General (Page 1,264)

ന്യൂഡൽഹി: പഞ്ചാബിൽ പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് 150 പേർക്കെതിരെ കേസെടുത്ത് പോലീസ്. ദുർബലമായ വകുപ്പുകൾ ചുമത്തിയാണ് പഞ്ചാബ് പോലീസ് ഇവർക്കെതിരെ കേസെടുത്തത് എന്നാണ് ആരോപണം.

ഇന്ത്യൻ ശിക്ഷാനിയമത്തിലെ 238-ാം വകുപ്പ് പ്രകാരം എടുത്തിരിക്കുന്ന കേസിൽ ഒരാൾക്ക് ലഭിക്കാവുന്ന പരമാവധി ശിക്ഷ 200 രൂപ പിഴയാണ്. പ്രധാനമന്ത്രിയുടെ സുരക്ഷ വീഴ്ചയ്ക്ക് കാരണക്കാരായവർക്ക് ഇത്രയും ചെറിയ ശിക്ഷ ലഭിക്കാവുന്ന വകുപ്പ് ചുമത്തി കേസെടുത്തത് എന്തുകൊണ്ടാണ് എന്ന ചോദ്യമാണ് ഉയരുന്നത്. പഞ്ചാബ് പോലീസിന്റെ നടപടിക്കെതിരെ നിരവധി പേർ വിമർശനവുമായി രംഗത്തെത്തി. പൊതുവഴിയിൽ ഒരു വ്യക്തിയെ അധിക്ഷേപിക്കുകയോ തടയുകയോ പരിക്കേൽക്കുകയോ ചെയ്യുന്നവർക്കെതിരെ ആണ് സെക്ഷൻ 238 ചുമത്തുന്നത്.

കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി റോഡ് ഉപരോധത്തെ തുടർന്ന് 20 മിനിറ്റോളം പഞ്ചാബിലെ ഒരു മേൽപാലത്തിൽ കുടുങ്ങിയത്. തുടർന്ന് അദ്ദേഹം പഞ്ചാബിൽ പങ്കെടുക്കാനിരുന്ന റാലി റദ്ദാക്കി ഡൽഹിയിലേക്കു മടങ്ങുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് പഞ്ചാബ് സർക്കാരിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. വൻ സുരക്ഷാ വീഴ്ചയാണ് ഉണ്ടായതെന്നാരോപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയവും പഞ്ചാബ് സർക്കാരിനെതിരെ രംഗത്തെത്തിയിരുന്നു.

ന്യൂഡൽഹി: പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത പദ്ധതിയുടെ ഉദ്ഘാടനം പശ്ചിമ ബംഗാൾ സർക്കാർ നേരത്തെ നിർവ്വഹിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി മമതാ ബാനർജി. കൊൽക്കത്തയിലെ കാൻസർ ഇൻസ്റ്റിറ്റിയട്ടിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു മമതയുടെ പരാമർശം.

ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ രണ്ടാമത്തെ ക്യാംപസ് സംസ്ഥാന സർക്കാരിന്റെ കൂടി പദ്ധതിയാണെന്നും പദ്ധതിയ്ക്ക് ആവശ്യമായ 25 ശതമാനം തുകയും ഭൂമിയും നൽകിയത് പശ്ചിമ ബംഗാൾ സർക്കാരാണെന്നും മമത പറഞ്ഞു. പ്രധാനമന്ത്രി ഇന്ന് ഈ പദ്ധതി വിർച്വലായി ഉദ്ഘാടനം ചെയ്യുകയാണ്. എന്നാൽ ഈ പദ്ധതിയിൽ സംസ്ഥാന സർക്കാരിനു കൂടി പങ്കുള്ളതാണ് എന്നതിനാൽ ഞങ്ങൾ ഇത് നേരത്തെ തന്നെ ഉദ്ഘാടനം ചെയ്തിരുന്നു എന്ന കാര്യം ഞാൻ പ്രധാനമന്ത്രിയോടു പറയാൻ ആഗ്രഹിക്കുകയാണെന്നായിരുന്നു മമതയുടെ വാക്കുകൾ.

