കോഴിക്കോട്: താമരശ്ശേരിയിൽ കലുങ്ക് നിർമാണത്തിനെടുത്ത കുഴിയിൽ യാത്രക്കാരൻ വീണ സംഭവത്തിൽ ഉദ്യോഗസ്ഥനെതിരെ നടപടി. കെഎസ്ടിപി കണ്ണൂർ അസിസ്റ്റന്റ് എഞ്ചിനീയർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. വീഴ്ച്ച വരുത്തിയതിന് കെഎസ്ടിപി കണ്ണൂർ അസിസ്റ്റന്റ് എഞ്ചിനീയറെ മൂവാറ്റുപുഴ ഡിവിഷനിലേക്ക് സ്ഥലംമാറ്റി. സംഭവത്തിൽ വീഴ്ച വരുത്തിയതിന് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാൻ മന്ത്രി മുഹമ്മദ് റിയാസ് നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
സംഭവവുമായി ബന്ധപ്പെട്ട് സുരക്ഷാ വീഴ്ചയിൽ വിശദീകരണം ആവശ്യപ്പെട്ട് കരാർ കമ്പനിയായ ശ്രീധന്യ കൺസ്ട്രക്ഷന് നോട്ടീസും നൽകിയിട്ടുണ്ട്. വിഷയം വിശദമായി പരിശോധിക്കണമെന്നും 15 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് പിഡബ്ല്യുഡി വിജിലൻസിന് നൽകിയിരിക്കുന്ന നിർദ്ദേശം. കെഎസ്ടിപി പ്രോജക്റ്റ് ഡയറക്ടറോട് ഇതുസംബന്ധിച്ച കാര്യങ്ങൾ അന്വേഷിച്ച് ഇന്നുതന്നെ റിപ്പോർട്ട് സമർപ്പിക്കണമെന്നായിരുന്നു മന്ത്രി മുഹമ്മദ് റിയാസ് നിർദ്ദേശിച്ചത്.
അതേസമയം വലിയ വീഴ്ച്ചയാണ് സംഭവിച്ചതെന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. രാത്രിയിൽ വയ്ക്കേണ്ട റിഫ്ളക്ടർ അടക്കം ഇവിടെ സ്ഥാപിച്ചില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

