എസ് ഉണ്ണിയുടെ ചെറുമക്കൾക്കാണ്. പക്ഷേ ശക്തികുളങ്ങരയിലെ പ്രാദേശിക ആർഎസ്പി നേതാക്കൾ ആ അവകാശം അംഗീകരിക്കാൻ തയാറാകുന്നില്ലെന്നും കുടുംബാംഗങ്ങൾ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. ആർ എസ് ഉണ്ണി ഫൗണ്ടേഷന്റെ പേരിൽ വീടിന്റെ അവകാശം സ്വന്തമാക്കാൻ പ്രാദേശിക ആർ എസ് പി നേതാവ് കെ പി ഉണ്ണികൃഷ്ണനും സംഘവും ശ്രമിക്കുകയാണെന്നും കുടുംബം ആരോപിക്കുന്നു.

ആർഎസ് ഉണ്ണി ഫൗണ്ടേഷന്റെ പേരിൽ തട്ടിപ്പ് നടത്തിയ കാര്യം അറിഞ്ഞിട്ടും മുതിർന്ന ആർഎസ്പി നേതാക്കൾ പ്രശ്‌നപരിഹാരത്തിന് സഹായിച്ചിട്ടില്ലെന്ന ആരോപണവും ശക്തമാണ്. അതേസമയം ആർഎസ് ഉണ്ണിയുടെ മരണ ശേഷം വർഷങ്ങളോളം ആരും നോക്കാനില്ലാതെ കിടന്നിരുന്ന വീട് സംരക്ഷിച്ചത് താനാണെന്നാണ് കെ പി ഉണ്ണികൃഷ്ണന്റെ വിശദീകരണം. സഹോദരിമാർ തന്നോട് പറയാതെ വീടീനുളളിൽ അതിക്രമിച്ചു കടക്കുകയായിരുന്നുവെന്ന് കെ പി ഉണ്ണികൃഷ്ണൻ വ്യക്തമാക്കി. സഹോദരിമാർക്ക് അനുകൂലമായ പരിഹാരമുണ്ടാക്കാനുളള ഇടപെടൽ നടത്തുക മാത്രമേ നടത്തിയിട്ടുളളൂവെന്നാണ് എൻ കെ പ്രേമചന്ദ്രൻ എംപി വിശദമാക്കുന്നത്.