എന്നാൽ പദ്ധതി ഉദ്ഘാടനം ചെയ്തതിൽ മമത പ്രധാനമന്ത്രിയ്ക്ക് നന്ദി അറിയിക്കുകയും ചെയ്തു. സംസ്ഥാനത്തെ മെഡിക്കൽ സീറ്റുകളുടെ എണ്ണം വർധിപ്പിക്കണമെന്ന ആവശ്യവും മമത മുന്നോട്ടുവെച്ചു. ഗവർണർക്കെതിരെ മമത രൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്തു. ഗവർണർ സംസ്ഥാനത്തിന്റെ ഭരണത്തിൽ അനാവശ്യമായി ഇടപെടുകയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആരോപണം.

കൊൽക്കത്തയിലെ ചിത്തരഞ്ചൻ നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ രണ്ടാമത്തെ ക്യാംപസ് ജനങ്ങൾക്കു വേണ്ടി സമർപ്പിക്കുന്നു. മുംബൈയിലെ ടാറ്റ ക്യാൻസർ ഹോസ്പിറ്റലുമായി സംസ്ഥാന സർക്കാർ ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്. ക്യാൻസർ ബാധിച്ച കുട്ടികൾക്കായി 300 കിടക്കകളുള്ള ആശുപത്രി സംസ്ഥാനത്ത് ആരംഭിച്ചു. ാജ്യത്തിന്റെ മുഖച്ഛായ മോശമാകില്ല എന്നുറപ്പാക്കാനുള്ള പദ്ധതികൾ സംസ്ഥാനത്ത് നടപ്പാക്കിയിട്ടുണ്ടെന്നും മമത ബാനർജി കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: ബൂസ്റ്റർ ഡോസ് വാക്‌സിൻ വിതരണം ആരംഭിക്കാനൊരുങ്ങി രാജ്യം. തിങ്കളാഴ്ച്ച മുതലാണ് രാജ്യത്ത് ബൂസ്റ്റർ ഡോസ് വിതരണം ആരംഭിക്കുന്നത്. ഇതിനായി പ്രത്യേക രജിസ്ട്രേഷൻ ആവശ്യമില്ലെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നൽകിയിരിക്കുന്ന അറിയിപ്പ്. ശനിയാഴ്ച ഇതുസംബന്ധിച്ച വിശദമായ മാർഗ്ഗരേഖ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കും.

കോവിഡ് മുന്നണിപ്പോരാളികൾക്കും ആരോഗ്യ പ്രവർത്തകർക്കും 60 വയസിനു മുകളിൽ പ്രായമുള്ളവർക്കുമായിരിക്കും ആദ്യ ഘട്ടത്തിൽ ബൂസ്റ്റർ ഡോസ് ലഭിക്കുക.

60 വയസിനു മുകളിൽ പ്രായമുള്ളവർക്ക് ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ ഡോക്ടറുടെ നിർദ്ദേശം ആവശ്യമാണ്. കോവിൻ പോർട്ടൽ വഴി കോവിഡ് വാക്‌സിന്റെ രണ്ടു ഡോസും സ്വീകരിച്ച വർക്കാണ് ബൂസ്റ്റർ ഡോസ് നൽകുന്നത് എന്നതിനാൽ വീണ്ടും രജിസ്ട്രേഷന്റെ ആവശ്യമില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. അതിനാൽ തന്നെ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ നേരിട്ടെത്തി ബൂസ്റ്റർ ഡോസ് സ്വീകരിക്കാം.

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് വൈറസ് വ്യാപനത്തിന്റെ മൂന്നാം തരംഗത്തിന് സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. നാലു മുതൽ എട്ടുലക്ഷം വരെ പ്രതിദിന കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തേക്കാമെന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.

കോവിഡ് വ്യാപനം ജനുവരി മാസം അവസാനത്തോടെ രൂക്ഷമാകുമെന്ന് ഐ.ഐ.ടി കാൺപൂരിലെ പ്രഫസറായ മനീന്ദ്ര അഗർവാൾ അറിയിച്ചു. കർശന ലോക്ക് ഡൗൺ നടപടികൾ കാരണം മൂന്നാം തരംഗം സംഭവിക്കുന്നത് വൈകിയേക്കാമെന്നും അദ്ദേഹം പറയുന്നു. ഡൽഹിയിലും മുംബൈയിലും ഒമിക്രോണിനെ തുടർന്നുള്ള കോവിഡിന്റെ തീവ്രവ്യാപനം ജനുവരി പകുതിയോടെയെത്തുമെന്നും പത്തുദിവസത്തിനകം ഓമിക്രോൺ വ്യാപനം രൂക്ഷമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

