സുരക്ഷാവീഴ്ച; 150 പേർക്കെതിരെ കേസെടുത്തത് വെറും 200 രൂപ പിഴ ഈടാക്കാവുന്ന കുറ്റംചുമത്തി, പഞ്ചാബ് പോലീസിനെതിരെ വിമർശനം ശക്തം

ന്യൂഡൽഹി: പഞ്ചാബിൽ പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് 150 പേർക്കെതിരെ കേസെടുത്ത് പോലീസ്. ദുർബലമായ വകുപ്പുകൾ ചുമത്തിയാണ് പഞ്ചാബ് പോലീസ് ഇവർക്കെതിരെ കേസെടുത്തത് എന്നാണ് ആരോപണം.

ഇന്ത്യൻ ശിക്ഷാനിയമത്തിലെ 238-ാം വകുപ്പ് പ്രകാരം എടുത്തിരിക്കുന്ന കേസിൽ ഒരാൾക്ക് ലഭിക്കാവുന്ന പരമാവധി ശിക്ഷ 200 രൂപ പിഴയാണ്. പ്രധാനമന്ത്രിയുടെ സുരക്ഷ വീഴ്ചയ്ക്ക് കാരണക്കാരായവർക്ക് ഇത്രയും ചെറിയ ശിക്ഷ ലഭിക്കാവുന്ന വകുപ്പ് ചുമത്തി കേസെടുത്തത് എന്തുകൊണ്ടാണ് എന്ന ചോദ്യമാണ് ഉയരുന്നത്. പഞ്ചാബ് പോലീസിന്റെ നടപടിക്കെതിരെ നിരവധി പേർ വിമർശനവുമായി രംഗത്തെത്തി. പൊതുവഴിയിൽ ഒരു വ്യക്തിയെ അധിക്ഷേപിക്കുകയോ തടയുകയോ പരിക്കേൽക്കുകയോ ചെയ്യുന്നവർക്കെതിരെ ആണ് സെക്ഷൻ 238 ചുമത്തുന്നത്.

കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി റോഡ് ഉപരോധത്തെ തുടർന്ന് 20 മിനിറ്റോളം പഞ്ചാബിലെ ഒരു മേൽപാലത്തിൽ കുടുങ്ങിയത്. തുടർന്ന് അദ്ദേഹം പഞ്ചാബിൽ പങ്കെടുക്കാനിരുന്ന റാലി റദ്ദാക്കി ഡൽഹിയിലേക്കു മടങ്ങുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് പഞ്ചാബ് സർക്കാരിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. വൻ സുരക്ഷാ വീഴ്ചയാണ് ഉണ്ടായതെന്നാരോപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയവും പഞ്ചാബ് സർക്കാരിനെതിരെ രംഗത്തെത്തിയിരുന്നു.