മാതാ അമൃതാനന്ദമയി മഠത്തിന്റെ സേവനങ്ങൾ ഏറെ പ്രശംസനീയം; മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ: മാതാ അമൃതാനന്ദമയിയെ പ്രശംസിച്ച് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. കോവിഡ് വൈറസ് വ്യാപന സമയത്ത് സമൂഹത്തിലെ പാവപ്പെട്ട ജനവിഭാഗങ്ങളിലേക്ക് സഹായങ്ങൾ എത്തിച്ചു നൽകുന്ന മാതാ അമൃതാനന്ദമയി മഠത്തിന്റെ സേവനങ്ങൾ ഏറെ പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു. അമൃതശ്രീ പദ്ധതിയുടെ ഭാഗമായി കണ്ണൂർ മേഖലയിലെ അമൃതശ്രീ അംഗങ്ങൾക്കും പ്രളയബാധിതർക്കുമുള്ള ഭക്ഷ്യ, വസ്ത്ര, ധന സഹായങ്ങളുടെ വിതരണം ഓൺലൈനായി ഉദ്ഘാടനം ചെയ്യ്ത് സംസാരിക്കവെയാണ് അദ്ദേഹം അമൃതാനന്ദമയി മഠത്തിന്റെ സേവനങ്ങളെ പ്രശംസിച്ചത്.

കോവിഡ് മഹാമാരി കാലത്ത് നിരവധി സേവന പ്രവർത്തനങ്ങൾക്ക് മഠം നേതൃത്വം നൽകുന്നുണ്ട്. ഇത്തരം പരിശ്രമങ്ങൾ എല്ലാവർക്കും മാതൃകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കക്കാട് അമൃത വിദ്യാലയത്തിലാണ് കണ്ണൂർ മേഖലയിലെ അമൃതശ്രീ അംഗങ്ങൾക്കും പ്രളയബാധിതർക്കുമുള്ള ഭക്ഷ്യ, വസ്ത്ര, ധന സഹായങ്ങളുടെ വിതരണ ഉദ്ഘാടന ചടങ്ങ് നടന്നത്. കണ്ണൂർ കോർപ്പറേഷൻ മേയർ ടിഒ മോഹനൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. എല്ലാ പ്രദേശങ്ങളിലും അശരണർക്ക് താങ്ങാകാൻ അമൃതശ്രീ പദ്ധതിയിലൂടെ സാധിക്കുന്നുണ്ടെന്നത് ഏറെ സന്തോഷം നൽകുന്ന കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

ബിജെപി ദേശീയ നിർവാഹകസമിതിയംഗം പികെ കൃഷ്ണദാസും ചടങ്ങിൽ പങ്കെടുത്തു. മാനവസമൂഹത്തിന് മുന്നിൽ അമൃതാനന്ദമയി അവതരിപ്പിക്കുന്ന ആശയങ്ങൾ എക്കാലവും പ്രസക്തിയുള്ളതാണെന്ന് പി കെ കൃഷ്ണദാസ് വ്യക്തമാക്കി. നിരവധി സ്ത്രീകൾക്ക് തൊഴിൽ പരിശീലനങ്ങളും തൊഴിൽ സംരംഭങ്ങൾക്കുള്ള സഹായവുമെല്ലാം നൽകാൻ അമൃതശ്രീയിലൂടെ കഴിയുന്നുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് പോലും സാധിക്കാത്ത വിധത്തിൽ ആശയങ്ങൾ നടപ്പാക്കാൻ മാതാ അമൃതാനന്ദമയി ദേവിയ്ക്കും മഠത്തിനും സാധിക്കുന്നുണ്ടെന്നും അദ്ദേഹം വിശദമാക്കി. കണ്ണൂർ മാതാ അമൃതാനന്ദമയീമഠത്തിലെ സ്വാമി അമൃതകൃപാനന്ദ പുരി ചടങ്ങിൽ അനുഗ്രഹപ്രഭാഷണം നടത്തി. അമൃതശ്രീ കോ-ഓർഡിനേറ്റർ ആർ.രംഗനാഥൻ, മുൻമന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, മുൻ ഡെപ്യൂട്ടി കളക്ടർ മോഹനൻ പൊന്നമ്പത്ത് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. 8000 ത്തിലധികം കുടുംബങ്ങൾക്കാണ് കണ്ണൂർ ജില്ലയിൽ അമൃതാനന്ദമയീ മഠം സഹായങ്ങൾ വിതരണം ചെയ്തത്.