മാർച്ച് മാസത്തിന് മുൻപ് തന്നെ രാജ്യത്ത് മൂന്നാം തരംഗത്തിന് സാധ്യത കാണുന്നുണ്ട്. രണ്ടാം തരംഗത്തിൽ വടക്കുകിഴക്കൻ പ്രദേശങ്ങളിൽ രോഗ വ്യാപനം വൈകിയെത്തിയതു പോലെ മൂന്നാം തരംഗത്തെ കണക്കാക്കാൻ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡൽഹിയിലും മുംബൈയിലും പ്രതിദിനം 30,000 മുതൽ 50,000 വരെ കേസുകൾ റിപ്പോർട്ട് ചെയ്തേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

അതേസമയം ജനുവരി അവസാനത്തോടെയും ഫെബ്രുവരി ആദ്യത്തോടെയും പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം ഏറ്റവും ഉയർന്ന നിരക്കിലെത്തുമെന്ന് നേരത്തെ ഐ.എച്ച്.എം.ഇ ഡയറക്ടർ ഡോ. ക്രിസ്റ്റഫർ മൂറേയും അറിയിച്ചിരുന്നു.

കോഴിക്കോട്: താമരശ്ശേരിയിൽ കലുങ്ക് നിർമാണത്തിനെടുത്ത കുഴിയിൽ യാത്രക്കാരൻ വീണ സംഭവത്തിൽ ഉദ്യോഗസ്ഥനെതിരെ നടപടി. കെഎസ്ടിപി കണ്ണൂർ അസിസ്റ്റന്റ് എഞ്ചിനീയർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. വീഴ്ച്ച വരുത്തിയതിന് കെഎസ്ടിപി കണ്ണൂർ അസിസ്റ്റന്റ് എഞ്ചിനീയറെ മൂവാറ്റുപുഴ ഡിവിഷനിലേക്ക് സ്ഥലംമാറ്റി. സംഭവത്തിൽ വീഴ്ച വരുത്തിയതിന് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാൻ മന്ത്രി മുഹമ്മദ് റിയാസ് നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

സംഭവവുമായി ബന്ധപ്പെട്ട് സുരക്ഷാ വീഴ്ചയിൽ വിശദീകരണം ആവശ്യപ്പെട്ട് കരാർ കമ്പനിയായ ശ്രീധന്യ കൺസ്ട്രക്ഷന് നോട്ടീസും നൽകിയിട്ടുണ്ട്. വിഷയം വിശദമായി പരിശോധിക്കണമെന്നും 15 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് പിഡബ്ല്യുഡി വിജിലൻസിന് നൽകിയിരിക്കുന്ന നിർദ്ദേശം. കെഎസ്ടിപി പ്രോജക്റ്റ് ഡയറക്ടറോട് ഇതുസംബന്ധിച്ച കാര്യങ്ങൾ അന്വേഷിച്ച് ഇന്നുതന്നെ റിപ്പോർട്ട് സമർപ്പിക്കണമെന്നായിരുന്നു മന്ത്രി മുഹമ്മദ് റിയാസ് നിർദ്ദേശിച്ചത്.

അതേസമയം വലിയ വീഴ്ച്ചയാണ് സംഭവിച്ചതെന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. രാത്രിയിൽ വയ്ക്കേണ്ട റിഫ്ളക്ടർ അടക്കം ഇവിടെ സ്ഥാപിച്ചില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

ദുബായ്: കശ്മീരിൽ നിക്ഷേപം നടത്താനൊരുങ്ങി ലുലു ഗ്രൂപ്പ്. 200 കോടി രൂപയുടെ ആദ്യഘട്ട നിക്ഷേപത്തോടെ ശ്രീനഗറിൽ ലുലുഗ്രൂപ്പ് ഭക്ഷ്യസംസ്‌കരണ കേന്ദ്രവും ലോജിസ്റ്റിക്‌സ് ഹബ്ബും സ്ഥാപിക്കും. ഇതിനായുള്ള ധാരണാ പത്രത്തിൽ ലുലു ഗ്രൂപ്പ് ഒപ്പുവെച്ചു. ജമ്മു കാശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ധാരണാ പത്രത്തിൽ ഒപ്പുവച്ചത്.

ലുലു ഗ്രൂപ്പിനായി എക്‌സിക്യുട്ടീവ് ഡയറക്ടർ എം.എ. അഷ്‌റഫ് അലിയും ജമ്മു കശ്മീർ സർക്കാരിനുവേണ്ടി വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രഞ്ജൻ പ്രകാശ് താക്കൂറും ധാരണ പത്രത്തിൽ ഒപ്പുവെച്ചു. യുഎഇ മന്ത്രി ഡോ.താനി ബിൻ അഹമ്മദ് അൽ സെയ്ദി, ഇന്ത്യയിലെ യുഎഇ അംബാസഡർ ഡോ. അഹമ്മദ് അൽ ബന്ന, ദുബായിലെ ഇന്ത്യൻ കോൺസുൽ ജനറൽ ഡോ.അമൻ പുരി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ദുബായ് സിലിക്കൺ സെൻട്രൽ മാളിലെ ലുലു ഹൈപ്പർമാർക്കറ്റിൽ ആരംഭിച്ച കശ്മീർ പ്രമോഷൻ വീക്കിന്റെ ഉദ്ഘാടനം മനോജ് സിൻഹ നിർവ്വഹിച്ചു. കശ്മീരിൽ നിന്നുള്ള പഴങ്ങൾ, പച്ചക്കറികൾ, കുങ്കുമപ്പൂവ്, ഡ്രൈഫ്രൂട്ട്‌സ്, ധാന്യങ്ങൾ, കരകൗശലവസ്തുക്കൾ തുടങ്ങിയവയാണ് മേളയുടെ ആകർഷണം. ഒരാഴ്ച്ചത്തേക്കാണ് മേള നടക്കുന്നത്. ജമ്മുകശ്മീരിൽ ആദ്യഘട്ടത്തിൽ 200 കോടി രൂപ നിക്ഷേപിക്കുമെന്നും തുടർ വികസനപ്രവർത്തനങ്ങൾക്കായി 200 കോടി രൂപ നീക്കിവച്ചതായും എം.എ. യൂസഫലി അറിയിച്ചു. ശ്രീനഗറിൽ ലുലു ഹൈപ്പർമാർക്കറ്റും സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. കശ്മീരിലെ യുവാക്കൾക്ക് നിരവധി തൊഴിലവസരമാണ് ഇതിലൂടെ ലഭിക്കുക. കർഷകർക്കും കാർഷികമേഖലയ്ക്കും പദ്ധതികൾ ഗുണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

കണ്ണൂർ: മാതാ അമൃതാനന്ദമയിയെ പ്രശംസിച്ച് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. കോവിഡ് വൈറസ് വ്യാപന സമയത്ത് സമൂഹത്തിലെ പാവപ്പെട്ട ജനവിഭാഗങ്ങളിലേക്ക് സഹായങ്ങൾ എത്തിച്ചു നൽകുന്ന മാതാ അമൃതാനന്ദമയി മഠത്തിന്റെ സേവനങ്ങൾ ഏറെ പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു. അമൃതശ്രീ പദ്ധതിയുടെ ഭാഗമായി കണ്ണൂർ മേഖലയിലെ അമൃതശ്രീ അംഗങ്ങൾക്കും പ്രളയബാധിതർക്കുമുള്ള ഭക്ഷ്യ, വസ്ത്ര, ധന സഹായങ്ങളുടെ വിതരണം ഓൺലൈനായി ഉദ്ഘാടനം ചെയ്യ്ത് സംസാരിക്കവെയാണ് അദ്ദേഹം അമൃതാനന്ദമയി മഠത്തിന്റെ സേവനങ്ങളെ പ്രശംസിച്ചത്.

കോവിഡ് മഹാമാരി കാലത്ത് നിരവധി സേവന പ്രവർത്തനങ്ങൾക്ക് മഠം നേതൃത്വം നൽകുന്നുണ്ട്. ഇത്തരം പരിശ്രമങ്ങൾ എല്ലാവർക്കും മാതൃകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കക്കാട് അമൃത വിദ്യാലയത്തിലാണ് കണ്ണൂർ മേഖലയിലെ അമൃതശ്രീ അംഗങ്ങൾക്കും പ്രളയബാധിതർക്കുമുള്ള ഭക്ഷ്യ, വസ്ത്ര, ധന സഹായങ്ങളുടെ വിതരണ ഉദ്ഘാടന ചടങ്ങ് നടന്നത്. കണ്ണൂർ കോർപ്പറേഷൻ മേയർ ടിഒ മോഹനൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. എല്ലാ പ്രദേശങ്ങളിലും അശരണർക്ക് താങ്ങാകാൻ അമൃതശ്രീ പദ്ധതിയിലൂടെ സാധിക്കുന്നുണ്ടെന്നത് ഏറെ സന്തോഷം നൽകുന്ന കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

ബിജെപി ദേശീയ നിർവാഹകസമിതിയംഗം പികെ കൃഷ്ണദാസും ചടങ്ങിൽ പങ്കെടുത്തു. മാനവസമൂഹത്തിന് മുന്നിൽ അമൃതാനന്ദമയി അവതരിപ്പിക്കുന്ന ആശയങ്ങൾ എക്കാലവും പ്രസക്തിയുള്ളതാണെന്ന് പി കെ കൃഷ്ണദാസ് വ്യക്തമാക്കി. നിരവധി സ്ത്രീകൾക്ക് തൊഴിൽ പരിശീലനങ്ങളും തൊഴിൽ സംരംഭങ്ങൾക്കുള്ള സഹായവുമെല്ലാം നൽകാൻ അമൃതശ്രീയിലൂടെ കഴിയുന്നുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് പോലും സാധിക്കാത്ത വിധത്തിൽ ആശയങ്ങൾ നടപ്പാക്കാൻ മാതാ അമൃതാനന്ദമയി ദേവിയ്ക്കും മഠത്തിനും സാധിക്കുന്നുണ്ടെന്നും അദ്ദേഹം വിശദമാക്കി. കണ്ണൂർ മാതാ അമൃതാനന്ദമയീമഠത്തിലെ സ്വാമി അമൃതകൃപാനന്ദ പുരി ചടങ്ങിൽ അനുഗ്രഹപ്രഭാഷണം നടത്തി. അമൃതശ്രീ കോ-ഓർഡിനേറ്റർ ആർ.രംഗനാഥൻ, മുൻമന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, മുൻ ഡെപ്യൂട്ടി കളക്ടർ മോഹനൻ പൊന്നമ്പത്ത് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. 8000 ത്തിലധികം കുടുംബങ്ങൾക്കാണ് കണ്ണൂർ ജില്ലയിൽ അമൃതാനന്ദമയീ മഠം സഹായങ്ങൾ വിതരണം ചെയ്തത്.

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദർശനത്തിലെ സുരക്ഷ വീഴ്ച അന്വേഷിക്കണമെന്ന ഹർജിയിൽ തീരുമാനം പറയുന്നത് തിങ്കളാഴ്ച്ചത്തേക്ക് മാറ്റി സുപ്രീം കോടതി. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അന്വേഷണം നിർത്തിവെയ്ക്കണമെന്നും തെളിവുകൾ സംരക്ഷിക്കണമെന്നുമാണ് സുപ്രീം കോടതി നൽകിയിരിക്കുന്ന നിർദ്ദേശം. സുരക്ഷ വീഴ്ച സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിവരം. സുപ്രീം കോടതി മേൽനോട്ടത്തിൽ അന്വേഷണത്തിന് തയ്യാറാണെന്ന് പഞ്ചാബ് സർക്കാരും അറിയിച്ചു.

പഞ്ചാബ് രജിസ്ട്രാർ ജനറൽ രേഖകൾ സൂക്ഷിക്കണമെന്നും ഡിജിപിയും എൻഐഎയും രേഖകൾ ശേഖരിക്കാൻ സഹായിക്കണമെന്നും കോടതി നിർദ്ദേശിച്ചു. കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി റോഡ് ഉപരോധത്തെ തുടർന്ന് 20 മിനിറ്റോളം പഞ്ചാബിലെ ഒരു മേൽപാലത്തിൽ കുടുങ്ങിയത്. തുടർന്ന് അദ്ദേഹം പഞ്ചാബിൽ പങ്കെടുക്കാനിരുന്ന റാലി റദ്ദാക്കി ഡൽഹിയിലേക്കു മടങ്ങുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് പഞ്ചാബ് സർക്കാരിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. വൻ സുരക്ഷാ വീഴ്ചയാണ് ഉണ്ടായതെന്നാരോപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയവും പഞ്ചാബ് സർക്കാരിനെതിരെ രംഗത്തെത്തിയിരുന്നു.

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനും പ്രതിപക്ഷത്തിനുമെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിയടക്കം സർക്കാർ ഭാഗത്ത് നിന്നും ആരും പ്രതികരിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. നിലവിലെ പ്രതിപക്ഷ നേതാവും മുൻ പ്രതിപക്ഷ നേതാവും തമ്മിൽ മത്സരമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പ്രശ്നം താനും സർക്കാരും തമ്മിലാണ്. ആരോപണങ്ങളുയർന്നിട്ടും മുഖ്യമന്ത്രി കൂടിക്കാഴ്ചയ്ക്ക് തയാറായിട്ടില്ല. പ്രശ്നത്തിലെ വിഷയം പ്രതിപക്ഷത്തിന് അറിയില്ല. പ്രതിപക്ഷത്തിനുള്ളിലെ കലഹമാണ് തനിക്ക് എതിരെ തിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

കണ്ണൂർ വി സി നിയമനത്തെ ചൊല്ലിയാണ് സർക്കാരുമായുള്ള ഭിന്നത. അത്തരം വിഷയങ്ങൾ തനിക്കറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഷ്ട്രപതിക്ക് ഡി- ലിറ്റ് നൽകാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരള സർവ്വകലാശാലയ്ക്ക് ശുപാർശ ചെയ്തിരുന്നു. എന്നാൽ ഈ നീക്കം സർക്കാർ ഇടപെട്ട് തടഞ്ഞത് വൻ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിനിടെയാണ് സർക്കാരിനെതിരെ വിമർശനവുമായി ഗവർണർ രംഗത്തെത്തിയത്.

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പൾസർ സുനിയുടെ അമ്മയുടെ മൊഴി രേഖപ്പെടുത്തി പോലീസ്. കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. പൾസർ സുനി അമ്മ ശോഭനയ്ക്ക് അയച്ച കത്ത് പുറത്തുവന്നതിന് പിന്നാലെയാണ് ശോഭനയുടെ മൊഴി എടുത്തത്. 2018 മെയ് മാസത്തിൽ പൾസർ സുനി ശോഭനയ്ക്ക് എഴുതിയ കത്താണ് പുറത്തുവന്നത്. മകന്റെ ജീവന് ഭീഷണിയുള്ളതിനാലാണ് കത്ത് പുറത്തുവിട്ടതെന്ന് ശോഭന മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

തന്റെ ജീവൻ അപകടത്തിലായിരുന്നെന്നും ഒളിവിൽ കഴിഞ്ഞിരുന്ന സമയത്ത് തനിക്കുനേരെ വധശ്രമം നടന്നതായും പൾസർ സുനി തന്നോട് പറഞ്ഞിരുന്നതായും ശോഭന മാദ്ധ്യമങ്ങളെ അറിയിച്ചു. ദിലീപ് പറഞ്ഞിട്ടാണ് എല്ലാം ചെയ്തതെന്ന് മകൻ പറഞ്ഞതായും ശോഭന വ്യക്തമാക്കി. ഗൂഢാലോചനയിൽ ദിലീപിനെ കൂടാതെ സിനിമാരംഗത്തെ മറ്റുചിലർക്കും പങ്കുണ്ടെന്നാണ് പൾസർ സുനി കത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. 2018 മെയ് മാസം ഏഴാം തീയതി കോടതിയിൽ വെച്ചാണ് പൾസർ സുനി അമ്മയ്ക്ക് കത്ത് നൽകിയത്.

സഹതടവുകാരനായ വിജീഷ് ആത്മഹത്യയ്ക്ക് ശ്രമിക്കുന്ന സാഹചര്യമുണ്ടായിരുന്നു. അത് ആത്മഹത്യയാണോ കൊലപാതകശ്രമമാണോ എന്ന കാര്യത്തിൽ സംശയം തോന്നിയെന്നും തന്റെ മകനെയും അപായപ്പെടുത്തുമെന്ന ഭയം കാരണമാണ് ഇപ്പോൾ കത്ത് പുറത്തുവിടുന്നതെന്നും സുനിയുടെ അമ്മ വിശദമാക്കി.

കൊച്ചി അബാദ് പ്ലാസയിൽ നടന്ന ഗൂഢാലോചനയിൽ മറ്റ് ചില സിനിമാക്കാർക്കും പങ്കുണ്ടെന്നും കത്തിൽ പറയുന്നുണ്ട്. നിലവിൽ പോലീസിന്റെ കസ്റ്റഡിയിലാണ് കത്ത്. കത്തിന്റെ ആധികാരികത പരിശോധിക്കാൻ വേണ്ടിയാണ് കത്ത് പോലീസ് കസ്റ്റഡിയിലെടുത്തത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പല നിർണായക വിവരങ്ങളും കത്തിലുണ്ടെന്നാണ് വിവരം.